Thursday, September 11, 2014

ഗ്രാമ്പു

ഡിസംബറിന്‍ നീല
ശിശിരമെന്‍ പടിവാതിലില്‍
കൂന കൂട്ടവേ
എന്റെ മച്ചിന്‍ സമയ വക്രത
കാലിലെ തൈലത്തോട് സല്ലപിച്ചു
മേലങ്കിയണിഞ്ഞ രാത്രി
എന്‍ സ്വപ്‌നാധികാരത്തെ
കൊയ്‌തെടുക്കാന്‍
ചെറു പറവയായെത്തി
ചിന്തകളിനിയും ഉറങ്ങിയില്ല
നഗ്ന പാദയായ് ഞാന്‍
യഥാര്‍ത്ഥ പ്രണയത്തെ തേടിടുന്നു

ഡിസംബറിന്‍ നീല
ജനാലക്കരികിലെത്തി
ചില്ലുകള്‍ മങ്ങിയ കാഴ്ച നല്‍കി
ചുവന്ന പുഷ്പച്ചെടി
വര്‍ണങ്ങള്‍ പൊഴിച്ച്
ഉദയാര്‍ക്കനായ് കാത്തിരിക്കുന്നു
ഇത് പ്രണയമോ
കുളിരിന്‍ നടുവിലെ
അക്ഷരക്കൂട്ടുകളോ...

Sunday, August 10, 2014

നടക്കാതെ പോയ ഒരു ആലിംഗനത്തിന്റെ ഓര്‍മക്ക്സമര്‍പ്പണം: പ്രിയപ്പെട്ട ആരിഫ്കക്ക്...

നിറപുഞ്ചിരിയുമായ്
സദസ്സിന്‍ നടുവിലൂടെ
അങ്ങ് കടന്നു വരവേ
വെളിച്ചം കയറിയില്ല
എന്‍ തലയില്‍
മാപ്പാക്കുക മഹതേ

പിന്നെയാരോ ഭാഷിണിയിലൂടെ
ആ പേര് മുഴക്കവെ
ആവേശത്തില്‍ വേദയിലേക്ക്
നോക്കി ഞാന്‍ അത്ഭുതം കൂറി
എന്‍ പിന്നിലായ് ഇത്ര നേരം
ഇരുന്നൊരാ പുഞ്ചിരി
ഒരു തുണ്ട് കടലാസിലെ
തന്‍ വരികള്‍ സ്വരത്തിലാറാടിക്കുന്നു

അവിടെ നിന്നിറങ്ങട്ടെ
നല്‍കാം ഒരാലിംഗനമെന്നെന്‍
മനസ്സില്‍ കോറിയിട്ടിരിക്കവേ
പൊടുന്നനെ വേദിയെ ശൂന്യമാക്കി
ആ സുസ്‌മേര കഷണ്ടി
എവിടേക്കോ ഊളിയിട്ടു

നല്‍കാനാകാതെ പോയോരു
കൈ കുലുക്കവും ആലിംഗനവും
ഇനിയെന്നെങ്കിലും നല്‍കാമെന്ന്
ബാക്കിവെച്ച് ഞാനും മടങ്ങി
വരിയും വരയും തീര്‍ക്കുന്നൊരുവനോട്
വാങ്ങിയോരാ അക്കങ്ങള്‍
കുത്തി വിളിച്ചിന്നലെയുടെ
സങ്കടം പങ്കുവെച്ചു

നിറപുഞ്ചിരിയുമായ്
സദസ്സിന്‍ നടുവിലൂടെ
അങ്ങ് കടന്നു വരവേ
വെളിച്ചം കയറിയില്ല
എന്‍ ബുദ്ധിയില്‍
മാപ്പാക്കുക മഹതേ

Sunday, June 29, 2014

കോയേന്റെ ജിഹാദ്

(പടം: ഗൂഗിളില്‍ നിന്ന് പൊക്കിയത്)പാവം കോയ പ്രേമിച്ചപ്പോ 
ലോകം വിളിച്ചു 
ലൗ ജിഹാദ്
പിന്നെ കോയ കള്ളു കുടിച്ചു
അപ്പോ വിളിച്ചു
കള്ളു ജിഹാദ്
പിന്നെ കോയ പച്ച പുതച്ചു
അപ്പോ കുരച്ചു
പച്ച ജിഹാദ്
കണ്‍ഫ്യൂസായൊരു കോയക്ക
നേരെ പോയി 
ചാനല്‍ റൂമില്‍
എന്താ മോനേ ഈ ജിഹാദ്
അന്തം വിട്ടാ ചങ്ങായി
പോയൊരു വഴിയില്‍ പുല്ലേയില്ല...
പിന്നെ കോയ മൈക്കെടുത്തു
വിളിച്ചുകൂവി ഉച്ചത്തില്‍
അല്‍ ജിഹാദ് അല്‍ ജിഹാദ്...

Tuesday, March 25, 2014

വോട്ടു കച്ചവടത്തിന് ഒരു പാര്‍ട്ടി കൂടി


കെജ്രിവാള്‍ എന്ന ആം ആദ്മിക്കാരന്‍ ഐ എ എസ് രാജിവെച്ച ശേഷം സ്വന്തം കാര്യം നോക്കി നടക്കുകയല്ലായിരുന്നു. മറിച്ച് ഡല്‍ഹിയിലെ ഓരോ ഗല്ലികളിലേയും അശരണരുടെ കൈപിടിച്ച് നടത്തുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെയാണ് അഴിമതിക്കെതിരായ ഒരു സമരവും അതിന്റെ പിന്നാലെ ഒരു പാര്‍ട്ടിയുമായി മുന്നോട്ടു വന്നപ്പോഴും ആളുകള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളും അത്തരത്തിലുള്ളവരായിരുന്നു. അദ്ദേഹത്തോടൊപ്പം അഹോ രാത്രം പാടുപെട്ടവര്‍, ജനങ്ങളുടെ ഇടയില്‍ ജീവിച്ചവര്‍. അതുകൊണ്ട് തന്നെ അവര്‍ തിരഞ്ഞെടുപ്പെന്നത് മറ്റാരെക്കാളും എളുപ്പവുമായിരുന്നു.
എന്നാല്‍ കേരളത്തില്‍ ഇപ്പോ കുറേ ആം ആദ്മികള്‍ ഇറങ്ങിയിട്ടുണ്ട്. ഇതുവരെ ഏ സി മുറിയിലിരുന്ന് ഫേസ്ബുക്കിലൂടെ വിപ്ലവം നടത്തിയവര്‍. ഫേസ്ബുക്കാണ് ലോകമെന്ന് വിശ്വസിക്കുന്നവര്‍, കേരളത്തിലെ പട്ടിണി പാവങ്ങളുടേയും അശരണരുടേയും പ്രദേശങ്ങള്‍ എവിടെയൊക്കെയാണെന്ന് പോലും കൃത്യമായി അറിയാത്തവര്‍. അതിലുപരി എല്ലാ മണ്ഡലത്തിലും ആര്‍ക്കും അറിയാത്ത കുറേ പേരുകാര്‍. എല്ലാം കെട്ടിയിറക്കു സ്ഥാനാര്‍ത്ഥികള്‍. കെജ്രിവാളു വെച്ചതു പോലെയുള്ള തൊപ്പി വെച്ചാല്‍ വോട്ടു തന്നെ കിട്ടിക്കോളുമെന്ന വിഡ്ഢിത്തത്തിന്റെ വിശ്വാസികള്‍.
ആലപ്പുഴയിലേക്ക് ആം ആദ്മിക്കാര്‍ പരിഗണിച്ച അശ്വതി പറഞ്ഞത് ഇപ്പോള്‍ വിശ്വാസത്തിലെടുക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ ഉന്നമനമല്ല മറിച്ച് ഓരോരുത്തരുടേയും പോക്കറ്റിന്റെ ഉന്നമനമാണ് ആം ആദ്മി കേരള ഘടകം നേതാക്കളുടെ ലക്ഷ്യമെന്ന് ഇവരുടെയൊക്കെ മുഖത്ത് എഴുതി വെച്ചിരിക്കുകയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റു പറയാന്‍ പറ്റില്ല. 
ദീപ സ്തംഭം മഹാശ്ചര്യം ഞമ്മക്കും കിട്ടണം പണം...എന്നാക്കി മാറ്റണം കേരള ആം ആദ്മികളുടെ മുദ്രാവാക്യം...
മൊത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടെണ്ണം പറഞ്ഞ് വിലപേശാന്‍ കേരളത്തില്‍ ഒരു പാര്‍ട്ടിയെ കൂടി കിട്ടിയിരിക്കുന്നു...  ... അതല്ലാത്തതൊന്നും ആം ആദ്മിക്കും ചെയ്യുവാന്‍ കഴിയില്ല. തീര്‍ച്ച....

Monday, February 10, 2014

ഫാസിസത്തോടടുക്കുന്ന മാര്‍ക്‌സിസം


മനുഷ്യനില്‍ ചിന്തയുടേയും ബോധത്തിന്റേയും ആവിര്‍ഭാവത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യവെ ആന്റി ഡ്യൂറിങ്ങില്‍ എംഗല്‍സ് എഴുതുന്നുണ്ട് ചിന്തയും ബോധവും എന്താണ് എന്ന പുതിയ ഒരു ചോദ്യം ഉന്നയിക്കപ്പെടുകയാണെങ്കില്‍ അത് എവിടെ നിന്ന് വരുന്നുവെന്ന് കൂടി ചോദിക്കേണ്ടിയിരിക്കുന്നുവെന്ന്. അതിന്നുത്തരമായി ചിന്തയും ബോധവും മനുഷ്യ മസ്തിഷ്‌കത്തിന്റെ ഉത്പന്നങ്ങളാണെന്നും മനുഷ്യന്‍ തന്നെ പ്രകൃതിയുടെ ചുറ്റുപാടിനൊപ്പം വികസിതമാകുന്ന പ്രകൃതിയുടെ ഉത്പന്നമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മനുഷ്യന്‍ പ്രകൃതിയുടെ ചുറ്റുപാടിനൊപ്പം വികസിക്കേണ്ടവനാണെങ്കില്‍ അവന്‍ തീര്‍ച്ചയായും സ്വയം കെട്ടപ്പെട്ടു കിടക്കുന്ന സാമൂഹികമായ അന്തരീക്ഷത്തിന്റെ പ്രകടമായ എല്ലാ അവസ്ഥകളെ സംബന്ധിച്ചും ഉത്തമ ബോധ്യമുള്ളവനായിത്തീരേണ്ടതാണ്. പ്രത്യേകിച്ചും മാര്‍ക്‌സിയന്‍, ഹെഗലിയന്‍, എംഗലിയന്‍ ചിന്തകളും എഴുത്തുകളും, സിദ്ധാന്തങ്ങളും വികസിച്ചത് അത്തരത്തില്‍ സ്വന്തം അവസ്ഥകളെയും ചുറ്റുപാടുകളെയും വിശിഷ്യാ ലോകത്തെ തന്നെയും നിര്‍മാണാത്മകമായി മാറ്റിയെടുക്കുക എന്ന ദൗത്യത്തില്‍ നിന്നും ഉടലെടുത്തതാണെന്നിരിക്കെ.

മനുഷ്യമസ്തിഷ്‌കത്തിന്റെ വിശകലനങ്ങള്‍ എവിടെയോ മരവിക്കുന്നിടത്താണ് യഥാര്‍ത്ഥത്തില്‍ പ്രതിസന്ധികളും സംഘര്‍ഷങ്ങളും ഉണ്ടാകുന്നത്. അത്തരത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ അവര്‍ക്ക് നേരിടേണ്ടി വന്ന ചരിത്രപരമായ ഭൂരിപക്ഷം പ്രതിസന്ധികളേയും നേരിട്ടത് സംഘര്‍ഷങ്ങളിലൂടെയായിരുന്നു. അവിടെയൊക്കെയും വര്‍ഗ ബഹുജനങ്ങളുടെ സമഗ്രമായ മുന്നേറ്റം സാധ്യമാക്കിയെടുത്തത് വൈരുധ്യാതിഷ്ടിത ഭൗതിക വാദത്തിന്റെ ചുവടുപിടിച്ചായിരുന്നു. അങ്ങിനെ മതങ്ങള്‍ അവരുടെ ശത്രു പക്ഷത്തായി. മതക്കൂട്ടായ്മകള്‍ അവരുടെ ശത്രുക്കളുടെ പട്ടികയില്‍ എണ്ണപ്പെട്ടു. ലോകാടിസ്ഥാനത്തില്‍ തന്നെ മതകീയമായ സംഘങ്ങളുമായി സായുധമായ സംഘര്‍ഷങ്ങള്‍ക്കും ഒരു പരിധിവരെ യുദ്ധമെന്ന് വിശേഷിപ്പിക്കത്തക്കതോ ആയ കലാപങ്ങള്‍ക്കും കമ്മ്യൂണിസം നേതൃത്വം നല്‍കി. റഷ്യന്‍ സമതലങ്ങളുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം ലോകമിന്ന് വായിച്ചെടുക്കുന്നത് മതങ്ങളെയും മതാനുയായികളെയും മതഗേഹങ്ങളെയും തച്ചുതകര്‍ത്ത സംഭവ പരിണാമങ്ങളിലൂടെയാണ്.

കാലക്രമത്തില്‍ തത്വശാസ്ത്രപരമായ നിരവധി പ്രതിസന്ധികളെ നേരിട്ട കമ്മ്യൂണിസത്തിന്, വിപ്ലങ്ങളിലൂടെയും കലാപങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും പിടിച്ചടക്കപ്പെട്ട രാഷ്ട്രങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥകള്‍ സംജാതമായി. കമ്മ്യൂണിസ്റ്റ് ചൈനയുടെ ഭരണഘടനയില്‍ പോലും മതങ്ങളെ അംഗീകരിക്കുന്നുവെന്ന് എഴുതിച്ചേര്‍ക്കേണ്ടി വന്നു. മതങ്ങളെ ഏതോ ഒരു അര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ലോകാടിസ്ഥാനത്തില്‍ തന്നെ തൊണ്ണൂറുകള്‍ക്ക് ശേഷം അംഗീകരിച്ചു പോരുന്നു. ഇക്കാലമത്രയും ഇന്ത്യയില്‍ സവിശേഷമായ സാഹചര്യങ്ങളിലൂടെ മാത്രമാണ് കമ്മ്യൂണിസ്റ്റുകള്‍ കടന്നുപോയതെന്നാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ഭാഷ്യം. അവര്‍ മതപരമായ സംഘര്‍ഷങ്ങള്‍ക്ക് ആദ്യം മുതലേ തന്നെ ത്രാണിയില്ലാത്തവരായിരുന്നു. ആകെ അവര്‍ക്ക് പറയുവാനുള്ളത് ചില ജന്മിത്ത നിര്‍മാര്‍ജനത്തിന്റേയും കൃഷി ഭൂമി പിടിച്ചെടുക്കലിന്റേയും കഥകള്‍ മാത്രമാണ്.

ഇന്ത്യയില്‍ കാലാകാലങ്ങളായി അവര്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെയും അശരണന്റെയും മര്‍ദിതന്റെയും കൂട്ടുകാരനായിരുന്നു. ഒരു നേരത്തെ അഷ്ടിക്കു വകയില്ലാത്തവന്റെ ഹൃദയങ്ങളെ കീഴടക്കിയവനായിരുന്നു. പ്രത്യേകിച്ചും കേരളവും ബംഗാളും രാജ്യത്തെ ചില ചില പോക്കറ്റുകളുമൊക്കെ ആ അര്‍ത്ഥത്തില്‍ തന്നെ വികസിച്ചവയായിരുന്നു. ഒപ്പം കമ്മ്യൂണിസ്റ്റുകള്‍ മത വര്‍ഗീയതയെയും മനുഷ്യത്വ വിരുദ്ധരായ ഫാസിസ്റ്റുകളേയും ശത്രു പക്ഷത്ത് നിര്‍ത്തിയിരുന്നു. സംഘപരിവാര്‍ ഫാസിസ്റ്റുകളുമായി നിരന്തരം സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും കലാപങ്ങളിലും ഏര്‍പ്പെടുന്ന സവിശേഷമായ സാഹചര്യമായിരുന്നു കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ നേരിട്ടിരുന്നത്. അത്തരത്തില്‍ തന്നെ മസ്തിഷ്‌കവികാസവും ആകാര വികാസവും പ്രാപിച്ചവരായിരുന്നു അവര്‍. അവരുടെ സാമൂഹികമായ അന്തരീക്ഷങ്ങള്‍ ആ നിലയില്‍ നിര്‍മിക്കപ്പെട്ടവയായിരുന്നു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അവര്‍ ആ നിലയില്‍ സജീവത കൈവരിക്കുകയും മിക്ക പ്രദേശങ്ങളിലും അവര്‍ ഫാസിസത്തിനെതിരെ ജാഗരൂകരുമായിരുന്നു.

ബാബരിയുടെ അനുരണനങ്ങള്‍ കേരളത്തില്‍ ഏശാതെ പോയത് തങ്ങളുടെ ധൈഷണികവും ഫാസിസ്റ്റ് വിരുദ്ധമാ ധാര്‍ഷ്ട്യവും മുലമാണെന്ന് ഇന്നും ഊറ്റം കൊള്ളുന്നവരാണവര്‍. ആ തരത്തില്‍ മുസ്‌ലിം ജനസാമാന്യത്തെ സ്വന്തം നിലയില്‍ ചേര്‍ത്തു നിര്‍ത്താന്‍ അശ്രാന്ത പരിശ്രമം എക്കാലവും അവര്‍ നടത്തുന്നവരുമാണ്. മലപ്പുറത്ത് ചുവന്ന കാറ്റാണ് വീശുന്നതെന്ന് കൊട്ടിഘോഷിച്ച് വലിയ സമ്മേളനങ്ങള്‍ നടത്തിയതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നായിരുന്നില്ല.

പക്ഷെ കാലക്രമത്തിന്റെ പരിണതിയെന്നോണം പട്ടിണിപ്പാവങ്ങളുടെ പടത്തലവന്‍മാരായിരുന്നവര്‍ സാമ്പത്തികമായ മേല്‍ക്കോയ്മ കൈവരിക്കുകയും കമ്മ്യൂണിസത്തിന്റെ സവിശേഷമായ പ്രസക്തി നഷ്ടപ്പെട്ടു വരികയും ചെയ്ത തൊണ്ണൂറുകള്‍ക്ക് ശേഷം അവര്‍ ലോകാടിസ്ഥാനത്തില്‍ തന്നെ നിര്‍മിതമായ സാമ്രാജ്യത്വ അജണ്ടകള്‍ക്ക് വശംവദരായി മാറി. ആ തരത്തില്‍ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ ആരോട് വേണമെങ്കിലും കൂട്ടുകൂടാമെന്ന സ്ഥിതി കൈവരിച്ചു. ഫാസിസ്റ്റുകളോടൊപ്പം ഒരിക്കല്‍ സഞ്ചരിക്കുകുയും അവരാണ് ആശ്രയമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പി.സി. തോമസിനെയും ക്രിസ്ത്യന്‍ മതത്തിന് മാത്രം ആഭിമുഖ്യം നല്‍കുന്ന അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും ചേര്‍ത്തു പിടിക്കുവാന്‍ സങ്കോചമില്ലാതെയായി കമ്മ്യൂണിസ്റ്റുകള്‍ക്ക്.
അതേ സാഹചര്യങ്ങളില്‍ തന്നെ സാമ്രാജ്യത്വത്തിന്റെ ശത്രുപക്ഷത്ത് നിലയുറപ്പിച്ച് മുസ്‌ലിം പക്ഷത്തെ തന്ത്രപരമായി അകറ്റി നിര്‍ത്താനും അവഹേളിക്കുവാനും അവര്‍ക്ക് മടിയേതുമില്ലാതെയുമായി. നിരവധി മുദ്രകള്‍ ചാര്‍ത്തി ലോകം മുസ്‌ലിം ജനവിഭാഗത്തെ ആക്ഷേപിക്കുമ്പോള്‍ അവരോടൊപ്പം നിന്ന് അത് ശരിയാണെന്ന് ഏറ്റുപാടുവാനുള്ള മനസ്സ് മുതലാളിത്ത കമ്മ്യൂണിസ്റ്റുകള്‍ക്ക് കൈവന്നിരിക്കുന്നു. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ഐ.എന്‍.എല്ലിനെ സഹായം വാങ്ങുകയും പടിക്കു പുറത്തു നിര്‍ത്തുകയും ചെയ്തിരിക്കുന്നത്. മുസ്‌ലിം സംഘങ്ങളുടെ സഹായങ്ങള്‍ ഏറ്റുവാങ്ങുകയും പിന്നീട് അവരെ തള്ളിപ്പറയുകയും മറുപേരുകള്‍ വിളിച്ച് ആക്ഷേപിക്കുകയും ചെയ്യുന്നത്. അവിടെയാണ് മുന്‍കാലത്ത് സംഭവിച്ചുവന്ന് അധികാര സമൂഹം പറയുന്ന തെറ്റുകളുടെ പേരില്‍ പേര്‍ത്തും പേര്‍ത്തും മാപ്പ് ചോദിച്ച് മഅ്ദനി അനഭിമതനാകുന്നത്, തീവ്രവാദിയാകുന്നത്. മുസ്‌ലിം പക്ഷത്തെ അധിക്ഷേപിച്ചിട്ടാണെങ്കിലും നാല് വോട്ട് തരപ്പെടുത്തി അധികാര രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍മാരാകന്‍ ശ്രമിക്കുന്നത്.

അവിടെയാണ് മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഉളുപ്പുകളേതുമില്ലാതെ തന്നെ സ്വന്തം രക്തത്തെ ഒരു കാലത്ത് ദാഹിച്ചിരുന്ന ഫാസിസ്റ്റുകളെ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്നത്. അവിടെയാണ് ഫാസിസ്റ്റുകളുടെ തിരിച്ചറിയല്‍ രേഖകളായ കൈകളിലെ രാഖിയോ, കാവിമുണ്ടോ ഒന്നും പ്രശ്‌നമല്ലാതെ തന്നെ ചുകപ്പ് മാലയിട്ട് സ്വീകരിച്ച് സഖാവെന്ന് വിളിക്കാന്‍ കഴിയുന്നത്. അവിടെയാണ് മുന്‍കാലത്ത് നടന്നത് സായുധ സംഘര്‍ഷമല്ല മറിച്ച് മസ്തിഷ്‌ക സംഘട്ടനങ്ങളായിരുന്നുവെന്ന് ചുറ്റുപാടുകളെ വിസ്മരിച്ച് വിളിച്ച് കൂവാനാകുന്നത്. പ്രീണനങ്ങള്‍ക്ക് മധ്യത്തില്‍ ക്ഷയിച്ച് പോകുന്നത് അശരണന്റെ, അടിച്ചമര്‍ത്തപ്പെട്ടവന്റെ, അധസ്ഥിതന്റെ ഒരു കാലത്ത് വാനോളമോ അതിനപ്പുറമോ ഉയര്‍ന്നു നിന്നിരുന്ന ആശകളാണെന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വം എവിടെയോ വിസ്മരിക്കുകയോ മനപ്പൂര്‍വം അതിന് ശ്രമിക്കുകയോ ചെയ്യുന്നു. അത്തരത്തിലുള്ള ക്ഷയിക്കലുകള്‍ ആത്യന്തികമായി തന്നെ യഥാര്‍ത്ഥ ഭൂരിപക്ഷത്തിന്റെ തിരിച്ച് ചിന്തിക്കലുകള്‍ക്ക് ആരംഭം കുറിച്ചിരിക്കുന്നു. അവര്‍ നിറത്തിന്റെയും ജാതിയുടേയും പേരില്ലാതെ തന്നെ ദളിത്- മുസ്‌ലിം ശാക്തീരണം എന്ന ഒറ്റ വാക്കില്‍ ഒന്നിക്കുന്നു. അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഘട്ടത്തില്‍ ഇത്തരത്തിലെ കൂട്ടായ്കമള്‍ക്ക് യഥാര്‍ത്ഥമായ ജീവന്‍ വെച്ചാല്‍ ആദ്യമേ തുടച്ചു നീക്കപ്പെടുന്നത് കമ്മ്യൂണിസമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല.
മാര്‍ക്‌സിസത്തിന്റെ മറ്റൊരു ഘട്ടത്തില്‍ ഫാസിസവുമായി ലയിക്കേണ്ടി വരുമെന്ന് തന്നെ വിമര്‍ശകര്‍ മുന്‍കാലങ്ങളില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത് സത്യമായി പുലരുന്നത് വര്‍ത്തമാന കാലത്ത് നാം കണ്ടു കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് പാര്‍ട്ടി ഘടനകള്‍ക്ക് പുറത്തെ ശത്രുവിനെ നശിപ്പിക്കുവാനായി നടത്തിയിരുന്ന സംഘട്ടനങ്ങള്‍ സ്വന്തം പാര്‍ട്ടിയെ ഒരു കാലത്ത് നെഞ്ചേറ്റിയവനെ വെട്ടുകളാല്‍ നിഷ്‌കാസനം ചെയ്യുവാനുള്ള ഫാസിസ്റ്റ് മനസ്സ് ഉണ്ടായത്. എല്ലാ അര്‍ത്ഥത്തിലും അതിനെ ന്യായീകരിക്കുവാനുള്ള മനസ്സുണ്ടായിരുന്നത്. സ്വന്തം പാര്‍ട്ടിയുടെ ഉന്നതന്‍ തന്നെ ഉത്തമനായ കമ്മ്യൂണിസ്റ്റെന്ന് വിശേഷിപ്പിച്ചവനെ കമ്മ്യൂണിസ്റ്റുകള്‍ തന്നെ ഒരുഭാഗത്ത് വെട്ടി നുറുക്കുമ്പോ മറുഭാഗത്ത് മുന്‍കാല ശത്രുക്കളെ ചേര്‍ത്ത് പിടിക്കുവാനുള്ള മനസ്സ് വരുന്നത്.

അതുകൊണ്ട് തന്നെ ശാക്തികമായ പ്രയോഗ കാഴ്ചപ്പാടുകളും മറ്റും മാര്‍ക്‌സിസത്തോട് ചേര്‍ന്ന് നില്‍ക്കുകയും ലോകാടിസ്ഥാനത്തില്‍ തന്നെ അതിന്റെ പ്രയോഗവത്കരണത്തില്‍ സഹകരിക്കുകയും ചെയ്ത് പോന്നിരുന്നവരെ വിസ്മരിക്കുകുയും അവഗണിക്കുകയും ചെയ്യുന്ന ആധുനിക കേരളീയ കമ്മ്യൂണിസം സ്വയം വിമര്‍ശനത്തിന് വിധേയമാകേണ്ടിയിരിക്കുന്നു.

''മനുഷ്യ ചിന്ത വസ്തുനിഷ്ഠ യാഥാര്‍ഥ്യമാണോ എന്ന ചോദ്യം താത്വിക ചോദ്യമല്ല മറിച്ച് അതൊരു പ്രായോഗിക ചോദ്യമാണ്. മനുഷ്യന്‍ അവന്റെ ചിന്തയുടെ സത്യതയും അതിന്റെ യാഥാര്‍ഥ്യവും ശക്തിയും പ്രായോഗികമായി തന്നെയാണ് തെളിയിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ നമ്മുടെ ധാരണകള്‍ ധാരണാ വിധേയമാക്കപ്പെടുന്ന വസ്തുക്കളുടെ വസ്തു നിഷ്ടയാഥാര്‍ത്ഥ്യവുമായി ഒത്തു പോകുന്നുണ്ടോ എന്ന് തീരുമാനിക്കുന്നയിടത്താണ് നാം നമ്മുടെ പ്രവര്‍ത്തന വിജയം ആസ്വദിക്കുന്നത്''എന്ന എംഗലിയന്‍ പ്രസ്താവനക്ക് അതുകൊണ്ട് തന്നെയാണ് കാലികമായ പ്രസക്തി കൈവരിക്കുന്നത്.


(10/02/2014 ലെ സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)