തുര്‍ക്കി ആസ്ഥാനമായ ഇസ്തംബൂളിന്റെ മധ്യത്തിലെ തക്‌സിം ചത്വരം ഇന്ന് മുദ്രാവാക്യങ്ങളാല്‍ മുഖരിതമാണ്. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാറിന്റെ ശ്രമം പരാജയപ്പെടുകയും സമരം കൂടുതല്‍ ജനപിന്തുണയാര്‍ജിക്കുകയും ചെയ്തിരിക്കുന്നു. തഹ്‌രീര്‍ ചത്വരം ഈജിപ്തിന്റെ ചരിത്രത്തെ മാറ്റിയെഴുതിയത് പോലെ തക്‌സീമിനുമാകുമോയെന്നാണ് ലോകം ഇന്ന് ഉറ്റു നോക്കുന്നത്.
ഉര്‍ദുഗാന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാന പ്രകാരം ഉദ്യോഗസ്ഥര്‍ ഇസ്തംബൂള്‍ പട്ടണ മധ്യത്തിലെ ഗാസിം പൂന്തോട്ടം പൊളിച്ചു നീക്കാനെത്തിയതോടെ ആരംഭിച്ച പ്രക്ഷോഭം പുതിയ തലങ്ങള്‍ കൈവരിച്ചിരിക്കുന്നു. പൂന്തോട്ടം പൊളിച്ചു നീക്കി ഷോപ്പിംഗ് മാളുകള്‍ പണിയാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെയാണ് പട്ടണവാസികളായ മധ്യവര്‍ഗസമൂഹം തുടക്കത്തില്‍ രംഗത്തെത്തിയത്. സമരത്തെ പൊലീസ് നിഷ്ഠൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ അതിന്റെ വ്യാപ്തി വര്‍ധിക്കുകയായിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സമരം ശക്തിയാര്‍ജിച്ചിരിക്കുകയാണ്. മധ്യവര്‍ഗ സമൂഹത്തിലെയും ഉപരിവര്‍ഗത്തിലെയും മാത്രം യുവസമൂഹം നടത്തിയിരുന്ന സമരം ഇന്ന് വലിയ ജനപിന്തുണയുള്ള പ്രക്ഷോഭമായി മാറിയിരിക്കുന്നു. ഇസ്തംബൂള്‍ പട്ടണത്തിലെ തക്‌സിം എന്ന ചത്വരം സമരക്കാരാല്‍ നിറഞ്ഞിരിക്കുന്നു. കിടക്കകളും പുതപ്പുകളുമായി ഉള്‍നാടന്‍ വാസികള്‍ പോലും നഗരമധ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് സമീപ ദിവസങ്ങളില്‍ നാം കാണുന്നത്.
തഹ്‌രീറിന്റെ ചുറ്റുവട്ടങ്ങളില്‍ നിന്നു അലയടിച്ചുയര്‍ന്ന പ്രക്ഷോഭം ഈജിപ്തിന്റെ തന്നെ ഭരണമാറ്റത്തിനാണ് ഇടയാക്കിയത്. തുര്‍ക്കിയും സമാനമായ സാഹചര്യങ്ങളിലേക്കാണോ പോയിക്കൊണ്ടിരിക്കുന്നതെന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ജോലി സമയങ്ങളില്‍ ഓഫീസുകളില്‍ ചെന്ന് അത് നിര്‍വഹിക്കുകയും ബാക്കിയുള്ള നേരമത്രയും സമരത്തിനോടൊപ്പം കൂടുകയുമാണ് ഇപ്പോള്‍ തുര്‍ക്കിയിലെ ഒരു വിഭാഗം ആളുകള്‍. മറ്റ് ചിലര്‍ മുഴുവന്‍ സമയവും സമര രംഗത്ത് കഴിച്ചു കൂട്ടുകയാണ്.
പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തങ്ങള്‍ക്ക് ചെയ്തുതന്ന നല്ല കാര്യങ്ങളെ അപ്പാടെ നിഷേധിച്ചുകൊണ്ടല്ല അവര്‍ സമര രംഗത്തുള്ളത്. മറിച്ച് സമീപകാലത്ത് ഉര്‍ദുഗാന്‍ നടപ്പിലാക്കിയ ചില പരിഷ്‌കാരങ്ങളിലെ എതിര്‍പ്പുകളാണ് അവരെ സമരരംഗത്തേക്ക് നയിച്ചിരിക്കുന്നത്. തുര്‍ക്കി ജനത കാലങ്ങളായി തുടര്‍ന്ന് വന്നിരുന്ന സാമൂഹിക ക്രമത്തിലേക്ക് പുത്തന്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിടത്താണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. നഗരങ്ങളിലെ പച്ചപ്പിനെ മുഴുവന്‍ ഇല്ലാതാക്കിയും നഗര മധ്യത്തില്‍ ആകെയുള്ള ഒരേയൊരു പൂന്തോട്ടമായ ഗാസിയെ തകര്‍ത്തും ഷോപ്പിംഗ് മാളുകള്‍ പണിയാനും വിദേശ കുത്തകകള്‍ക്ക് രാജ്യത്ത് യഥേഷ്ടം വിരാജിക്കാനും അവസരം നല്‍കുന്ന തീരുമാനമാണ് തുര്‍ക്കി ജനതയെ പ്രകോപിപ്പിച്ചത്. പച്ചപ്പുകളെ വെട്ടി നശിപ്പിച്ചുകൊണ്ടുള്ള വികസനത്തിന് തങ്ങള്‍ കൂട്ടുനില്‍ക്കില്ലയെന്നതാണ് അവരുടെ പ്രധാന മുദ്രാവാക്യം.
മധ്യവര്‍ഗത്തിലും ഉപരിവര്‍ഗത്തിലുംപെട്ട പഴയ അത്താത്തുര്‍ക്ക് പ്രേമികളുള്‍പ്പെടെയുള്ള മധ്യവയസ്‌കരും ആധുനിക സെക്യുലറിസ്റ്റു യുവാക്കളും സമരസജ്ജരായി തുര്‍ക്കിയുടെ തെരുവോരങ്ങള്‍ കീഴടക്കുകയാണ്. ഇവരെ തീവ്രവാദികള്‍ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചതോടെയാണ് ജനരോഷം ആളിക്കത്തിയത്. ഇന്ന് സാധാരണ ജനങ്ങളിലേക്ക് കൂടി സമരങ്ങള്‍ വ്യാപിച്ചിരിക്കുന്നു. അങ്കാറയുള്‍പ്പെടെയുള്ള തുര്‍ക്കിയുടെ മറ്റ് പട്ടണങ്ങളിലും സമാനമായ സമരങ്ങള്‍ നടക്കുകയാണ്.
ഉര്‍ദുഗാന്റെ പല പരിഷ്‌കാരങ്ങളും സാമ്രാജ്യത്വത്തിന്റെ നിലപാടുകളോട് യോജിപ്പുള്ളതാണെന്നും ജനദ്രോഹ പരമാണെന്നുമാണ് ഇന്ന് തുര്‍ക്കിയിലെ ഒരു വലിയ വിഭാഗം ജനത വിശ്വസിക്കുന്നത്. 2002 ല്‍ ഉര്‍ദുഗാന്‍ മന്ത്രിസഭ അധികാരത്തിലേറിയ ശേഷം രാജ്യത്തെ സര്‍വകലാശാലകളിലും കോളജ് ക്യാമ്പസുകളിലും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ ജീവിതം തന്നെ കാടമായ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരുന്ന തുര്‍ക്കി ജനത അന്ന് വളരെ പ്രയാസപ്പെട്ടാണ് ഈ തീരുമാനങ്ങളെ ഉള്‍ക്കൊണ്ടത്. ഒപ്പം തന്നെ ക്യാമ്പസുകളിലെ റസ്റ്റോറന്റുകളിലും ഫാക്കല്‍റ്റി ക്ലബ്ബുകളിലും അവര്‍ക്ക് വൈന്‍ നുകരാനുള്ള അനുവാദം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതിനും ഉര്‍ദുഗാന്റെ സര്‍ക്കാര്‍ നിരോധം കൊണ്ട് വന്നിരിക്കുകയാണ്. മധ്യവര്‍ഗത്തിലെയും ഉപരിവര്‍ഗത്തിലേയും യുവസമൂഹത്തെ ഈ തീരുമാനം ഏറെ പ്രകോപിതരാക്കിയതും സര്‍ക്കാരിനെതിരെ സമര രംഗത്തിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്തഫാ കമാല്‍ പാഷ അത്താ തുര്‍ക്കിന്റെ കാലഘട്ടത്തോടെ പൂര്‍ണമായും ഇസ്‌ലാമിക മത ചിട്ടകള്‍ക്ക് വിരുദ്ധമായ രീതികള്‍ അവലംബിച്ചിരുന്ന തുര്‍ക്കിയിലെ മധ്യവര്‍ഗത്തിനും ഉപരിവര്‍ഗത്തിനും ഉര്‍ദുഗാന്റെ ഇസ്‌ലാമിക മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പല തീരുമാനങ്ങളും അംഗീകരിക്കാവുന്നതിനും അപ്പുറമായിരുന്നു.
പാശ്ചാത്യ മീഡിയകള്‍ തുര്‍ക്കി പ്രക്ഷോഭത്തെ അറബ് വസന്തവുമായി കൂട്ടി വായിക്കാനുള്ള ശ്രമത്തിലാണ്. അവര്‍ തഹ്‌രീര്‍ ചത്വര സമരത്തെയും തക്‌സീം ചത്വര സമരത്തെയും ചേര്‍ത്തുവായിക്കുന്നു. ഈജിപ്തില്‍ ഭരണമാറ്റം സംഭവിച്ചത് പോലെ തന്നെ തുര്‍ക്കിയിലും ഭരണമാറ്റം സംഭവിച്ചുകൂടായ്കയില്ലെന്നാണ് മിക്ക പാശ്ചാത്യ മീഡിയകളും പ്രചരിപ്പിക്കുന്നത്. ബി ബി സിയാകട്ടെ തുര്‍ക്കി പ്രക്ഷോഭങ്ങളുടെ കിട്ടാവുന്ന മുഴുവന്‍ വാര്‍ത്തകളും ചേര്‍ത്ത് പ്രത്യേക പരിപാടികളാണ് പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നത്.
എന്നാല്‍ അറബ് വസന്തവുമായി തുര്‍ക്കിയിലെ പുതിയ സമരങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് ജീവിത സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്ത മധ്യവര്‍ഗവും ഉപരിവര്‍ഗവും നടത്തുന്ന സമരമാണെന്നും സര്‍ക്കാരിന്റെ സമരക്കാരോടുള്ള ചില സമീപനങ്ങളിലെയും നയങ്ങളിലെയും പ്രശ്‌നമാണ് പ്രക്ഷോഭത്തെ ഈ തലത്തിലേക്ക് എത്തിച്ചതെന്നും ഇസ്തംബൂള്‍ ബോഗാസിച്ചി സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ടൂണാ കുയൂക്കു സാക്ഷ്യപ്പെടുത്തുന്നു. തഹ്‌രീര്‍ ചത്വരം സാക്ഷ്യം വഹിച്ചത് വലിയ ഒരു വിപ്ലവത്തിനാണ്. അത് പ്രധാനമായും ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ഒന്നാകെയുള്ള മുന്നേറ്റമായിരുന്നുവെന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ കുറിച്ചിടുന്നു. എന്നാല്‍ തുര്‍ക്കിയിലെ ക്രമസമാധാന പാലകര്‍ സമരക്കാരെ നേരിട്ടതിനോട് യോജിപ്പില്ലെന്നും ഇത്തരത്തില്‍ ഒരു സമരത്തെയും അടിച്ചമര്‍ത്തുന്നത് ജനാധിപത്യവത്കൃതമായ ഒരു സമൂഹത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. പൊതുവില്‍ സമരക്കാരോട് തുര്‍ക്കി ജനതക്ക് ഇപ്പോഴുള്ള ആഭിമുഖ്യം പൊലീസിന്റെ ക്രൂരമായ നടപടികളാണെന്നും കുയൂക്കു ബ്ലോഗില്‍ കുറിച്ചിടുന്നു.
തുര്‍ക്കിയിലെ സാധാരണക്കാരില്‍ പെട്ട ജനതക്ക് ഇനിയും നീതി കിട്ടിയിട്ടില്ലെന്ന വികാരം ശക്തമാണ്. ഉര്‍ദുഗാന്റെ പതിനൊന്ന് വര്‍ഷത്തെ ഭരണത്തില്‍ തുര്‍ക്കിയിലെ ജനതക്ക് കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ആഗോളതലത്തില്‍ തന്നെ പണക്കാരന്‍ പണക്കാരനായും പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനായും മാറുന്ന പ്രതിഭാസം തുര്‍ക്കിയിലും ആവര്‍ത്തിക്കപ്പെടുകയാണ്. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവനെ അടിച്ചമര്‍ത്തുന്ന ഏകാധിപത്യ ഭരണാധികാരികള്‍ക്ക് തുല്യമായ പ്രവര്‍ത്തിയാണ് ഉര്‍ദുഗാന്‍ നടത്തുന്നതെന്ന വികാരവും തുര്‍ക്കിയില്‍ ശക്തമാണ്.
സാമ്പത്തികമായി തങ്ങള്‍ ഏറെ മുന്നേറിയെന്ന് അവകാശപ്പെടുമ്പോഴും തുര്‍ക്കി ജനതക്കിടയില്‍ കടുത്ത സാമ്പത്തിക അസമത്വമാണ് നിലനില്‍ക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ടാക്‌സി ഡ്രൈവര്‍മാര്‍ തുര്‍ക്കിയിലെ വിവിധ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സമരം നടത്തിയിരുന്നു. തങ്ങളുടെ വേതനം സ്ഥിര സംവിധാനമായി ഉറപ്പിക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നാവശ്യപ്പട്ടായിരുന്നു അന്നവര്‍ സമരം നടത്തിയത്. എന്നാല്‍ തുര്‍ക്കി സര്‍ക്കാറാകട്ടെ ഈ സമരത്തെയും അസഹിഷ്ണുതയോടെയാണ് നോക്കിക്കണ്ടത്. പൊലീസിനെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിച്ച് അന്നവര്‍ ആ സമരത്തെ അടിച്ചമര്‍ത്തി. പുറംലോകമാകട്ടെ ഇതറിഞ്ഞതുമില്ല. കാരണം അത്രക്കായിരുന്നു തുര്‍ക്കി സര്‍ക്കാര്‍ പ്രാദേശിക മാധ്യമങ്ങളുടെ മേല്‍ ചെലുത്തിയ ഭീഷണി.
പുതിയ സംഭവവികാസങ്ങള്‍ വലിയ ഞെട്ടലാണ് യഥാര്‍ത്ഥത്തില്‍ തുര്‍ക്കി സര്‍ക്കാറില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം തുര്‍ക്കി സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനപിന്തുണ പുതിയ സമരത്തിന് ലഭിച്ചിരിക്കുന്നു. നിരവധി തവണ പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടലുകള്‍ നടത്തി.
സര്‍ക്കാറാകട്ടെ രാജ്യത്തിനകത്ത് നടക്കുന്ന പ്രക്ഷോഭത്തെ പാശ്ചാത്യ സൃഷ്ടിയെന്നും, സോഷ്യല്‍ മീഡിയയുടെ സ്വാധീനമെന്നും, സമരക്കാര്‍ക്ക് തീവ്രവാദ പിന്തുണ എന്നൊക്കെ പറഞ്ഞ് നിസ്സാരവത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉര്‍ദുഗാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഈ പല്ലവികള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. പ്രധാനമന്ത്രിയുടെ ഇത്തരം നിസ്സംഗമായ നിലപാടുകളില്ലെങ്കില്‍ നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ച് ആരംഭിച്ച ഇത്തരം പ്രക്ഷോഭങ്ങളെ നിയന്ത്രിച്ച് നിര്‍ത്താനാകുമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ എ കെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഏറെയാണ്.
പുതിയ ഭരണ പരിഷ്‌കാരങ്ങളെ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങള്‍ നിരുപാധികം പിന്‍വലിച്ചുവെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചാല്‍ ഇത്തരം പ്രക്ഷോഭങ്ങളെ മൊത്തത്തില്‍ അവസാനിപ്പിക്കാന്‍ പറ്റുമെന്ന് അഭിപ്രായമുള്ളവരും അദ്ദേഹത്തിന്റെ എ കെ പാര്‍ട്ടിയില്‍ തന്നെയുണ്ട്. നഗരങ്ങളില്‍ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പരിഷ്‌കാരങ്ങളും, നിര്‍മാണങ്ങളും, നിയന്ത്രണങ്ങളും, നഗരപ്രദേശങ്ങളിലെ റോഡരികുകളിലുള്ള മരങ്ങളെയും പൂന്തോട്ടങ്ങളെയും തകര്‍ക്കാനുള്ള തീരുമാനങ്ങളുമെല്ലാം പുനര്‍ പരിശോധിക്കാതെ പിന്നോട്ടില്ലെന്ന വാശിയില്‍ പ്രക്ഷോഭകര്‍ നില്‍ക്കുകയും പുതുതായി എടുത്ത തീരുമാനങ്ങളെ പിന്‍വലിക്കില്ലെന്ന് ദുശ്ശാഠ്യം സര്‍ക്കാര്‍ തുടരുകയും ചെയ്താല്‍ പ്രക്ഷോഭം ഇനിയും കത്തിപ്പടരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇതിന്റേയൊക്കെ ഇടയിലാണ് തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ സിറിയന്‍ വിമതര്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍. നാല് ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ത്ഥികളാണ് നിലവില്‍ തുര്‍ക്കിയിലുള്ളത്. ഇവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്. കഴിഞ്ഞ ആഴ്ച തുര്‍ക്കി അതിര്‍ത്തിയില്‍ നടന്ന സ്‌ഫോടനത്തില്‍ അമ്പതോളം ആളുകളാണ് കൊല്ലപ്പെട്ടത്. ഉര്‍ദുഗാന്റെ സിറിയന്‍ പ്രക്ഷോഭത്തോടുള്ള സമീപനത്തില്‍ വന്ന പിശകാണ് തുര്‍ക്കിഅതിര്‍ത്തിയില്‍ സ്‌ഫോടനം നടത്താന്‍ വിമതരെ പ്രേരിപ്പിക്കുന്നതെന്നാണ് പ്രബലപക്ഷം.
തുര്‍ക്കി സര്‍ക്കാറിന്റെ ഭാഗത്ത് കാര്യമായ വീഴചകള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഇതിനെയൊക്കെ എതിര്‍ത്ത് തോല്‍പിക്കാന്‍ പറ്റിയ ശക്തമായ പ്രതിപക്ഷം ഇല്ലാത്തത് പ്രക്ഷോഭകാരികളെ സമ്മര്‍ദത്തിലാക്കുന്ന ഘടകമാണ്. തുര്‍ക്കിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തില്‍ ഇതുവരെയും പങ്ക് ചേര്‍ന്നിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം ആരോപണമുന്നയിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. അവരുടെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളും മറ്റുമാണ് പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുന്നതില്‍ നിന്നു അവരെ പിന്നോട്ടടിക്കുന്ന ഘടകമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാത്ത പരിതസ്ഥിതിയില്‍ തുര്‍ക്കിയില്‍ ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പ്രക്ഷോഭം എവിടെവരെയെത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയില്ല. പ്രത്യേകിച്ച് പൊലീസ് എന്ത് വിലകൊടുത്തും പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നില്‍ക്കുമ്പോള്‍.
മൊത്തത്തില്‍ ഈജിപ്തിന്റെ ഭരണമാറ്റത്തിന് നാന്ദികുറിച്ച തഹ്‌രീര്‍ ചത്വരത്തിന്റെ പിന്‍ഗാമിയാകാന്‍ തക്‌സീം ചത്വരത്തില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട തുര്‍ക്കി സമരങ്ങള്‍ക്കാവില്ലയെന്നുവേണം വിലയിരുത്താന്‍.
പ്രത്യേകിച്ചും പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന എ കെ പാര്‍ട്ടിയുടെ സര്‍ക്കാറിനെ എതിര്‍ക്കാന്‍ പാകത്തില്‍ ശക്തമായ ഒരു പ്രതിപക്ഷം ഇനിയും തുര്‍ക്കിയില്‍ ഉണ്ടാകാത്തിടത്തോളം കാലം.