Saturday, August 10, 2013

നൈല്‍ ചുവന്നൊഴുകുമ്പോള്‍

ചരിത്രത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളില്‍ നൈല്‍ അങ്ങനെയാണ്. പരന്നൊഴുകുന്ന നൈലിന്റെ തീരത്ത് സത്യാസത്യങ്ങള്‍ ഏറ്റുമുട്ടുമ്പോഴാണ് ചരിത്രത്തിന്റെ താളുകള്‍ക്ക് പ്രസക്തിയുണ്ടാവുന്നത്. മുഴുവന്‍ രക്തവാര്‍പ്പുകളും ഏറ്റുവാങ്ങുന്ന നൈല്‍, പക്ഷേ സത്യത്തിനോടൊപ്പമായിരുന്നു എക്കാലവും. അതുകൊണ്ട് തന്നെ നൈലിന്റെ പുതിയ ചുവന്നൊഴുക്ക് ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുവെങ്കിലും പ്രക്ഷോഭാന്ത്യത്തിലേക്കാണ് ലോകം കണ്ണോടിക്കുന്നത്. മുസ്്‌ലിം ലോകത്തെ ചില ഗതി നിര്‍ണയത്തില്‍ നൈലിന്റെ പങ്ക് നിസ്തുലമായത് കൊണ്ട് തന്നെയാവണം പുത്തന്‍ ചര്‍ച്ചകള്‍ക്ക് അത് സാക്ഷ്യം വഹിക്കുന്നതും.

പ്രക്ഷുബ്ധമായ ഈജിപ്തിന്റെ സമതലങ്ങള്‍ സുപ്രധാന ഘട്ടങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ സന്ധിയില്ലാ സമരത്തില്‍ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ അധികാരത്തിലേറിയവര്‍ വിറക്കുന്ന കാഴ്ചയാണ് സമീപ ദിവസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അമ്പത്തൊന്ന് ശതമാനം വോട്ട് നേടി അധികാരത്തിലേറിയ മുര്‍സിയെ സൈനിക പിന്തുണയോടെ അധികാര ഭൃഷ്ടനാക്കിയത് വെറും രണ്ട് ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്തവര്‍. അതുകൊണ്ട് തന്നെ ബ്രദര്‍ഹുഡും അവരുടെ പാര്‍ട്ടിയും അവരുമായി ചര്‍ച്ചക്ക് തയാറല്ലെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഭരണകൂടത്തെ ഈജിപ്തില്‍ തിരികെ അധികാരത്തിലെത്തിക്കുകയെന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.

ലോകത്ത് സാമ്രാജ്യത്വത്തിന്റെ കുടില തന്ത്രങ്ങളില്‍ മുസ്ലിം ലോകം വീണു പോകുന്നത് ഇത് ആദ്യമൊന്നുമല്ല. അത്തരം തന്ത്രങ്ങള്‍ക്ക് മുന്നില്‍ വീണു പോകാത്തവര്‍ ഒരു പക്ഷേ തുര്‍ക്കിയും ഇറാനും മാത്രമാകണം. അതിന്റേതായ അനന്തരങ്ങള്‍ അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് താനും. ഈജിപ്തില്‍ അമേരിക്കന്‍ താല്‍പര്യം മാത്രമല്ല കാര്യങ്ങള്‍ മാറ്റിമറിച്ചത് എന്ന് വേണം വിലയിരുത്താന്‍. കാരണം ആഗോള സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ലോക പൊലീസെന്ന അമേരിക്കന്‍ പദവി അവര്‍ തന്നെ ഉപേക്ഷിച്ച മട്ടാണ്. നേരിട്ടുള്ള സൈനിക ഇടപെടല്‍ എന്നോ അവസാനിപ്പിച്ച അവര്‍ ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഇടപെടുന്നത് മറ്റു പല രീതികളിലൂടെയുമാണ്. അത്തരത്തിലുള്ള ഇടപെടലുകളാണ് സിറിയ മുതല്‍ ഈജിപ്ത് വരെ കണ്ടുകൊണ്ടിരിക്കുന്നത്.

ഭൂരിപക്ഷ ജനത്തിന്റെ പിന്തുണയോടെ ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ മുര്‍സി സര്‍ക്കാറിനെ എന്തിനാവണം ആളും അര്‍ത്ഥവും നല്‍കി സാമ്രാജ്യത്വ മുന്നണി ഇറക്കിവിട്ടത്. അമേരിക്കന്‍ അഹങ്കാരങ്ങള്‍ അസ്തമിച്ചതോടെ ലോകത്ത് പുത്തന്‍ അധികാര ധ്രുവങ്ങള്‍ രൂപപ്പെടുമെന്ന ആശങ്ക അവര്‍ക്ക് ഉണ്ടാകുക സ്വാഭാവികമാണ്. അത്തരത്തില്‍ രൂപപ്പെടുന്ന മുഴുവന്‍ മുന്നേറ്റങ്ങളെയും തന്ത്രപരമായി ഇല്ലാതാക്കുക എന്നതാണ് നിലവില്‍ അമേരിക്കയും സഖ്യകക്ഷികളും സ്വീകരിച്ചിരിക്കുന്ന രീതി. യഥാര്‍ത്ഥത്തില്‍ അത്തരത്തിലുള്ള ഒരു ഇടപെടലാണ് ഈജിപ്തില്‍ നടന്നതെന്ന വാദത്തിന് ശക്തി പകരുന്നതാണ് നിലവിലെ ആ മേഖലയിലെ അവരുടെ ഇടപെടലുകള്‍.

മുസ്ലിം ലോകം ഒരു മുന്നേറ്റത്തിന്റെ പാതയിലായിരുന്നു. മുല്ലപ്പൂ വിപ്ലവാനന്തര ലോകം എന്ന് നമുക്ക് വിളിക്കാമെങ്കില്‍ അവിടെ ശക്തരായ മുസ്ലിം ഭരണകൂടങ്ങളും രൂപപ്പെട്ടിരുന്നു. അതിനു മുമ്പേ തുര്‍ക്കിയും ഇറാനും മുസ്ലിം ലോകത്തിന് പ്രതീക്ഷകളാണ്. മുല്ലപ്പൂ വിപ്ലവം ഈജിപ്തില്‍ പരിസമാപ്തയായതിന് ശേഷം ലോകത്ത് നടന്ന പ്രക്ഷോഭങ്ങള്‍ ഇല്ലായിരുന്നവെങ്കില്‍ എന്നൊന്ന് സങ്കല്‍പിച്ചു നോക്കാം. എങ്കില്‍ അവിടെ നമുക്ക് ലിബിയയിലെ ശക്തനായ നേതാവ് ഗദ്ദാഫിയെ കൂടി കൂട്ടിന് ലഭിക്കുമായിരുന്നു. സിറിയയിലെ പ്രക്ഷോഭങ്ങളില്ലായിരുന്നവെങ്കില്‍ ബശ്ശാറിനെയും. അങ്ങനെയെങ്കില്‍ അള്‍ജീരിയയും സിറിയയും ലബനാനും ഈജിപ്തും തുര്‍ക്കിയും ഇറാനും സഊദിയും ഉള്‍ക്കൊള്ളുന്ന ശക്തമായ മുസ്ലിം ലോകം. അവര്‍ക്ക് പിന്തുണയുമായി തെക്കനേഷ്യയിലെ മുസ്്‌ലിം ജനസാമാന്യവും കൂടിയാകുമ്പോള്‍ ചിത്രം വ്യക്തമാകും. ശക്തമായ ഇസ്്‌ലാമിക ധ്രൂവം ലോകത്ത് രൂപപ്പെട്ടേനെ. അങ്ങനെയെങ്കില്‍ അവര്‍ ആദ്യം ഉന്നയിക്കുന്ന ആവശ്യം ഫലസ്തീനായിരിക്കും. അവിടെയാണ് സംഭവങ്ങളുടെ കാതല്‍ കുടികൊള്ളുന്നത്. ആ തരത്തില്‍ ഒരു ശക്തമായ ചേരിയുടെ മുമ്പില്‍ ഇസ്രാഈല്‍ എന്ന ഭീകര രാഷ്ട്രത്തിന് വഴങ്ങിക്കൊടുക്കാതിരിക്കുക സാധ്യമല്ലാതെ വരികയും ഫലസ്തീന്‍ എന്നത് സ്വതന്ത്ര രാജ്യമായി അംഗീകരിക്കേണ്ടി വരികയും ചെയ്‌തേനെ. ഇവിടെയാണ് സയണിസത്തിന്റെ മൊത്തം മൂര്‍ത്തീമത് ഭാവങ്ങളും ആവാഹിച്ച് അമേരിക്കന്‍ സാമ്രാജ്യ മുക്കൂട്ടു മുന്നണിയെ കൂട്ടു പിടിച്ച് ഇസ്രാഈല്‍ ഇടപെട്ടത്. ലിബിയയിലെ മുഴുവന്‍ പൗരന്‍മാര്‍ക്കും വീട് നിര്‍മിച്ച് നല്‍കാതെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങില്ലെന്ന് പ്രതിജ്ഞയെടുത്ത് അത് നടപ്പിലാക്കിയ ഗദ്ദാഫിയെ അവര്‍ ആളും അര്‍ത്ഥവും നല്‍കി ഈ ലോകത്ത് നിന്ന് തന്നെ ആട്ടിപ്പായിച്ചത് മുതല്‍ സിറിയയിലും ഈജിപ്തിലും തുര്‍ക്കിയിലുമൊക്കെയുള്ള പ്രക്ഷോഭങ്ങള്‍ യഥാര്‍ത്ഥത്തില്‍ സയണിസ്റ്റ് അജണ്ടയായിരുന്നില്ലേഎന്നത് മുസ്ലിം ലോകം തിരിച്ചറിഞ്ഞ് വരുന്നതേയുള്ളു.

ഈജിപ്തില്‍ പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് അമേരിക്ക മുന്‍കൈയെടുത്ത് ഫലസ്തീന്‍ അതോറിറ്റിയെ ചര്‍ച്ചക്ക് വിളിച്ചത് എന്നിടത്താണ് കാര്യങ്ങളുടെ യഥാര്‍ത്ഥ വശം കിടക്കുന്നത്. ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫലസ്തീനുമായി ഇസ്രാഈല്‍ ചര്‍ച്ചക്ക് തയാറാകുന്നതും അമേരിക്ക അതിന് മുന്‍കൈയെടുക്കുന്നതും. കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നടന്ന ചര്‍ച്ച തികച്ചും ഏകപക്ഷീയമായിരുന്നുവെന്ന് വേണം വിലയിരുത്താന്‍. ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഫലസ്തീന്‍ അതോറിറ്റി പ്രതിനിധി പറഞ്ഞ വാക്കുകള്‍ തന്നെ ഉദാഹരണം. ഇതായിരുന്നു അദ്ദേഹം പറഞ്ഞത്: ഞങ്ങളുടെ ജനത കഴിഞ്ഞ അറുപത് വര്‍ഷത്തിലധികമായി അനുഭവിക്കേണ്ട ദുരിതങ്ങളുടെ പരമാവധി അനുഭവിച്ചു കഴിഞ്ഞു. ഇനിയും കൂടുതല്‍ ദുരിതത്തിലേക്കാണ് ഈ ചര്‍ച്ചകളെങ്കില്‍ അതില്‍ യാതൊരു അര്‍ത്ഥവും കാണുന്നില്ല.
രണ്ട് മണിക്കൂറിലധികം ഇരുവിഭാഗവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇസ്രാഈല്‍ ആകെ ആവശ്യപ്പെട്ടത് യു.എന്‍ അംഗീകാരം നേടിയ ശേഷം ലോകാടിസ്ഥാനത്തില്‍ ഫലസ്തീന്‍ അതോറിറ്റി നടത്തിവരുന്ന ഇസ്രായേല്‍ വിരുദ്ധ ക്യാംപയിന്‍ അവസാനിപ്പിക്കണമെന്നതാണ്. ഫലസ്തീന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പ്രചാരണങ്ങള്‍ കാരണമായി യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ പോലും ഇസ്രാഈല്‍ സാധന സാമഗ്രികള്‍ക്ക് വിലയിടിഞ്ഞിരിക്കുകയാണ് പോലും. യഥാര്‍ത്ഥത്തില്‍ ഫലസ്തീന് ഇത്തരത്തില്‍ ക്യാംപയിന്‍ നടത്താനും മറ്റുമുള്ള ധാര്‍മിക പിന്തുണയും മറ്റും നല്‍കിയിരുന്നത് സഊദിയും തുര്‍ക്കിയും ഈജിപ്തുമായിരുന്നുവെന്നതും കൂടി ചേര്‍ത്ത് വേണം പ്രക്ഷോഭ - ചര്‍ച്ചാ വികാസങ്ങളെ വിലയിരുത്താന്‍. അപ്പോള്‍ മുസ്്‌ലിം ലോകത്തിന്റെ ധാര്‍മിക പ്രശ്‌നമായി ഫലസ്തീന്‍ വളര്‍ന്നിരിക്കുന്നവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുസ്്‌ലിം ലോകത്തെ മുന്നേറ്റങ്ങളെ ഭയക്കുന്ന സയണിസത്തിന് കഴിഞ്ഞ ചര്‍ച്ചകളില്‍ മേല്‍ക്കൈ ലഭിക്കാനുള്ള കാരണം മുസ്ലിം ലോകത്ത് നിന്ന് ഫലസ്തീന് വേണ്ടി ശക്തമായി ശബ്ദമുയര്‍ത്തേണ്ടവരൊക്കെ സ്വന്തം നിലനില്‍പിനായി അവരവരുടെ നാടുകളില്‍ പ്രക്ഷോഭത്തിലായിരുന്നുവെന്നത് തന്നെയാണ്.

എഡ്വേര്‍ഡ് സെയ്ദ് 1998 കളില്‍ തുടര്‍ച്ചയായി ലോകത്തോടു പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുക്കേണ്ടിയിരിക്കുന്നു: ''സാമ്രാജ്യത്വ പ്രതിലോമ ശക്തികളെ കൂട്ടുപിടിച്ച് ഒരു രാജ്യത്ത് കൈയേറ്റം നടത്തിയ ശേഷം നക്കാപ്പിച്ച ഭൂമി വിട്ടു നല്‍കാമെന്ന വാഗ്ദാനം എന്തിനാണ്. ഫലസ്തീന് വേണ്ടത് ആരുടേയും ഔദാര്യമല്ല അവകാശമാണ്. സ്വന്തം നീതിയാണ്; ഭൂമിയാണ്. ചര്‍ച്ചകള്‍ ഇസ്രാഈലിന് വേണ്ടി മാത്രമാണെങ്കില്‍ അതങ്ങ് നടത്തിയാല്‍ പോരെ. എന്തിന് ഞങ്ങളെ വിളിക്കണം. അപമാനിക്കാനോ അവഹേളിക്കാനോ. രണ്ട് സ്വതന്ത്ര രാജ്യങ്ങളാക്കാമെന്ന് വാഗ്ദാനം നല്‍കുമ്പോഴും നഷ്ടം ഫലസ്തീനല്ലേ. ഇനിയും ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ ഗാസയില്‍ നിന്ന് റാമല്ലയിലേക്കും തിരിച്ചും യാത്ര ചെയ്യണോ. സാധ്യമല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്തൂടെ സ്വതന്ത്രമായി യാത്രചെയ്യുവാനുള്ള അവകാശം ലഭിക്കാത്തിടത്തോളം കാലം, സയണിസ്റ്റ് മതില്‍ക്കെട്ടുകള്‍ പൊളിച്ചു മാറ്റാത്തിടത്തോളം കാലം ഞങ്ങള്‍ സ്വതന്ത്രരല്ല. ചര്‍കച്ചളില്‍ യാതൊരു അര്‍ത്ഥവുമില്ല''.

ഇതാണ് ഫലസ്തീന്റെയും ലോകത്തിന്റെയും ഇന്നത്തെയും എന്നത്തെയും മനസ്സ്. ഇത് കൃത്യമായി മനസ്സിലാക്കിയ  സയണിസ്റ്റു ഭീകരരാണ് യഥാര്‍ത്ഥത്തില്‍ അറബ് വസന്തത്തിന് ചുവന്ന നിറം നല്‍കിയത്; നൈലിനെ രക്തവര്‍ണമാക്കിയത്. പക്ഷേ ലോകം ശുഭപ്രതീക്ഷയിലാണ്. നൈലിന്റെ തീരങ്ങളില്‍ സത്യത്തിന്റെ കാറ്റടിച്ച് വീശുന്ന നാളിനായി അന്ന് കുടില തന്ത്രക്കാര്‍ പക്ഷേ ചര്‍ച്ചകള്‍ക്കായി അപ്പുറത്തു നില്‍ക്കുക തലകുനിച്ചു മാത്രമാകും. തീര്‍ച്ച........അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചക്കെത്തിയ ഫലസ്തീന്‍ അതോറിറ്റി പ്രതിനിധി സഈബ് ഇറക്കത്തും ഇസ്രായേല്‍ പ്രതിനിധി സിപ്പി ലിവിനിയും വാര്‍ത്താ സമ്മേളനത്തിന് ശേഷം സൗഹൃദം പങ്ക് വെക്കുന്നു.
5 comments: