Friday, December 30, 2011

വിളപ്പില്‍ ശാല: ഒരു ജനതക്കുമേല്‍ സര്‍ക്കാര്‍ ചൊരിയുന്ന മാലിന്യം

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാല ഗ്രാമപഞ്ചായത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത് മാലിന്യ പ്രശ്‌നത്തിന്റെ പേരില്‍ അവിടെ നടക്കുന്ന ജനകീയ സമരങ്ങളുടെ പേരിലാണ്. കേരളത്തിന്റെ വിവിധ നഗരസഭാ പ്രദേശങ്ങള്‍ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികളില്‍ ഏറ്റവും വലുതാണ് മാലിന്യ നിര്‍മാര്‍ജനവും അതിനായുള്ള സ്ഥലം കണ്ടെത്തലും.
വിളപ്പില്‍ശാല എന്ന പ്രകൃതി രമണീയമായ ഗ്രമം ഇന്ന് ചീഞ്ഞ് നാറുകയാണ്. ഇവിടേക്ക് പ്രവേശിക്കുന്നതിന്ന് അരകിലോമീറ്റര്‍ മുമ്പേ ദുര്‍ഗന്ധത്തിന്റെ വാസന നമ്മിലേക്കെത്തും. മാലിന്യ കേന്ദ്രത്തിന്റെ പരിസരത്തോട് അടുക്കുമ്പോള്‍ വല്ലാത്ത ശ്വാസം മുട്ടലും അസ്വസ്ഥതയുമാണ് അനുഭവിക്കേണ്ടി വരിക. ഇവിടെയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു ജനത ഇതൊക്കെ സഹിച്ച് കഴിഞ്ഞ് കൂടുന്നത്. ഇന്ന് അവര്‍ക്ക് ശ്വസിക്കുവാനുള്ള വായുവും, കുടിക്കുവാനുള്ള വെള്ളവും ആരുടെയൊക്കെയോ സ്വാര്‍ഥ താത്പര്യത്തിന്റെ പേരില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു. അവരില്‍ പലരും ഇന്ന് രോഗികളാണ്. പെണ്‍കുട്ടികള്‍ക്കാകട്ടെ വിവാഹാലോചനകള്‍ വരാറുമില്ല. ദുരിതങ്ങളുടെ നടുവില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയ ജനത ശരിക്കും അള മുട്ടിയ ശേഷമാണ് സമര രംഗത്തേക്ക് വരുന്നത്. അതിന് നാട്ടിലെ ചില ചുറുചുറുക്കുള്ള യുവാക്കള്‍ നേതൃത്വം കൊടുത്തപ്പോള്‍ സമരം കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മാധ്യമശ്രദ്ധ നേടി.
നിലവില്‍ നേമം എം.എല്‍.എ യായ വി ശിവന്‍കുട്ടി തിരുവനന്തപുരം മേയറായിരിക്കുമ്പോഴാണ് മാലിന്യ പ്ലാന്റിന് വിളപ്പില്‍ശാല പഞ്ചായത്തിലെ ചൊവ്വള്ളൂര്‍ വാര്‍ഡില്‍ സ്ഥലം കണ്ടെത്തുന്നത്. ആദ്യ കാലത്ത് ചവര്‍ സംസ്‌കരണം സ്വകാര്യ കമ്പനിയായ പോബ്‌സണ്‍ ആയിരുന്നു നടത്തിയിരുന്നത്. പിന്നീട് അവര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി.ഇ.ഡി(സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റല്‍ ഡെവലപ്‌മെന്റ്) ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇവരുടെ നിയന്ത്രണത്തിലാണ് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പൂന്തോട്ടം നിര്‍മിക്കാനായാണ് സ്ഥലമെടുക്കുന്നതെന്ന് പ്രദേശ വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് നഗരസഭ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിളപ്പില്‍ ശാലയിലെ കണികാണും കുന്നെന്ന മനോഹരമായ കുന്നുകളുടെ മധ്യത്തിലുള്ള താഴ്‌വര ഏറ്റെടുക്കുന്നത്. അന്ന് ചില ചെറിയ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും അതിനെയൊക്കെയും കുപ്രചാരണങ്ങള്‍ കൊണ്ടാണ് അധികാരികള്‍ നേരിട്ടതെന്ന് സമരസമിതി അംഗമായ ബുര്‍ഹാന്‍ പറയുന്നു. പിന്നീട് ഇവിടേക്ക് രാത്രി കാലങ്ങളില്‍ നഗരത്തിലെ മാലിന്യവുമായി ചവര്‍ ലോറികള്‍ വരാന്‍ തുടങ്ങി. ആദ്യം കുറച്ച് വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഒന്നും പ്രത്യക്ഷത്തില്‍ കണ്ടില്ലെങ്കിലും പിന്നീട് പലവിധ രോഗങ്ങളാല്‍ പ്രദേശ വാസികള്‍ ബുദ്ധിമുട്ടാന്‍ തുടങ്ങിയതോടെയാണ് ചവര്‍ ഫാക്ടറി തങ്ങളുടെ സ്വസ്ഥ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ പറ്റി അവര്‍ ബോധമാന്‍മാരായത്.
പശുവിനെ വളര്‍ത്തുന്ന ലളിതാമ്മ തന്റെ ദേഹത്തൊട്ടാകെയുള്ള പാടുകള്‍ നമുക്ക് കാട്ടിത്തരും. ആദ്യം അവര്‍ കരുതിയിരുന്നത് അത് പശുവളര്‍ത്തലുമായി ബന്ധപ്പെട്ട് സാധാരണ കാണാറുള്ള ചൊറിച്ചിലാണെന്നാണ്. എന്നാല്‍ പിന്നീട് തൊട്ടടുത്ത് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സമീപിച്ചപ്പോഴാണ് തന്റെ ദേഹത്ത് സംഭവിക്കുന്നത് മാലിന്യം കാരണമായുള്ള രോഗമാണെന്ന് തിരിച്ചറിയുന്നത്. തന്റെ തൊട്ടടുത്ത് വീട്ടില്‍ താമസിച്ചിരുന്ന ഗംഗാധരനും മക്കളും താമസം മാറിപ്പോയതിനേ പറ്റിയും അവര്‍ ഓര്‍ത്തെടുക്കുന്നു.മൂന്നു പെണ്‍മക്കള്‍ക്കും വിവാഹം സാധ്യമാകാതെ വരുകയും മൂത്ത കുട്ടിക്ക് ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്തതോടെയാണ് ഗംഗാധരന്‍ ചൊവ്വള്ളൂരില്‍ നിന്നും കിട്ടിയ വിലക്ക് വസ്തുവും വീടും വിറ്റ് മാറിപ്പോകുന്നത്. സ്ഥലവാസിയായ നെല്‍സണ് പറയാനുള്ളത് മറ്റൊരു കഥയാണ്. തെങ്ങു കയറ്റ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ ഒരു കാലിന് ഇന്ന് സ്വാധീനമില്ലാത്ത അവസ്ഥയിലാണുള്ളത്. സമരസമിതി നേതാവായ അനിലിന്റെ മൂന്നര വയസ്സുള്ള മകനാകട്ടെ ഛര്‍ദിയും ശ്വാസം മുട്ടലും ഒഴിഞ്ഞ ഒരു നേരം പോലും ഇല്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.പ്രദേശ വാസികളുടെ ജല സ്രോതസ്സായിരുന്ന മീനമ്പള്ളി തോട് ഇന്ന് വിഷത്തോടായി മാറിയിരിക്കുന്നു. ഫാക്ടറിയില്‍ കൂട്ടിയിട്ടിരിക്കുന്ന ചവറുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന കറുത്തു കൊഴുത്ത ലായനി ദുര്‍ഗന്ധം പരത്തി ഒഴുകിയെത്തുന്നത് ഈ തോട്ടിലേക്കാണ്. വിളപ്പില്‍ശാലക്കാര്‍ക്ക് വിവിധയിനം രോഗങ്ങള്‍ സമ്മാനിച്ച് ഏലാകള്‍ക്ക് നടുവിലൂടെ, മീനമ്പള്ളി തോട്ടിലൂടെ, കരമന ആറിലേക്കൊഴുകിയെത്തുന്ന മാലിന്യം അധികാരികളുടെ ക്രൂരമായ പ്രവര്‍ത്തനത്തിന്റെ പര്യായമായി ഒരു നാടിന്റെ ശാപമായി തീര്‍ന്നിരിക്കുന്നു.

കഷ്ടപ്പാടുകളുടെ നടുവില്‍ വസിക്കുന്ന ഈ ജനതക്ക് ഇന്ന് ഒരു രാഷ്ട്രീയ കക്ഷിയേയും വിശ്വാസമില്ല. കാരണം പല കാലങ്ങളില്‍ അവര്‍ നടത്തിയിരുന്ന സമരങ്ങളെ പൊളിച്ചിട്ടുള്ളത് അവരുടെ ഇടയിലേക്ക് നുഴഞ്ഞ് കയറിയ രാഷ്ട്രീയക്കാരായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ പുറത്ത് നിന്നെത്തുന്നവരേയും, സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുന്ന രാഷ്ട്രീയക്കാരെയും ഒരു പരിധിക്കപ്പുറം അടുപ്പിക്കാറില്ല. മാധ്യമ പ്രവര്‍ത്തകരെ പോലും സംശയത്തിന്റെ ദൃഷ്ടിയില്‍ മാത്രമേ അവര്‍ക്ക് കാണുവാന്‍ കഴിയുന്നുള്ളു. മാലിന്യ കേന്ദ്രമെന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരത അവരെ അത്രമേല്‍ അരക്ഷിതമാക്കിയിരിക്കുന്നു.
ചവര്‍ ഫാക്ടറി വിരുദ്ധ സമരം 350 ദിവസം പിന്നിട്ടപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ ഫാക്ടറി താഴിട്ട് പൂട്ടി പ്രവര്‍ത്തനം തടഞ്ഞതോടെ തങ്ങള്‍ വിജയത്തിന്റെ പാതി വഴിയിലെത്തിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. ഇപ്പോള്‍ ദുര്‍ഗന്ധവും പേറി  വരുന്ന ലോറികളെ തടയാനായി ഉറക്കമുപേക്ഷിച്ചാണ് നടു റോഡില്‍ രാവ് വെളുപ്പിക്കുകയാണിവര്‍.
എണ്‍പത് കഴിഞ്ഞ ലളിതാമ്മയും, നെല്‍സണും, മുതല്‍ സമരസമിതി നേതാവായ അനിലിന്റെ മൂന്നരവയസ്സുകാരന്‍ മകന്‍ വരെയുണ്ടിവര്‍ക്കൊപ്പം. ഇന്ന് വിളപ്പില്‍ശാല മാലിന്യ പ്ലാന്റിനെതിരെയുള്ള സമരം അക്ഷരാര്‍ഥത്തില്‍ നാടിന്റെ സമരമായി തീര്‍ന്നിരിക്കുന്നു. ഓരോ പകലും വിളപ്പില്‍ ശാലയില്‍ ശ്മശാന മൂകതയാണ്. എന്നാല്‍ രാത്രിയില്‍ പ്രിതിഷേധത്തിന്റെ ആളിക്കത്തലുണ്ടാവും.


Monday, December 19, 2011

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

മുബാറക് റാവുത്തര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ദൈനംദിന ചെലവുകള്‍ വഹിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്ത വിധം സംസ്ഥാനത്തെ പകുതിയോളം സ്‌പെഷല്‍ ഗ്രേഡ്  പഞ്ചായത്തുകളും  നഗരസഭകളില്‍ 42 ഉം  കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 978 ഗ്രാമപഞ്ചായത്തുകളില്‍  427  പഞ്ചായത്തുകള്‍  സ്‌പെഷല്‍ ഗ്രേഡാണ്. 65 നഗരസഭകളില്‍ 23  എണ്ണം മാത്രമാണ് നിലവില്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തിരിക്കുന്നത്.  350 ഓളം പഞ്ചായത്തുകള്‍ നിരവധി മാസത്തെ ശമ്പള കുടിശ്ശികയാണ് നല്‍കാനുള്ളത്.
കഴിഞ്ഞ ദിവസം മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചും സുഹൃത്തിന്റെ പക്കല്‍ നിന്നും വായ്പയെടുത്തുമാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശിക നല്‍കിയത്. ജീവനക്കാരുടെ ശമ്പള കുടിശ്ശിക നല്‍കാനായി മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ ആര്‍ മുരളീധരനാണ് ഭാര്യയുടെ 33 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചത്.
മിക്ക പഞ്ചായത്തുകളുടെയും വരുമാനം  ഒരു ലക്ഷത്തില്‍ താഴെയുള്ളപ്പോഴാണ്   ശമ്പളയിനത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം രൂപ നല്‍കേണ്ടിവരുന്നത്.  സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതിന്  പ്രധാന കാരണമിതാണ്.    വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം മുഖവിലക്കെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ 65 നഗരസഭകളില്‍ തനത് ഫണ്ട് ഇനത്തില്‍  മൂന്ന് കോടിയോളം  രൂപ ബാക്കിയുള്ള  തളിപ്പറമ്പ്,  തൃപ്പൂണിത്തുറ, മരട്,  തൃക്കാക്കര നഗരസഭകള്‍ മാത്രമാണ് മെച്ചപ്പെട്ട  ധനസ്ഥിതിയിലുള്ളത്. കോതമംഗലം, തൊടുപുഴ, കളമശേരി,  അങ്കമാലി, ഏലൂര്‍ നഗരസഭകള്‍ അമ്പത് ലക്ഷത്തിനും  ഒരു കോടിക്കും  ഇടയില്‍ ഫണ്ട് ബാലന്‍സുള്ള, യഥാസമയം ശമ്പളം നല്‍കുന്ന  നഗരസഭകളാണ്. മിക്ക കോര്‍പറേഷനുകളിലും എല്ലാ മാസവും ഇത്രത്തോളം  തുക ബാക്കിവരുന്നുണ്ടെങ്കിലും  പ്രതിമാസ ശമ്പളത്തിന് അത് മതിയാകാത്തതിനാല്‍ കോര്‍പറേഷനുകളെ  ദരിദ്ര നഗരസഭകളുടെ  ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഭവനനിര്‍മാണം, കുടുംബശ്രീ, സര്‍വ ശിക്ഷാ അഭിയാന്‍  തുടങ്ങിയ പദ്ധതികളിലുള്ള  കേന്ദ്രഫണ്ട്  വക മാറ്റി  ശമ്പളം നല്‍കിയ നഗരസഭകളുണ്ടെന്ന് കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എസ് എം സാദിഖ് പറഞ്ഞു. ഓരോ മാസവും  രണ്ടും മൂന്നും  ആഴ്ചകള്‍  വൈകി ശമ്പളം നല്‍കുന്ന  നഗരസഭകള്‍  പ്രൊവിഡന്റ്ഫണ്ട്, എല്‍ ഐ സി പ്രീമിയം, ഭവന നിര്‍മാണ വായ്പ തിരിച്ചടവ്  പോലുള്ള റിക്കവറികള്‍ എഴുതാത്തതു മൂലം ഇന്‍ഷ്വറന്‍സ്  പോളിസികള്‍ റദ്ദാകുകയും പലിശ ഇനത്തില്‍  ജീവനക്കാര്‍ക്കു വന്‍തുക നഷ്ടമാകുകയും ചെയ്യുന്നുണ്ട്. 2009 മാര്‍ച്ചിലും 2010 മാര്‍ച്ചിലും  സര്‍വീസില്‍ നിന്നും  വിരമിച്ച 500 ഓളം ജീവനക്കാരില്‍ ഭൂരിപക്ഷത്തിനും  പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല.  നഗരകാര്യ ഡയറക്ടറേറ്റില്‍ നിന്നും പെന്‍ഷന്‍ വിഹിതം  അനുവദിക്കാത്തത് മൂലമാണ്  ഈ അവസ്ഥ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. 150 കോടിയോളം  രൂപയാണ്  നഗരസഭകള്‍ക്കു  ലഭിക്കേണ്ട  പെന്‍ഷന്‍ കുടിശ്ശിക. ഇതുമൂലം  ഒട്ടേറെ നഗരസഭകള്‍  പ്രതിമാസ  പെന്‍ഷനും നല്‍കുന്നില്ല.
ഇതിനിടയിലാണ് ഭൂരിപക്ഷം പഞ്ചായത്തുകളുടെ നടത്തിപ്പിനു പ്രഹരമേല്‍പിച്ചുകൊണ്ടു വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.   അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവു പ്രകാരം,  ദാരിദ്ര്യരേഖക്കു താഴെ വരുമാനമുള്ള  കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലം  ലഭ്യമാകുന്ന പദ്ധതി 2011-12 വാര്‍ഷിക പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.‘ഭൂരഹിത ഭവനരഹിതര്‍ വീട് നിര്‍മിക്കുന്നതിനു വേണ്ടി  സ്ഥലം വിലക്കു വാങ്ങിയാല്‍ðധനസഹായം അനുവദിക്കുന്ന പ്രോജക്ടുകള്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും 2011-12 വാര്‍ഷിക പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നാണ് ഉത്തരവ്. മറ്റു മാര്‍ഗങ്ങളിലൂടെ  ഭൂമി കണ്ടെത്തി അനുവദിക്കുന്നതിന് പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സ്ഥലം കണ്ടെത്തുന്നതിനു ഗ്രാമപഞ്ചായത്തുകളും  ഊര്‍ജിതശ്രമം നടത്തണമെന്നും സമഗ്ര ഗുണഭോക്തൃ ലിസ്റ്റില്‍ അവശേഷിക്കുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും  സ്ഥലം ലഭ്യമാക്കുന്നുവെന്ന് ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു. എന്നാല്‍   തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഉത്തരവു പ്രകാരം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  പഞ്ചായത്തുകള്‍ വിഷമിക്കുകയാണ്.  സ്ഥലലഭ്യത തന്നെയാണ് പഞ്ചായത്തിനെ വിഷമിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പോലും സ്ഥലത്തിന്റെ തീവില  നേരിടാന്‍ പഞ്ചായത്തുകള്‍ ഇനിമുതല്‍ പ്രയാസപ്പെടേണ്ടി വരും. മുന്‍ വാര്‍ഷിക പദ്ധതികളില്‍  ഏറ്റെടുത്ത  തനത് ഫണ്ട് പ്രോജക്ടുകളുടെ  അവശേഷിക്കുന്ന ബാധ്യത 2011-12 വാര്‍ഷിക പദ്ധതിയിലെ തനത് ഫണ്ടിനേക്കാള്‍ കൂടുതലാണെങ്കില്‍  നിര്‍വഹണം ആരംഭിക്കാത്ത പ്രോജക്ടുകള്‍ ഒഴിവാക്കാന്‍ ഉത്തരവിലൂടെ  തദ്ദേശസ്വയംഭരണ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. നിര്‍വഹണം ആരംഭിച്ച പ്രോജക്ടുകളാണെങ്കില്‍ പാഴ്‌ചെലവുകള്‍  വരുത്താതെ നിര്‍ത്തിവെക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
 സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന പൊതു താത്പര്യ വികസന ഫണ്ട് പഞ്ചായത്തിന്റെ ഫണ്ടിലേക്കു ചേര്‍ത്ത്  സാധാരണനിലയില്‍ ശമ്പളം കൊടുക്കുന്നതു മൂലമാണ് മിക്ക പഞ്ചായത്തുകളും സുഗമമായി പോകുന്നത്. എന്നാല്‍ ഇതു  പൊതുതാത്പര്യ വികസനത്തെ തടസ്സപ്പെടുത്തുന്നുവെന്നത് ആരുടേയും ശ്രദ്ധയില്‍പ്പെടുന്നില്ല. ഇതുമൂലം പൊതുജനങ്ങളിലേക്കെത്തേണ്ട പല വികസന പ്രവര്‍ത്തനങ്ങളും മനഃപൂര്‍വം പഞ്ചായത്ത് ഭരണ സമിതികള്‍ ഉപേക്ഷിക്കലാണ് പതിവ്. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും 60 മുനിസിപ്പാലിറ്റികളിലും 14 ജില്ലാ പഞ്ചായത്തുകളിലും  അഞ്ച് കോര്‍പറേഷനുകളിലും ഇത്രയേറെ സാമ്പത്തിക പ്രതിസന്ധിയില്ല. എന്നാല്‍ പല പ്രോജക്ടുകളും ആരംഭിക്കുന്നതും  അതേ വര്‍ഷം തന്നെ പഞ്ചായത്തുകള്‍ക്ക് ബാധ്യതയാകുന്നതും നിത്യസംഭവമാകുന്നുണ്ട്.
ശമ്പളം ലഭിക്കാത്തത് കാരണം മിക്ക നഗരസഭകളിലെയും ജീവനക്കാര്‍ പ്രതിഷേധിക്കുന്നത് കൂട്ട അവധിയെടുത്താണ്. ഇത് പലപ്പോഴും നഗരസഭകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. നഗരസഭകളുടെ  പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാനും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലായവയെ സഹായിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ്  ആവശ്യമുയരുന്നത്.(19/12/2011 ല്‍ സിറാജ്  ദിനപത്രത്തില്‍  പ്രസിദ്ധീകരിച്ചത്)

മറക്കാത്ത കാഴ്ചകള്‍... മായാത്ത ഓര്‍മകള്‍

നാട്ടിടവഴികളില്‍ മേളപ്പെരുക്കത്തിന്റെ അകമ്പടിയോടെയുള്ള പറ ഴുന്നള്ളത്ത്. അര്‍ഥ തലങ്ങള്‍ മാറുന്നു. ആള്‍ക്കൂട്ടം അകലുന്നു.ഇന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ വേണ്ടി മാത്രം ചെയ്ത് തീര്‍ക്കുന്ന എന്തോ ചില കര്‍മങ്ങള്‍
മാത്രമായി പരിണമിച്ചിരിക്കുന്നു. അന്ന് ഒരു നാടിന്റെ ആഘോഷവും കുട്ടികളില്‍ ഉല്ലാസവും നിറച്ചിരുന്ന ഇത്തരം എഴുന്നള്ളിപ്പുകളുടെ സത്യത്തെ മോഷ്ടിച്ചത് ആരെന്ന് അറിയില്ല.(എന്റെ സ്വന്തം ഗ്രാമത്തിന്റെ ഇടവഴിയില്‍ നിന്നുള്ള ദൃശ്യം)

Wednesday, December 14, 2011

വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി 'ആദിമധ്യാന്തം' പ്രദര്‍ശിപ്പിച്ചു

 ആദിയും മധ്യവും അന്തവുമുള്ള ഒരു സിനിമ


അന്താരാഷ്ട്ര ചലച്ചിത്രോത്സവ ചരിത്രത്തിലാദ്യമായി നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരു വിഭാഗത്തിലും പെടുത്താതെ ഒരു സിനിമ പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസ്സില്‍ നീണ്ട കരഘോഷങ്ങള്‍ക്ക് മധ്യത്തില്‍ ആദിമധ്യാന്തം കണ്ടിറങ്ങിയവര്‍ക്ക് പറയാന്‍ ഒരേ ഒരു വാക്ക് മാത്രം. ഗംഭീരം. ശക്തമായ വ്യാജ പ്രചാരണങ്ങള്‍ക്കും മലയാള സിനിമാ ലോകം ഇത് വരെ കണ്ടിട്ടില്ലാത്ത നിലയിലുള്ള പ്രതിസന്ധികള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ഒരു വിഭാഗത്തിലും പെടുത്താതെയാണ് ആദിമധ്യാന്തം അഞ്ചാം ദിവസമായ ഇന്നലെ ശ്രീകുമാര്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം തുടങ്ങുന്നതിന്ന് മുന്‍പ് സംവിധായകന്‍ ഷെറിയെ വേദിയിലേക്ക് പരിചയപ്പെടുത്താന്‍ വേണ്ടി വിളിച്ച് വരുത്തി. സാധാരണ പ്രദര്‍ശന ചിത്രത്തിന്റെ സംവിധായകനോട് ചിത്രത്തെ പരിചയപ്പെടുത്താനായി മൈക്ക് നല്‍കാറുണ്ടെങ്കിലും ഷെറിക്ക് നല്‍കാന്‍ അവതാരകര്‍ തയ്യാറായില്ല. ഇത് വന്‍ പ്രതിഷേധത്തിലാണ് കലാശിച്ചത്. പിന്നീട് മൈക്കെടുത്ത സംവിധായകന്‍ ഷെറി ആകെ പറഞ്ഞത് ഒരു പാട് പറയാനുണ്ട് അത് പ്രദര്‍ശനം കഴിഞ്ഞ് പറയാമെന്നും തനിക്ക് നല്‍കുന്ന ഈ പിന്തുണക്ക് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്നും മാത്രമാണ്. പ്രദര്‍ശനം തുടങ്ങി ആദ്യ മിനിട്ടു മുതല്‍ നിര്‍ത്താത്ത കരഘോഷമായിരുന്നു. ചാറ്റല്‍ മഴയില്‍ തുടങ്ങി പേമാരി പെയ്‌തൊഴിയുന്ന താളത്തിലായിരുന്നു ചിത്രം അവസാനത്തിലേക്കടുക്കുമ്പോഴുണ്ടായ കാണികളുടെ കരഘോഷം. ഇതിനിടെ അനാവശ്യ ശബ്ദവുമായി പ്രദര്‍ശനം നടക്കവേ രംഗത്ത് വന്നവനെ കാണികള്‍ തന്നെ അടിച്ച് പുറത്താക്കി. ബധിരനും മൂകനുമായ ഒരംഗനവാടി വിദ്യാര്‍ഥിയുടെ മാനസിക വിഹ്വലതകളെ വളരെ തന്മയത്വത്തോടെ ഷെറി തന്റെ സിനിമയില്‍ വരച്ചിടുന്നു. ഒപ്പം കേരളീയ സമൂഹത്തിലെ അധസ്ഥിതന്റെ ഇന്നും തുടരുന്ന ദുരിത മുഖത്തെ വളരെ കൃത്യമായി പറഞ്ഞു വെക്കാനും അദ്ദേഹത്തിനായി. മലയാളത്തില്‍ ഇന്ന് മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ലാത്ത വ്യത്യസ്തവും നയനാന്ദകരവുമായ രീതിയിലാണ് ഷെറി തന്റെ സൃഷ്ടിയുടെ ആവിഷ്‌കാരം നടത്തിയിരിക്കുന്നത്. എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ഒന്നില്‍ നിന്നാണെന്നും അതിന്റെ ജീവിതവും അന്ത്യവും ഒന്നിലേക്കാണെന്നും ഷെറിയുടെ കഥാപാത്രങ്ങള്‍ പറഞ്ഞ് വെക്കുന്നു. ജാതി മത വര്‍ഗ വര്‍ണങ്ങള്‍ക്കതീതമായി തന്റെ കഥാപാത്രങ്ങളെ ഒരു ബിന്ദുവില്‍ കോര്‍ത്തിണക്കിയത് പോലെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഷെറിയുടെ മാത്രം വിജയമാണ്.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ഷെറിയെ പ്രേക്ഷകര്‍ തോളിലേറ്റി. അവര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും ആദിമധ്യാന്തം എന്ന കലാസൃഷ്ടിക്കുള്ള സര്‍വ ആദരവുകളും രേഖപ്പെടുത്തി. പിന്നീട് അവിടെ അണപൊട്ടിയത് ഈ കലാ മൂല്യമുള്ള സിനിമയെ ചവറ്റു കൊട്ടയിലിടാന്‍ ശ്രമിച്ചവരോടുള്ള രോഷമായിരുന്നു. അത് മന്ത്രി ഗണേഷ്‌കുമാറിനും, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും എതിരെയുള്ള മുദ്രാവാക്യങ്ങളായി റോഡിലേക്കിറങ്ങി. അവരുടെ തോളിലേറി ഷെറിയും. പ്രകടനം കൈരളി തീയറ്ററിന്റെ മുറ്റത്തേക്കെത്തുമ്പോള്‍ അവിടെയും പ്രേക്ഷകര്‍ കാത്തിരിപ്പുണ്ടായിരുന്നു. അവരുടെ മധ്യത്തിലേക്കിറങ്ങിയ ഷെറിയെ പൂമാലയിട്ടാണ് സ്വീകരിച്ചത്. മലയാള സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു നല്ല സിനിമ എന്ന തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുന്നു എന്ന് ഷെറി പറഞ്ഞത് കരഘോഷങ്ങള്‍ക്ക് മധ്യത്തില്‍ അവ്യക്തമായി. ഒടുവില്‍ ആഘോഷങ്ങള്‍ക്ക് മധ്യത്തില്‍ നിന്നും അദ്ദേഹം മടങ്ങുമ്പോള്‍ ദീര്‍ഘനാളായി ഇരുണ്ടു കൂടി നിന്ന മുഖത്ത് പ്രകാശത്തിന്റെ തിരിനാളങ്ങള്‍ തെളിഞ്ഞിരുന്നു. ഒപ്പം മലയാള സിനിമക്ക് ഒരു പുത്തന്‍ അനുഭവം നല്‍കിയ ഒരു കലാസൃഷ്ടിയുടെ അമരക്കാരനായതിലുള്ള ചാരിതാര്‍ഥ്യവും.


Tuesday, December 6, 2011

സാരേ ജഹാം സെ അഛാ... ഹിന്ദുസ്ഥാന്‍ ഹമാരാ...
നാം വസിക്കുന്നത് സമത്വ സുന്ദരമായ ഒരു പൂന്തോട്ടത്തിലാണ്. ലോകം തങ്ങള്‍ക്കും ഇങ്ങിനെയായാല്‍ കൊള്ളാമെന്ന് ഇന്നും ആഗ്രഹിച്ചു കൊണ്ടെയിരിക്കുന്ന പൂന്തോട്ടത്തില്‍, അസൂയപ്പെട്ടു കൊണ്ടേയിരിക്കുന്ന പൂന്തോട്ടത്തില്‍. ഇവിടെ ഹൈന്ദവ, മുസ്‌ലിം, ക്രൈസ്തവ, ജൈന, ബുദ്ധ പുഷ്പങ്ങള്‍ പരസ്പരം സഹവര്‍ത്തിത്തോടെ കഴിയുന്നതാണ് ലോകത്തെ അസൂയപ്പെടുത്താന്‍ കാരണം. അങ്ങിനെ വസിച്ചു വരവേയാണ് പൊടുന്നനെ 1992 ഡിസംബറിലെ  ആറാം ദിനത്തില്‍ ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനത്തിന് നാമൊക്കെയും സാക്ഷികളായത്. സോഷ്യലിസത്തിന്റെ അപ്പോസ്തലന്‍മാരാണ് തങ്ങള്‍ എന്ന് അഹങ്കരിച്ചിരുന്ന ഇന്ത്യന്‍ ജനത ലോകത്തിന് മുന്നില്‍ നാണം കെട്ടു. അതിന് നേതൃത്വം കൊടുത്തതാകട്ടെ പരിപാവനമായ ഈ പൂന്തോട്ടത്തില്‍ ഏറ്റവും കൂടുതലുള്ള മലരുകളിലെ തീവ്രവാദികളായ ഒരു ന്യൂനപക്ഷവും. ഇന്നും ഉണങ്ങാത്ത മുറിവില്‍ വീണ്ടും കത്തി ഇറക്കാന്‍ നാം ഇനി ആരെയും അനുവദിച്ചു കൂടാ. വരൂ നമുക്ക് ഒന്നിച്ചെതിര്‍ക്കാം. രാജ്യ വിരുദ്ധ ശക്തികളെ. സോഷ്യലിസ്റ്റ് വിരുദ്ധ ശക്തികളെ. ജാതി മത വര്‍ഗ വര്‍ണ വേഷ ഭാഷകള്‍ക്കതീതമായി നമുക്ക് ഒന്നിക്കാം. അപ്പോള്‍ മാത്രമേ ഇഖ്ബാലിന്റെ വരികള്‍ക്ക് പൂര്‍ണാര്‍ഥം കൈവരിക്കാന്‍ സാധിക്കുകയുള്ളു. 
സാരേ ജഹാം സെ അഛാ... ഹിന്ദുസ്ഥാന്‍ ഹമാരാ...

(from madhyamam.com)

ബാബരി മസ്ജിദിനെ ആദ്യം സംഘര്‍ഷകേന്ദ്രമാക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. 1857ല്‍ ആഞ്ഞടിച്ച ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ശിഥിലമാക്കാനാണവര്‍, അന്ന്, അത്തരമൊരു കുടിലതന്ത്രം പ്രയോഗിച്ചത്. അന്നതിനെ പ്രതിരോധിച്ചത്, അയോധ്യാ നിവാസികളായ മുഴുവന്‍ മനുഷ്യരും മതജാതി പരിഗണനകള്‍ക്കപ്പുറം ഒരുമിച്ചുനിന്നാണ്. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന സാമ്രാജ്യത്വ നയത്തെ ചെറുക്കാന്‍; ഇസ്ലാം മതപണ്ഡിതനായ അമീര്‍ അലിയും ഹിന്ദു മതാചാര്യനായ, ബാബ രാമചന്ദ്രദാസും ഒന്നിച്ചുനിന്നാണ് നേതൃത്വം നല്‍കിയത്. മസ്ജിദ് സംബന്ധിച്ച്, ‘നിങ്ങള്‍ക്ക് മാത്രമാണ് തര്‍ക്കമെന്നും;’ ഞങ്ങള്‍ക്കിടയില്‍ അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ളെന്നവര്‍ ഒരുമിച്ചുനിന്ന് പ്രഖ്യാപിച്ചപ്പോള്‍ അന്ന്, പരിഭ്രാന്തരായത്, ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നു. അതിന്നവര്‍ പകരംവീട്ടിയത്, മനുഷ്യസ്നേഹികളായ  ആ മതനേതാക്കന്മാരെ, ഒൗധിലെ ഒരു ആല്‍മരകൊമ്പില്‍, കെട്ടിത്തൂക്കി കൊന്നുകൊണ്ടായിരുന്നു! യുദ്ധമേ ഇല്ലാതിരുന്ന അയോധ്യയുടെ മണ്ണില്‍, കൂട്ടക്കുരുതികള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന് അയോധ്യക്കന്ന് നഷ്ടമായത് മഹത്തായ രണ്ട് ജീവിതങ്ങളാണ്.
ബ്രിട്ടീഷുകാര്‍ക്ക് അവരെ കൊല്ലാന്‍ കഴിഞ്ഞെങ്കിലും അവരുടെ സ്മരണകളെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അവരെ കെട്ടിത്തൂക്കി കൊന്ന ആ ‘ആല്‍മരം’, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അസ്വാസ്ഥ്യപ്പെടുത്തുന്ന, ഒരശാന്തമായ അനുസ്മരണ കേന്ദ്രമായി, ദിവസേനയെന്നോണം വളര്‍ന്നുകൊണ്ടിരുന്നു. ജനങ്ങള്‍ അതിനുചുറ്റും ഒത്തുചേര്‍ന്ന് ഐക്യദാര്‍ഢ്യം പങ്കുവെച്ചു. അപ്പോള്‍ സാമ്രാജ്യത്വം ചെയ്തത്, ആ ആല്‍മരത്തെതന്നെ വേരോടെ പിഴുതെടുത്ത് നശിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍, ഇങ്ങനെയും ഒരാലുണ്ടായിരുന്നു എന്ന്, സൗകര്യം കിട്ടുമ്പോഴെങ്കിലും നമ്മള്‍ ഓര്‍മിക്കേണ്ടിയിരിക്കുന്നു. 1860ല്‍ ആ ആല് മുറിച്ചുമാറ്റിയെങ്കിലും അപ്പോഴും ബാബരി മസ്ജിദ് ഒരു പോറലുമേല്‍ക്കാതെ, ഒരു മസ്ജിദായും ഇന്ത്യന്‍ മതേതരത്വത്തിന്‍െറ ഒരു മഹാസ്മാരകമായും നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, സാമ്രാജ്യത്വത്തിന് അന്ന് കഴിയാത്തത്, പിന്നീട് സംഘ്പരിവാര്‍ ശക്തികള്‍ നടപ്പാക്കുന്നതാണ് നാം കണ്ടത്.
മുമ്പേ തന്നെ മുടന്തി തുടങ്ങിയ, ഇന്ത്യന്‍  മതേതരത്വത്തിന്‍െറ അന്ത്യ മൊഴികളിലൊന്നായി 1992 ഡിസംബര്‍ ആറ് മാറിയത് അങ്ങനെയാണ്. ഭരണകൂടാധികാരങ്ങളെയും മതനിരപേക്ഷതയെയും ഒരേസമയം നിസ്സഹായമാക്കുംവിധം ശക്തമാണ്, ‘സവര്‍ണ പ്രത്യശാസ്ത്ര’മെന്ന് 2010ലെ കോടതിവിധിയും സാക്ഷ്യപ്പെടുത്തുന്നു. തൊമ്മികളായി ഒരുവിധേനെയും തലകുനിക്കാത്ത, ചാവേറുകളായി, അത്രതന്നെ പൊട്ടിത്തെറിക്കാത്ത, നിരന്തര പോരാളികളെയാണ്, സവര്‍ണ പ്രത്യയശാസ്ത്രത്താല്‍, നിസ്സഹായമാക്കപ്പെടുന്ന ഇന്ത്യന്‍ മതേതരത്വം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
‘1992 ഡിസംബര്‍ ആറ്’ ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍െറ സ്വകാര്യ പ്രശ്നമല്ല. അത് ഇന്ത്യ ജീവിക്കുന്നിടത്തോളം കാലം ഇന്ത്യയെ മുറിപ്പെടുത്തുന്ന, മുറിപ്പെടുത്തേണ്ട, ഒരു പൊതു പ്രശ്നമാണ്. ‘ഇന്ത്യന്‍ മതേതരത്വത്തിന്‍െറ സ്മാരക’മെന്ന് പ്രകീര്‍ത്തിക്കപ്പെട്ട ഒരു ‘മസ്ജിദ്’  തകര്‍ക്കപ്പെട്ടത് ഒരു ഹിന്ദു മുസ്ലിം സ്വകാര്യ തര്‍ക്കമായി ചുരുക്കിക്കാണാനാവില്ല. അങ്ങനെ കാണുന്നത് ചരിത്രത്തിന് തീകൊളുത്തലാകും.
‘ഫ്രാന്‍സ് ഇന്നലെവരെ മഹത്തായൊരു രാജ്യമായിരുന്നു. ഇന്നത് ഒരു മാറാരോഗത്തിന്‍െറ പേരാണ്’ എന്ന് സാര്‍ത്ര് മുമ്പ് ഉത്കണ്ഠപ്പെട്ടു. 1948ലെ ഗാന്ധിവധം 84ലെ സിക്ക് കൂട്ടക്കൊല, 92 ഡിസംബര്‍ ആറിന്‍െറ ബാബരി പള്ളി പൊളിക്കല്‍... ഇന്ത്യയെക്കുറിച്ച് ആത്മബോധമുള്ള ഇന്ത്യക്കാര്‍ക്ക്, ഫ്രാന്‍സിനെക്കുറിച്ച് അന്ന് സാര്‍ത്ര് ഉത്കണ്ഠപ്പെട്ടതുപോലെ, ഇന്ന് ആശങ്കപ്പെടാതിരിക്കാന്‍ എങ്ങനെ കഴിയുന്നു?
ഡിസംബര്‍ ആറിന് പള്ളി തകര്‍ത്തത് ജനങ്ങള്‍ മറക്കും! ഡിസംബര്‍ ഏഴിന് ‘തല്‍സ്ഥാനത്ത് പള്ളി പുനര്‍നിര്‍മിക്കുമെന്ന്’ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉറപ്പു നല്‍കിയതും ജനങ്ങള്‍ മറക്കും! (ഒരു പക്ഷേ ആയൊരു ഉറപ്പിന്‍െറ പേരില്‍ അദ്ദേഹം എല്ലാ ഡിസംബര്‍ ആറിനും ഓര്‍മിക്കപ്പെടാനും മതി!) ‘ഞങ്ങള്‍ രാഷ്ട്രത്തോട് ക്ഷമ ചോദിക്കുന്നു’ എന്ന് പള്ളിപൊളിക്ക് നേതൃത്വം നല്‍കിയ അദ്വാനി പ്രസ്താവിച്ചതും മറക്കും! ‘പള്ളിപൊളിച്ചത് ഇന്ത്യയുടെ ദേശീയ അപമാനമെന്ന് 1994ല്‍ സുപ്രീംകോടതി പറഞ്ഞതും ‘ജനം’ മറക്കും! മസ്ജിദ് പൊളിച്ചതിനെ അപലപിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രവും ‘മറക്കപ്പെടും’! മസ്ജിദ് തകര്‍ക്കപ്പെട്ട് പതിനേഴു വര്‍ഷം കഴിഞ്ഞ് പുറത്തുവന്ന, ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടും ‘മറക്കപ്പെടും’! ഒരു പഴയ തറവാട് പൊളിച്ച് ഭാഗിക്കുന്ന ലാഘവത്തോടെ, ചരിത്ര സ്മരണകള്‍ ഇരമ്പുന്ന ഇന്ത്യന്‍ മതേതരത്വത്തിന്‍െറ മഹാ സ്മാരകത്തെ മൂന്ന് തുണ്ടമായി ഭാഗിക്കാന്‍ നിര്‍ദേശിച്ചതും ഇന്ത്യന്‍ ജനത മറന്നേക്കും! അങ്ങനെ മറന്നു മറന്ന്, ഒടുവില്‍ 1947 ആഗസ്റ്റ് 15ന് നാം സ്വതന്ത്രരായി എന്നതുകൂടി നമ്മള്‍ മറന്നുപോയാല്‍!
പുരാണങ്ങളുടെ പുകപടലങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ നീതിയുടെ നിശ്ശബ്ദ നിലവിളിയാണ് ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്. പുരാണങ്ങളുടെ പതാകയാണ്, നീതിയെ, നിന്ദ്യമായി  പരിഹസിച്ചുകൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിനുമുകളില്‍ ഇപ്പോള്‍ പാറിപ്പറക്കുന്നത്. ഇന്ത്യയുടെ മഹത്തായ ‘ഡെമോക്രസിയെ’ ഇപ്പോള്‍ വെല്ലുവിളിക്കുന്നത്, ഒട്ടും മഹത്ത്വമില്ലാത്തൊരു  ‘മിത്തോക്രസി’യാണ്. അതിനുമുമ്പില്‍ ഒട്ടും മുട്ടുമടക്കാത്ത, അനീതിക്കെതിരെ മുഷ്ടിചുരുട്ടുന്ന, ഇനിയും മരിക്കാത്ത മനുഷ്യരെയാണ് ‘അശാന്തമായ ഡിസംബര്‍ ആറ്’ ആവശ്യപ്പെടുന്നത്. സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന വിജയാഘോഷങ്ങള്‍ക്കും മുസ്ലിം മതസംഘടനകളുടേത് മാത്രമായ സങ്കടസ്മരണകള്‍ക്കുമപ്പുറം മതനിരപേക്ഷ സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു പ്രതീകാത്മക ‘സമരദിന’മായി ഡിസംബര്‍ ആറിനെ മാറ്റുകയാണ് ഇന്ന് നമ്മള്‍ വേണ്ടത്. ‘മുടന്തുന്ന’ ഇന്ത്യന്‍ മതേതരത്വത്തിന് 1992 ഡിസംബര്‍ ആറിന് സംഭവിച്ച, ജനാധിപത്യ തകര്‍ച്ചയുടെ ആഴം സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഡിസംബര്‍ ആറിന് സ്വയം സമരോത്സുകമാവാന്‍ കഴിയും. അതോടെ ‘മസ്ജിദ് സ്മരണ’ സ്വയമൊരു സമരമാകും.
‘ഭൂതകാലത്തെ നിരന്തരം മായ്ച്ചു കളയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഭൂതകാലം തന്നെ ഇല്ലാതാക്കപ്പെടുകയാണ്. അല്ളെങ്കില്‍ വിമര്‍ശനരഹിതമായി വാഴ്ത്തപ്പെടുകയോ, കാല്‍പനികവത്കരിക്കപ്പെടുകയോ ചെയ്യുകയാണ്. ഭൂതകാലത്തിന്‍െറ സത്യങ്ങളെ പിന്തുടരുന്നത്, അധീശസംസ്കാരം ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഓര്‍മ മറ്റേതൊരു കാലത്തേക്കാളും കൂടുതല്‍ ഇന്ന് അപകടത്തിലാണ്.’ (ടോണിമോറിസണ്‍)

Saturday, November 5, 2011

ത്യാഗനിര്‍ഭരമായ ബലിപെരുന്നാള്‍ ആശംസകള്‍

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം വിളിച്ചോതിക്കൊണ്ട് ഒരു ബലിപെരുന്നാള്‍ കൂടി.

ഇസ്്‌ലാമിന്റെ ആഘോഷങ്ങള്‍  അതിരുകടന്ന് ആഘോഷിക്കുവാന്‍ ഉള്ളതല്ല. മറിച്ച് ലോകത്ത് അടിച്ചമര്‍ത്തപ്പെടുകയും ദരിദ്രരാക്കപ്പെടുകയും അധിനിവേശത്തിന് വിധേയരാക്കപ്പെടുകയും ചെയ്ത ജനസമൂഹത്തോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമാണ്. ലോകാടിസ്ഥാനത്തില്‍ മുസ്്‌ലിം സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങള്‍ ഫലസ്തീനില്‍ നിന്ന് ലിബിയയിലെത്തി നില്‍ക്കുന്നു. നമ്മുടെ രാജ്യത്താകട്ടെ ബാബരി മുതല്‍ മഅ്ദനി വരെയും എത്തി നില്‍ക്കുന്നു. ലോകത്തെല്ലായിടത്തും ഇസ്്‌ലാമിനെതിരെയും മുസ്്‌ലിമിനെതിരെയും ഒരു വികാരം മാത്രം. സമാധാനത്തിന്റെ സന്ദേശവുമായി സമൂഹത്തെ പുനര്‍നിര്‍മിക്കാന്‍ ലോകത്തവതരിപ്പിക്കപ്പെട്ട ഇസ്്‌ലമെന്ന പ്രത്യയശാസ്ത്രം ഇന്ന് സമ്പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ബലിപെരുന്നാള്‍ സുദിനത്തില്‍ ഇസ്്‌ലാമിക സമൂഹത്തിന്റെ പുനരുദ്ധാരണത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം. ഇസ്്‌ലാമിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്തെ മുഴുവന്‍ ജനവിഭാഗത്തോടുമുള്ള ഐക്യദാര്‍ഢ്യമാകട്ടെ ഈ ബലിപെരുന്നാള്‍.

എല്ലാ സഹോദരങ്ങള്‍ക്കും ത്യാഗനിര്‍ഭരമായ ബലിപെരുന്നാളിന്റെ ആശംസകള്‍.........

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്‌

Thursday, November 3, 2011

ഒരിക്കലും മഅ്ദനിയാവരുത്‌


സവര്‍ണ മതം, പദവി അല്ലെങ്കില്‍ പണം

മൂന്നുമില്ലെങ്കില്‍  പിന്നെ ജീവിക്കരുത്‌.

പണമുള്ളവന് അല്ലെങ്കില്‍ പദവിയുള്ളവന് 

ജയിലിലാണെങ്കിലും വി വി ഐ പി പരിഗണന.

എന്ത് നന്മയാണിവര്‍ നാടിനായി ചെയ്തത്.

കള്ളനും കൊള്ളക്കാരനും നാടു വാഴുന്നു.

പാവം ജനം തുടര്‍ച്ചയായി 

വിഡ്ഢികള്‍ ആക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

ഇനിയെന്നു നന്നാവും നാം.

ഒരു നല്ല നാളെയെ സ്വപ്‌നത്തില്‍ പോലും 

കാണാന്‍ ആവുന്നില്ലെനിക്ക്.

ഞാന്‍ മാറുകയാണോ അതോ

എന്നെ മാറ്റപ്പെടുകയാണോ ?കനിമൊഴിയോ ബാലകൃഷ്ണ പിള്ളയോ

യദിയൂരപ്പയോ ആവുക

ഒരിക്കലും മഅ്ദനിയാവരുത്‌.
Tuesday, November 1, 2011

പിള്ള രാജ്യം നശിക്കട്ടെ

നിയമം
കാട്ടാറിലും നാട്ടരുവിയിലും
ഒഴുകിപ്പോകുന്ന മലം

മഴ
ഒരു തുള്ളിക്കായി ദാഹിക്കുമ്പോള്‍
മറ്റവന്റെ അടുക്കളപ്പുറത്തെ മൂലോടിലൂടെ ഒലിച്ചിറങ്ങുന്ന തുള്ളികള്‍...

പിള്ള
ചെറിയ വായില്‍ വലിയ നാക്കുള്ള പിള്ളയുടെ അച്ഛന്‍...
കാമഭ്രാന്തും ഞരമ്പ് രോഗവും കണ്ടു പിടിച്ച പിള്ളയുടെ അച്ഛന്‍....

കേരളപ്പിറവി
നശിച്ച ദിവസം....
പ്രതീക്ഷയറ്റ ദിവസം....
നീതിയെ തൂക്കിലേറ്റിയ ദിവസം.....
നിയമത്തെ പരിഹസിച്ച ദിവസം.....
ജനം കഴുതയായ ദിവസം.....
നല്ലനടപ്പ് കണ്ടു പിടിച്ചതിന്റെ തൊട്ടടുത്ത ദിവസം....
ബാലകൃഷ്ണപ്പിള്ള ജയില്‍ മോചിതനായ ദിവസം...(പ്രിയ സുഹൃത്ത് വിപുല്‍നാഥിന്റെ രചന)

Saturday, October 22, 2011

ഗദ്ദാഫി: നായകനും പ്രതിനായകനും


പി ഗോവിന്ദപിള്ളലിബിയയില്‍ 1969 മുതല്‍ ഭരണാധികാരിയായിരുന്ന കേണല്‍ മുഅമ്മര്‍ ഗദ്ദാഫി കലാപകാരികളാല്‍ വധിക്കപ്പെട്ടുവെന്ന വാര്‍ത്ത സമ്മിശ്ര വികാരങ്ങളോടെ മാത്രമേ കേള്‍ക്കാന്‍ കഴിയൂ. കാരണം നന്മയും തിന്മയും സമ്മേളിച്ച ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം.


ലിബിയ ഗദ്ദാഫിക്ക് മുമ്പ്
ഉത്തരാഫ്രിക്കയിലെ ലിബിയ പലപ്പോഴും അതിന്റെ നീണ്ട ചരിത്രത്തില്‍ റോമന്‍ സാമ്രാജ്യവാദികള്‍ തൊട്ട് ഇന്നേവരെ പല വിദേശ ശക്തികളുടെയും ആക്രമണത്തിനും ആധിപത്യത്തിനും വിധേയമായിട്ടുണ്ട്. 1950കള്‍ മുതല്‍ 1969 വരെ ഇദ്രീസ് എന്ന രാജാവാണ് അവിടെ ഭരണം നടത്തിയിരുന്നത്. ഇദ്രീസ് അമേരിക്കന്‍ ഐക്യനാടിന്റെയും മറ്റ് പടിഞ്ഞാറന്‍ സാമ്രാജ്യവാദികളുടെയും ചൊല്‍പ്പടിക്ക് നിന്നുകൊടുക്കുകയും ലിബിയയുടെ സ്വത്തുക്കള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അങ്ങിനെ ലിബിയ പേരിന് ഒരു സ്വതന്ത്ര രാജാധിപത്യ രാഷ്ട്രം ആയിരുന്നുവെങ്കിലും വാസ്തവത്തില്‍ അമേരിക്കന്‍ സാമ്രാജ്യവാദികളുടെ ഒരു സാമന്ത രാജ്യം മാത്രമായിരുന്നു.


ഗദ്ദാഫിയുടെ കടന്നുവരവും ഭരണവും
ജനങ്ങള്‍ നിരക്ഷരതയിലും ദാരിദ്ര്യത്തിലും മുഴുകി കഴിയുമ്പോള്‍ ചെറിയ ന്യൂനപക്ഷം പ്രഭുക്കന്മാരും, രാജാവും, രാജസേവകരും സുഖലോലുപരായി കഴിയുകയായിരുന്നു. ഈ ഘട്ടത്തിലാണ് മുഅമ്മര്‍ ഗദ്ദാഫി എന്ന ഒരു യുവ സൈനികന്‍ ഏതാനും സൈനിക സുഹൃത്തുക്കളുമായി ചേര്‍ന്ന് സമാധാനപരമായ ഒരട്ടിമറിയിലൂടെ രാജകീയ ഭരണത്തെ നിഷ്‌കാസനം ചെയ്ത് സ്വയം അധികാരം ഏറ്റെടുത്തത്. 1969 ലെ ഈ ഭരണമാറ്റം സ്വാഭാവികമായും അമേരിക്കക്കാര്‍ക്കും മറ്റ് പടിഞ്ഞാറന്‍ സാമ്രാജ്യവാദികള്‍ക്കും തീരെ ഇഷ്ടപ്പെട്ടില്ല. ഗദ്ദാഫിക്കാകട്ടെ സോഷ്യലിസ്റ്റ് രാജ്യങ്ങളും മൂന്നാം ലോക രാജ്യങ്ങളും നിര്‍ലോഭം പിന്തുണ നല്‍കുകയും ചെയ്തു. സാമൂഹിക വ്യവസ്ഥയെ ആകെ പൊളിച്ചെഴുതി സാധാരണക്കാര്‍ക്ക് പ്രാമുഖ്യം  നല്‍കുന്ന ഒരു ഭരണക്രമം സൃഷ്ടിക്കുകയായിരുന്നു ഗദ്ദാഫിയുടെ ലക്ഷ്യം. അതിനദ്ദേഹം ഇസ്‌ലാമിക് സോഷ്യലിസം എന്ന പേരു കൊടുത്തു. ഇസ്‌ലാമിക വിശ്വാസികള്‍ക്ക് പ്രിയങ്കരമായ പച്ച നിറമാണ് ഒരു ദേശീയനിറമായി ഗദ്ദാഫി അംഗീകരിച്ചത്. ഗദ്ദാഫിയും സൈനികരും ഗദ്ദാഫിയുടെ ഉയര്‍ന്ന സഹപ്രവര്‍ത്തകരും ഒരു യൂനിഫോം പോലെ പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. തന്റെ ഭരണ ലക്ഷ്യങ്ങളും പരിഷ്‌കരണ നടപടികളും എല്ലാം ഒരു മാനിഫെസ്റ്റോ (വിജ്ഞാപനം) പോലെ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. അതിന് ഗ്രീന്‍ ബുക്ക് അഥവാ ഹരിത പുസ്തകം എന്നാണ് അദ്ദേഹം പേര്‍ നല്‍കിയത്. ആഭ്യന്തര തലത്തില്‍ ലിബിയയിലെ സമ്പന്നമായ എണ്ണക്കിണറുകള്‍ വികസിപ്പിക്കുകയും അവയെല്ലാം ദേശസാത്കരിക്കുകയും ചെയ്ത ഗദ്ദാഫി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പണം അങ്ങിനെ കണ്ടെത്തി. വിദേശ രംഗത്ത് അദ്ദേഹം ലോകത്ത് എല്ലായിടത്തും ജനകീയ സമരങ്ങള്‍ക്ക്  പിന്തുണ നല്‍കി. പ്രത്യേകിച്ച് അമേരിക്കന്‍ ആധിപത്യത്തെ എതിര്‍ത്ത് പോരാടുന്ന ജനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഗദ്ദാഫിയുടെ പിന്തുണ ഉറപ്പായിരുന്നു. അങ്ങിനെ രണ്ട് ദശാബ്ദം കൊണ്ട് സാര്‍വദേശീയ രംഗത്ത് ഒരു വീര പുരുഷന്റെ പരിവേഷം അദ്ദേഹത്തിന് ലഭിച്ചു.ചേരിചേരാ രാഷ്ട്രങ്ങളുടെ മുമ്പന്തിയിലായിരുന്നു അദ്ദേഹം. അമേരിക്കന്‍ ഐക്യനാടുകളും അവരുടെ ചാര സംഘടനയായ സി ഐ എയും പലവട്ടം ഗദ്ദാഫിയെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും സോവിയറ്റ് യൂനിയന്റെ പിന്തുണയും ജനങ്ങളുടെ കൂറും കാരണം അത്തരം ശ്രമങ്ങളൊക്കെ അലസിപ്പോയതേയുള്ളൂ.


ഭരണത്തിന്റെ ഗതിമാറ്റം
1990ല്‍ സോവിയറ്റ് യൂനിയന്‍ സോഷ്യലിസം ഉപേക്ഷിക്കുകയും ശിഥിലീകരിക്കപ്പെടുകയും ചെയ്തത് മറ്റ് പല മൂന്നാം ലോക രാജ്യങ്ങള്‍ക്കും എന്ന പോലെ ഗദ്ദാഫിക്കും ലിബിയക്കും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. വാസ്തവത്തില്‍ സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടുകൂടിത്തന്നെ ഗദ്ദാഫിയുടെ പതനവും ആരംഭിച്ചു. സോവിയറ്റ് യൂനിയന്റെ പിന്തുണയോടു കൂടി ശക്തിയാര്‍ജിച്ചു വന്ന പല മൂന്നാം ലോക രാജ്യങ്ങളും അമേരിക്കയുടെ സ്വാധീന വലയത്തില്‍ പെടാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ ഗദ്ദാഫിയും അമേരിക്കയുമായി വിട്ടുവീഴ്ചകള്‍ക്ക് ഒരുങ്ങി. ഫലസ്തീനോട് തുടക്കം തൊട്ടേ ഉണ്ടായിരുന്ന ഗദ്ദാഫിയുടെ ഐക്യദാര്‍ഢ്യ മനോഭാവത്തില്‍ അയവ് വരുകയും ഇസ്‌റാഈലിനോടുള്ള ചായ്‌വ് വര്‍ധിക്കുകയും ചെയ്തു. അറബികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പതാക വാഹകനായിരുന്ന ഈജിപ്തിലെ ഭരണാധികാരി കേണല്‍ അബ്ദുന്നാസര്‍ ആയിരുന്നു ഗദ്ദാഫിയുടെ അനൗപചാരിക ഗുരു. ഗദ്ദാഫി അധികാരത്തിലെത്തി രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അറബ് നവോഥാനത്തിന്റെ ആ രാജശില്‍പി നിര്യാതനാവുകയും ഇസ്‌റാഈലുമായി അടുപ്പക്കാരനായിരുന്ന അന്‍വര്‍ സാദത്ത് അധികാരമേല്‍ക്കുകയും ചെയ്തു. ഒരു ദശകത്തിനകം സാദത്ത് ദേശസ്‌നേഹികളാല്‍ വധിക്കപ്പെടുകയും ഹുസ്‌നി മുബാറക് അധികാരത്തില്‍ എത്തുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 17-ാം തീയതി ആരംഭിച്ച അറബ് സ്വേഛാധിപത്യ വിരുദ്ധ പ്രക്ഷോഭത്തില്‍ ടുണീഷ്യന്‍ ഭരണാധികാരികളോടൊപ്പം ഹുസ്‌നി മുബാറകും ഒലിച്ചു പോയി. ഇതേ തുടര്‍ന്നാണ് അറബ് വസന്തം എന്ന പേരില്‍ അറിയപ്പെടുന്ന ജനകീയ മുന്നേറ്റം ലിബിയയിലും ആരംഭിച്ചത്.


അമേരിക്കന്‍ ഇടപെടലും ഗദ്ദാഫിയുടെ അന്ത്യവും
ലിബിയയില്‍ ഗദ്ദാഫി ഭരണം അതിന്റെ പഴയ ആദര്‍ശശുദ്ധിയെല്ലാം വെടിഞ്ഞ് അഴിമതിയിലേക്കും മര്‍ദന വാഴ്ചയിലേക്കും നീങ്ങുകയായിരുന്നു. നേരത്തെ സൂചിപ്പിച്ച വിധം അമേരിക്കയുമായി ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഗദ്ദാഫി നടത്തിയെങ്കിലും അമേരിക്കക്ക് ഗദ്ദാഫിയോട് പഴയ വൈരാഗ്യം തുടര്‍ന്നു. ഗദ്ദാഫിയുടെ രണ്ട് ഭാര്യമാരില്‍ ജനിച്ച ഒമ്പത് മക്കള്‍ പ്രായപൂര്‍ത്തിയായി ഭരണ കാര്യങ്ങളില്‍ ഇടപെടാനും അതിന്റെ ശീതളഛായയില്‍ ധനസമ്പാദനം നടത്താനും അത് വിദേശങ്ങളിലും മറ്റും നിക്ഷേപിക്കാനും ആരംഭിച്ചു. എണ്ണ കയറ്റുമതിയിലൂടെയും മറ്റും നേടിയ പണം ഗദ്ദാഫിയും സ്വന്തം കണക്കില്‍ നിക്ഷേപിച്ചു. ഈ മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വസ്തരായ സൈനികരെ പോലും രോഷാകുലരാക്കി. അങ്ങിനെയാണ് കഴിഞ്ഞ ഫെബ്രുവരി മാസാവസാനം അറബ് വസന്തത്തിന്റെ അലകള്‍ അറബ് ഉഷ്ണമേഖലയിലെ ചുഴലിക്കാറ്റ് പോലെ വീശിയടിക്കാന്‍ തുടങ്ങിയത്. ലിബിയന്‍ പരിവര്‍ത്തന സമിതി എന്നൊരു പ്രതിപക്ഷ സംഘടന ഉണ്ടാക്കി ഗദ്ദാഫിയെ ഉപേക്ഷിച്ചു പോന്ന സൈനികരും യുവാക്കളും പ്രക്ഷോഭം തുടങ്ങി. ഈ സന്ദര്‍ഭം അമേരിക്ക തികച്ചും ഉപയോഗപ്പെടുത്തി. പ്രക്ഷോഭത്തെ ഗദ്ദാഫിയും ഉരുക്കു മുഷ്ടി കൊണ്ട് നേരിടാന്‍ തുടങ്ങി. ഒരു ആഭ്യന്തര യുദ്ധത്തിന്റെ പ്രതീതി എവിടെയും ഉളവായി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഗദ്ദാഫി അധികാരം ഒഴിയണമെന്ന് സകലമാന നയതന്ത്ര മര്യാദകളും കാറ്റില്‍ പറത്തിക്കൊണ്ട് പരസ്യമായി ആവശ്യപ്പെട്ടു. ബരാക് ഒബാമക്ക് ലിബിയന്‍ ജനതയുടെ അവകാശ സംരക്ഷണത്തില്‍ വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. അതല്ലെങ്കില്‍ ബഹ്‌റൈനിലെ അമീര്‍ സ്വരാജ്യത്തെ ജനകീയ പ്രക്ഷോഭത്തെ ഭീകരമായി അടിച്ചമര്‍ത്തുന്നതിനെ ഒബാമയും കൂട്ടരും അനുകൂലിക്കുകയില്ലല്ലോ. അമീര്‍ അമേരിക്കയുടെ സുഹൃത്തും ബഹ്‌റൈന്‍ അമേരിക്കന്‍ കുത്തകകളുടെ മേച്ചില്‍ സ്ഥലവുമായതുതന്നെ കാരണം . ബഹ്‌റൈനില്‍ പ്രകടമാകാത്ത ജനാധിപത്യ പ്രേമം ലിബിയയില്‍ അവര്‍ക്കുണ്ടാകാന്‍ തരമില്ലല്ലോ? ഗദ്ദാഫി നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നും ന്യായമായ ജനാധിപത്യ അവകാശങ്ങള്‍ ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നുവെന്നും ആരോപിച്ച് അമേരിക്കയും നാറ്റോയും (ഉത്തര അത്്‌ലാന്റിക് ഉടമ്പടി സംഘടന) നേരിട്ട് ലിബിയന്‍ കലഹത്തില്‍ ഇടപെടാന്‍ തുടങ്ങി. അവര്‍ ലിബിയക്ക് മേല്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തി. ഈ വ്യോമാക്രമണത്തില്‍ ഗദ്ദാഫിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരും ഗദ്ദാഫി പക്ഷത്തെ സൈനികരും നിരപരാധികളായ സാധാരണ പൗരന്മാരും അടക്കം നിരവധി പേര്‍ വധിക്കപ്പെട്ടു. ഗദ്ദാഫിക്ക് ഇത് ഉര്‍വശീ ശാപം പോലെ ഉപകാരമായിത്തീര്‍ന്നു. താനിപ്പോഴും പഴയ സാമ്രാജ്യത്വ വിരുദ്ധ പോരാളിയാണെന്ന് തെളിയിക്കാനും അങ്ങിനെ ലിബിയയിലും പുറത്തുമുള്ള സാമ്രാജ്യത്വ വിരുദ്ധരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ നേടാനും ഗദ്ദാഫിക്ക് കഴിഞ്ഞു. അതുകൊണ്ടാണ് ഗദ്ദാഫിക്ക് ഇതുവരെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. പക്ഷേ, ഇപ്പോള്‍ ജനകീയ പക്ഷം വിജയിക്കുകയും ഗദ്ദാഫിയെ അദ്ദേഹത്തിന്റെ  ഭൂഗര്‍ഭ ഒളിത്താവളത്തില്‍ വെച്ച് പിടികൂടി വധിക്കാന്‍ എതിരാളികള്‍ക്ക് കഴിയുകയും ചെയ്തിരിക്കുന്നു.


ലിബിയയുടെ ഭാവി 
തീര്‍ച്ചയായും ഗദ്ദാഫിയുടെ പതനത്തില്‍ ദുഃഖിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷേ ഗദ്ദാഫിയെ ഒതുക്കിയത് അദ്ദേഹത്തിന്റെ സ്ഥിരം ശത്രുക്കളാണോ പാശ്ചാത്യ സാമ്രാജ്യവാദികളുടെ സൈന്യങ്ങളാണോ എന്ന ചോദ്യം അവശേഷിക്കുന്നു. ഇതുവരെ വിവരിച്ച കാര്യങ്ങളില്‍ നിന്ന് അങ്ങിനെ ഒരു സാധ്യത തള്ളിക്കളയാന്‍ ആവുകയില്ല. അങ്ങിനെയെങ്കില്‍ ഗദ്ദാഫിക്ക് ഒരു കുറ്റവാളിയുടെത് എന്നതിനേക്കാള്‍ ഒരു രക്തസാക്ഷിയുടെ പരിവേഷമാണ് കൈവന്നിട്ടുള്ളത്. ഗദ്ദാഫി വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ലിബിയന്‍ പരിവര്‍ത്തന സമിതിയില്‍ പടിഞ്ഞാറന്‍ ദല്ലാള്‍മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന ആരോപണം തള്ളിക്കളയാവുന്നതല്ല. അപ്പോള്‍ ഇനി വരുന്ന പുതിയ ഭരണ സംവിധാനത്തിലും പടിഞ്ഞാറന്മാരുടെ രഹസ്യ സാന്നിധ്യം ഉണ്ടായിരിക്കും എന്നത് തീര്‍ച്ചയാണ്. വരാന്‍ പോകുന്ന സംഭവ വികാസങ്ങളില്‍കൂടി മാത്രമേ അക്കാര്യങ്ങള്‍ വ്യക്തമാകൂ. അതുകൊണ്ടാണ്് ഗദ്ദാഫിയുടെ വധം സമ്മിശ്ര വികാരങ്ങളോടെ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്ന് ആദ്യമേ പറഞ്ഞത്.

തയ്യാറാക്കിയത്
മുബാറക്‌ റാവുത്തര്‍
(22-10-2011 ല്‍ സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Wednesday, October 19, 2011

കൂടംകുളം: കൈയുയര്‍ത്താതിരിക്കാന്‍ എന്തുണ്ട് നിങ്ങള്‍ക്ക് ന്യായീകരണം?

കൂടംകുളം ആണവ നിലയവിരുദ്ധ സമരം രാജ്യശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യയിലെ ജനകീയ ചെറുത്തുനില്‍പ്പ് ചരിത്രത്തില്‍ സ്ഥാനം നേടാന്‍ തക്കതായി സമരം വളര്‍ന്നു കഴിഞ്ഞുവെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. കഴിഞ്ഞ ആഗസ്റ്റ് 17 നാണ്  കൂടംകുളത്തിനടുത്തുള്ള ഇടിന്തകര നിവാസികളും ഒരു പറ്റം സാമൂഹിക പ്രവര്‍ത്തകരും 1000 മെഗാവാട്ട് വീതമുള്ള രണ്ട് ആണവ റിയാക്ടറുകള്‍ കമ്മീഷന്‍ ചെയ്യുന്നതിനെതിരെ നിരാഹാര സമരം ആരംഭിച്ചത്. ഇവയില്‍ ഒന്നിന്റെ പണി 99 ശതമാനവും മറ്റേതിന്റെത് 93 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. റഷ്യന്‍ നിര്‍മിതമായ ആണവ റിയാക്ടറുകളാണ് കൂടംകുളം നിലയത്തില്‍ സ്ഥാപിക്കുന്നത്. സമരാരംഭ ഘട്ടം മുതല്‍ ഈ പ്രദേശത്തേക്ക് സമീപ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ ഒഴുകുകയായിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളും സാധാരണ ജനവിഭാഗവുമാണ്. നിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തങ്ങളുടെ സ്ഥിതി അരക്ഷിതാവസ്ഥയിലാകും എന്ന് മനസ്സിലാക്കിയാണിവര്‍ സമരമുഖത്തേക്കിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് സമരം നിര്‍ത്തിവെച്ചെങ്കിലും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നിലപാട് മാറ്റത്തെത്തുടര്‍ന്ന് സമരം പുനരാരംഭിക്കുകയായിരുന്നു. സമരക്കാര്‍ ആണവനിലയത്തിന്റെ സുരക്ഷയെ പറ്റി ആശങ്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി രാജ്യത്തെ എല്ലാ ആണവനിലയങ്ങളും സുരക്ഷിതമാണെന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
രാജ്യത്തെ ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ പറയുമ്പോഴും യാഥാര്‍ഥ്യം അതല്ലെന്നാണ് വസ്തുതകള്‍ നമ്മോട് പറയുന്നത്. നോക്കൂ, നിലയത്തിലെ ജോലിക്കാരും കുടുംബാംഗങ്ങളും താമസിക്കുന്ന ക്വാട്ടേഴ്‌സ് 15 കിലോമീറ്റര്‍ ദൂരെയാണ്. എന്നാല്‍ ഇത്രയും ദൂരത്തില്‍ നിലയത്തിന് ചുറ്റുമായി ലക്ഷക്കണക്കിന് മനുഷ്യര്‍ ജീവിക്കുന്നുണ്ട്. എന്താണിതിനര്‍ഥം? ആണവ അപകടമുണ്ടായാല്‍ തങ്ങളും കുടുംബങ്ങളും സുരക്ഷിതരായിരിക്കണം. ജനങ്ങള്‍ക്കെന്തായാലെന്താ? അത്ര തന്നെ. അപകടം മാത്രമല്ല, ഇന്ത്യയുടെ ആണവ നിലയങ്ങള്‍, സാധാരണ പ്രവര്‍ത്തനങ്ങളില്‍ തന്നെ സുരക്ഷിതമല്ലെന്ന് വ്യക്തമാക്കിയത് അണുശക്തി നിയന്ത്രണ ബോര്‍ഡിന്റെ (എ ഇ ആര്‍ സി) മുന്‍ ചെയര്‍മാന്‍ ഡോ. ഗോപാലകൃഷ്ണനാണ്. രാജ്യത്ത് നിലവില്‍ ആറ് സ്ഥലങ്ങളിലായി ആണവ റിയാകടറുകളുടെ പണി നടക്കുന്നുണ്ട്. ഇവയില്‍ ജയ്താപൂരിലേത് ഫ്രഞ്ച് നിര്‍മിത റിയാക്ടറുകളും കൂടംകുളത്തേത് റഷ്യന്‍ നിര്‍മിതവുമാണ്. ജയ്താപൂരിലും ജനങ്ങള്‍ ആണവ നിലയത്തിനെതിരെ പ്രതിഷേധ സമരവുമായി രംഗത്തുണ്ട്.
ആണവോര്‍ജത്തെ അനുകൂലിക്കുന്നവര്‍ക്കിടയില്‍ തന്നെ റഷ്യന്‍ നിര്‍മിത റിയാക്ടറുകളുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഫ്രഞ്ച് നിര്‍മിതമായ റിയാക്ടറുകള്‍ താരതമ്യേന സുരക്ഷിതമാണെന്നും റഷ്യന്‍ നിര്‍മിത റിയാക്ടറുകളുടെ സുരക്ഷയെപ്പറ്റി ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നുമാണ് ഇവരുടെ പക്ഷം.
ഇന്ത്യയിലെ തന്നെ പ്രമുഖ ശാസ്ത്രജ്ഞന്‍മാര്‍ പല തവണ ആണവ നിലയങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്ക് വെച്ചിട്ടുമുണ്ട്. ഫുക്കുഷിമയിലെ ആണവ ദുരന്തം കഴിഞ്ഞതോടെയാണ് ശാസ്ത്ര ലോകം ഇത്തരത്തിലുള്ള ആശങ്കകള്‍ പങ്ക് വെക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ജൂണില്‍ റഷ്യന്‍ റിയാക്ടറുകള്‍ക്ക് മനുഷ്യസാധ്യമായ ആക്രമണങ്ങളെയോ, പ്രകൃതി ദുരന്തങ്ങളേയോ തടുക്കാനുള്ള ശേഷിയില്‍ സംശയം രേഖപ്പെടുത്തിയ അവരുടെ തന്നെ ആണവ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ ചോര്‍ത്തിയിരുന്നു. ഇതില്‍ തന്നെ റഷ്യന്‍ നിര്‍മിത ആണവ റിയാക്ടറുകള്‍ക്ക് 31 തരത്തില്‍ കേടുപാടുകള്‍ സംഭവിച്ച് അപകടങ്ങള്‍ ഉണ്ടാകാമെന്നും പറയുന്നുണ്ട്. ഇതോടെ ആണവ റിയാക്ടറുകള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ വിപത്തിന് ഇടവരുത്തുമെന്ന വാദം ശക്തി പ്രാപിക്കുകയാണ്.
റിയാക്ടറുകള്‍ പ്രവര്‍ത്തന ക്ഷമമാകുന്നതോടെ സമീപ പ്രദേശത്തെ സമുദ്രത്തില്‍ ലവണാംശം കൂടാനുള്ള സാധ്യതയും ശാസ്ത്ര ലോകം തള്ളിക്കളയുന്നില്ല. ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനത്തിനായി സമുദ്രജലം ഉപയോഗിക്കുകയും, ആണവ മാലിന്യങ്ങള്‍ കടലിലേക്ക് ഒഴുക്കിത്തുടങ്ങുകയും ചെയ്യുന്നതോടു കൂടി ഈ ഭാഗത്ത് സമുദ്രത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ദൈനംദിന ജീവിതം തന്നെ പ്രതിസന്ധിയിലാകും. ഇതിനെയാണ് ഇടിന്തകരയിലേയും പരിസരങ്ങളിലേയും ജനങ്ങള്‍ മുന്‍കൂട്ടി കാണുന്നത്.
കൂടംകുളത്തേക്കാള്‍ വലിയ അപകടമാണ് തമിഴ്‌നാട് തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കാല്‍പാക്കത്ത് പതിയിരിക്കുന്നത്. കാരണം മറ്റ് റിയാക്ടറുകളില്‍ പ്രവര്‍ത്തിപ്പിച്ച ശേഷം വരുന്ന ആണവ ബാക്കി ഇവിടത്തെ റീപ്രോസസിംഗ് റിയാക്ടറിലാണ് വീണ്ടും ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും വരുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ആകാത്തതിനാല്‍ ഒരു ദീര്‍ഘകാലം സൂക്ഷിച്ചശേഷം കടലില്‍ തള്ളുകയാണ് പതിവ്. ഇത്തരത്തില്‍ വലിയ സാന്ദ്രതയുള്ള മാലിന്യങ്ങള്‍ കടലില്‍ തള്ളുന്നതോടെ ആ ഭാഗത്തെ മുഴുവന്‍ കടല്‍ സമ്പത്തും ഉപയോഗശൂന്യമായി തീരുന്നതാണ് നാം ഇപ്പോള്‍ കണ്ട് വരുന്നത്.
കല്‍പാക്കം ആണവ പ്ലാന്റ് ഇതിനകം തന്നെ അപകടകരമായ അവസ്ഥയിലാണുളളതെന്ന് ഇവിടെ നടന്ന സംഭവങ്ങള്‍ കൊണ്ട് വ്യക്തമായതാണ്. 2003ലും 2004 ലും ഇവിടുത്തെ റിയാക്ടറില്‍ സംഭവിച്ച ചോര്‍ച്ച കാരണമായി ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തിയെപ്പറ്റി ഇന്നും അധികൃതര്‍ ദുരൂഹമായ മൗനമാണ് തുടരുന്നത്. അന്ന് ചോര്‍ച്ച കാരണമായി ആറ് തൊഴിലാളികള്‍ മരിച്ചിരുന്നു. പിന്നീട് ഒരു വര്‍ഷത്തോളം കല്‍പാക്കത്തെ പ്ലാന്റ് അടച്ചിടുകയും ചെയ്തു. എന്നാല്‍ ആ ചോര്‍ച്ചയുടെ ദുരന്ത ഫലം ഇന്നും കല്‍പാക്കത്തിന് 30 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ പുതിയ തലമുറയിലെ കുട്ടികള്‍ പലരും ക്യാന്‍സര്‍ രോഗികളായാണ് ജനിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് ആ ചോര്‍ച്ചയുടെ ഭാഗമായി തീര്‍ന്നവര്‍ മുഴുവന്‍ എന്തെങ്കിലും രോഗത്തിനടിമകളുമാണ്.
ഇതിനെയൊക്കെ മറികടക്കുന്നതാണ് ആണവ ലോബിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍.  പ്രത്യേകിച്ചും മന്‍മോഹന്‍ സിംഗ് കൂടംകുളം സമരത്തിന് വിരുദ്ധമായി നേരിട്ട് പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ അവര്‍ സര്‍ക്കാരിനെ വരുതിയിലാക്കിക്കഴിഞ്ഞിരിക്കുന്നുവെന്നു വേണം കരുതാന്‍. ആണവ ലോബി പറയുന്നത് അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു പ്ലൂട്ടോണിയം പവര്‍ ആയി മാറുമെന്നാണ്. അതിനായിട്ട് അവര്‍ ലക്ഷ്യം വെക്കുന്നതാകട്ടെ കൂടംകുളത്തെ 2000 മെഗാവാട്ട് പ്ലൂട്ടോണിയം ഹെവി പ്രഷറൈസ്ഡ് വാട്ടര്‍ പ്ലാന്റിനേയും. ഇത് ശരിക്കും അപകടകരം തന്നെയാണ്.
റഷ്യന്‍ നിര്‍മിത റിയാക്ടറുകള്‍ ലോക നിരവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്തവയാണെന്ന് ഇതിനകം തന്നെ ശാസ്ത്ര ലോകം വിലയിരുത്തിക്കഴിഞ്ഞതാണ്. ഫുക്കുഷിമയിലെ ഡയിച്ചി ആണവ നിലയത്തില്‍ സുനാമി കാരണമായി ഉണ്ടായ പൊട്ടിത്തെറിയില്‍ ഉണ്ടായ നഷ്ടത്തെ പറ്റി ഇനിയും ജപ്പാന്‍ കണക്കെടുത്തു കഴിഞ്ഞിട്ടില്ല. അന്ന് ഫുക്കുഷിമയില്‍ നിന്നും ജീവനും കൊണ്ട് പോയവര്‍ ഇനിയൊരിക്കലും തങ്ങള്‍ക്ക് തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനാകില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഫുക്കുഷിമയുടെ ഏതാണ്ട് 150 കിലോമീറ്റര്‍ ചുറ്റളവില്‍ ആണവ വികിരണത്തിന്റെ വ്യാപ്തി എത്തിയെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നമ്മോട് പറയുന്നു.
കൂടംകുളത്ത് പ്രക്ഷോഭം തിളച്ചുമറിയുമ്പോള്‍ മലയാളിക്ക് വെറുതെയിരിക്കാനാകില്ല. തൊട്ടടുത്ത് ഇങ്ങനെയൊരു ആണവ മുനമ്പ് രൂപപ്പെടുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കുന്നത് അധാര്‍മികമാണ്. മാത്രമല്ല,  ദുരന്തത്തിന്റെ ഒരോഹരി ഏറ്റുവാങ്ങേണ്ടിവരുന്നവരാണ് കേരളീയര്‍ എന്നതും കാണാതിരുന്നുകൂടാ. അതുകൊണ്ടു തന്നെ പുളിങ്ങോം ആണവവിരുദ്ധ സമര പാരമ്പര്യമുള്ള മലയാളി അലസനായിരിക്കാന്‍ പാടില്ല. കൂടംകുളം ആണവ നിലയം സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ്. അതായത് അവിടേക്ക് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നുള്ള ദൂരം ഏതാണ്ട് 100 കിലോമീറ്ററില്‍ താഴെ മാത്രം.   ആണവ നിലയിത്തിനെതിരെ നടക്കുന്ന സമരം യഥാര്‍ഥത്തില്‍ ആ പ്രദേശത്തുകാരുടെയോ തമിഴന്റെയോ മാത്രം പ്രശ്‌നമല്ല. മറിച്ച് കേരളത്തിന്റെതു കൂടിയാണ്. ദക്ഷിണേന്ത്യയുടെത് കൂടിയാണ്. എന്നല്ല, മനുഷ്യരാശിയുടേത് കൂടിയാണ്.
എന്തെന്നാല്‍ ഫുക്കുഷിമയുടെ ആണവ നിലയത്തില്‍ ഏതാണ്ട് 800 നും 1000 നും ഇടയില്‍ ആണവ ഇന്ധനം പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ കൂടംകുളത്ത് വരാന്‍ പോകുന്ന റിയാക്ടറിന്റെ ശേഷി 2000 മെഗാവാട്ടാണ്. അതായത് ഫുക്കുഷിമയിലെ അപകടത്തിന്റെ വ്യാപ്തി 150 കിലോ മീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നെങ്കില്‍ കൂടംകുളത്ത് അപകടം നടന്നാല്‍ അതിന്റെ വ്യാപ്തി എത്ര ഭയാനകമായിരിക്കും? അത്തരത്തില്‍ ഒരപകടത്തിന് നമ്മുടെ കേരളത്തിന്റെ വലിയൊരു ഭാഗം  ഒന്നായിട്ട് ചുട്ടു ചാമ്പലാക്കാന്‍ സെക്കന്‍ഡുകള്‍ മതി. കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന സമരത്തെ നാം വിലയിരുത്തേണ്ടത്  ജപ്പാനിലെ ഫുക്കുഷിമയില്‍ നടന്ന ആണവ ദുരന്തത്തേയും, അതിനു മുമ്പ് നടന്ന ചെര്‍ണോബില്‍ പോലെയുള്ള ആണവ ദുരന്തങ്ങളേയും മുന്‍നിര്‍ത്തിയാകണം. ഇനിയും ഇതിന്റെ ഭവിഷ്യത്തുകളെ പറ്റി ബോധ്യം വരാത്തവരാരെങ്കിലും ഉണ്ടെങ്കില്‍ അപകടം അനുഭവിച്ചു മനസ്സിലാക്കുക.

Sunday, October 9, 2011

ഫേസ്ബുക്ക് ഉപയോക്താക്കള്‍ സൂക്ഷിക്കുക


നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കഴിഞ്ഞിരിക്കാം


ലോകത്ത് ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്നവരില്‍ വിപ്ലവം സൃഷ്ടിച്ച  സൗഹൃദ കൂട്ടായ്മയാണ് ഫേസ്ബുക്ക്. മുന്‍പ് ഉണ്ടായിരുന്ന ഓര്‍ക്കുട്ട് പോലെയുള്ളവയെ നിഷ്പ്രഭരാക്കി കൊണ്ടാണ് ഇപ്പോള്‍ ഫേസ്ബുക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്. ലോകത്തൊട്ടാകെ 750 മില്യന്‍ ആളുകളാണ് ഫേസ്ബുക് ഉപയോഗിക്കുന്നത്. അതില്‍ പെട്ട ഒരു ഫേസ്ബുക്ക് ഉപയോക്താവാണോ താങ്കള്‍. ഉപയോഗിക്കുന്നത് സ്വന്തം കമ്പ്യൂട്ടറില്‍ നിന്നാണോ ? എങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുള്‍പ്പടെ ഉള്ള പല വിവരങ്ങളും ഫേസ്ബുക്കിന്റെ പ്രധാന സെര്‍വറില്‍ ആയി കഴിഞ്ഞിട്ടുണ്ടാകും. കാരണം ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ അതില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്ത് പുറത്ത് പോയാലും ഓരോരുത്തരുടേയും പേഴ്‌സനല്‍ കമ്പ്യൂട്ടറിലെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ നിരീക്ഷണത്തില്‍ തന്നെയാണെന്നും മുഴുവന്‍ വിവരങ്ങളും തങ്ങള്‍ ശേഖരിക്കാറുണ്ടെന്നും ഫേസ്ബുക്ക് വക്താവ് വെളിപ്പെടുത്തി. തങ്ങളുടെ ഉപയോക്താക്കള്‍ ഫേസ്ബുക്ക് തുറന്നു കഴിഞ്ഞാല്‍ പിന്നീട് അവര്‍ ഏതൊക്കെ വെബ് സൈറ്റുകളാണ് സന്ദര്‍ശിക്കാറുള്ളതെന്നതിനെ പറ്റി തങ്ങള്‍ വിശദമായി തന്നെ പിന്‍തുടരാറുണ്ടെന്നും അവര്‍ സമ്മതിച്ചു. ഇത് തങ്ങളുടെ 750 മില്യന്‍ ഉപയോക്താക്കളിലും അനുവര്‍ത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയില്‍ തങ്ങള്‍ കടക്കാറില്ലെന്ന് ഫേസ്ബുക്ക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ അവകാശവാദത്തെ തകര്‍ത്തുകൊണ്ടാണ് ആസ്‌ത്രേലിയക്കാരനായ ഐ ടി ശാസ്ത്രജ്ഞന്‍ നിക് കുബ്രിലോവിക് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ഇതിനെയാണ് ഇപ്പോള്‍ ഫേസ്ബുക് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. മിക്ക ഫേസ്ബുക് ഉപയോക്താക്കളും കരുതിയിരിക്കുന്നത് തങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും സൈന്‍ ഔട്ട് ചെയ്ത് കഴിഞ്ഞാല്‍ തങ്ങളുടെ പ്രൊഫൈലും സിസ്റ്റവും സുരക്ഷിതമായി എന്നാണ്. എന്നാല്‍ അത് അങ്ങിനെ അല്ലെന്നും ഫേസ്ബുക്ക് ഏത് സിസ്റ്റത്തില്‍ നിന്നാണോ ഉപയോഗിച്ചത് ആ സിസ്റ്റത്തിലൂടെ പിന്നീട് ചെയ്യുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുക സാധ്യമാണെന്നുമാണ് പുതിയ വെളിപ്പെടുത്തലുകള്‍ പറയുന്നത്. നിക്കിന്റെ പഠനം പുറത്തു വന്നതോടെ ഇന്റര്‍നെറ്റ് ലോകത്ത് വലിയ ഒരു ഞെട്ടലാണുണ്ടായിരിക്കുന്നത്. തങ്ങളുടെ സ്വകാര്യതകള്‍ എന്ന് വിശ്വസിച്ച് ഫേസ്ബുക്കിലേക്ക് നല്‍കിയ വിവരങ്ങളും അത് തുറക്കാനുപയോഗിച്ച തങ്ങളുടെ പേഴ്‌സനല്‍ കമ്പ്യൂട്ടറിലെ വിവരങ്ങളും എല്ലാം സുരക്ഷിതമല്ലെന്നത് ഉപയോക്താക്കളില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഓരോരുത്തരും ഫേസ്ബുക്കിലേക്ക് നല്‍കിയ വിവരങ്ങളും അത് തുറക്കാനുപയോഗിച്ച സിസ്റ്റത്തിലെ വിവരങ്ങളും  അപ്പോള്‍ തന്നെ ഫേസ്ബുക്കിന്റെ സെര്‍വറിലേക്ക് എത്തുന്നുണ്ട്. അവിടെ അവര്‍ അതിനെ ഉപയോഗപ്പെടുത്തുന്നത് പരസ്യ വരുമാനത്തിനും മറ്റു പല ലാഭേഛകരമായ സംഗതികള്‍ക്കുമാണ്. ഒരിക്കല്‍ ഫേസ്ബുക്കിലേക്ക് ലോഗിന്‍ ചെയ്യുന്നതോടു കൂടി ഓരോരുത്തരുടേയും പേഴ്‌സനല്‍ കമ്പ്യൂട്ടറിലുള്ള കുക്കീസുകളുമായി ഫേസ്ബുക്കിന്റെ സെര്‍വര്‍ ബന്ധം സ്ഥാപിക്കുന്നു. പിന്നീട് നിങ്ങള്‍ സൈന്‍ ഔട്ട് ആയാലും നിങ്ങളുടെ സിസ്റ്റത്തില്‍ നിന്നും നിര്‍ലോഭമായി കുക്കീസുകള്‍ മുഖേന വിവരങ്ങള്‍ പുറത്തേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. ഇത് ഓരോരുത്തരും അവരവരുടെ സിസ്റ്റത്തില്‍ നിന്ന് ബ്രൗസിംഗ് ഹിസ്റ്ററി നീക്കം ചെയ്യുന്നതു വരെ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും നിക്കിന്റെ പഠനം വ്യക്തമാക്കുന്നു. ഓരോരുത്തരുടേയും ഐ പി അഡ്രസ്സും പേഴ്‌സനല്‍ പി സിയുടെ സുപ്രധാന വിവരങ്ങളും ഇങ്ങിനെ ഫേസ്ബുക് കവര്‍ന്നെടുക്കുന്നുണ്ട്. ചില സുപ്രധാന വ്യക്തികളുടെ സിസ്റ്റത്തില്‍ തങ്ങള്‍ നേരിട്ട് തന്നെ കുക്കീസുകളെ നിക്ഷേപിക്കാറുണ്ടെന്നും ഫേസ്ബുക്ക് വക്താവ് വെളിപ്പെടുത്തി. ഇതു വഴി അവരുടെ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ക്ക് സൂക്ഷ്മമായി നിരീക്ഷിക്കാനും വിലയിരുത്താനും സാധിക്കാറുണ്ടെന്നും വക്താവ് അറിയിച്ചു. എന്നാല്‍ ഭൂരിപക്ഷം ആളുകളുടേയും വിവരങ്ങള്‍ തങ്ങള്‍ ശേഖരിക്കാറില്ലെന്നും, എന്നാല്‍ തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇത്തരം കുക്കീസുകളെ ഉപയോഗിച്ച് ലോകത്ത് പ്രവര്‍ത്തിക്കുന്ന ഏത് കമ്പ്യൂട്ടറിലേക്കും നുഴഞ്ഞ് കയറാന്‍ സാധിക്കുമെന്നും വക്താവ് വ്യക്തമാക്കി.
ഫേസ്ബുക്കിനെതിരെ ഇപ്പോള്‍ അമേരിക്കന്‍ സെനറ്റര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് അവതരിപ്പിച്ച പുതിയ പരിഷ്‌കാരങ്ങള്‍ വഴി അവര്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റ് പാര്‍ട്ടികളിലെ രണ്ട് അംഗങ്ങള്‍ കേസ് കൊടുത്തത്.  മസ്സാച്യൂസറ്റ്‌സില്‍ നിന്നുള്ള ഡെമോക്രാറ്റ് നേതാവ് എഡ് മാര്‍കിയും ടെക്‌സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജോ ബാര്‍ട്ടനുമാണ് അവരുടെ സ്വകാര്യ നിമിഷങ്ങളെ ഫേസ്ബുക് അധികൃതര്‍ ചൂഴ്‌ന്നെടുത്തു പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ കേസ് കൊടുത്തിരിക്കുന്നത്. നിക് കുബ്രിലോവിക്കിന്റെ പഠനം പുറത്തു വന്നതിന്ന് ശേഷമാണ് ഇവര്‍ കേസ് ഫയല്‍ ചെയ്തത്. നേരത്തെ ഉണ്ടായിരുന്ന സെക്യൂരിറ്റി സിസ്റ്റങ്ങളെ ഒഴിവാക്കി ആര്‍ക്കും ആരുടേയും പ്രൊഫൈലുകളെ നിരീക്ഷിക്കാനുള്ള പുതിയ പദ്ധതികള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചതോടെ അമേരിക്കയില്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ്  ഉയര്‍ന്നു വരുന്നത്. പഴയ രീതികളെ പരിഷ്‌കരിച്ച് ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്ന പുതിയ രീതി ഒട്ടും സുരക്ഷിതമല്ലെന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍ പറയുന്നു. താനിതിനെ പറ്റി അമേരിക്കന്‍ സെനറ്റില്‍ ഉന്നയിക്കുമെന്ന് സെനറ്ററായ മാര്‍ക്ക് ലെവിസ് ലോസ് ആഞ്ചലസ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് ഇനി പുതിയ പദ്ധതികള്‍ ആലോചിക്കുമ്പോള്‍ എല്ലാവരേയും തൃപ്തിപെടുത്തുന്ന നിലിയില്‍ ഉള്ളതായിരിക്കണമെന്നും ഇപ്പോഴത്തെ പരിഷ്‌കാരം മുഴുവന്‍ രാജ്യങ്ങളിലേയും പ്രമുഖരായ വ്യക്തികളുടെ സ്വകാര്യതിയിലേക്കുള്ള കൈകടത്തലാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ മുന്‍നിര്‍ത്തി പുതുതായി അവതരിപ്പിച്ച ന്യൂസ് ഫീഡ് എന്നതില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ ഉടനടി ഉണ്ടാകുമെന്ന് ഫേസ്ബുക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

അനീതിക്ക് വേണ്ടിയൊരു അഴിഞ്ഞാട്ടം


അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണം ആരംഭിച്ചിട്ട് ഇന്നലെ പത്ത് വര്‍ഷം പൂര്‍ത്തിയായി. ആക്രമണം ആരംഭിക്കുമ്പോള്‍ ലക്ഷ്യമിട്ടതിന്റെ പകുതി ദൂരം പോലും സഞ്ചരിക്കാന്‍ അമേരിക്കക്കും സഖ്യ ശക്തികള്‍ക്കും സാധിച്ചില്ലെന്ന വിമര്‍ശം ശക്തമാണ്. തുടക്കത്തിലുണ്ടായ തിരിച്ചടിക്ക് ശേഷം താലിബാന്‍ ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് ലോകം കണ്ടത്. താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കി പത്ത് വര്‍ഷമാകാറായിട്ടും രാജ്യത്ത് സുരക്ഷ ഉറപ്പാക്കാന്‍ തന്റെ സര്‍ക്കാറിനും നാറ്റോക്കും സാധിച്ചില്ലെന്ന് പ്രസിഡന്റ് ഹാമിദ് കര്‍സായി തുറന്ന് സമ്മതിച്ചു. അഫ്ഗാനിലെ പ്രാദേശിക സാഹചര്യം മനസ്സിലാക്കാന്‍ നാറ്റോ സേനക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ സൈനിക നടപടി യുക്തിസഹമായ പര്യവസാനത്തിലെത്തിക്കാന്‍ ഇപ്പോഴും സാധിക്കില്ലെന്നും യു എസ് മുന്‍ ജനറല്‍ സ്റ്റാന്‍ലി മക്ക്രിസ്റ്റല്‍ പറഞ്ഞു. ദീര്‍ഘകാലം അഫ്ഗാനില്‍ സേവനമനുഷ്ഠിച്ചയാളാണ് മക്ക്രിസ്റ്റല്‍.
പത്ത് വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണങ്ങളിലൂടെയും മറ്റും തിരിച്ചടിച്ച താലിബാനും നിരവധി സാധാരണക്കാരുടെ ജീവനെടുത്തു. കോടിക്കണക്കിന് ഡോളറാണ് ആക്രമണത്തിന് വേണ്ടി ചെലവഴിച്ചത്. ആ തുക ഇനിയും വര്‍ധിക്കും.
അമേരിക്കയും സഖ്യകക്ഷികളും ശക്തമായ വ്യോമാക്രമണം ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ താലിബാന്‍ ഭരണകൂടം ഇല്ലാതായി. തീവ്ര നിലപാടുള്ള താലിബാന്‍ അധികാരത്തില്‍ നിന്ന് പുറത്തായതിനെ അഫ്ഗാന്‍ ജനത എളുപ്പത്തില്‍ സ്വീകരിച്ചുവെങ്കിലും പിന്നീടുള്ള വര്‍ഷങ്ങള്‍ ഈ സംഘടനയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു.
ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ പുറത്താക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും ശ്രമം തുടങ്ങിയതോടെ അഫ്ഗാനില്‍ താലിബാന്‍ പുനരുജ്ജീവിച്ചു. അമേരിക്കയുടെ ശ്രദ്ധ ഇറാഖിലേക്ക് തിരിഞ്ഞതോടെ ലഭിച്ച പഴുത് മുതലെടുത്ത് തങ്ങളുടെ സംഘടനയെ അച്ചടക്കവും ലക്ഷ്യബോധവുമുള്ള സായുധ വിഭാഗമാക്കി മാറ്റാന്‍ താലിബാന്‍ നേതാക്കള്‍ക്ക് സാധിച്ചു. തുടരുന്ന ആക്രമണത്തിന് അവസാനം കാണാന്‍ താലിബാന് കഴിയുമെന്ന വിശ്വാസം ക്രമേണ ജനങ്ങളില്‍ ഉയരുകയും ചെയ്തു. അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റം 2014ല്‍ പൂര്‍ത്തിയാക്കുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു മുമ്പ് താലിബാനെ പൂര്‍ണമായും പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ വരും നാളുകള്‍ കൂടുതല്‍ രക്തരൂഷിതമാകാന്‍ സാധ്യതയുണ്ട്. അതേസമയം താലിബാനുമായി സമാധാന ചര്‍ച്ചകള്‍ നടത്താനും അമേരിക്ക നീക്കം നടത്തുന്നു. പ്രസിഡന്റ് ഹാമിദ് കര്‍സായിയെ മുന്നില്‍ നിര്‍ത്തിയാണ് ഈ നീക്കം.
സൈനിക നടപടികളിലൂടെ അഫ്ഗാനില്‍ നേട്ടമുണ്ടാക്കുക പ്രയാസമാണെന്നാണ് ജനറല്‍ മക്ക്രിസ്റ്റലിനെപ്പോലുള്ളവരുടെ വാക്കുകള്‍ നല്‍കുന്ന സൂചന. ഇത് അമേരിക്കയുടെ സൈനിക, രാഷ്ട്രീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അഫ്ഗാന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന ആവശ്യം പതിവിലേറെ ശക്തമായി ഉയരുന്നു. അഫ്ഗാനെക്കുറിച്ച് വേണ്ടത്ര വിവരങ്ങളൊന്നും ശേഖരിക്കാതെയാണ് 2001ല്‍ ആക്രമണം ആരംഭിച്ചത്. പത്ത് വര്‍ഷത്തിന് ശേഷവും ഈ രാജ്യത്തെക്കുറിച്ച് ആവശ്യമായ വിവരങ്ങള്‍ അമേരിക്കയുടെ പക്കലില്ല. എളുപ്പത്തില്‍ ആക്രമണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന വിശ്വാസം അമേരിക്കയും സഖ്യകക്ഷികളും അന്ന് പ്രകടിപ്പിച്ചിരുന്നു. തീര്‍ത്തും ഭയാനകമായ അലസ മനോഭാവമാണ് അമേരിക്കയും സഖ്യകക്ഷികളും പ്രകടിപ്പിച്ചതെന്ന് സ്റ്റാന്‍ലി മക്ക്രിസ്റ്റല്‍ പറഞ്ഞു.
അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദനെ ഇല്ലാതാക്കുക എന്നതായിരുന്നു ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമായി അമേരിക്ക പറഞ്ഞിരുന്നത്. പാക്കിസ്ഥാനിലെ അബത്താബാദിലെ ഒളിത്താവളത്തില്‍ നടത്തിയ രഹസ്യ സൈനിക നടപടിയിലൂടെ ഉസാമയെ വധിക്കാന്‍ യു എസിന് സാധിച്ചു. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ ആക്രമണം അവസാനിപ്പിക്കാന്‍ പറ്റിയ സമയമിതാണെന്നും അതുകൊണ്ടാണ് ഘട്ടം ഘട്ടമയുള്ള സേനാ പിന്‍മാറ്റമെന്ന തീരുമാനത്തില്‍ ഒബാമ ഉറച്ച് നില്‍ക്കുന്നതെന്നും വിലയിരുത്തലുണ്ട്.
ആക്രമണം പാക് അതിര്‍ത്തിക്കുള്ളിലെ ഗോത്ര മേഖലകളിലേക്കും പിന്നീട് പാക്കിസ്ഥാനിലെ ഇതര പ്രദേശങ്ങളിലേക്കും അമേരിക്ക വ്യാപിപ്പിച്ചു. ഏകപക്ഷീയമായി നടത്തുന്ന വ്യോമാക്രമണങ്ങള്‍ നിരവധി നിരപരാധികളുടെ ജീവനെടുത്തു. ഇതിനോടുള്ള ശക്തമായ പ്രതിഷേധം പാക്കിസ്ഥാനിലും ചാവേര്‍ ആക്രമണങ്ങള്‍ പെരുകാന്‍ കാരണമായി. പാക്കിസ്ഥാന്‍ താലിബാന്റെ മുന്നേറ്റം പലപ്പോഴും അവിടുത്തെ ഭരണ സംവിധാനത്തെ പിടിച്ചുലക്കുകയും ചെയ്തു. എല്ലാ ആക്രമണങ്ങള്‍ക്കും അമേരിക്കക്ക് താങ്ങായി നിന്ന പാക്കിസ്ഥാന്‍ തിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് അധിനിവേശത്തിന്റെ പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴുള്ളത്. പാക്കിസ്ഥാന്റെ വിശ്വാസ്യത അമേരിക്ക ചോദ്യം ചെയ്യുകയും ചെയ്യുന്നു.(8/10/2011 ല്‍ സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌)Sunday, September 25, 2011

ഖുര്‍'ആനിലെ 109 - മത്തെ അദ്ധ്യായമാണു "സൂറത്തു കാഫിറൂന്‍" (സത്യ നിഷേധികള്‍ ) ..


.ഇതില്‍ 6 ആയത്തുകള്‍ ( വചനങ്ങള്‍) ആണുള്ളതു...


(1), قُلۡ يَـٰٓأَيُّہَا ٱلۡڪَـٰفِرُونَ (നബിയേ,) പറയുക..ഹേ അവിശ്വാസികളെ....

(2), لَآ أَعۡبُدُ مَا تَعۡبُدُونَ നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നവനല്ല.

(3), وَلَآ أَنتُمۡ عَـٰبِدُونَ مَآ أَعۡبُدُ ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല...

(4), وَلَآ أَنَا۟ عَابِدٌ۬ مَّا عَبَدتُّمۡ നിങ്ങള്‍ അരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല...

(5), وَلَآ أَنتُمۡ عَـٰبِدُونَ مَآ أَعۡبُدُ ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല...

(6), لَكُمۡ دِينُكُمۡ وَلِىَ دِينِ നിങ്ങള്‍ക്കു നിങ്ങളുടെ മതം. എനിക്കു എന്‍റെ മതം...


ഒരു സത്യവിശ്വാസി വിശ്വാസപരവും , ആരാധനാപരവുമായ തന്‍റെ വ്യതിരക്തത നിലനിര്‍ത്തേണ്ടവനാണു. ഏകദൈവത്വത്തിനു എതിരായ ഒരു ആരാധനാരീതിയും അവനു സ്വീകരിക്കാവുന്നതല്ല. എന്നാല്‍ ബഹുദൈവവിശ്വാസിക്കു അയാളുടെ മതവും ആരാധനാരീതിയും തുടരാനുള്ള സ്വാതന്ത്ര്യം ഇസ്ലാം നിഷേധിക്കുന്നില്ല.മക്കയിലെ മുഷ് രിക്കുകള്‍ (ബഹുദൈവ വിശ്വാസികള്‍) മുഹമ്മദ് നബി(സ) യോടു "ഞങ്ങള്‍ നീ പറയുന്ന ദൈവത്തെ ആരാധിച്ചോളാം. നീയും നിന്‍റെ ആള്‍ക്കാരും ഞങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളേയും ആരാധിക്കണം. അങ്ങനെ നമുക്കു സഹകരിച്ചു ഐക്യപ്പെട്ട് മുന്നോട്ട് പോകാം" എന്ന ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥയുമായി നബിയുടെ അടുക്കല്‍ വന്നു.. അപ്പോള്‍ അല്ലാഹു ഈ വചനം ഇറക്കി അതിനു മറുപടി കൊടുത്തു..ഇന്നും ഈ ഒത്തു തീര്‍പ്പു വ്യവസ്ഥ മുസ്ലിംകള്‍ അംഗീകരിച്ചിരിന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്ന പല ശക്തികളും ഉണ്ടു..അവരോടും നമുക്കു പറയാനുള്ളതു :"നിങ്ങള്‍ക്കു നിങ്ങളുടെ മതം. എനിക്കു എന്‍റെ മതം".

Thursday, September 22, 2011

മുസ്ലിമായിരിക്കുക എന്ന ഭാരം


മെഹ്താബ് ആലം

"ഡല്‍ഹിയില്‍ ബോംബ് സ്ഫോടന പരമ്പര. താങ്കളെവിടെയാണ്? സുരക്ഷിതനാണോ?'' 2008 സപ്തംബര്‍ 13നു വൈകുന്നേരം ഡല്‍ഹിയിലെ എന്റെ സുഹൃത്ത് സോനാലി ഗാര്‍ഗ് എനിക്കയച്ച എസ്.എം.എസ്. സന്ദേശമായിരുന്നു ഇത്. "ദൈവമേ! ഭയങ്കരം തന്നെ. എന്തായാലും എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞാന്‍ ബിഹാറിലാണ്. താങ്കള്‍ക്കും കുടുംബത്തിനും പ്രശ്നമൊന്നുമില്ലെന്നു കരുതുന്നു,'' എന്നു മറുപടി സന്ദേശമയച്ച ശേഷം ഞാന്‍ ആ എസ്.എം.എസ്. ഡല്‍ഹിയിലെ എന്റെ മറ്റു സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ആ വര്‍ഷം ആഗസ്ത് രണ്ടാംവാരം ബിഹാറിലെ കോസി മേഖലയിലുണ്ടായ പ്രളയത്തിന്റെ കെടുതികള്‍ തിട്ടപ്പെടുത്തുന്ന ജോലിയിലായിരുന്നു ഞാന്‍.
2008 സപ്തംബര്‍ 13നു ഡല്‍ഹിയില്‍ സൂര്യനസ്തമിച്ചത്, 26 പേരുടെ ജീവനപഹരിക്കുകയും ഒരുപാടുപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ബോംബ് സ്ഫോടനപരമ്പരയോടെയായിരുന്നു. അരമണിക്കൂറിനകമുണ്ടായ അഞ്ചു സ്ഫോടനങ്ങള്‍ ഡല്‍ഹി നിവാസികളെയൊന്നാകെ ഇളക്കിമറിച്ചു. സുഹൃത്തുക്കളുടെ മറുപടിസന്ദേശങ്ങളില്‍ നിന്ന്, അവരെല്ലാം സുരക്ഷിതരാണെന്നറിഞ്ഞതോടെ എനിക്കാശ്വാസമായി. അവസാനത്തെ മറുപടിസന്ദേശം ലഭിച്ചത് അര്‍ധരാത്രിയോടെയാണ്. എന്റെയൊരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എ.ആര്‍. അഗ്വാനില്‍ നിന്നായിരുന്നു അത്. മുമ്പ് പരിസ്ഥിതിശാസ്ത്രത്തില്‍ പ്രഫസറായിരുന്ന അദ്ദേഹത്തോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കായ
ി ഞാന്‍ ധാരാളം ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിരുന്നു.
കേട്ട വാര്‍ത്തയുടെ ഞെട്ടലില്‍നിന്നു മോചിതനായിരുന്നില്ലെങ്കിലും, ഏറ്റവും ഭീതിദമായത് എന്തായാലും സംഭവിച്ചുകഴിഞ്ഞല്ലോ എന്നു കരുതി ഞാന്‍ എന്റെ ജോലി തുടരാന്‍ ശ്രമിച്ചു. പക്ഷേ, എന്റെ ധാരണ തെറ്റായിരുന്നു. പിറ്റേന്ന് ഉച്ചയോടെ എ.പി.സി.ആര്‍. സെക്രട്ടറിയുടെ പരിഭ്രാന്തമായ ഫോണ്‍ വന്നു (അക്കാലത്തു ഞാന്‍ കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന, ഡല്‍ഹി കേന്ദ്രമായ സിവില്‍ റൈറ്റ് ഗ്രൂപ്പ് ആയിരുന്നു എ.പി.സി.ആര്‍.) -ഡല്‍ഹി, വിശേഷിച്ചും മുസ്ലിം ഭൂരിപക്ഷ മേഖലയായ ജാമിഅ നഗര്‍ പ്രദേശമാകെ ഭീതിപൂണ്ടുകിടക്കുകയാണ്, മുസ്ലിംകളെ പോലിസ് കണ്ണും മൂക്കുമില്ലാതെ പിടിച്ചു കൊണ്ടുപോവുന്നു, അതിനാല്‍ ഞാനെത്രയും പെട്ടെന്നു ഡല്‍ഹിയിലെത്തണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ലഭിച്ച വിവരങ്ങളില്‍ തൃപ്തി തോന്നാത്തതിനാല്‍ ഞാന്‍ എ.ആര്‍. അഗ്വാനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല കൂടിയായിരുന്നു ആ പ്രദേശം. പക്ഷേ, ഇരുപതു തവണ വിളിച്ചിട്ടും അഗ്വാന്റെ മറുപടി കാണാതായപ്പോള്‍ എനിക്കു വല്ലാത്ത ആധിയായി.
നോമ്പു തുറന്ന ഉടനെ ഡല്‍ഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനായി ഞാന്‍ തൊട്ടടുത്ത സൈബര്‍ കഫേയിലേക്കു ചെന്നു. അവിടെയെത്തി മെയില്‍ തുറന്നതോടെ ഭീതി കാരണം ഞാന്‍ മരവിച്ചിരുന്നുപോയി. അഗ്വാനെ അറസ്റ് ചെയ്തിരിക്കുന്നു! ആ വസ്തുത എനിക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. ഡല്‍ഹി പോലിസിന്റെ സ്പെഷ്യല്‍ സെല്‍ ആയിരുന്നു അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയത്.
ധാരാളം സാമൂഹിക-മനുഷ്യാവകാശ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന പ്രമുഖനായൊരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു അഗ്വാന്‍. തെളിഞ്ഞ കര്‍മരേഖയും അതിലും തെളിമയുറ്റ മനസ്സാക്ഷിയുമുള്ളയാളായിരുന്നതി
നാല്‍, അദ്ദേഹത്തിന്റെ അറസ്റ് സമുദായത്തിലാകമാനം അലയൊലികള്‍ സൃഷ്ടിച്ചു. തികഞ്ഞ അന്യായമായിട്ടാണു മുസ്ലിം നേതാക്കള്‍ ഈ അറസ്റിനെ കണ്ടത്. അഗ്വാന്റെ അയല്‍വാസികളാവട്ടെ, എങ്ങനെ പ്രതികരിക്കണമെന്നുപോലുമറിയാത്തഅവസ്ഥയിലായിരുന്നു. അഗ്വാനു പുറമെ വേറെ മൂന്നു പേരെയും അറസ്റ് ചെയ്തിട്ടുണ്െടന്നറിയാന്‍ കഴിഞ്ഞു. സമുദായനേതാക്കളില്‍നിന്നും മത-സാമൂഹിക സംഘടനകളില്‍നിന്നുമുണ്ടായ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്നാന്‍ ഫഹദിനൊപ്പം അഗ്വാനെ ഒടുവില്‍ വിട്ടയച്ചു.
സപ്തംബര്‍ പതിനൊന്നിനു ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഉടനെ ഞാന്‍ അഗ്വാനെ കാണാനായി പുറപ്പെട്ടു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൂടെ കടന്നുപോയ അദ്ദേഹം അപ്പോഴും ഞെട്ടലില്‍നിന്നു മുക്തമായിരുന്നില്ല. തന്നെ എന്തിന് അറസ്റ് ചെയ്തുവെന്ന് അദ്ദേഹത്തിനു തീരെ മനസ്സിലായില്ല. "സ്ഫോടനം നടന്ന ദിവസം ഞാനെവിടെയായിരുന്നെന്നും അന്നു വൈകുന്നേരം എന്തു ചെയ്യുകയായിരുന്നെ''ന്നും അവര്‍ ചോദിച്ചു. "ഹൈദരാബാദില്‍നിന്നെത്തിയ രണ്ട് അമുസ്ലിം സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലായിരുന്നെ''ന്നു ഞാന്‍ മറുപടി നല്‍കി. "ഒരു എന്‍.ജി.ഒ. രൂപീകരിക്കുന്ന കാര്യം ചര്‍ച്ചചെയ്യാനാണ് ആ സുഹൃത്തുക്കള്‍ വന്നിരുന്നത്. പിന്നീട് അവര്‍ സിമിയെയും അതിന്റെ പ്രവര്‍ത്തകരെയും കുറിച്ചാണു ചോദിച്ചത്. എന്റെ നാട്ടിലെ ഏതാനും സിമി പ്രവര്‍ത്തകരുടെ പേരുകള്‍ പറയാനാവശ്യപ്പെട്ടപ്പോള്‍ എനിക്കറിയില്ലെന്നു ഞാന്‍ പറഞ്ഞെങ്കിലും അവര്‍ നിര്‍ബന്ധിച്ചുകൊണ്േടയിരുന്നു.'
' തലേമാസം അറസ്റ് ചെയ്ത് അഹ്മദാബാദ് സ്ഫോടനപരമ്പരയുടെ സൂത്രധാരനായി അവതരിപ്പിച്ച അബുല്‍ ബശര്‍ എന്ന മദ്റസാ ബിരുദധാരിയെക്കുറിച്ചും അവര്‍ അഗ്വാനോട് അന്വേഷിച്ചു. "മാധ്യമങ്ങളില്‍ വായിച്ചതിനപ്പുറം എനിക്കയാളെക്കുറിച്ച് ഒന്നുമറിയില്ലെന്നു ഞാനവരോടു പറഞ്ഞു. ആ മറുപടിയില്‍ പക്ഷേ, അവര്‍ തൃപ്തരായില്ല.''
ബശറിന്റെ പക്കല്‍ അഗ്വാന്റെ നമ്പറുണ്െടന്നും അയാള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്െടന്നും അവര്‍ ആരോപിച്ചു. അഗ്വാനാവട്ടെ, അതു തീര്‍ത്തും നിഷേധിച്ചു. "പക്ഷേ, എന്നെയവര്‍ വിശ്വസിച്ചില്ല. ഞാനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ അവര്‍ക്കു സമ്മതിച്ചുകൊടുക്കണമായിരുന്നു. നിയമത്തിനു വിലയില്ലാതെ, പോലിസ് സ്വയംതന്നെ നിയമമായി മാറുന്ന പോലെയായിരുന്നു അത്.'' തനിക്കുണ്ടായ ദുരനുഭവവുമായി ഇനിയും പൊരുത്തപ്പെടാനാവാതെ അഗ്വാന്‍ പറഞ്ഞു.
അഗ്വാന്‍ അനുഭവിച്ച ഭീതിയും ഭയവുമെന്നെ ഓര്‍മപ്പെടുത്തിയത്, ഭീകരവാദ വിരുദ്ധ പോരാട്ടമെന്ന പേരില്‍ ന്യൂനപക്ഷങ്ങളോടു ചെയ്തുകൂട്ടിയ കൊടും ക്രൂരതകള്‍ അന്വേഷിക്കാനായി അതേ വര്‍ഷം ആഗസ്തില്‍ ഹൈദരാബാദില്‍ ചേര്‍ന്ന പീപ്പിള്‍സ് ട്രൈബ്യൂണലില്‍ കേട്ട കഥകളാണ്. നിയമവിരുദ്ധമായ തടവിന്റെയും പീഡനത്തിന്റെയും മജ്ജ മരവിപ്പിക്കുന്ന കഥകളാണു ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ ഇരകളും അവരുടെ കുടുംബാംഗങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും അന്നു ഞങ്ങള്‍ക്കു മുമ്പില്‍ കെട്ടഴിച്ചത്.
സപ്തംബര്‍ 13ലെ സ്ഫോടനപരമ്പരക്കും തുടര്‍ന്നുണ്ടായ ഡല്‍ഹി ജാമിഅ നഗറിലെ ബട്ലാ ഹൌസ് 'ഏറ്റുമുട്ടലിനും' ശേഷം മുസ്ലിംവേട്ടയ്ക്കു വീണ്ടും തീവ്രത കൂടി. പോലിസ് അതിക്രമവും വര്‍ഗീയവേട്ടയും ചര്‍ച്ചചെയ്യാനായി സപ്തംബര്‍ 23നു ഡല്‍ഹിയില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു (പ്രശസ്ത അഭിഭാഷകരും ആക്റ്റിവിസ്റുകളും പത്രപ്രവര്‍ത്തകരും അക്കാദമീഷ്യരും അതില്‍ പങ്കെടുത്തു). സമ്മേളനം നടന്നുകൊണ്ടിരിക്കെയാണു സാഖിബ് എന്ന 17കാരനെ അജ്ഞാതര്‍ പിടിച്ചുകൊണ്ടുപോയ വിവരം ഞങ്ങള്‍ക്കു ലഭിച്ചത്. ഉടന്‍ പോലിസ് സ്റേഷനിലെത്തി പരാതി നല്‍കാന്‍ ഞങ്ങളുറച്ചു. തുടക്കത്തില്‍ വഴങ്ങിയില്ലെങ്കിലും കൂടെ മുതിര്‍ന്ന അഭിഭാഷകരും ജാമിഅയിലെ അധ്യാപകരും പത്രക്കാരുമെല്ലാം ഉണ്ടായിരുന്നതിനാല്‍ ഒടുവില്‍ പരാതി രജിസ്റര്‍ ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതമായി. അവനെ ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സെല്‍ ചോദ്യം ചെയ്യാനായി പിടിച്ചുകൊണ്ടു പോയതാണെന്നു പിന്നീടു ഞങ്ങളെ അറിയിക്കുകയും ചെയ്തു. സുപ്രിം കോടതി അഭിഭാഷകന്‍ കോളിന്‍ സാല്‍വ്സിനെയുംകൂട്ടി അറസ്റിലായ കുട്ടിയുടെ ബന്ധുക്കള്‍ സ്പെഷ്യല്‍ സെല്ലിനെ സമീപിച്ചപ്പോള്‍ ആശ്ചര്യജനകമായിരുന്നു പോലിസുകാരുടെ പ്രതികരണം:
"അവന്റെ സഹോദരനെ ഞങ്ങള്‍ക്കു കൈമാറി അവനെ കൊണ്ടുപൊയ്ക്കൊള്ളൂ''-അവര്‍ പറഞ്ഞു.
സാഖിബ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പോലിസ് ദിനംപ്രതി തോന്നിയവരെയെല്ലാം പിടിച്ചുകൊണ്ടുപോവുകയും ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്യുന്നുണ്ട്. സാഖിബിനെപ്പോലെ വേറെയും ഇരകള്‍ ആ പ്രദേശത്തുണ്െടങ്കിലും കൂടുതല്‍ പീഡനങ്ങള്‍ ഭയക്കുന്നതുകൊണ്ട് അവരെല്ലാം മൌനം പാലിക്കുകയാണ്. തന്നെയുമല്ല, ഭീകരവാദിയെന്നു സംശയിക്കപ്പെട്ടാല്‍ തങ്ങള്‍ക്കാരും വാടകയ്ക്ക് വീടോ ജോലിയോ തരില്ലെന്ന ഭയവും അവര്‍ക്കുണ്ട്. ഡല്‍ഹി സ്ഫോടനങ്ങളും ബട്ലാഹൌസ് 'ഏറ്റുമുട്ടലും' കഴിഞ്ഞു മൂന്നുവര്‍ഷമായിട്ടും ആ നാട്ടുകാര്‍ ഭയത്തില്‍നിന്നു മോചിതരായിട്ടില്ല. ഓരോ മുസ്ലിമിനെയും ഭീകരവാദി അല്ലെങ്കില്‍ ഭീകരവാദിയെന്നു സംശയിക്കപ്പെടുന്നവരെങ്കിലുമായി
കാണുന്ന ഒരു സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. 2006 ജൂലൈയിലെ മുംബൈ സ്ഫോടനപരമ്പരയ്ക്കു ശേഷം "എല്ലാ മുസ്ലിംകളും തീവ്രവാദികളല്ലെങ്കിലും എല്ലാ ഭീകരവാദികളും മുസ്ലിംകളാണ്'' എന്ന കുപ്രസിദ്ധ എസ്.എം.എസ്. വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു സത്യസുവിശേഷമായി അതെങ്ങും അംഗീകരിക്കപ്പെടുകയും ചെയ്തു. വിശ്വാസിയെന്നോ നിരീശ്വരവാദിയെന്നോ വ്യത്യാസമില്ലാതെ ഓരോ മുസ്ലിമും ഭീകരവാദിയാകാന്‍ സാധ്യതയുള്ളവനാണെന്ന പൊതുബോധം നിര്‍മിക്കപ്പെട്ടിരിക്കുന്നു.
കെ.കെ. ഷാഹിന എന്ന പത്രപ്രവര്‍ത്തകയുടെ കാര്യംതന്നെ നോക്കൂ. ഈയിടെ ഒരു അവാര്‍ഡ് സ്വീകരിക്കവെ അവള്‍ക്ക് ഇവ്വിധം പറയേണ്ടിവന്നു: "നോക്കൂ, ഞാനൊരു മുസ്ലിമായിപ്പോയി. പക്ഷേ, ഞാനൊരു ഭീകരവാദിയല്ല.'' മുസ്ലിമാണെങ്കില്‍ ബ്രാന്റ് ചെയ്യപ്പെടാതിരിക്കില്ല എന്ന ബോധം കാരണമാണ് ഇത്തരമൊരു വിശദീകരണം അവര്‍ക്കു നല്‍കേണ്ടിവന്നത്. അബ്ദുന്നാസിര്‍ മഅ്ദനി കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന കള്ളക്കേസ് ചുമത്തിയിരുന്നു ഷാഹിനയ്ക്കുമേല്‍. ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി. നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേസിനെക്കുറിച്ച് അന്വേഷണം നടത്തുകയും അതില്‍ നിന്നു ലഭിച്ച വസ്തുതകളെ ആധാരമാക്കി 'ഈ മനുഷ്യന്‍ എന്തുകൊണ്ട് ഇപ്പോഴും തടവറയില്‍?''എന്ന തലക്കെട്ടില്‍ ടെഹല്‍ക മാഗസിനില്‍ ഒരു ലേഖനമെഴുതുകയും ചെയ്തതാണു ഷാഹിന ആകെ ചെയ്ത 'കുറ്റം'. 1997 ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി മുമ്പുതന്നെ പത്തുവര്‍ഷം മഅ്ദനി ജയിലില്‍ കിടന്നിരുന്നു. പിന്നീട് 2007 ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. കഴിഞ്ഞ മാസം മാത്രമാണു തന്റെ ഒളിവുജീവിതത്തിന് അറുതിവരുത്തിക്കൊണ്ടു ഷാഹിനയ്ക്കു മുന്‍കൂര്‍ ജാമ്യം നേടാനായത്. ഇതേ കേസില്‍ തന്നെ, ഒരു പ്രമുഖ വാരികയില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ളൂര്‍ക്കാരനായ മറ്റൊരു മുസ്ലിം പത്രപ്രവര്‍ത്തകനെ പലതവണ നിശിതമായ ചോദ്യംചെയ്യലിനു വിധേയമാക്കിയിരുന്നു.
സത്യത്തില്‍ ഇതേ അനുഭവം 2008 ജൂലൈയില്‍ ജാര്‍ഖണ്ഡിലെ ഗിരിഥ് ജയില്‍ സന്ദര്‍ശിച്ചു വസ്തുതാന്വേഷണം നടത്തിയതിന്റെ പേരില്‍ ഈ ലേഖകനും ഉണ്ടായിട്ടുണ്ട്. ഭാഗ്യവശാല്‍ ജീവന് ഇത്രമാത്രം ഭീഷണിയുണ്ടായില്ലെന്നുമാത്രം. മാവോവാദികളായി മുദ്രകുത്തി എന്നെയും രണ്ടു സുഹൃത്തുക്കളെയും അഞ്ചുമണിക്കൂര്‍ അന്യായമായി കസ്റഡിയില്‍ വച്ചു, അന്നത്തെ ഗിരിഥ് എസ്.പി. മുരളീലാല്‍ മീണ. (ഇപ്പോള്‍ അദ്ദേഹത്തിനു ജാര്‍ഖണ്ഡ് പോലിസ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഡി.ഐ.ജി. ആയി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു). ബിഹാറിലെ നീപ്പാള്‍ അതിര്‍ത്തി പ്രദേശത്തുനിന്നു വരുന്ന ആളായതുകൊണ്ടും ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയയില്‍ പഠിച്ചതുകൊണ്ടും ഈ കക്ഷി (ഞാന്‍) കൊടും ഭീകരവാദിയാണെന്നു മീണ തന്നോടു പറഞ്ഞതായി ജാര്‍ഖണ്ഡ് പി.യു.സി.എല്‍. സെക്രട്ടറി എന്നെ അറിയിക്കുകയുണ്ടായി. അന്നത്തെ തങ്ങളുടെ വസ്തുതാന്വേഷണ സന്ദര്‍ശനത്തിന്റെ സംഘാടകനായ അദ്ദേഹം തന്നെയാണു ഞങ്ങളുടെ മോചനത്തിനുവേണ്ടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതും. അതേ ജയിലില്‍ത്തന്നെ ജാമ്യസാധ്യതയില്ലാതെ ഒരുവര്‍ഷമെങ്കിലും തങ്ങളെ കിടത്തുമെന്നും മീണ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ജൂലൈയില്‍, ഈയിടെയുണ്ടായ മുംബൈ സ്ഫോടനത്തിന്റെ ഏതാനും ദിവസംമുമ്പ് മിഡ്ഗ്രൂപ്പിന്റെ ഫോട്ടോ ജേണലിസ്റ്റ് സയ്യിദ് സമീര്‍ അബേദിയെയും തടവിലിടുകയുണ്ടായി. ഒരു ട്രാഫിക് ജങ്ഷന്റെയും വിമാനത്തിന്റെയും ചിത്രം കാമറയില്‍ പകര്‍ത്തിയതായിരുന്നു അദ്ദേഹം ചെയ്ത 'കുറ്റം'. മുസ്ലിംനാമം കാരണം സമീര്‍ അബേദിയെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ഭീകരവാദിയെന്ന് ആക്ഷേപിക്കുകയും ചെയ്തു. പോലിസ്സ്റ്റേഷനില്‍വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്പെക്ടര്‍ അശോക് പാര്‍ഥി സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അബേദി തന്റെ നിരപരാധിത്വത്തെക്കുറിച്ച് ആണയിട്ടു. അന്നേരം, "അധികം സംസാരിക്കേണ്ട, നാവടക്കി ഞാന്‍ പറയുന്നതു ശ്രദ്ധിച്ചോ. നിന്റെ പേര് സയ്യിദ് ആയതുകൊണ്ടു നീയൊരു പാകിസ്താനിയും ഭീകരവാദിയുമായിരിക്കാന്‍ സാധ്യതയുണ്ട്'' എന്നു പാര്‍ഥി ഭീഷണിപ്പെടുത്തിയതായും മിഡ് ഡേ റിപോര്‍ട്ട് ചെയ്യുകയുണ്ടായി. സ്പെഷ്യല്‍ ബ്രാഞ്ചിനെ വിവരമറിയിച്ചു തന്റെമേല്‍ ഭീകരവാദക്കുറ്റമടക്കം സകല കുറ്റങ്ങളും ചുമത്താന്‍ മേലുദ്യോഗസ്ഥര്‍ തന്നോടു പറഞ്ഞിട്ടുണ്െടന്നും പാര്‍ഥി അബേദിയോടു പറഞ്ഞത്രേ. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇത്തരം മുന്‍വിധിയോടെയുള്ള സമീപനം പോലിസിലും സുരക്ഷാ ഏജന്‍സികളിലും മാത്രം പരിമിതമല്ല. എല്ലാ ഭീകരാക്രമണങ്ങള്‍ക്കും ഉത്തരവാദികള്‍ മുസ്ലിംകളാണെന്നു സാധാരണക്കാര്‍പോലും എങ്ങനെയോ ധരിച്ചുവശായിരിക്കുന്നു. ഇതൊരു പുതിയ പ്രതിസന്ധിയൊന്നുമല്ലെങ്കിലും, നാള്‍ക്കുനാള്‍ ഈ ബോധം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്
.
ഭീകരവാദം മുസ്ലിംകളുടെ വകയൊന്നുമല്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്െടങ്കില
ും, അത്തരമൊരു തെറ്റിദ്ധാരണ സ്ഥാപിച്ചെടുക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല, സുരക്ഷാസേനയും മീഡിയയും. 'ഞാന്‍ സുരക്ഷിതനാണോ?'എന്ന ചോദ്യം കഴിഞ്ഞ മൂന്നുവര്‍ഷമായി പലപ്പോഴും ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാല്‍ എനിക്കതില്‍ സംശയമുണ്ട്. ഞാന്‍ സുരക്ഷിതനാണോ അല്ലേ എന്ന കാര്യത്തില്‍ തീര്‍പ്പിലെത്താനാവുന്നില്ല. പക്ഷേ, എനിക്കും അഗ്വാനുമുള്ളതുപോലെ വിശാല ബന്ധങ്ങളൊന്നുമില്ലാത്ത സാധാരണ മുസ്ലിംകളെക്കുറിച്ചോര്‍ക്കുമ്പോഴാണു വല്ലാത്ത വിഷമം. അവര്‍ എത്രമാത്രം അപകടത്തിലല്ല?
ഓരോ സ്ഫോടനത്തിനു ശേഷവും താനായിരിക്കും അടുത്ത ഇരയെന്നു മുസ്ലിം യുവാക്കള്‍ ഭയപ്പെടുന്നുണ്ട്. അവരെ എപ്പോള്‍ വേണമെങ്കിലും പിടികൂടി ജയിലിലിട്ടു പീഡിപ്പിക്കാം, നിഷ്ഠുരമായി കൊല്ലുകപോലുമാവാം. വര്‍ത്തമാന ഇന്ത്യയില്‍ ഒരു മുസ്ലിമാവുകയെന്നാല്‍ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഭേദമില്ലാതെ എപ്പോഴും ഏറ്റുമുട്ടലിനിരയാക്കപ്പെടാവുന്
ന, ഭീകരവാദിയെന്നു നിരന്തരം സംശയിക്കപ്പെടുകയും നിയമവിരുദ്ധമായി തടവിലിട്ടു പീഡിപ്പിക്കുകയും ചോദ്യം ചെയ്യല്‍ പോലുമില്ലാതെ കൊലപ്പെടുത്തുകയും ചെയ്യാവുന്നയാള്‍ എന്നായിരിക്കുന്നു വിവക്ഷ. മുംബൈ സ്ഫോടനത്തെ തുടര്‍ന്നു നടക്കുന്ന വര്‍ഗീയവേട്ട തെളിയിക്കുന്നതും മറ്റൊന്നല്ല. അതല്ലെങ്കില്‍, മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളായ രണ്ടു ഹിന്ദുത്വവാദികള്‍ക്കു ജാമ്യമനുവദിക്കുമ്പോള്‍ത്തന്നെ, അതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിംകള്‍ക്കു നിരന്തരം ജാമ്യം നിഷേധിക്കപ്പെടുന്നതെന്തുകൊണ്ട്?
മുസ്ലിമായിപ്പോയി എന്നതിന്റെപാപഭാരം'ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഇനിയും എത്രകാലം പേറേണ്ടിവരും? അഅ്സംഗഡില്‍ നിയമവിരുദ്ധമായി പിടിച്ചു തടവിലിടുകയും പിന്നീടു വിട്ടയക്കുകയും ചെയ്ത, മുഹമ്മദ് അര്‍ഷദ് എന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ കാര്യം പറഞ്ഞപ്പോള്‍, ഇതൊരിക്കലും അവസാനിക്കില്ലേ' എന്നാണ് എന്റെ ഒരധ്യാപകന്‍ ചോദിച്ചത്. ആ ചോദ്യത്തിനാവട്ടെ, എനിക്കിപ്പോഴും ഉത്തരമില്ല. 'അതെ'എന്ന ഉത്തരം ഉടനെയുണ്ടാവുമെന്ന് ആശിക്കാനേ എനിക്കാവുന്നുള്ളൂ. ി
(എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമാണ് മെഹ്താബ് ആലം.) വിവ: വി. ബഷീര്‍

Tuesday, September 20, 2011

ജീവിതം കാവി കാക്കില്ല (ദിനേശന്‍ എന്ന മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ അനുഭവം)


ഒരു ആര്‍ എസ് എസ് ദളിതന്‍റെ തിരിച്ചറിവുകള്‍

ദിനേശ്‌

വര്‍ക്കലയില്‍ ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി ശ്രദ്ധയാകര്‍ഷിച്ച്, അവരുടെ സംഘടന വളര്‍ത്താന്‍ നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും പോലീസും മാധ്യമങ്ങളും ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി അംഗീകരിച്ചു കൊടുത്തവരാണ് കേരളീയസമൂഹം.

ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 
"ഒരു മുസല്‍മാനെ നാം മേത്തനെന്നേ വിളിക്കാവു... ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും... ഭാരതം ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവിടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍ നേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മത വികാരത്തെ അക്രമിച്ചു കൊണ്ടിരിക്കണം. അവര്‍ നമ്മുടെ ശത്രുക്കളാണ്. നമ്മള്‍ ഹിന്ദുധര്‍മം പാലിക്കണം. ധര്‍മം നടപ്പില്‍ വരുത്താന്‍ നാം ഭഗവാന്‍ കൃഷ്ണനെപ്പോലെ ആയുധമെടുക്കണം."

ഞരമ്പ് വലിഞ്ഞ് മുറുകുന്ന സുദീര്‍ഘമായ മുഖ്യശിക്ഷകന്‍റെ പ്രസംഗം എന്‍റെ തലക്കുപിടിച്ചു. ഓരോ ജില്ല യില്‍ നിന്നുമുള്ള 15 പേരടങ്ങുന്ന പ്രതിനിധികള്‍ ഉണ്ടവിടെ.

കൊല്ലം ജില്ലയില്‍ ഉമയനല്ലൂര്‍, ഇരവിപുരം, പാലവിള വീട്ടില്‍ ദിനേശനെന്ന ഇരുപത്തിയേഴുകാരന്‍ 1999-ല്‍ ശാസ്താംകോട്ട ക്ഷേത്രത്തിനടുത്ത സ്കൂളില്‍ വച്ച് ഏഴ് ദിവസമായി നടത്തപ്പെട്ട ഐ.റ്റി.സി ക്യാമ്പിലെ അനുഭവം വിവരിക്കുകയാണ്:
ഒരാള്‍ സ്വയം സേവകനാകാന്‍ ദിവസം ഒരു മണിക്കൂറെങ്കിലും പ്രവര്‍ത്തനത്തിനായി മാറ്റി വെക്കണം. അങ്ങനെ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തനം കൃത്യമായി പാലിച്ചു കൊണ്ട് ഉമയനല്ലൂര്‍ ബാല സുബ്രമണ്യ ക്ഷേത്ര മൈതാനത്തില്‍ നടത്തുന്ന പരിശീലനത്തിന് ചേരുവാന്‍ അവസരം കിട്ടി. ഈ പരീശീലനം
ഐ.റ്റി.സി പ്രവേശനത്തിനുള്ള മാനദണ്ഡമാണ്. ഷേണായി ചേട്ടന്‍ എന്നു വിളിക്കുന്ന ദീപുവാണ് പരിശീലകന്‍. അദ്ദേഹം ഞങ്ങളുടെ ശാഖയുടെ മുഖ്യശിക്ഷക് കൂടിയാണ്.

ഷേണായി ചേട്ടന്‍ പഠിപ്പിക്കുന്ന മെയ് വഴക്ക അഭ്യാസം വിജ യകരമായി പൂര്‍ത്തീകരിച്ചാണ് ദിനേശ് ഈ ക്യാമ്പിലെത്തിയത്. ഇവിടെയാണ് 'ദണ്ഡ'എന്ന മുളവടി
ആയുധത്തിന്‍റെ പ്രായോഗിക പരിശീലനം. ഈ വടികള്‍ മണിപ്പൂര്‍, നാഗ്പ്പൂര്‍,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കൊണ്ടു വരുന്നതാണെന്ന് ഷേണായി ചേട്ടന്‍ പലപ്പോഴും പറഞ്ഞു തന്നിട്ടുണ്ട്. മാത്രമല്ല ഇവ ദണ്ഡാക്കി മാറ്റുന്ന വിധവും വിവരിച്ചു തന്നിട്ടുണ്ട്. ദിനേശന്‍ തുടരുന്നു. "ആദ്യം മുള പുഴുങ്ങിയെടുക്കും. ഉള്‍വശം പൊള്ളയായ ഇരുമ്പ് പൈപ്പിലൂടെ മുളവടി പുറത്തേ ക്ക് ഉരുട്ടിയെടുക്കുന്നു. ഇങ്ങനെയാണ് ഒരോ ദണ്ഡയും റെഡിയാക്കുന്നത്".

ഓരോ ആര്‍.എസ്സ്.എസ്സ് ശാഖകളിലും ഒട്ടനവധി ദണ്ഡകള്‍ കാണും. സര്‍ക്കാര്‍ ആര്‍.എസ്സ്.എസ്സിന് അംഗീകരിച്ചു കൊടുത്ത ആയുധമാണത്.

"അതുകൊണ്ട് ഞാന്‍ ദണ്ഡ വായുവില്‍ ചുഴറ്റി അഭ്യാസം കാണിക്കേണ്ട വ്യഗ്രതയിലായിരുന്നു," ദിനേശ് തുടരു ന്നു. "എന്നാല്‍ അഭ്യാസമല്ല ആദ്യം ഞങ്ങളെ പഠിപ്പിച്ചത്, മുന്നില്‍ വരുന്ന ശത്രുവിന്‍റെ ഏതെല്ലാം ശരീര ഭാഗങ്ങളില്‍ മര്‍ദ്ദിക്കണം എന്നുള്ള ക്ലാസ്സായിരുന്നു. അത് ഇത്തരത്തിലായിരുന്നു.
മനുഷ്യ ശരീരത്തിലെ ചെന്നി ഭാഗത്ത് ദണ്ഡ പ്രയോഗിച്ചാല്‍ 'ശിരോമര്‍' എന്നു പറയും. ആര്‍.എസ്സ്.എസ്സുകാരുടെ കോഡ് ഭാഷയാണിത്. കാല്‍മുട്ടിലടിച്ചാല്‍'അധോമറും'
നെഞ്ചത്ത്
ദണ്ഡയുടെ അഗ്രം കൊണ്ട് ആഞ്ഞു കുത്തിയാല്‍ 'സൂര്യ ചക്രയും' ആണ്.
തോള് എല്ലില്‍ കരാട്ടെ രീതിയില്‍ ഇടിച്ചാല്‍ 'മുഷ്ടി പ്രഹര്' എന്നാണ് പറയുന്നത്. ഇത് മൂക്കില്‍ 'നാസ്യ പ്രഹരും' ലിംഗ ഭാഗത്ത് 'വൃഷ്ണ പ്രഹരും' ആയി മാറും ".

ഐ.റ്റി.സി ക്യാമ്പില്‍ ഇത് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ഇതിന്‍റെ ഉപയോഗത്തെക്കുറിച്ച് വിവരിക്കുന്നു. നി ങ്ങള്‍ ശത്രുവിനെ അക്രമിക്കാന്‍ പോകുമ്പോള്‍ നിങ്ങളുടെ മുഖ്യ ശിക്ഷക് ഈ കോഡ് ഭാഷ മാത്രമേ ഉപയോഗിക്കൂ. അതിനാല്‍ നിങ്ങള്‍ക്ക് ശത്രുവിനെ നിഷ്പ്രയാസം കീഴ്പ്പെടുത്തുവാന്‍ പറ്റും. ആക്രമിക്കാന്‍ പോകുന്ന ശത്രുവിന് യാതൊരു മുന്നറിയിപ്പും കിട്ടുകയില്ല.
ശത്രുവിന്‍റെ കൂടെ നില്ക്കുന്ന മറ്റുള്ളവര്‍ അറിയുക പോലുമില്ല.

ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞാല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് ആര്‍.എസ്സ്.എസ്സില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കുക പതി വാണ്. ഇതിനെ 'ഗടനായക് 'എന്നാണ് പറയുന്നത്. ഓരോ ദിക്കിനെ അടിസ്ഥാനമാക്കിയാണ് 'ഗട'കളെ വേര്‍തിരിക്കുന്നത്. അത്'പഴശ്ശിരാജ ഗട', 'ശ്രീ രാമഗട', 'വേലുത്തമ്പി ഗട', 'പരശ്ശുരാമഗട' എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു.

ദിനേശ് പറയുന്നു- പടനിലം മുതല്‍ കാഞ്ഞാംതലവരെയുള്ള മേഖലയെ പറയുന്നത്'പരശ്ശുരാമ ഗട' എന്നാണ്. ഈ ഗടനായകന്‍റെ പ്രവര്‍ത്തനം എല്ലാ ശാഖകളിലും റിപ്പോര്‍ട്ടുകള്‍ എത്തിക്കുക എന്നതാണ്.
അച്ഛന്‍ യശോധരന്‍ കൂലി വേലക്കാരനാണ്. പട്ടിണിയില്ലാത്ത ചുറ്റുപാടിലാണ് ദിനേശന്‍റെ ബാല്യം. അമ്മ അം ബിക ഇരവിപുരം പടിപ്പുര കാവില്‍ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്.
ദിലീപ് എന്ന സഹോദരന്‍ ഉണ്ട്. പഠനം ആദ്യം കാണിച്ചേരിയില്‍ എല്‍.പി. സ്കൂളില്‍. അവിടെ നിന്നും ഇരവിപുരം തട്ടാമല ഗവണ്‍മെന്‍റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍റെറി സ്കൂളില്‍ പത്താം
ക്ലാസ്സ് വരെ പഠനം. ദിനേശ് തുടരുന്നു: ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റെ ഗ്രൌണ്ട് വഴിയാണ് ഞാന്‍ സ്കൂളില്‍ പോയിവരുന്നത്. വൈകുന്നേര സമയങ്ങളില്‍ ക്ഷേത്ര ഗ്രൌണ്ടില്‍ ആര്‍.എസ്സ്.എസ്സ് ശാഖ പ്രവര്‍ത്തിക്കുന്നുണ്ടാകും.

"നമസ്ക്കരിപ്പൂ ഭാരതമങ്ങേ സ്മരണയിയാനന്ദം (sic)
നമസ്ക്കരിപ്പൂ കേശവ ഭാരതഭാഗ്യ വിധാതാവേ"
എന്ന ഗണഗീതം കേള്‍ക്കുന്നുണ്ടാകും. അപ്പോള്‍ ഞാന്‍ കാണുന്നത് ശാഖാംഗങ്ങള്‍ വെള്ള ഷര്‍ട്ടും കാക്കി നിക്കറു മിട്ട് നിരനിരയായി നില്‍ക്കുന്നതാണ്. ആര്‍.എസ്.എസ്സിന്‍റെ വേഷത്തെക്കാളും പാട്ടിനെക്കാളും എന്നെ ആകര്‍ഷിച്ചത് വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന 'കബഡി' കളിയാണ്. ഞാനൊരു കബഡികളി പ്രേമിയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒട്ടു മിക്ക കായിക പ്രകടനങ്ങളിലും പങ്കെടുക്കാറുണ്ട്. ഞാന്‍ ആര്‍.എസ്സ്.എസ്സ് ശാഖാംഗങ്ങളോടൊപ്പം സ്ഥിരമായി കബഡി കളിച്ചു
തുടങ്ങി. അവിടെ വച്ചാണ് 'ഷേണായി ചേട്ടന്‍' എന്ന് ശാഖാംഗങ്ങള്‍ വിളിക്കുന്ന മുഖ്യശിക്ഷക് ശാഖയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്.
നമ്മള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ശാഖാംഗങ്ങള്‍ നോക്കിക്കൊള്ളും എന്നുള്ളതുകൊണ്ട് ഞാന്‍ അഹങ്കാരത്തോടെയാണ് ശാഖയില്‍ പോയിത്തുടങ്ങിയത്. എനിക്കന്ന് പ്രായം 13വയസ്സ്.
ആര്‍.എസ്സ്.എസ്സ് ശാഖയില്‍ ഓരോ വര്‍ഷവും നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഞാന്‍ സജീവ പ്രവര്‍ത്തകനാണ്. അത് കര്‍ക്കിടക മാസത്തിലെ രാമായണ പാരായണം, ശ്രീ കൃഷ്ണജയന്തി,രക്ഷാബന്ധന്‍, ഗോപൂജ, വിഷ്ണു,വിജയദശമി എന്നിവയാണ്. വിജയദശമിക്കാണ് റൂട്ട് മാര്‍ച്ച് അതായത് ആര്‍.എസ്സ്.എസ്സ് യൂണിഫോമോടുകൂടിയ പദസഞ്ചലനം. നിരന്തരമായ ആര്‍.എസ്സ്.എസ്സ് സഹവാസം കാരണം എന്‍റെ കൂടെ പഠിച്ചിരുന്ന മറ്റു മതത്തിലെ കുട്ടികളെ വല്ലാത്ത അമര്‍ഷത്തോടും വെറുപ്പോടും കൂടിയായിരുന്നു ഞാന്‍ കണ്ടിരുന്നത്. മുസ്ലീങ്ങളെല്ലാം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരായി നില്‍ക്കുന്നവരാണ് എന്നാണ് എന്നെ നയിച്ചവരില്‍ നിന്നും കിട്ടിയ അറിവ്.

ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ് വന്നതോടെ എന്‍റെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റം സംഭവിച്ചിരുന്നു. ഏതൊരു മു സ്ലീമിനേയും ക്രിസ്ത്യാനിയേയും കൊല്ലാനുള്ള പക.


സ്വയം സേവകനായി കഴിഞ്ഞിരുന്ന എനിക്ക് നേതൃത്വം നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കുവാനുള്ള ആവേ ശമായിരുന്നു. അങ്ങനെ ഇരിക്കവേയാണ് ഉമയനല്ലൂര് തകര്‍ന്നു കിടന്ന ശാഖ വീണ്ടും സംഘടിപ്പിക്കാന്‍ രാംദാസിന്‍റെ നേതൃത്വത്തില്‍ തീരുമാനമുണ്ടായത്.

ആലുംമൂട്ടില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് സംഘര്‍ഷം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ നന്നായി മുത ലെടുത്തു. അങ്ങനെയാണ് ആലുംമൂട് ശാഖ പ്രവര്‍ത്തിക്കുവാന്‍ ശ്രമം തുടങ്ങിയത്. രാംദാസിന്‍റെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരു കൊടിമരം സംഘടിപ്പിച്ചു. അത് റോഡരികിലുള്ള ഒരു
ക്രിസ്ത്യാനിയുടെ വീടിന് മുന്‍വശത്ത് കുഴിച്ചിട്ടു. പോരാത്തതിന് അതില്‍ കൊടിയും കെട്ടി.
എങ്ങനെയെങ്കിലും സംഘര്‍ഷം നടക്കണം ഇത് മാത്രമേ എനിക്ക് ചിന്തയുള്ളു. ഒരു ക്രിസ്ത്യാനിക്കെങ്കിലും പണി കൊടുത്താല്‍ അത്രയും മനഃസുഖം കിട്ടും അതാണ് വര്‍ഗീയത കുത്തി നിറച്ച അന്നത്തെ എന്‍റെ മാനസ്സികാവസ്ഥ. ആ ക്രിസ്ത്യാനി കുടുംബം കൊടിമരം മാറ്റണം എന്നാവശ്യപ്പെട്ടിട്ടും ഞങ്ങള്‍ തയ്യാറായില്ല. അന്ന് വൈകുന്നേരം ക്രിസ്ത്യാനി കൊടിമരം നശിപ്പിച്ചു എന്ന പ്രചാരണം ചെയ്തു. ഞങ്ങള്‍ ആ പാവത്തിന്‍റെ വീട് അക്രമിക്കാന്‍ പദ്ധതിയിട്ടു.
യഥാര്‍ഥത്തില്‍ എങ്ങനെയെങ്കിലും ഹിന്ദു വികാരം ഇളക്കിവിട്ട് ശാഖ വികസിപ്പിക്കാനുള്ള രാംദാസിന്‍റെ തന്ത്രമായിരുന്നു ഇതെല്ലാം.

രാത്രിയില്‍ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വീട് വളഞ്ഞ് വാതില്‍ ചവിട്ടി തുറന്നു. ഗൃഹനാഥന്‍റെ കഴുത്തില്‍ വാള്‍ വച്ച് ഞങ്ങള്‍ ചുറ്റും കൂടിനിന്നു. ഇത് കണ്ട ആ വീട്ടിലെ സ്ത്രീകളേയും
കുട്ടികളേയും ശബ്ദമുയര്‍ത്തി കരയാന്‍ പോലും അനുവദിച്ചില്ല. ആ കുടുംബത്തിന്‍റെ ഭയം തുളുമ്പുന്ന തൊഴുതു നില്‍ക്കുന്ന ദയനീയ രൂപം ഇന്നും എന്നെ വേദനിപ്പിക്കാറുണ്ട്. രാംദാസ് ഗൃഹനാഥനെ കൊണ്ട് "ബോലോ ഭാരത് മാതാകി ജയ്" എന്ന് 41 പ്രാവശ്യം വിളിപ്പിച്ചു. ഓരോ കീജയ് വിളിയും കൃത്യമായി രാംദാസ് എണ്ണിയിരുന്നു. അതു പോലെ "ഹിന്ദുരാഷ്ട്രോം കീജയ്" എന്ന മുദ്രാവാക്യവും വിളിപ്പിച്ചിരുന്നു. കൃസ്ത്യന്‍ കുടുംബനാഥന്‍ ഇതെല്ലാം കരഞ്ഞു കൊണ്ടാണ് അനുസരിച്ചത്. പിറ്റേന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സഹായത്തോടെ ക്രിസ്ത്യന്‍ കുടുംബം കൊട്ടിയം പോലീസ് സ്റ്റേഷനില്‍ കേ സു കൊടുത്തു. രാംദാസിനെ പോലീസ് അറസ്റ്റു ചെയ്യുമെന്ന് ഷേണായി ചേട്ടന്‍ പറഞ്ഞു. അങ്ങനെ രാംദാസ് ഒളിവില്‍ പോയി.

കേസു കൊടുത്തതിന്‍റെ പ്രതികാരമായി ഏത് വിധേനയും ക്രിസ്ത്യന്‍ കുടുംബത്തെ അവിടെ നിന്നും ഓടിക്കണ മെന്ന് മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്തിലെ ബാബുവും വിശ്വനാഥന്‍ എന്ന കുഞ്ഞുമോനും കൂടെ ഒരു പ്ലാന്‍ തയ്യാറാക്കി. മാസ്റ്റര്‍ പ്ലാന്‍ ഞങ്ങളോട് വിവരിക്കുന്നതിനുള്ള അറിയിപ്പ് കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഉമയനല്ലൂര്‍ വയലിലെത്തി. അവിടെ ആര്‍.എസ്സ്.എസ്സിന്‍റെ മണ്ഡലം കാര്യവാഹകന്‍'വൈക്കത്തോട് ബിജുവും ബി.ജെ.പി നേതാവായ 'അയോദ്ധ്യാ അനി'യും ഷാപ്പുടമ ഷാജിയും ഉണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റു പ്രദേശങ്ങളിലെ മുപ്പതോളം ആര്‍.എസ്സ്.എസ്സ്-ബി.ജെ.പി പ്രവര്‍ത്തകരും.

നേതാക്കളുടെ വിശദീകരണങ്ങള്‍ക്കിടയിലാണ് ഒരു ചാക്ക് നിറയെ കമ്പി വാള്‍, വടി വാള്‍, തിരുപ്പിച്ചാത്തി, തുടങ്ങിയ മാരകായുധങ്ങളുമായി പന്നിമണ്ണിലെ രാജേന്ദ്രന്‍,ഷാജി എന്നിവരെത്തിയത്. കൂടാതെ അവര്‍ ഒരു കെട്ട് ദണ്ഡയും കൊണ്ടുവന്നിരുന്നു.

പാതിരാവായതോടെ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വാതിലില്‍ മുട്ടി വിളിച്ചു. തലേന്നത്തെ സംഭവം കാരണം അവര്‍ കതക് തുറന്നില്ല. ഞങ്ങള്‍ വീടിനു ചുറ്റും നിശബ്ദമായി നിരീക്ഷണം നടത്തി.
ദുര്‍ബലമാണെന്ന് മനസ്സിലാക്കി ഒരു വാതില്‍ ശബ്ദം പുറത്ത് കേള്‍ക്കാത്ത വിധം തള്ളിത്തുറന്നു. പിന്നെ അവിടത്തെ വീട്ടുകാരുടെ കൂട്ട നിലവിളിയായിരുന്നു. വൈക്കത്തോട് ബിജു ഗൃഹനാഥനെ അടിച്ചും വെട്ടിയും മരണാവസ്ഥയിലാക്കി.

ബഹളത്തിനിടയില്‍ നാട്ടുകാര്‍ ഉണര്‍ന്നു. ആരാടാ എന്ന ശബ്ദമുണ്ടാക്കി അവര്‍ കൂട്ടത്തോടെ വന്നു. അവരെയെല്ലാം ഞങ്ങള്‍ വാളും മറ്റ് ആയുധങ്ങളുമായി നേരിട്ടു. ഒരു കാര്യം ഉറപ്പായിരുന്നു. പോലീസ് ഞങ്ങളെ പിടികൂടാനെത്തും. ഇത് മനസ്സിലാക്കിയ നേതാക്കള്‍ ഞങ്ങളോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചു. വൈക്കത്തോട് ബിജുവിന്‍റെയും കണ്ടാലറിയാവുന്ന മുപ്പതോളം ആള്‍ക്കാരുടേയും പേരിലാണ് ആ ക്രിസ്ത്യാനി കുടുംബം കേസു കൊടുത്തത്. ആര്‍.എസ്സ്.എസ്സ് നേതാക്കളുടേയും പോലീസിന്‍റെയും ഒത്തുകളിയില്‍ വൈക്കത്തോട് ബിജുവിനെ നാടകീയമായി അറസ്റ്റു ചെയ്തു.

കൂടുതല്‍ ഹിന്ദുക്കളെ അറസ്റ്റു ചെയ്യും എന്ന് സമുദായക്കാരിലേക്ക് വ്യാജ പ്രചരണം നടത്തി. അതിന്‍റെ ചുക്കാന്‍ പിടിച്ചത് താലൂക്ക് പ്രചാരക് 'അനീഷ് മൂവാറ്റുപുഴ'യായിരുന്നു. അന്ന് രാത്രി തന്നെ കൊട്ടിയം പോലീസ് സ്റ്റേഷന്‍ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ വളഞ്ഞു. എല്ലാ പ്രവര്‍ത്തകര്‍ക്കും കാവിമുണ്ടും ചുവന്ന കുറിയും നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന നേതാക്കളുടെ നിര്‍ ദേശവും ഉണ്ടായിരുന്നു. അക്രമണത്തിന്‍റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അത് വിജയം വരിക്കുകയും ചെയ്തു. പോലീസ് ഭയന്ന് ബിജുവിനെ ഇറക്കി വിട്ടു. സന്തോഷ സൂചകമായി ഞങ്ങള്‍ റോഡ് ഉപരോധിച്ചു കൊണ്ടുള്ള ധര്‍ണയും പ്രകടനവും നടത്തി. അതോടെ ആശുപത്രിയില്‍ അവശനായിക്കിടന്ന ക്രിസ്ത്യാനി മരണഭയം മൂലം കേസ്സ് പിന്‍വലിച്ചു.

സംഭവം ഞങ്ങളിലെല്ലാം നല്ല ത്രില്‍ ആണ് ജനിപ്പിച്ചത്. മറ്റു മതക്കാരെ ദ്രോഹിക്കുമ്പോഴെല്ലാം അത് കൂടിക്കൂടി വന്നു. എന്നിലെ ഹിന്ദുവികാരം അത്രയ്ക്ക് വളര്‍ന്നിരുന്നു. ഹിന്ദുവിനെതിരെ ആരു
സംസാരിച്ചാലും അതു കേട്ട് നിശബ്ദനായി നില്‍ക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അത് സ്വന്തം അച്ഛനായിരുന്നാല്‍ പോലും.

സ്വയം സേവകര്‍ ആയിക്കഴിഞ്ഞാല്‍ ആ വ്യക്തിക്ക് എല്ലാ ആര്‍.എസ്സ്.എസ്സ് ഭവനങ്ങളിലും പരിപൂര്‍ണ സ്വാത ന്ത്ര്യം ഉണ്ട്. അത്തരത്തില്‍ സ്വാതന്ത്ര്യമുള്ള ഒരു സ്വയം സേവകനായിരുന്നു ഞാന്‍.

ഒരിക്കല്‍ മുഖ്യശിക്ഷ ക്ഷേണായി ചേട്ടന്‍റെ വീട്ടില്‍ പോകാന്‍ ഇടയായി. പക്ഷേ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് എന്നെ കയറ്റാന്‍ തയ്യാറായില്ല. എന്നാല്‍ ഞാന്‍ നോക്കിനില്‍ക്കെ ഷേണായി ചേട്ടന്‍റെ
ജാതിയിലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സ്വന്തം വീടുപോലെ അവിടെ കയറി ഇറങ്ങുന്നതും പെരുമാറുന്നതും കണ്ടു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ വേദന ഒരു പുത്തന്‍ ചിന്തയിലേക്കാണ് എന്നെ വഴി തിരിച്ചത്. ഒരു മുസ്ലീമിനെ മേത്തനെന്നു വിളിക്കാനും വെറുക്കാനും എന്നില്‍ ഹിന്ദുവികാരം കുത്തിനിറച്ച ഷേണായി ചേട്ടന്‍ എന്തിന് ഹിന്ദുവായ എന്നെ അകറ്റി നിറുത്തി?

അങ്ങനെയിരിക്കവെയാണ് ഞാന്‍ താഴെപടനിലത്തെ ആര്‍.എസ്സ്.എസ്സന്‍റെ ആസ്ഥാനത്ത് ചെന്നുപെട്ടത്. അവി ടെ ഒരു യോഗം നടക്കുകയായിരുന്നു. അത് ഒരു രഹസ്യ യോഗമാണ്.

ആര്‍.എസ്സ്.എസ്സിന്‍റെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞതും അവിടെ വച്ച് തന്നെ. മേല്‍ ജാതിക്കാര്‍ക്ക് ഒരു ആര്‍.എസ്സ്.എസ്സ്, കീഴ്ജാതിക്കാര്‍ക്ക് മറ്റൊരു ആര്‍.എസ്സ്.എസ്സ്! മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍ യോഗ സ്ഥലത്ത് ഞാന്‍ ചെന്നതിന് ശകാരിച്ച് ആട്ടിയോടിച്ചു. ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ സ്വയം സേവകനായ എന്നെ ഷേണായി ചേട്ടന്‍റെ വീട്ടില്‍ കയറ്റാത്തതിന്‍റെ 'ഹൈന്ദവ സ്നേഹം' എനിക്കു മനസ്സിലായത് ആ രഹസ്യയോഗത്തിന് ശേഷമാണ്. ഈ സംഭവം എന്നെ മരവിപ്പിച്ചു കളഞ്ഞു.

എന്‍റെ ദേശമായ ഉമയനല്ലൂരില്‍ ഉത്സവമായി. സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഒരു ആചാരം ഉണ്ട്. ഓടുന്ന ആനയു ടെ വാലില്‍ തൊടുക. ഇത് എല്ലാ വര്‍ഷവും നടത്താറുണ്ട്. സുരേഷ് എന്ന പട്ടികജാതിക്കാരന്‍ ഓടുന്ന ആനയുടെ വാലില്‍ തൊട്ടു. പട്ടികജാതിക്കാരായ ആര്‍.എസ്സ്.എസ്സുകാര്‍ തന്നെ വളഞ്ഞിട്ടു തല്ലി. തല്ലുന്നവരും തല്ല് കൊള്ളുന്നവരും ദലിതര്‍ തന്നെ! ആജ്ഞ നല്‍കുന്നത് മാത്രം ഉയര്‍ന്ന ജാതിക്കാര്‍?! മറ്റു ജാതിക്കാര്‍ ആനയുടെ വാലില്‍ തൊട്ടാല്‍ ആരും ആക്രമിക്കാറില്ല.

ആര്‍.എസ്സ്.എസ്സിലെ എല്ലാ ചേട്ടന്മാരും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് പതിവ്. ഞാന്‍ ആര്‍.എസ്സ്.എസ്സിനു വേണ്ടി ജീവിതം പാഴാക്കിയത് 10 വര്‍ഷത്തിനു മേലാണ്. ആ കാലയളവില്‍ പല പട്ടികജാതിക്കാരെയും ഞാന്‍ ദണ്ഡുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. അതിന് കാരണമൊന്നുമില്ല. മുകളില്‍
നിന്നുള്ള ഒരാജ്ഞ. 'അവനത്ര ശരിയല്ല' എന്ന സവര്‍ണ ആജ്ഞ.

അത് ഞാനിന്ന് തിരിച്ചറിയുന്നു. എത്രയോ പ്രാവശ്യം സേവനരീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരി ക്കുന്നു. മയ്യനാട് ആശുപത്രിയിലെ ഓടകള്‍ വൃത്തിയാക്കുന്നത്, കൊട്ടിയം, ഉമയനല്ലൂര്‍, മയ്യനാട് ചന്തകള്‍ വൃത്തിയാക്കുന്നത് –ചെയ്യുന്നതെല്ലാം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍. അവരിലെല്ലാം എന്‍റെ മുഖമാണുണ്ടായിരുന്നത്. അവരെല്ലാം ആര്‍.എസ്സ്.എസ്സുകാരായ പട്ടികജാതിക്കാരായിരുന്നു. അറയ്ക്കുന്നതും ഛര്‍ദ്ദിയുളവാക്കുന്നതുമായ ദുര്‍ഗന്ധങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ശുചീകരണം ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ എന്ന സവര്‍ണര്‍ ആജ്ഞ മാത്രമേ തന്നിരുന്നുള്ളൂ? ഏത് പ്രസ്ഥാനത്തില്‍ ചെന്നാലും ദലിതര്‍ക്ക് തോട്ടിപ്പണി? സ്വന്തം രക്തത്തെ തമ്മിലടിപ്പിക്കാനുള്ള വിജ്ഞാനം!

അത് ഞാനിന്ന് വേര്‍തിരിച്ചറിയുന്നു! ഞാന്‍ ചിറക്കലില്‍നിന്നും വന്ന ദലിത്‌ സാറിന്‍റെ ക്ലാസ്സ് കേള്‍ക്കുകയാണ്. അല്ല അനുഭവിക്കുകയാണ്! എനിക്കിന്ന് ആരോടും സത്യം ഉറക്കെ പറയാന്‍
കഴിയും. ഇന്ത്യ ഹിന്ദുരാഷ്ട്രമേയല്ല. ജനാധിപത്യ രാഷ്ട്രമാണ്.

മുസല്‍മാന്മാര്‍ മേത്തന്‍മാരല്ല, ഈ രാജ്യത്തെ പൌരന്മാരാണ്. അതു പോലെ ക്രിസ്ത്യാനികളും.
അവരെല്ലാം ഈ രാജ്യത്തിലെ സഹോദരങ്ങളാണ്. ജാതിവെറിയന്മാരുടെ ഭ്രാന്ത് മാത്രമാണ്.
വിശ്വാസിക്കും അവിശ്വാസിക്കും ഒരുമയായി കഴിയാന്‍ പറ്റുന്ന ലോകത്തെ ഏറ്റവും വിശാലമായ രാജ്യം, അതാണ് നമ്മുടെ ഇന്ത്യ.

ചിറക്കരയില്‍നിന്നും വന്ന ദലിത് സാറിന്‍റെ ക്ലാസ്സു കഴിഞ്ഞു ഭക്ഷണ സമയമായി. ഹിന്ദുവികാരം മൂത്ത് ഞാന്‍ അക്രമിച്ച ദലിതനായ എന്‍റെ കൂടെപ്പിറപ്പ് ഷെഡിലെ മനോജിനൊപ്പം ഒരു പാത്രത്തില്‍
ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു.

'എന്തുകൊണ്ട് ഈ തിരിച്ചറിവിന്‍റെ വിജ്ഞാനം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് നേടാന്‍ കഴിഞ്ഞില്ല?
അങ്ങിനെയെങ്കില്‍ മനോജ് എന്ന എന്‍റെ സഹോദരാ നിന്നെ ഒരിക്കലും ഞാന്‍ ആക്രമിക്കില്ലായിരുന്നു. ഒരു ആര്‍.എസ്സ്.എസ്സുകാരനും ആകില്ലായിരുന്നു.....


കടപ്പാട് മാനവിക നിലപാടുകള്‍ ( രമ്യ.കെ.ആര്‍.)