Saturday, August 9, 2025

അലഞ്ഞുതിരിയുന്ന ഒരു ദാസൻ

 



അലഞ്ഞുതിരിയുന്ന ഒരു ദാസൻ

അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

ഇന്ന്,
പാപങ്ങളുടെ ഭാരം കൊണ്ട് ഭാരപ്പെട്ടിരിക്കുന്നു

ഉപേക്ഷിക്കപ്പെട്ടവനും നിസ്സഹായനുമായ ഒരുവൻ
സാത്താൻ അടിച്ചമർത്തുന്ന ഒരാത്മാവ്
എല്ലാ ദിശകളിൽ നിന്നും അവഗണനയുടെ
ഇരുട്ട് കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു

ഇന്ന്,
പാപങ്ങളുടെ ഭാരം കൊണ്ട് ഭാരപ്പെട്ടിരിക്കുന്നു

അലഞ്ഞുതിരിയുന്ന ഒരു ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

വികാരങ്ങളുടെ തിരമാലകളിൽ
വാക്കുകളുടെ ഭാഷ നഷ്ടപ്പെട്ടിരിക്കുന്നു

അറിവുണ്ട്,
ആശയക്കുഴപ്പത്തിന്റെ പാത നഷ്ടപ്പെട്ടിരിക്കുന്നു
ഞാൻ ചിന്തിച്ചിരുന്ന ഉള്ളടക്കം നഷ്ടപ്പെട്ടിരിക്കുന്നു,
എവിടെയാണെന്ന് ആർക്കറിയാം
എന്റെ കണ്ണുകളിൽ പോലും,
കണ്ണീരിന്റെ പേരും അടയാളവും
ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു
എന്റെ നെഞ്ചിൽ ഒരു കനൽ കത്തുന്നു

അലഞ്ഞുതിരിയുന്ന ഒരു ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

നിശബ്ദമായ ഒരു നിലവിളിയോടെ
ഞാൻ നിങ്ങളുടെ വാതിൽക്കൽ എത്തിയിരിക്കുന്നു
നന്മയിൽ കുന്നുകൂടിയ പാപങ്ങളുടെ കൂമ്പാരവുമായി
എന്നാൽ നിങ്ങളുടെ വാതിൽപ്പടിയിൽ നിന്ന്,
ഞാൻ പ്രത്യാശ സ്വീകരിച്ചിരിക്കുന്നു
പ്രവൃത്തികളുടെ ഇരുട്ടിൽ
പശ്ചാത്താപത്തിന്റെ വെളിച്ചത്തോടെ

എന്റെത് ലജ്ജ നിറഞ്ഞ ഒരു ഹൃദയമാണ്
എന്റെത് ലജ്ജ നിറഞ്ഞ ഒരു ഹൃദയമാണ്

അലഞ്ഞുതിരിയുന്ന ഒരു ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

പ്രതീക്ഷയുടെ കേന്ദ്രം, കരുണ നിറഞ്ഞ ഒരു വീടാണ്
അതിന്റെ ഓരോ കണികയും
അസൂയ കൊണ്ട് നിറഞ്ഞിരിക്കുന്നു
ആരുടെയും വാതിൽ ആർക്കും നിഷേധിക്കപ്പെടുന്നില്ല
വിധിയുടെ പ്രായോജകൻ ആരുടെ യാചകനാണ്?
ഇത് വെളിച്ചത്തിന്റെ ചുവന്ന താഴികക്കുടമാണ്,
ഇത് സമാധാനത്തിന്റെ ഉറവയാണ്

അലഞ്ഞുതിരിയുന്ന ഒരു ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

ഓ രക്ഷിതാവേ,
കഅ്ബ അങ്ങയുടെ ശക്തിയുടെ അത്ഭുതമാണ്
ഓരോ നിമിഷവും പെയ്യുന്ന മഴ
അങ്ങയുടെ കാരുണ്യത്തിന്റെ
ഒഴുകുന്ന ഔദാര്യത്തിന്റെ പ്രവാഹമാണ്
ഇത് സ്രഷ്ടാവിന് തന്റെ ദാസന്മാരോടുള്ള
സ്നേഹത്തിന്റെ പ്രകടനമാണ്.

ഒരു അലഞ്ഞുതിരിയുന്ന ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

ഓ രക്ഷിതാവേ,
ലോകത്ത് ജീവിക്കാൻ എനിക്ക്
സമാധാനമുള്ളൊരു ഗ്രാമം തരേണമേ
മരുഭൂമിയിൽ സ്നേഹത്തിന്റെ ഒരു നിധി തരേണമേ
പാപത്തിന്റെ പ്രളയത്തിൽ എനിക്ക്
അനുസരണയുടെ ഒരു കപ്പൽ തരേണമേ
അസ്തിത്വത്തിന്റെ ഇരുട്ടിൽ
മദീനയുടെ വെളിച്ചം തരേണമേ
അടുത്ത ജന്മത്തിൽ
വിശ്വാസത്തിന്റെ ആദ്യ വെളിച്ചം തരേണമേ

അലഞ്ഞുതിരിയുന്ന ഒരു ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

ഓ രക്ഷിതാവേ,
എന്റെ അസ്തിത്വത്തിന്മേൽ പ്രത്യേക കൃപ നൽകേണമേ
ക്ഷമിക്കപ്പെട്ട ദാസന്മാരിൽ എന്നെ ഉൾപ്പെടുത്തണമേ
നഷ്ടപ്പെട്ട സഞ്ചാരിയുടെ പാതയെ പവിത്രമാക്കണമേ
ലോകത്തെ അനുസരണയുള്ള പൂക്കളുടെ ഒരു പൂന്തോട്ടമാക്കണമേ
എന്റെ ഭൂതകാലത്തെക്കുറിച്ച് അറിയുന്നവനേ
ഓരോ ശ്വാസത്തിനും പ്രായശ്ചിത്തം നൽകേണമേ

അലഞ്ഞുതിരിയുന്ന ഒരു ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

✍ ശൈഖുൽ ഇസ്ലാം മുഫ്തി തഖി ഉസ്മാനി
✍️ വിവർത്തനം : മുബാറക് റാവുത്തർ

Tuesday, September 20, 2016

ആവര്‍ത്തനം




പ്രവര്‍ത്തന മേഖല
വിപുലപ്പെടുമ്പോള്‍
സത്യത്തിന്റെ വ്യാപ്തി
ബോധ്യപ്പെടുമ്പോള്‍
നിലപാടുകളുടെ മാറ്റം
നിര്‍ബന്ധമാകുമ്പോള്‍
അമ്പരപ്പുകള്‍ ഇനിയും
ആവര്‍ത്തിക്കപ്പെടും

Monday, September 5, 2016

ഉപ്പ്


തണുപ്പിന്‍ താളില്‍ പതിഞ്ഞ
പ്രകാശ തിരയെണ്ണമെടുക്കാം
നിറക്കുപ്പികളില്‍ നിരത്തിയ
മരുന്നെന്‍ വേദനയില്‍ പുരട്ടാം

ആകാശ ഗോപുരം തിരഞ്ഞു
കാറ്റിന്‍ കാലില്‍ തൂങ്ങിയാടാം
സുഗന്ധപൂരിതമെങ്കിലുമെന്‍മനം
കുളിര്‍മതേടിയലയുന്ന പോലെ

കല്ല് മുറിപ്പെടുത്തിയ കാലുകള്‍
നിഴലുള്ളിലായ് എന്നെ ചുരുക്കി
ഇടിമിന്നല്‍ പോലെയാ തിരപതനം
പ്രണയ ഹേതുവാം പുഷ്പമായ്

ആടുന്ന പിടലിപോല്‍ ജീവിതം
ആമോദ നിറങ്ങള്‍ മാറുന്നു
ഞാനെന്‍ കോപ്പയില്‍ ഉപ്പു നിറക്കും
പന മുകളില്‍ കയറിയാ പാട്ട് പാടും

ഒഴിഞ്ഞ പാഴ്ക്കൂനയിലേക്ക് വെറുതേ
എന്നുപ്പിനെ നീ ഒഴുക്കരുത്
എന്നോട് ചോദിപ്പുവെങ്കില്‍ ഞാന്‍
ഒരുപിടി മണ്‍പൊടി നിനക്കു നല്‍കാം

പ്രണയം തുളുമ്പുമാ പൊടിയില്‍
നമുക്കാര്‍ത്തട്ടഹസിച്ചു രമിക്കാം
ഇല്ലെങ്കില്‍ പറയൂ നമുക്കു പോകാം
ഒന്നിച്ചു മലമുകളിലേ കാറ്റു കൊള്ളാം

Tuesday, August 30, 2016

സ്വതന്ത്രം


ഇനിയുമെഴുതും കടലോളം
സുന്ദരനാം ചന്ദ്രനെന്നും
പുലരിയിലെ സൂര്യനെന്നും
പറയുമ്പോല്‍ എഴുത്തെന്തെളുപ്പം

ആകാശം വരണ്ടിരിക്കുന്നു
ഒഴിഞ്ഞ വെള്ളക്കുപ്പി പോലെ
വഴിയിരികില്‍ നിന്നു ഞാന്‍
തൊണ്ട വറ്റിയാശ്വാസം പുല്‍കി

വീട്ടുവാതിലിന്നു മുമ്പില്‍
അഭിവാദ്യമെഴുതി വെച്ചിരുന്നു
മുള്ളേറി ഹൃദയം വിറങ്ങലിക്കുന്നു
ഇല്ലിനി കരയില്ല എന്നുറച്ചിരിക്കുന്നു

എഴുതാനെന്തെളുപ്പത്തിനെളുപ്പം
കൊട്ടാരമെന്നു പറയുമ്പോലെളുപ്പം
കടല്‍പ്പാലമെന്നു പറയുമ്പോലെളുപ്പം
വെളിച്ചമെത്താത്ത കടലാസു ബാക്കി

പൂമ്പാറ്റകള്‍ കരിയുന്ന മണമെത്തുന്നു
മുടിചീകുമാ ലാഘവത്തിലെഴുതാം
നഖം മുറിയുമാ വേദനയിലുമെഴുതാം
കടലാസുകള്‍ പാറുന്നു സ്വതന്ത്രം

Wednesday, February 24, 2016

ഉമര്‍ ഖാലിദ്



ഭരണാധിപനും സേനാധിപനും
പേരായി നിന്നില്‍ ലയിക്കുമ്പോള്‍
വിപ്ലവത്തില്‍ ജ്വാല നിന്നില്‍
ജ്വലിക്കുവതിലെന്തത്ഭുതം

നീയൊരു മനുഷ്യ ശരീരമായിരുന്നു
നിനക്കും നിന്നെയറിവുള്ളവര്‍ക്കു
മെങ്കിലും നിന്‍ മതത്തെ നീ
വലിച്ചെറിഞ്ഞിരുന്നെങ്കിലും

പ്രിയനേ നിന്നിലെ നിന്‍
മതത്തേ ഫാസിസം തിരിച്ചറിഞ്ഞു
വിളിച്ചു പറഞ്ഞവര്‍ നിന്‍ നാമം
നിന്‍ മതത്തിനൊപ്പംഒറ്റുകാരനായ്

എങ്കിലും ഉമര്‍ നീയൊരു
വിപ്ലവജ്വാല തന്നെ
നീയുയര്‍ത്തിയ സമരാവേശം
ഒരു കലാശാലക്കായ് മാത്രമല്ല

മനുഷ്യനായ് ജീവിക്കാന്‍
മതക്കാരനും അല്ലാത്തവനും
ഈ രാജ്യത്തെവിടെയും
നീ തന്നോരാത്മ ധൈര്യം

അലയടിക്കട്ടെ രാജ്യമാകെ
പുതിയ ജ്വാലകളുയരട്ടെ
കരിഞ്ഞുണങ്ങട്ടെ ഫാസിസം
ആ തീജ്വാലകളില്‍

പ്രിയ ഉമര്‍ നീ നീ മാത്രമല്ല
ഞാന്‍ കൂടി ചേര്‍ന്ന നീയാണ് നീ
ഉയരട്ടെ നിന്‍ സമരകാഹളം
ഫാസിസം തകര്‍ന്നടിയും വരെ

Sunday, October 25, 2015

യുദ്ധം


യുദ്ധഭൂവില്‍ ഒറ്റക്കായിരുന്നു ഞാൻ
സഹായ മാര്‍ഗങ്ങളേതുമില്ലാതെ
വെറുപ്പും ശത്രുതയും കാരണം
കാരുണ്യമെങ്ങോ പോയ് മറഞ്ഞു
പരസ്പരം പട വെട്ടി കൊല്ലുന്നു
എന്തിനെന്നേതിനെന്നറിയാതെ.

സ്വയം രക്ഷപ്പെടുവതെങ്ങിനെ
നിരായുധമാം എന്‍ കരങ്ങള്‍ ചോദിപ്പൂ
അപ്പുറം കടപ്പതെങ്ങിനെ
കൊലക്ക് വഴങ്ങാതെയെന്ന ശങ്ക ബാക്കി
ചുറ്റും കത്തിയും വാളുമല്ലോ
എന്നാലാവതു രക്ഷാശ്രമത്തിലാണു ഞാന്‍

എന്‍ കഴിവിവിടെ തുച്ഛം
അല്ലാവിന്‍ സഹായമേ മെച്ചം.
എന്താണീ യുദ്ധത്തിനര്‍ത്ഥം
ചിന്ത നിര്‍ത്താനാകാത്ത പാച്ചില്‍
ഞെട്ടി ഉണര്‍ന്നു ഞാനെന്‍
തിരിച്ചറിവിന്‍ മുറ്റത്ത്
എന്‍ ശരീരമാണെന്‍ ശത്രു
അതിനോടാണിനി എന്‍ യുദ്ധം
തിരിച്ചറിവിന്‍ സ്വപ്നാടനം
ഏകനാം നാഥന്ന് സര്‍വ സ്തുതികളും.

Sunday, January 4, 2015

സമ്മതം സമ്മതം


























വലിയ ചോദ്യത്തിനും 
അതിന്റെ ചോദ്യത്തിനും
ഉത്തരമില്ലാതെ ഉഴറുമ്പോള്‍,
സമാധാനമെവിടെയോ 
മറഞ്ഞു ചിരിക്കുന്നു,
സമ്മതം പറയാതിരുന്നാല്‍,
എന്നേക്കുമെന്നേക്കുമായി
ജീവതപ്പുതുമ നഷ്ടമായേക്കാം.
സമ്മതം മാത്രം ബക്കിയാക്കി.

Thursday, September 11, 2014

ഗ്രാമ്പു

ഡിസംബറിന്‍ നീല
ശിശിരമെന്‍ പടിവാതിലില്‍
കൂന കൂട്ടവേ
എന്റെ മച്ചിന്‍ സമയ വക്രത
കാലിലെ തൈലത്തോട് സല്ലപിച്ചു
മേലങ്കിയണിഞ്ഞ രാത്രി
എന്‍ സ്വപ്‌നാധികാരത്തെ
കൊയ്‌തെടുക്കാന്‍
ചെറു പറവയായെത്തി
ചിന്തകളിനിയും ഉറങ്ങിയില്ല
നഗ്ന പാദയായ് ഞാന്‍
യഥാര്‍ത്ഥ പ്രണയത്തെ തേടിടുന്നു

ഡിസംബറിന്‍ നീല
ജനാലക്കരികിലെത്തി
ചില്ലുകള്‍ മങ്ങിയ കാഴ്ച നല്‍കി
ചുവന്ന പുഷ്പച്ചെടി
വര്‍ണങ്ങള്‍ പൊഴിച്ച്
ഉദയാര്‍ക്കനായ് കാത്തിരിക്കുന്നു
ഇത് പ്രണയമോ
കുളിരിന്‍ നടുവിലെ
അക്ഷരക്കൂട്ടുകളോ...

Sunday, August 10, 2014

നടക്കാതെ പോയ ഒരു ആലിംഗനത്തിന്റെ ഓര്‍മക്ക്



സമര്‍പ്പണം: പ്രിയപ്പെട്ട ആരിഫ്കക്ക്...

നിറപുഞ്ചിരിയുമായ്
സദസ്സിന്‍ നടുവിലൂടെ
അങ്ങ് കടന്നു വരവേ
വെളിച്ചം കയറിയില്ല
എന്‍ തലയില്‍
മാപ്പാക്കുക മഹതേ

പിന്നെയാരോ ഭാഷിണിയിലൂടെ
ആ പേര് മുഴക്കവെ
ആവേശത്തില്‍ വേദയിലേക്ക്
നോക്കി ഞാന്‍ അത്ഭുതം കൂറി
എന്‍ പിന്നിലായ് ഇത്ര നേരം
ഇരുന്നൊരാ പുഞ്ചിരി
ഒരു തുണ്ട് കടലാസിലെ
തന്‍ വരികള്‍ സ്വരത്തിലാറാടിക്കുന്നു

അവിടെ നിന്നിറങ്ങട്ടെ
നല്‍കാം ഒരാലിംഗനമെന്നെന്‍
മനസ്സില്‍ കോറിയിട്ടിരിക്കവേ
പൊടുന്നനെ വേദിയെ ശൂന്യമാക്കി
ആ സുസ്‌മേര കഷണ്ടി
എവിടേക്കോ ഊളിയിട്ടു

നല്‍കാനാകാതെ പോയോരു
കൈ കുലുക്കവും ആലിംഗനവും
ഇനിയെന്നെങ്കിലും നല്‍കാമെന്ന്
ബാക്കിവെച്ച് ഞാനും മടങ്ങി
വരിയും വരയും തീര്‍ക്കുന്നൊരുവനോട്
വാങ്ങിയോരാ അക്കങ്ങള്‍
കുത്തി വിളിച്ചിന്നലെയുടെ
സങ്കടം പങ്കുവെച്ചു

നിറപുഞ്ചിരിയുമായ്
സദസ്സിന്‍ നടുവിലൂടെ
അങ്ങ് കടന്നു വരവേ
വെളിച്ചം കയറിയില്ല
എന്‍ ബുദ്ധിയില്‍
മാപ്പാക്കുക മഹതേ

Sunday, June 29, 2014

കോയേന്റെ ജിഹാദ്

(പടം: ഗൂഗിളില്‍ നിന്ന് പൊക്കിയത്)



പാവം കോയ പ്രേമിച്ചപ്പോ 
ലോകം വിളിച്ചു 
ലൗ ജിഹാദ്
പിന്നെ കോയ കള്ളു കുടിച്ചു
അപ്പോ വിളിച്ചു
കള്ളു ജിഹാദ്
പിന്നെ കോയ പച്ച പുതച്ചു
അപ്പോ കുരച്ചു
പച്ച ജിഹാദ്
കണ്‍ഫ്യൂസായൊരു കോയക്ക
നേരെ പോയി 
ചാനല്‍ റൂമില്‍
എന്താ മോനേ ഈ ജിഹാദ്
അന്തം വിട്ടാ ചങ്ങായി
പോയൊരു വഴിയില്‍ പുല്ലേയില്ല...
പിന്നെ കോയ മൈക്കെടുത്തു
വിളിച്ചുകൂവി ഉച്ചത്തില്‍
അല്‍ ജിഹാദ് അല്‍ ജിഹാദ്...

Monday, December 9, 2013

മതമില്ലാത്ത ഫേസ്ബുക്ക് ജീവനുകള്‍

മതമില്ല, ജാതിയില്ല,
എന്നൊക്കെ സ്റ്റാറ്റസ്.

പ്രൊഫൈലിലും
മറ്റു ചിത്രങ്ങളിലുമോ,
നെറ്റിയില്‍ കുറി,
നെറുകയില്‍ സിന്ദൂരം,
തലയില്‍ തൊപ്പി,

കൈയ്യില്‍ കൊന്ത,
രുദ്രാക്ഷ മാല,
തസ്ബീഹ് മാല,
പിന്നെ കാവിമുണ്ടും.

മതമില്ലാത്ത 
ജീവനാണു പോല്‍.
ഹ്രാ ത്ഫൂ.....
ഹ്രാ ഹ്രാ ത്ഫൂ.....

മതബോധം 
മറച്ചു വെക്കുവാനുള്ളതല്ല
മതമില്ലെങ്കില്‍ അങ്ങിനെ
മതമുണ്ടെങ്കില്‍ അങ്ങിനെ

പലവള്ളത്തിലായ്
കാലുകള്‍ വെക്കുകില്‍,
എവിടെയാണ് വീഴുക,
എവിടെയാണ് കീറുക,
എന്നറിയുക ദുഷ്‌കരം,
എന്നോര്‍ക്കുകയെപ്പൊഴും.

Thursday, December 5, 2013

മദ്യത്തുള്ളി


മുഖത്ത് പതിച്ച 
മഴത്തുള്ളി 
ചെറുതെങ്കിലും 
ഉറക്കം മുടക്കാന്‍ 
കരുത്തുറ്റതായിരുന്നു.

കടംകൊണ്ട പേനയാല്‍ 
കവിത കുറിക്കവെ 
ഞാനറിയാതെ 
ആ തറയോട് 
ഇടയിലെപ്പൊഴോ
സല്ലപിച്ചു പോയ്.

വിശക്കുന്നു,
കാലിയാം കീശ
എന്നെ നോക്കി
ചിരിക്കുന്നു
നിശ്ചലം.

ദൈവകരം 
തിരഞ്ഞു ഞാന്‍ 
നടക്കവെ, 
പിന്നില്‍ നിന്നൊരു
വിളിയെന്‍
കാതിലെത്തി.

മദ്യ മധ്യത്തില്‍
ഒരുപാട് കാലം 
ആശയങ്ങള്‍
പങ്കുവെച്ചവന്‍,
സഹപാഠി,
എന്‍ പ്രിയന്‍.

ഒരല്‍പം ഭക്ഷണം
വാങ്ങി നല്‍കൂ.
ഇല്ല പക്ഷെ
മദ്യമെത്രമേല്‍
വാങ്ങി നല്‍കാമെ-
ന്നോതി ചിരിതൂകി
നില്‍ക്കവെ

ഭക്ഷണം നല്‍കുവാന്‍
ഇല്ലാത്ത പണം 
മദ്യത്തിനായ് 
വേണ്ടെന്നോതി
വിശപ്പടക്കി വീണ്ടും 
ഞാന്‍ നടന്നകന്നു.

വിളിച്ചുണര്‍ത്തിയ
മഴത്തുള്ളി
മദ്യത്തുള്ളിയായ് 
മാറുന്ന ലോകത്തെ
ജീവിതം മരണസമാനം
എന്നോതി ദൂരേക്ക്
ദൂരേക്ക് നടന്നകന്നു.

Saturday, October 26, 2013

കാമ വേഗാവേശം

(from google)


പുറം മോടിയുടെ
വീടകങ്ങളില്‍
കാമവാസനകള്‍
നിറഞ്ഞാടുന്നു

മാതൃത്വം മകനെ
മറന്നു പോകുന്നു
പിതൃത്വം പുത്രിയെയും
സാഹോദര്യം
കാമ വേഗാവേശങ്ങള്‍
പങ്കുവെക്കുന്നു

വിദ്യാമുറികളില്‍
ശൂന്യതയിലെവിടെയോ
സംസ്‌കാരം
പോയ് ഒളിച്ചിരിക്കുന്നു

അധ്യപാകന്‍ തന്‍
വിവേകം
വിറപൂണ്ടു
മരിച്ചിരിക്കുന്നു

ഹൃദയമുള്ളവരേ
വരൂ
നമുക്കിനി
വനവാസത്തിനു പോകാം

ഇല്ലിനി
അതിനും തരമില്ല
ഹാ കഷ്ടം
വനങ്ങളത്രയും
പണ്ടേയവര്‍
വെട്ടിനശിപ്പിച്ചു
കഴിഞ്ഞിരിക്കുന്നു.....

നമുക്കിനി പ്രാര്‍ത്ഥിക്കാം
മൗനമായ് മാത്രം
മൗനമായ് മാത്രം

വീടകങ്ങള്‍
വിശുദ്ധമാകട്ടെ
വിദ്യാലയങ്ങളില്‍
സംസ്‌കാരം നിറയട്ടെ......

Wednesday, September 11, 2013

ചന്തേലെ മൂരികളും നമ്മുടെ പെമ്പിള്ളേരും

(പടം: ഗൂഗിളില്‍ നിന്നും തോണ്ടിയത്)


കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണി അമേരിക്കയില്‍ പോയി മടങ്ങി വന്ന ശേഷം മലയാളികളോട് ഇങ്ങനെ പാടിക്കേള്‍പിച്ചു

അന്ന്

അവിടുത്തെ പെമ്പിള്ളേരുടെ
ആ വേഷവിധാനം
ചന്തേലെ മൂരികളെ പോലെ 
താ തരികിട തിമൃതെയ്
നാലാള് കൂടണ നേരത്ത് 
ഒന്ന് കുമ്പിട്ട് നിന്നാല്‍ 
ജനഗണമന അപ്പൊ പാടൂലോ
താ തരികിട തിമൃതെയ്
...............................


പക്ഷെ ഇന്ന് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ കാണുമ്പോ ഇങ്ങനെ പാടാനാണ് തോന്നുന്നത്

ഇന്ന്

ഇവിടത്തെ പെമ്പിള്ളേരുടെ 
ആ വേഷവിധാനം
മൂരികളെക്കാളും 
കഷ്ടം കഷ്ടം

നാലാള് കൂടണ നേരത്ത് 
വന്നങ്ങ് നിന്നാല്‍
താ തരികിട തിമൃതെയ്
അമ്മോന്നലറമുയിട്ടിട്ട്
ഓടിയൊളിക്കും
താതരികിട തിമൃതെയ്

തന്തേം തള്ളാരും
ഒപ്പം ഉണ്ടേ
താ തരികിട തിമൃതെയ്
എന്നാലമ്പോ
വയറും മാറൊക്കേം
പകുതി പുറത്താണേ
താ തരികിട തിമൃതെയ്

കഷ്ടം കഷ്ടം
മോഡേണ്‍ ലുക്കാണേ
താ തരികിട തിമൃതെയ്.

നാട്ടിലിറങ്ങാനെ 
തരമില്ലിപ്പോ.
കണ്ണുംപൂട്ടി നടന്നാലയ്യയ്യോ
വല്ല വണ്ടീം കേറും
താ തരികിട തരികിട 
തിമൃതത്തരികിട 
താ തരികിട 
തെയ് തരികിട 
തിത്തത്തരികിട തോം.

Friday, August 23, 2013

കനവില്‍

കനവില്‍
എന്‍ കനവില്‍
നീയൊരു മണിമുത്തായ്
വന്ന നാള്‍ മുതല്‍
നിന്നെയോര്‍ത്ത് ഞാന്‍
പാടിയിരുന്നു.
കൊതിയൂറും നിന്‍
ചെറു ചുണ്ടിലെ
തേന്‍ കനി
നുകരുവാന്‍ ഞാന്‍
കൊതിച്ചിരുന്നു.
നിന്‍ മിഴിയിണകള്‍
തന്‍ സൗന്ദര്യം
എന്‍ മനമാകെ
പുളകിതമാക്കിയിരുന്നു.
എന്നും എന്‍ മനമാകെ
പുളകിതമാക്കിയിരുന്നു.
ഒരു നറു പുഷ്പമായ്
എന്‍ മാറില്‍
വിരിഞ്ഞ നീ
പറയാതെ എന്തേ
പറന്നു പോയി.
ഒന്നുമോതാതെയെന്തേ
പിരിഞ്ഞു പോയി.
വീണ്ടുമെന്‍ ഓര്‍മ്മകള്‍
ഉണരുന്ന നേരത്ത്
നിയെന്‍
അരികത്തണയുവാന്‍
കൊതിച്ചിരുന്നു.
എന്നും കൊതിച്ചിരുന്നു...

Tuesday, July 2, 2013

ഹേ ബുദ്ധാ നി ക്ഷമിക്കൂ.....



അന്ന് ബുദ്ധന്‍ ചിരിച്ചപ്പോള്‍
സുഗന്ധ പൗര്‍ണമിയായി ലോകം
പിന്നെ ബുദ്ധന്‍
പൊഖ്‌റാനില്‍ ചിരിച്ചു
ദുര്‍ഗന്ധ പൂരിതമായി ലോകം
ഇനിയൊരു ചിരിക്കായി 
കാത്തിരിക്കുന്നു ബുദ്ധന്‍
കരയുവാനായ് 
കൂടംകുളത്തിന്‍ ജനതയും
ഭരണവര്‍ഗമേ എന്തിന്നു
വിനാശതക്കു നിങ്ങള്‍
മഹാത്മാവിന്‍ പേരുനല്‍കി
ഹേ ബുദ്ധാ നീ ക്ഷമിക്കൂ
നിന്നോടൊപ്പം കണ്ണീരണിയാന്‍
മാത്രമേ ഈ ഞങ്ങള്‍ക്കു കഴിയൂ
ഹേ ബുദ്ധാ നി ക്ഷമിക്കൂ.....

Tuesday, February 26, 2013

തിരിച്ചറിവിന്‍ പ്രണയലോകമേ നിനക്കൊരായിരം നന്ദി

(ചിത്രം: ഗൂഗിളന്‍ നല്‍കിയത്‌)



നിശബ്ദമാം പ്രണയം 
നിഗൂഡമാം പ്രണയം
കവിതയാണെന്‍
പ്രണയമെന്നവള്‍
വേദനയാണെന്‍
പ്രണയമെന്നവന്‍
തിരിച്ചറിവിന്‍ 
ലോകം എന്നോടോതി
പ്രണയത്തിന്‍ വേദനകള്‍
കവിതകള്‍ വിടര്‍ത്തുമെന്ന്
എന്‍ ഹൃദയമേ
നിന്‍ പ്രണയം
സൂക്ഷിക്കുക 
രഹസ്യമായ്
സ്ഫടിക പാത്രത്തിന്‍
ഉള്ളിന്റെയുള്ളില്‍ 
ഒളിപ്പിച്ചേക്കുക
പ്രണയമാം രഹസ്യം
വിളിച്ചോതുന്നവന്‍ 
ലോകത്തിനെന്നും
വിഡ്ഡി മാത്രം
പ്രണയത്തിനേറ്റം നല്ലതെന്നും
നിഗൂഡതയല്ലെങ്കില്‍
നിശ്ശബ്ദത
തിരിച്ചറിവിന്‍ ലോകമേ 
നിനക്കൊരായിരം നന്ദി.

Monday, December 31, 2012

മുടിയുന്ന ലോകം, പിടയുന്ന മനം



മുടിയുന്ന ലോകം
പിടയുന്ന മനം
എന്തിനോ വേണ്ടി 
അലയുന്ന ജന്മങ്ങള്‍
ഇടയില്‍പ്പെട്ട് ഞാനും 
അലയുന്നിതെന്തിനോ
ശുഭാശംസകള്‍ നേരാനിന്ന് 
എന്‍ മനം മടിക്കുന്നു
പൊലിഞ്ഞു പോയൊരാ
ജ്യോതിതന്‍ ആത്മാവിന്ന്
നിത്യശാന്തി നേരുന്നു
പിടയുന്ന മനമേ 
സ്വസ്ഥമായുറങ്ങൂ



Wednesday, December 5, 2012

തമസ്‌കരണം






സമൂഹം ഒരു കസേരക്ക് ചുറ്റും കറങ്ങുകയും കൈകള്‍ അതിന്റെ രചനാ ദൗത്യം നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ അവന്റെ ലോകത്തെ നിര്‍ണയിക്കുന്നത് ഒരു ചെറുവൃത്തത്തിനകത്തായിത്തീരുന്നു. ഒരര്‍ഥത്തില്‍ ലോകം അവന്റെ ആ വൃത്തത്തിനുള്ളിലേക്കോ അവന്‍ ആ വൃത്തത്തിനുള്ളിലേക്ക് ലോകത്തെയോ ആവാഹിക്കുകയാണ്. ഈ ആവാഹന യാത്രകളില്‍ മനസ്സും ചിന്തകളും സഞ്ചരിക്കുയും അവന്റെ സന്തോഷവും സങ്കടവും അതിന് ചുറ്റുമാകുകയും ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ സമീപസ്ഥമായ ഒരു ലോകത്തെ തമസ്‌കരിക്കുയോ മറന്നു പോകുകയോ ചെയ്യുകയാണ്.




തലക്കു മീതേ ശൂന്യാകാശം 
താഴേ മരുഭൂമീ 
തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍
ദാഹ ജലം തരുമോ....