Monday, December 31, 2012

മുടിയുന്ന ലോകം, പിടയുന്ന മനം



മുടിയുന്ന ലോകം
പിടയുന്ന മനം
എന്തിനോ വേണ്ടി 
അലയുന്ന ജന്മങ്ങള്‍
ഇടയില്‍പ്പെട്ട് ഞാനും 
അലയുന്നിതെന്തിനോ
ശുഭാശംസകള്‍ നേരാനിന്ന് 
എന്‍ മനം മടിക്കുന്നു
പൊലിഞ്ഞു പോയൊരാ
ജ്യോതിതന്‍ ആത്മാവിന്ന്
നിത്യശാന്തി നേരുന്നു
പിടയുന്ന മനമേ 
സ്വസ്ഥമായുറങ്ങൂ



Friday, December 21, 2012

സാത്താനെ കണ്ടപ്പോ

I met the Satan
to bargain my soul away.
He said, “it’s fake.”

by
maythil Radhakrishnan.


ആത്മാവിന് വിലപേശാന്‍
സാത്താനെ കണ്ടപ്പോ
വ്യാജമാണ് പോല്‍, വ്യാജം




Saturday, December 15, 2012

ചെറുപുഞ്ചിരി





സന്തോഷങ്ങളും സങ്കടങ്ങളും 
ഇടവ്യത്യാസമില്ലാതെ 
പങ്കുവെക്കപ്പെടുമ്പോള്‍
ലോകത്തിന്റെ 
വിവിധ തലങ്ങളിലിരുന്ന് 
ആത്മഹര്‍ഷം കൊള്ളുന്നവര്‍ 
ചെറുപുഞ്ചിരി  വിടര്‍ത്തുന്നു

Wednesday, December 5, 2012

തമസ്‌കരണം






സമൂഹം ഒരു കസേരക്ക് ചുറ്റും കറങ്ങുകയും കൈകള്‍ അതിന്റെ രചനാ ദൗത്യം നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ അവന്റെ ലോകത്തെ നിര്‍ണയിക്കുന്നത് ഒരു ചെറുവൃത്തത്തിനകത്തായിത്തീരുന്നു. ഒരര്‍ഥത്തില്‍ ലോകം അവന്റെ ആ വൃത്തത്തിനുള്ളിലേക്കോ അവന്‍ ആ വൃത്തത്തിനുള്ളിലേക്ക് ലോകത്തെയോ ആവാഹിക്കുകയാണ്. ഈ ആവാഹന യാത്രകളില്‍ മനസ്സും ചിന്തകളും സഞ്ചരിക്കുയും അവന്റെ സന്തോഷവും സങ്കടവും അതിന് ചുറ്റുമാകുകയും ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ സമീപസ്ഥമായ ഒരു ലോകത്തെ തമസ്‌കരിക്കുയോ മറന്നു പോകുകയോ ചെയ്യുകയാണ്.




തലക്കു മീതേ ശൂന്യാകാശം 
താഴേ മരുഭൂമീ 
തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍
ദാഹ ജലം തരുമോ....



Thursday, November 15, 2012

ഗസ്സ തേങ്ങുന്നു വീണ്ടും




ഗസ്സ തേങ്ങുന്നു വീണ്ടും
നിണമുടുപ്പിട്ട
പിഞ്ചു പോരാളികള്‍ 
ചോരയില്‍ കുളിക്കും
യുവ പോരാളികള്‍
വീര്യം ചോരാത്ത
മധ്യവയസ്‌ക നേതാക്കളും
കാഴ്ച്ചക്കാരനാം ഗസ്സ നീ
വീണ്ടും തേങ്ങുകയാണല്ലോ
പോരാളി സഹോദരന്‍ തന്‍
മൃതദേഹവും ചുമലേറ്റി
തെരുവില്‍ ആണയിട്ടു
കരയും ചെറുപോരാളി തന്‍ 
കയ്യിലെ കല്ലുകള്‍ക്ക് നീ
ശക്തി നല്‍കണേ നാഥാ
കരയുന്ന ഉമ്മമാര്‍ തന്‍ 
കണ്ണീരു കാണുന്ന നാഥാ
പ്രതിരോധം തീര്‍ക്കാന്‍
പോരാളികള്‍ക്ക് നീ
കൂട്ടായി നീല്‍ക്കണേ അ്ല്ലാഹ്
ഫിലസ്തീനിന്‍ പോരാളിയോടാ
കല്ല് വിളിച്ചോതും ദിനത്തിനായ്
തന്റെ പിന്നിലൊരു ജൂതനുണ്ട്
വരൂ കൊന്നിട്ടു പോകൂ 
എന്ന് വിളിച്ചോതും ദിനത്തിനായ് 
കാത്തിരിക്കുന്നു ലോകം
ഗസ്സ നീ തേങ്ങേണ്ട 
അന്തിമ വിജയം നിനക്കു തന്നെ....








ശുഭരാത്രി

\

രാത്രികള്‍ കാഴ്ചകളുടെ ആഘോഷങ്ങളാണ് 
ശുഭമോ അശുഭമോ ആയ കാഴ്ചകള്‍
കിടക്കയോടുള്ള സല്ലാപത്തിനടയിലേക്ക് 
കയറി വരുന്ന സ്വപ്‌നാടനങ്ങള്‍
യഥാര്‍ഥത്തില്‍ നമുക്ക് സമ്മാനിക്കുന്നത്
സ്വപ്‌നോത്സവങ്ങളാണ്. 
അത് ചിലപ്പോള്‍ കറുത്തതാവും
ചിലപ്പോള്‍ വെളുത്തും 
ചിലപ്പോള്‍ ശൂന്യവുമായിരിക്കും
ശുഭ രാത്രിയെന്ന ആശംസകള്‍ തന്നെ അസ്ഥാനത്താണ്

എങ്കിലും സുഹൃത്തേ
 ശുഭരാത്രി നേരുന്നു...........

Thursday, November 1, 2012

നവമ്പര്‍ ഒന്നിന്റെ പ്രത്യേകതയെന്താ ചേട്ടാ????........


നവമ്പര്‍ ഒന്നിനെ പ്രഭാതം എന്നെ വിളിച്ചുണര്‍ത്തിയപ്പോള്‍  മനസ്സിലേക്ക് ആദ്യം തന്നെ ഓടിയെത്തിയത് ഇന്നെങ്കിലും ഈ നഗരത്തില്‍ മലയാളിത്തനിമയുള്ള കൊച്ചമ്മമാരേയും തരുണീ മണികളേയും കാണാമല്ലോ എന്നാണ്. എം എല്‍ എ ഹോസ്റ്റലിലെ പ്രഭാത ഭക്ഷണവും കഴിച്ച് പുറത്തേക്കിറങ്ങിയതും ആദ്യം കണ്ടത് ഒരു സഹ മാധ്യമ പ്രവര്‍ത്തകയെ. വേഷം ജീന്‍സും ടോപ്പും. സൗമ്യമായ ഭാഷയില്‍ അവളോട് ചോദിച്ചു ഇന്ന് നവമ്പര്‍ ഒന്നല്ലേ എന്തേ ഒരു സാരിയുടുത്തു കൂടാ. ഉടന്‍ വന്നു ഞെട്ടിക്കുന്ന മറുപടി നവമ്പര്‍ ഒന്നിന് വല്ല പ്രത്യേകതയുമുണ്ടോ എന്ന്... ഹമ്മേ ഇവളെത്തന്നെ വേണം അടുത്ത കേരള മങ്കയായി തിരഞ്ഞെടുക്കാന്‍...
സെക്രട്ടറിയേറ്റ് പടിക്കലെ സമരങ്ങള്‍ കാണാനായി പോയി അവിടെയും പ്രതീക്ഷ സര്‍ക്കാരിന്റെ ഉത്തരവിലായിരുന്നു. കഴിഞ്ഞ അച്ചുമ്മാന്‍ സര്‍ക്കാര്‍ ആഴ്ചയിലൊരിക്കലെങ്കിലും ഖദര്‍ ധരിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. കൂടാതെ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മ്യൂസിയത്തിനുള്ളിലും വെണ്‍കല്ലില്‍ അക്കാര്യം കൊത്തി വെക്കുകയും ചെയ്തു. ഇപ്പോള്‍ അതൊക്കെ ഓര്‍ത്തെടുക്കാന്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് തന്നെ സമയമില്ലാന്ന് തോന്നുന്നു. എന്തായാലും പ്രതീക്ഷയോടെ സെക്രട്ടറിയേറ്റിലേക്ക് ചെന്ന എനിക്ക് അവിടവും നല്‍കിയത് നിരാശയുടെ കാഴ്ചകളായിരുന്നു. കൊച്ചമ്മമാര്‍ അണിഞ്ഞൊരുങ്ങി കഥകളിയിലെ കത്തിവേഷങ്ങള്‍ ഇടാറുള്ള ചായങ്ങളും മുഖത്തെടുത്ത് പൂശിയാണ് വന്നേക്കുന്നത്. അങ്ങിനെ കത്തി വേഷധാരികളായ കുറേ കൊച്ചമ്മാമാരുടെ മുന്നില്‍ ഈ സുദിനത്തില്‍ നല്ല നമസ്‌കാരം പറഞ്ഞ് കൊണ്ട് ഞാനെന്റെ ദൈനം ദിന വാര്‍ത്താ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപൃതനായി.
ഇന്നത്തെ തലമുറയെ മലയാളം മറക്കാന്‍ പഠിപ്പിച്ചത് പാശ്ചാത്യന്‍ സംസ്‌കാരമാണ് ഏറ്റവും നല്ലതെന്ന് ധരിച്ച് വശായ കുറേ മംഗ്ലീഷ് കൊച്ചമ്മമാരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇനിയെങ്കിലും മാതൃഭാഷയെ സ്‌നേഹിക്കാനും മാതൃസംസ്‌കാരത്തോട് കൂറു പുലര്‍ത്താനും നമുക്ക് കഴിഞ്ഞില്ലെങ്കില്‍ നമ്മെ നമ്മുടെ ഭാഷയെ കൊല്ലുന്നതിന് കൂട്ടു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ എണ്ണപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ദാ ഇപ്പോള്‍ ഒരു മലയാള സര്‍വകലാശാലയും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. മലയാളി ഇനിയെങ്കിലും മലയാളം പഠിക്കുകയും മലയാള സംസ്‌കാരം കാത്തു സൂക്ഷിക്കുമെന്നും പ്രതീക്ഷിക്കാം.
വിശ്വമലയാള മഹോത്സവം എന്ന് കൊട്ടിഘോഷിച്ച്് നടത്തിയ പരിപാടിയിലും പോയി നോക്കി അവിടെയും കുറേ സ്്റ്റാര്‍സിംഗര്‍ രഞ്ജിനി മോഡല്‍ കുട്ടികളേ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. ഇനി ഇവരോടും നിങ്ങള്‍ക്ക് മലയാളവും ഇന്നത്തെ ദിനത്തിന്റെ പ്രത്യേകതയും അറിയുമോ എന്ന് ചോദിച്ച് കുടുങ്ങണ്ടാ എ്ന്ന് കരുതി മഹോത്സവത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്കൊരുക്കിയ 13 തരം കൂ്ട്ടുകറികളും 4 തരം പായസവും ചേര്‍ത്ത് ഒന്നാന്തരം ഊണും കഴിച്ച് വേദിയോട് വിടപറഞ്ഞു.


(ഇനി ഇത്രേം എഴുതിയതിന് എന്നെ ഒരു സ്ത്രീ വിരുദ്ധനായി ആധുനിക കൊച്ചമ്മമാര്‍ ചിത്രീകരിക്കുമോ എന്നറിയില്ല. എന്നാലും മനസ്സില്‍ തോന്നിയത് കുറിക്കാതിരിക്കാനാവുന്നില്ല)

 ഇതാണ്  ഗൂഗിളമ്മായി തന്ന മലയാളി മങ്കകളുടെ പടങ്ങള്‍








Monday, October 29, 2012

ഓര്‍മയിലേക്കോടിയെത്തുന്നുവെന്‍ വിദ്യാലയം


ഒരു വട്ടം കൂടി ആ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം..
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം....
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..









Saturday, October 27, 2012

ഈദ് മുബാറക്........

ഇബ്രാഹീം നബിടെയും ഇസ്മാഈല്‍ നബിയുടേയും ത്യാഗസ്മരണകള്‍ തൊട്ടുണര്‍ത്തിക്കൊണ്ട് ഒരു ബലിപെരുന്നാള്‍ കൂടി വന്നണഞ്ഞിരിക്കുന്നു.
ലോകത്തിന്റെ നാനാ ദിക്കുകളില്‍ കഷ്ടതയനുഭവിക്കുന്ന, ദാരിദ്ര്യത്തിന്റെ ദിനങ്ങള്‍ മാത്രം പരിചയമുള്ള ഒരു വലിയ വിഭാഗത്തോടുള്ള ഐക്യദാര്‍ഢ്യമാകട്ടെ ഈ പെരുന്നാള്‍....
സ്വന്തം ഭവനങ്ങളില്‍ സ്വസ്ഥമായി അന്തിയുറങ്ങാന്‍ പോലു കഴിയാത്ത് ഫിലസ്തീനിലെ പോരാളികളായ സഹോദരങ്ങളോടുള്ള അവരുടെ ചെറുത്തു നില്‍പിനോടുള്ള ഐക്യദാര്‍ഢ്യമാകട്ടെ ഈ പെരുന്നാള്‍.......
അധിനിവേശ കാപാലികര്‍ വിതച്ച മൈനുകളില്‍ ജീവിതം ഒടുങ്ങുന്ന ഇറാഖിന്റെ പിഞ്ചോമനകളോടുള്ള ഐക്യദാര്‍ഢ്യമാകട്ടെ ഈ പെരുന്നാള്‍......
സ്വാര്‍ത്ഥ താത്പര്യത്തിന്റെ പേരില്‍ അമേരിക്കന്‍ കാപാലികര്‍ നശിപ്പിച്ച് ചരിത്ര ഭൂമിയായ അഫ്ഗാനിലെ മനഷ്യരോടുള്ള ഐക്യദാര്‍ഢ്യമാകട്ടെ ഈ പെരുന്നാള്‍....................
വംശീയതയുടെ പേരില്‍ സ്വന്തം ഭവനങ്ങളില്‍ നിന്നും ആട്ടിയിറക്കപ്പെടുന്ന മ്യാന്‍മറിലെ ജനതയോടുള്ള ഐക്യദാര്‍ഢ്യമാകട്ടെ ഈ പെരുന്നാള്‍........
ചോരയൊഴുകുന്ന സിറിയയിലും, ലെബനോനിലും, വെടിയോച്ചകള്‍ ഇനിയും നിലച്ചിട്ടില്ലാത്ത ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും സ്വാതന്ത്ര്യത്തിനായി പോരാടുന്നവരോടുള്ള ഐക്യദാര്‍ഢ്യമാകട്ടെ ഈ പെരുന്നാള്‍.................
സ്വന്തം ഭവനങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് നരകയാതനകള്‍ അനുഭവിക്കുന്ന ഉറ്റവരെ നഷ്ടപ്പെട്ട് ആരും സഹായിക്കാനില്ലാതെ ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ കഷ്ടതകള്‍ അനുഭവിക്കുന്ന അസമിലെ സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യമാകട്ടെ ഈ പെരുന്നാള്‍..........................

മര്‍ദകരുടെയും, പീഢകരുടേയും, അക്രമകാരികളുടേയും കരങ്ങളാല്‍ നിസ്സഹയാരായി കഴിയുന്ന ലോകത്തെ മുഴുവന്‍ മനുഷ്യരുടേയും നിസ്സഹായതക്കുമുന്നില്‍ പ്രാര്‍ഥനാപൂര്‍വം ഈ പെരുന്നാള്‍ സുദിനത്തില്‍ കണ്ണീരില്‍ കുതിര്‍ന്ന ഐക്യദാര്‍ഢ്യം..................
അല്ലാഹു അക്്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.........
ഈദ് മുബാറക്........

Tuesday, September 25, 2012

ബഷീറിയന്‍ ജീവിതം




ഉറക്കമുണര്‍ന്നു പക്ഷേ 
പുതപ്പിനടിയില്‍ ഒരു സുഖം
ഒട്ടിയ വയറ് ആഹാരം ചോദിക്കുന്നു
കീശയില്‍ കാശിരുന്നിട്ടും
ആലസ്യത്തിന്റെ കാഠിന്യം
കിടക്കവിടാന്‍ അനുവദിക്കുന്നില്ല
ഞാന്‍ ബഷീറിയന്‍ ജീവിതം ആസ്വദിക്കുകയാണ്




ധിം ധരികിട തോം...........



കോളജിലെ ആദ്യ ദിനം അവധിയായിരുന്നു..
ക്ലാസ് മുറി പരതുന്നതിനിടെ കേട്ടത് കൂട്ടമണി.
ഏതോ വിദ്യാര്‍ഥി മരിച്ചു. 
അതിന്റെ അവധി 
സ്വാതന്ത്ര്യത്തിന്റെ ആദ്യദിനം ധന്യമാക്കിയത് 
'ധന്യ'യിലെ ധിം ധരികിട തോം.
മൂന്നു വര്‍ഷം നീണ്ട പഠിപ്പിന്റെ ഫലവും 
മറിച്ചായിരുന്നില്ല. ധിം ധരികിട തോം.

Tuesday, September 4, 2012

മറക്കാനാകുമോ പൂക്കോട്ടൂരിന്റെ സമരാവേശം


പൂക്കോട്ടൂര്‍ യുദ്ധം മനസ്സിലെത്തുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. വെള്ളക്കാരനെ വിറളി പിടിപ്പിച്ച മാപ്പിളമാരെക്കുറിച്ച് കൂടുതലെഴുതിയത് ബ്രിട്ടീഷുകാരായിരുന്നു. മാപ്പിളമാരുടെ കഥ പറഞ്ഞു കൊണ്ടാണ് കുഞ്ഞു മക്കളെ ഭയപ്പെടുത്തിയിരുന്നതും. പൂക്കോട്ടൂരില്‍ നടന്ന മാപ്പിള സമരത്തെ യുദ്ധം എന്ന് വിളിച്ചതും ബ്രിട്ടീഷുകാരാണ്. മാപ്പിളമാരെ ധീരദേശാഭിമാനികളായി വാഴ്ത്താന്‍ മടിച്ച ദേശീയ കോണ്‍ഗ്രസ് നേതാക്കന്മാരും കങ്കാണിപ്പണിക്കാരായ ചരിത്രകാരന്മാരും കണ്ണാടിക്കൂട്ടിലിരുന്ന് ചരിത്രമെഴുതിയപ്പോള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി മലബാറിലെ പോര്‍ക്കളങ്ങളില്‍  മരിച്ചുവീണ മാപ്പിളമാരെ മറന്നുപോയി. പുത്തന്‍ തലമുറയിലെ മാപ്പിളമാര്‍ക്കും ആ രക്തസാക്ഷികളെ വേണ്ടാതായിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളും സാമ്രാജ്യത്വത്തിന്റെ അനിഷ്ടം ഭയന്ന് ആ സമരങ്ങളെയൊക്കെ അവഗണിച്ചു. പൂക്കോട്ടൂരിലെ കോണ്‍ഗ്രസ് ഖിലാഫത്ത് പ്രവര്‍ത്തകരായിരുന്ന വടക്കേ വീട്ടില്‍ മമ്മദ്, പള്ളിയാലി ഉണ്ണിമൊയ്തു, കാരാട്ട് മൊയ്തീന്‍കുട്ടി ഹാജി, കറുത്തേടത്ത് കൊടാംപറമ്പില്‍ അലവി, പാറാഞ്ചേരി കുഞ്ഞറമുട്ടി,  ചെറിയ കുഞ്ഞാലന്‍ തുടങ്ങിയവരുടെ വീര കഥകള്‍ മറക്കാന്‍ ദേശാഭിമാനികള്‍ക്കാകില്ല.
നിലമ്പൂര്‍ കോവിലകത്തിന്റെ കീഴിലായിരുന്നു തെക്കേ മലബാറിലെ കൃഷി ഭൂമി മിക്കതും. കോവിലകത്തിന്റെ ശാഖയാണ് തച്ചറക്കല്‍ തിരുമുല്‍പ്പാടിന്റെ പൂക്കോട്ടൂരെ കോവിലകം. അവിടുത്തെ കാര്യസ്ഥനാണ് മമ്മദ്. മമ്മദ് തന്നെയാണ് ഖിലാഫത്തിന്റെ മാനേജറും. കോവിലത്തുകാരൊക്കെ ബ്രിട്ടീഷ്ഭക്തമാര്‍. ഇവരുടെ ഔദാര്യവും കാത്തുകഴിയുന്ന കാണക്കുടിയന്മാരായിരുന്നു മാപ്പിളമാരും താണ ജാതിക്കാരും. മാപ്പിളമാര്‍ കുടിയാന്മാരായ  ഹിന്ദുക്കളെപ്പോലെ പഞ്ചപുച്ഛമടക്കിക്കഴിയുന്നവരായിരുന്നില്ല.  ജന്മിമാരെ എതിര്‍ക്കുന്നത് പാപമാണെന്ന് അവര്‍ കരുതിയതേ ഇല്ലെന്ന് മാത്രമല്ല; അക്രമികളായ ജന്മിമാരെ അടിച്ചമര്‍ത്തണമെന്ന് കൂടി അവര്‍ വിശ്വസിച്ചു. മമ്പുറം തങ്ങളുടെ കാലത്തും അതിനു ശേഷവും ജന്മിയുടെ അക്രമങ്ങള്‍ക്കെതിരെ സമരം നയിച്ച മാപ്പിള പാരമ്പര്യത്തില്‍ ആകൃഷ്ടരായാണ് താണ ജാതിക്കാര്‍ കൂട്ടമായി ഇസ്‌ലാമിലേക്ക് വന്നത്. അങ്ങനെയാണ് മലബാറില്‍ കര്‍ഷകരായ മാപ്പിളമാരുടെ എണ്ണം വര്‍ധിക്കുന്നത്. വടക്കേ വീട്ടില്‍ മമ്മദിന്റെ മനസ്സിലും ബ്രിട്ടീഷ് വിരോധം നാമ്പെടുക്കുന്നത് അങ്ങനെയാണ്. പടച്ച തമ്പുരാന്റെ ശത്രുവാണ് വെള്ളക്കാരന്‍ എന്ന് ഹിന്ദുവും മുസല്‍മാനും ശരിക്കും തിരിച്ചറിഞ്ഞിരുന്നു.


മഞ്ചേരിക്കാരന്‍ ഒരു പട്ടര് പൂക്കോട്ടൂരിലെ എട്ട് തറയില്‍ ഒരു കുടിയാനെ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചപ്പോള്‍ അതിനെതിരെ മമ്മതിന്റെ നേതൃത്വത്തില്‍ കുടിയാന്‍ സംഘം തന്നെ രൂപവത്കരിച്ചിരുന്നു. ഒഴിപ്പിച്ചെടുത്ത ഭൂമി പാട്ടത്തിന് കൊടുക്കാന്‍ കോവിലകത്തെ ചിന്നനുണ്ണി തമ്പുരാനും കൂട്ടരും ശ്രമിച്ചപ്പോള്‍ കുടിയാന്‍ സംഘം സമ്മതിച്ചില്ല. പേരാപ്പുറം അയമുട്ടി, കൊല്ലറമ്പത്ത് മായിന്‍ കുട്ടി, കടമ്പോട്ട് മമ്മുട്ടി തുടങ്ങിയ പ്രമാണിമാരും തമ്പുരാനൊപ്പമുണ്ടായിരുന്നു. ജന്മിക്കെതിരെ നടന്ന പോരാട്ടത്തില്‍ വിജയിച്ച മമ്മദ്, ബ്രിട്ടീഷ് ഭക്തന്മാരുടെ കണ്ണില്‍ കരടായി. കുടിയാന്മാരായ സാധാരണക്കാര്‍ മമ്മദിന്റെ പക്ഷത്ത് വന്നതോടെ പൂക്കോട്ടൂരില്‍ സമരാവേശം  ആളിക്കത്തി. 1921 ജനുവരി 23ന് ഉള്ളാട്ട് പള്ളിയാലില്‍ നടന്ന പൂക്കോട്ടൂര്‍ ഖിലാഫത്ത് സമ്മേളനം കെങ്കേമമായി. യോഗത്തില്‍ അധ്യക്ഷത വഹിച്ചത് പൊന്മള ഖിലിഫത്ത് നേതാവ് അബ്ദുല്ലക്കോയ തങ്ങള്‍ കൂരിയാട്. അദ്ദേഹം ജന്മിക്കെതിരെ ഉശിരന്‍ പ്രസംഗം ചെയ്തു. ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ ഭരിക്കാന്‍ അവകാശമില്ലെന്നും ജന്മിത്വം ഹറാമണെന്നും പറഞ്ഞത് അധികാരികളെ ശരിക്കും ചൊടിപ്പിച്ചു. മലപ്പുറം കുഞ്ഞി തങ്ങളുടെ പ്രാര്‍ഥനയും മണക്കാട് മമ്മദ് മുസ്‌ലിയാര്‍, ചെമ്മങ്കടവ് യു മമ്മുട്ടി മുസ്‌ലിയാര്‍, വീമ്പൂര് കൊല്ലറമ്പന്‍ അബ്ദുല്ല മുസ്‌ലിയാര്‍, പൊന്മാടത്ത് മൊയ്തീന്‍ കോയ എന്നിവരുടെ പ്രസംഗങ്ങളും പൂക്കോട്ടൂരിലെ ജനങ്ങളുടെ ഖല്‍ബുകളില്‍ ബ്രിട്ടീഷ് വിരോധം ആളിപ്പടര്‍ത്തി. ഖിലാഫത്ത് സമരത്തോടനുഭാവം പ്രകടിപ്പിക്കാനായി മലപ്പുറം, പുല്ലാര നേര്‍ച്ചകളടക്കമുള്ള ആഘോഷങ്ങള്‍ ലളിതമായി നടത്തണമെന്നും തീരുമാനിച്ചു. പുല്ലാരയിലെ കാരണവരായ പേരാപ്പുറന്‍ അയമുട്ടി പെട്ടി വരവ് നിറുത്താന്‍ പറ്റില്ലെന്ന് ശഠിച്ചത് ചില്ലറ അസ്വാസ്ഥ്യങ്ങളൊക്കെ ഉണ്ടാക്കി. ഇതിനിടയില്‍ തൃശൂരില്‍ മുസ്‌ലിംകളും ഹിന്ദുക്കളും ചേര്‍ന്ന് ഒരു മഹാ പ്രകടനം നടത്തി. അതില്‍ മലബാറില്‍ നിന്ന് നല്ലൊരു ഭാഗം പൂക്കോട്ടൂരുകാരായിരുന്നു. പൊടിയാട്ടെ കള്ളാടി യൂസുഫാണ് ഇവര്‍ക്ക് നേതൃത്വം നല്‍കിയത്. ബ്രിട്ടീഷ് ഭക്തന്മാരായ നാട്ടുകാരണവന്മാര്‍ അപ്പോഴേക്കും പ്രശ്‌നങ്ങളുമായി വന്നു. പുല്ലാര നേര്‍ച്ചയിലേക്കുള്ള പൂക്കോട്ടൂരുകാരുടെ  പെട്ടിവരവിനെ സ്വീകരിക്കാന്‍ പുല്ലാരയിലെ ചില കാരണവന്മാര്‍ തയ്യാറാകാതിരുന്നത് പ്രശ്‌നങ്ങളുണ്ടാക്കി. കാരണവര്‍ പേരാപ്പുറന്‍ അയമുട്ടി തിരുമുല്‍പ്പാടിന്റെ  ആളായിരുന്നു. ഇയാള്‍ മമ്മദിനെ കാര്യസ്ഥന്‍ സ്ഥാനത്തു നിന്ന് പിരിച്ചുവിടാനുള്ള കരുനീക്കം നടത്തി. ആയിടക്ക് കോവിലകത്തെ ഒരു പത്തായപ്പുര പൊളിച്ചു മാറ്റാന്‍ മമ്മദ് കരാറെടുത്തിരുന്നു. പൊളിച്ചു തീര്‍ന്നപ്പോള്‍ കരാറനുസരിച്ചുള്ള പണം കൊടുക്കേണ്ട എന്ന് അയമുട്ടിയുടെ നിര്‍ദേശ പ്രകാരം തിരുമുല്‍പ്പാട് തീരുമാനിച്ചു. വഴക്കുണ്ടായപ്പോള്‍ കാര്യസ്ഥ സ്ഥാനത്ത് നിന്ന് മമ്മദിനെ പിരിച്ചുവിട്ടു. മമ്മദും കൂട്ടരും നേരെ കോവിലകത്ത് ചെന്ന്് തിരുമുല്‍പ്പാട് തരാനുണ്ടായിരുന്ന 350 ഉറുപ്പികയും പത്ത് ചാക്ക് നെല്ലും പിടിച്ചുവാങ്ങി. പിന്നെ മമ്മദിനെ കുടുക്കാനുള്ള ശ്രമമായി. മമ്മദ് തോക്ക് കട്ടെന്ന് കള്ളക്കേസുണ്ടാക്കി. 1921 ജൂലൈ 22ന് കേസ് റജിസ്റ്റര്‍ ചെയ്തു. ആഗസ്റ്റ് ഒന്നിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മങ്ങാട്ട് നാരായണ മേനോന്‍ പൂക്കോട്ടൂരിലെത്തി. മമ്മദിനെ  വിളിപ്പിച്ചു. മമ്മദ് ചെന്നത് രണ്ടായിരത്തോളം വരുന്ന ഖിലാഫത്ത് വളണ്ടിയര്‍മാരെയും കൂട്ടിയാണ്. അത്യാവശ്യത്തിന് ആയുധങ്ങളുമുണ്ട്. സര്‍ക്കിളൊന്ന് പതറി. ചെറിയൊരു ഭീഷണിപ്പെടുത്തല്‍ നടത്തിയപ്പോഴേക്കും മമ്മദിന്റെ ജ്യേഷ്ഠ പുതന്‍്ര കുഞ്ഞമ്മു, ഇന്‍സ്‌പെക്ടറുടെ ക്രോസ് ബെല്‍റ്റില്‍ കടന്നു പിടിച്ചു.“'മമ്പുറം തങ്ങളുടെ കാലാണേ സത്യം, ഞാന്‍ ഉപദ്രവിക്കാന്‍ വന്നതല്ല'” എന്നും പറഞ്ഞ് തത്കാലം ഇന്‍സ്‌പെക്ടര്‍ 'തടി സലാമത്താ'ക്കി. മലപ്പുറം കുഞ്ഞി തങ്ങളുടെ നേതൃത്വത്തില്‍ കള്ളക്കേസ് തത്കാലം അവസാനിപ്പിച്ചു. പൊടിയാട്ടെ ഖിലാഫത്ത് നേതാവ് കള്ളാടി യൂസുഫിനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിച്ചതും ജയിലിലടച്ചതും ജയിലില്‍ രോഗം മൂലം മരിച്ചതും ആ പ്രദേശത്തെ ബ്രിട്ടീഷ്് വിരോധത്തിന് മൂര്‍ച്ച കൂട്ടി. പൂക്കോട്ടൂരാകെ അസ്വസ്ഥാമയിക്കഴിഞ്ഞു. ജനം രംഗത്തിറങ്ങി. അപ്പോഴേക്കും തിരൂരങ്ങാടി ആലി മുസ്‌ലിയാര്‍ പിടിക്കപ്പെട്ട വാര്‍ത്ത പൊടിപ്പും തൊങ്ങലുമായി പൂക്കോട്ടൂരിലെത്തി. പള്ളി ചുട്ടുവെന്നായിരുന്നു പ്രചാരണം. പപ്പടക്കാരന്‍ കുട്ട്യസ്സനാണ് ഈ വൃത്താന്തവുമായി എത്തിയത്. പൂക്കോട്ടൂരിലെ സമരാഗ്നി ശമിപ്പിക്കാന്‍ അബ്ദുര്‍റഹ്്മാന്‍ സാഹിബും മൊയ്തു മൗലവിയുമെല്ലാവരും കൂടി പൂക്കോട്ടൂരിലേക്ക്. മേല്‍മുറിയില്‍ മണ്ണയില്‍ മമ്മു ഹാജി, പനമ്പുഴ കുഞ്ഞാമു, പുള്ളിയില്‍ ചേക്കു എന്നിവരാണ് സമര നേതാക്കള്‍. ഇവരെ മൊയ്തു മൗലവി സമാധാനിപ്പിച്ച് തിരിച്ചയച്ചു. അപ്പോഴേക്കും മഞ്ചേരിയില്‍ നിന്ന് മാധവന്‍ നായരെത്തി. പക്ഷേ രംഗത്തിറങ്ങിയ പോരാളികളെ തിരിച്ചയക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല.“എരിഞ്ഞു കത്തുന്ന അങ്ങാടി വെളിച്ചത്തില്‍ ഇളകി മറിയുന്ന ഖഢ്ഗങ്ങളുടെ മരണച്ചിരി! അത് കണ്ടവര്‍ പിന്നെ മറക്കുകയില്ല”. ഏറനാട് ആളിക്കത്തുകയാണെന്ന വിവരം ഡി വൈ എസ് പി ആമു മദ്രാസിലെത്തിച്ചു. ഖിലാഫത്ത് നേതാക്കള്‍ക്കെതിരെ നിരവധി കള്ളക്കേസുകളും കെട്ടിച്ചമച്ചു.  ജന്മിമാരും വെറുതെ നിന്നില്ല. പട്ടാളം വരുന്നുണ്ടെന്നറിഞ്ഞ് ഒത്താശക്കായി അവരും രംഗത്ത്. 1921 ആഗസ്റ്റ്  25ന് വ്യാഴാഴ്ച കുഞ്ഞിത്തങ്ങള്‍ പൂക്കോട്ടൂരിലുള്ള മകളുടെ വീട്ടിലുള്ളപ്പോള്‍ കാരാടന്‍ മൊയ്തീന്‍ കുട്ടി ഹാജി അവിടെയെത്തി. കുഞ്ഞി തങ്ങളാണ് പൂക്കോട്ടൂരിലെ മുഖ്യ ഖാസി.  ബ്രിട്ടീഷുകാര്‍ക്കും ജന്മികള്‍ക്കുമെതിരെ യുദ്ധം വേണമെന്ന ആവശ്യം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പട്ടാളം പൂക്കോട്ടൂരിലേക്ക് വരുന്നൂ എന്ന വിവരവുമായി പുതുവണ്ണിപ്പറമ്പില്‍ ബീരാന്‍ കുട്ടി വന്നത്. അപ്പോഴേക്കും മമ്മദും കൂട്ടരുമെത്തി. പട്ടാളം ഇങ്ങോട്ടാക്രമിക്കാതെ അങ്ങോട്ട് ആക്രമിക്കുന്നത് ശരിയല്ലെന്ന് തങ്ങള്‍ ഉപദേശിച്ചു. എന്നാല്‍ പട്ടാളത്തെ തടഞ്ഞില്ലെങ്കില്‍ അവര്‍ മാപ്പിളമാരെ ഒന്നടങ്കം കൊന്നൊടുക്കുമെന്ന് മമ്മദും. ആലോചിച്ച് തീരുമാനമെടുക്കാന്‍ ആഗസ്റ്റ് 24ന് മൊയ്തീന്‍കുട്ടി ഹാജിയുടെ വീട്ടില്‍ യോഗം ചേര്‍ന്നു. കൊല്ലപ്പറമ്പന്‍ അബ്ദു ഹാജിയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും യോഗത്തിലെ മുഖ്യാതിഥികളായിരുന്നു. പട്ടാളത്തെ എതിര്‍ക്കാന്‍ തന്നെ യോഗം തീരുമാനിച്ചു. 26ന് വെള്ളിയാഴ്ചയാണ് പട്ടാളമെത്താന്‍ സാധ്യത. ജുമുഅക്ക് മുമ്പ് വന്നാല്‍ നിസ്‌കാരം ഒഴിവാക്കി അക്രമം ചെറുക്കാമെന്നും യുദ്ധ ഘട്ടങ്ങളില്‍ അങ്ങനെ ചെയ്യുന്നത്  തെറ്റല്ലെന്നും സ്ഥലം ഖാസി പുതിയകത്ത് മുഹമ്മദ് മുസ്‌ലിയാര്‍ ഫത്‌വ നല്‍കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി തന്നെ പള്ളിയില്‍ നിന്ന് നകാര മുഴങ്ങി. യുദ്ധസന്നദ്ധരായ 500 ഓളം മാപ്പിളമാര്‍ പള്ളിയില്‍ ഒത്തുകൂടി. ഏതാനും അമുസ്‌ലിംകളും എത്തിച്ചേര്‍ന്നു. പള്ളിയില്‍ വെച്ച് മമ്മദിന്റെ ആമുഖ പ്രസംഗം. യുദ്ധത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും  'പോരിശ' പറഞ്ഞു കൊണ്ടുള്ള ഖാസിയുടെ മതപ്രസംഗം. അമുസ്‌ലിംകള്‍ മതം മാറിയാണ് യുദ്ധത്തിനു വരേണ്ടതെന്ന ആവശ്യമുയര്‍ന്നപ്പോള്‍ മേല്‍ ഖാസിയായ കുഞ്ഞി തങ്ങളുടെ ഉപദേശം തേടാന്‍ തീരുമാനിച്ചു. യുദ്ധം മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും ആവശ്യമാകയാല്‍ ഇതില്‍ പങ്കെടുക്കുന്നതിന് മതം മാറ്റം ആവശ്യമില്ലെന്നും അമുസ്‌ലിംകള്‍ക്ക് തോന്നുന്ന പക്ഷം മതം മാറുന്നതിന് വിരോധമില്ല എന്നുമാണ് തങ്ങള്‍ പറഞ്ഞത്. തങ്ങള്‍ പൂക്കോട്ടൂരില്‍ നിന്ന് പോയെങ്കിലും അദ്ദേഹത്തെ നീരിലാക്കല്‍ എസ്‌റ്റേറ്റില്‍ വെച്ച് മുക്കത്തെ മോയി അധികാരിയും എസ്‌റ്റേറ്റ് റൈറ്റര്‍ ഗോവിന്ദനും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കുഞ്ഞഹമ്മദാജി ആയുധങ്ങള്‍ ശേഖരിക്കാന്‍ ഏര്‍പ്പാട് ചെയ്തു. കരുവാരക്കുണ്ടിലും പരിസരത്തും മേത്തരം തോക്ക് നിര്‍മാണ കേന്ദ്രങ്ങളുണ്ടായിരുന്നെങ്കിലും അവിടെയുള്ളവരെ പട്ടാളം അറസ്റ്റ് ചെയ്തുകഴിഞ്ഞിരുന്നു. പന്ത്രണ്ട് തോക്കുകളും അത് പ്രവര്‍ത്തിക്കാനറിയാവുന്ന പള്ളിക്കുത്ത് നീലാണ്ടന്‍, ചക്കിപറമ്പന്‍ ഏനിക്കുട്ടി എന്നിവരേയും ഹാജി പൂക്കോട്ടൂരിലെത്തിച്ചു. ഡോര്‍സെറ്റ് റെജിമെന്റിലെ 100 പട്ടാളക്കാരും 60 ശിപായിമാരുമാണ് ബ്രിട്ടീഷ്പക്ഷത്ത് നിന്ന് മലപ്പുറത്തേക്ക് വരുന്നത്. 160 തോക്കുകളും വാളുകളുമാണ് മാപ്പിള യോദ്ധാക്കളുടെ കൈയിലുള്ളത്. പട്ടാളത്തെ പറ്റിക്കുന്നതിന് ചില തന്ത്രങ്ങളും യോദ്ധാക്കള്‍ ആവിഷ്‌കരിച്ചിരുന്നു. കോഴിക്കോട് നിന്ന് 26ഉം 27ഉം മൈലിന് ഇടയിലെ സ്ഥലമാണ് യുദ്ധത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഇരുവശവും കൊയ്യാന്‍ പാകമായ വയലേലകള്‍. റോഡിന് സമാന്തരമായ തോട്. യോദ്ധാക്കള്‍ തോട്ടിലും വയലിലുമായി ഒളിഞ്ഞിരുന്നു. പട്ടാളത്തെ വഹിച്ച മുന്നിലേയും പിന്നിലേയും വണ്ടികള്‍ വെടി വെച്ചിടണം. അതോടെ പട്ടാളം പരിഭ്രാന്തരാകും. അവരെ വളഞ്ഞിട്ട് വെട്ടിയും കുത്തിയും വെടിവെച്ചും കൊല്ലണം. എല്ലാവരും റെഡി. പക്ഷേ, ഈ പ്ലാനുകളൊന്നും യോദ്ധാവായ പാറഞ്ചേരി കുഞ്ഞറമുട്ടി അിറഞ്ഞില്ല. തീരുമാനങ്ങളെടുക്കുന്ന നേരം അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. പട്ടാളത്തെ വഹിച്ച  ലോറികള്‍ സ്ഥലത്ത് എത്തിയ പാടെ കുഞ്ഞറമുട്ടി വെടി പൊട്ടിച്ചു. ഉടനെ പട്ടാളക്കാര്‍ ലോറികള്‍ പിന്നോട്ടെടുത്തു. പുക ബോബെറിഞ്ഞ് ഭീതി സൃഷ്ടിച്ചു. പുക മറവില്‍ യന്ത്രത്തോക്കുകള്‍ ഘടിപ്പിച്ചത് മാപ്പിളമാരറിഞ്ഞിരുന്നില്ല. പുക അടങ്ങിയപ്പോള്‍ ഏതാനും പട്ടാളക്കാര്‍ റോഡിലിറങ്ങി അങ്ങാടിയിലൂടെ നടക്കുന്നത് കണ്ട് മാപ്പിളമാര്‍ ഒളിത്താവളങ്ങളില്‍ നിന്ന് പുറത്തു വന്ന് പട്ടാളത്തിന് നേരെ ചീറിയടുത്തു.  അവര്‍ പക്ഷേ യന്ത്രത്തോക്കുകളുടെ മുന്നിലേക്കാണ് വന്നത്. തോക്കുകള്‍ തുരുതുരാ തീ തുപ്പി. മാപ്പിളമാര്‍ ഒന്നൊന്നായി മരിച്ചു വീണു. കുഞ്ഞറമുട്ടി കാക്ക തോക്കിലെ തിര തീരുവോളം വെടിയുതിര്‍ത്തു. ശത്രുപക്ഷത്ത് പലരും വീഴുന്നത് കണ്ടു. താമസിയാതെ അദ്ദേഹം പട്ടാളത്തിന്റെ തോക്കിനിരയായി. ചുകന്ന തുണിയും തയ്പിച്ചെടുത്ത ബനിയനും ധരിച്ച മമ്മദ് പട്ടാളത്തിനെതിരെ ചാടി വീണു. ശിപായിമാര്‍ അയാളെ തിരിച്ചറിഞ്ഞു. പട്ടാളം വളഞ്ഞിട്ട് വെടിവെച്ചു വീഴ്ത്തി. അദ്ദേഹം രക്തസാക്ഷിയായി. 280 മാപ്പിളമാരാണ് യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.  പട്ടാള പക്ഷത്ത് നിന്ന് മരിച്ചത് നാല് പേരും. പട്ടാളത്തിന്റെ മരണസംഖ്യ മറച്ചുവെച്ചതാണെന്നും മരിച്ചവരെ ലോറികളില്‍ കോഴിക്കോട്ടേക്ക് കൊണ്ടുവന്നുവെന്നുമാണ് പറയപ്പെടുന്നത്. നാലാളേ മരിച്ചുള്ളുവെങ്കില്‍ ബ്രിട്ടീഷുകാര്‍ പൂക്കോട്ടൂരിലേത് യുദ്ധമായിരുന്നു എന്നൊന്നും എഴുതില്ലല്ലോ. യുദ്ധം കഴിഞ്ഞ് മലപ്പുറത്തേക്ക് തിരിച്ചു വരികയായിരുന്ന ഡി ഐ ജി ലങ്കാസ്റ്ററും നാല് ഭടന്മാരും സഞ്ചരിച്ച വണ്ടി മങ്കരത്തൊടി കുഞ്ഞഹമ്മദ് നാടന്‍ ബോംബെറിഞ്ഞ് തകര്‍ത്തു. അഞ്ച് േപരും തല്‍ക്ഷണം കൊല്ലപ്പെട്ടു. യുദ്ധത്തില്‍ സ്ത്രീകള്‍ കാണിച്ച ആവേശത്തെക്കുറിച്ച് ബ്രിട്ടീഷുകാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.  സ്ത്രീകള്‍ ബദ്ര്‍ ബൈത് ചൊല്ലിയും പടപ്പാട്ട് പാടിയും പുരുഷന്മാര്‍ക്ക് ആവേശം നല്‍കിയിരുന്നത്രേ. യുദ്ധത്തില്‍ ശഹീദാകാന്‍ കഴിയാതെയുള്ള വിഷമം പേറി ഏറെക്കാലം  പച്ചക്കറിക്കച്ചവടവും നടത്തി ജീവിച്ചിരുന്ന അറവങ്കരയിലെ പാപ്പാട്ടുങ്ങല്‍ മമ്മുട്ടി -ദായുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് 1980ലാണ് മരിച്ചത്. ജ്യേഷ്ഠന്‍ അലവി യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു. പട്ടാളത്തില്‍ നിന്ന് വിരമിച്ച് മാപ്പിളമാര്‍ക്ക് നേതൃത്വം കൊടുത്ത വീമ്പൂര്‍ സ്വദേശി ഉണ്യേരിയുടെ ജീവിതവും ചരിത്രത്തിലിടം നേടിയിട്ടുണ്ട്. യന്ത്രത്തോക്ക് ഉപയോഗിച്ച് വെള്ളപ്പട്ടാളക്കാരന്‍ ഒരു യോദ്ധാവിനെ ഉന്നം വെക്കുമ്പോള്‍ ഉണ്യേരി ചാടി വീണ് പട്ടാളക്കാരനെ തള്ളിയിട്ട് യന്ത്രത്തോക്ക് കെക്കലാക്കി ഓടി. അതിനിടെ മറ്റൊരു പട്ടാളക്കാരന്‍ അയാളെ വെടി വെച്ചു. കാലിന് വെടിയേറ്റ ഉണ്യേരി എങ്ങനെയോ രക്ഷപ്പെട്ടു.  (ഗ്രന്ഥകാരന്‍ എ കെ കോഡൂരിനോട് കടപ്പാട്)
(2012 സെപ്തംബര്‍ 4 ന് സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഹുസൈന്‍ രണ്ടത്താണിയുടെ ലേഖനം)

Monday, July 16, 2012

റാവുത്തര്‍മാരുടെ ചരിത്രം

ആരാണ് ലോകത്തോട് അക്ഷന്തവ്യമായ അപരാധം കാട്ടുന്നത്? 
.
കാലത്തെയും ചരിത്രത്തേയും തെറ്റായി അടയാളപ്പെടുത്തി പിന്‍ ലമുറയ്ക്ക് കാലസത്യത്തെ അവ്യക്തമാക്കുന്നവരാണ്. ലോകത്ത് മറ്റെവിടെയും ഇല്ലാത്തത്ര വൈവിധ്യമുള്ള സമൂഹങ്ങള്‍ ഒന്നിച്ചു പാര്‍ക്കുന്ന ഇന്ത്യയില്‍ ചാരം മൂടിക്കിടക്കുന്ന ചില കനലുകള്‍ ഉണ്ടാവുക സ്വാഭാവികം. ഊതിത്തെളിക്കുമ്പോള്‍ പ്രകാശിക്കുന്ന ചരിത്രത്തിന്റെ കനല്‍ വഴിയില്‍ ഒരു അന്വേഷണമാണു റാവുത്തര്‍മാര്‍ സമൂഹത്തെക്കുറിച്ച് നടത്തുന്നത്.

കേരളത്തില്‍ തെക്കന്‍ജില്ലകളിലും പാലക്കാട് തൃശ്ശൂര്‍ ജില്ലകളിലുമായി പൊതു ജീവിതത്തില്‍ സജീവവും, വിദ്യാഭ്യാസം, സാമ്പത്തികം, സാംസ്‌കാരികം, സാഹിത്യം, മതം, രാഷ്ട്രീയം തുടങ്ങിയവ വിവിധ മേഖലകളിലും ഇടപെട്ടു മുഖ്യധാരയിലെത്തിയ തുര്‍ക്കി വംശജരും തമിഴ്ക്കുടിയേറ്റക്കാരുമായ മുസ്ലീം സമുഹമാണ് റാവുത്തര്‍മാര്‍.

കേരളത്തിലേക്ക് കുടിയേറിയ റാവുത്തര്‍മാരെ ലിഖിതങ്ങളായ ചരിത്രങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ലാത്ത ഘട്ടത്തില്‍ ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടു കുളങ്ങരയിലുള്ള സലിം താഴേതില്‍, ചുനക്കര ഹനീഫ എന്നിവര്‍ സ്വന്തം ജനതയുടെ തലമുറയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത് ഒരു ചെറു പരിശ്രമങ്ങളായിരുന്നു. 

അഞ്ച് നൂറ്റാണ്ടെങ്കിലും അപ്പുറത്തായി തമിഴ്നാട്ടില്‍ ഒരു സംഘം നടത്തിയ ചെറുത്തു നില്‍പ്പുകളും പോരാട്ടങ്ങളും ഒടുവില്‍ ഒരു രാഷ്ട്രീയ പ്രവാസത്തിനു വഴിതെളിച്ചു. അങ്ങനെ രാഷ്ട്രീയ അഭയാര്‍ത്ഥികളായി തെക്കന്‍കേരളത്തില് കുടിയേറിയ റാവുത്തര്‍മാരുടെ വേരുകള്‍ ഊന്നിനില്‍ക്കുന്നത് ദ്രാവിഡ സ്വത്വത്തിലാണ്.

മൊഴിയും വഴിയും തയ്പാശമാണ് എന്ന തമിഴ് പരിപ്രേക്ഷ്യം മാതൃ രാജ്യത്തെയും ഭാഷയെയും ആത്മാവിനോടു ചേര്‍ത്ത് വയ്ക്കുന്ന ദ്രാവിഡ കര്‍ക്കശത്തിലലിഞ്ഞതാണ്. തുര്‍ക്കിയില്‍ നിന്നും വന്ന കച്ചവട സംഘത്തിന്റെ തലവനായ മാലിക് കഫൂറുമായി പാണ്ട്യരാജ്യത്തെ രാജാകുമാരനായ വീര പാണ്ട്യന്‍ തെറ്റിപ്പിരിയുകയും യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അങ്ങനെ വീരപാണ്ട്യന്‍ ഒളിച്ചോടി കണ്ടൂര്‍ എന്ന സ്ഥലത്തെ വനാന്തര്‍ഭാഗത്തു ഒളിച്ചു പാര്‍ത്തു. വീരപാണ്ട്യനെ തെരഞ്ഞു കണ്ടൂരിലെത്തിയ മാലിക് കഫുറും സംഘവും കണ്ടതു പാണ്ട്യരാജാവിന്റെ പ്രജകളായ ഒരു സംഘം മുഹമ്മദീയരെയാണ് തുര്‍ക്കികളോ പഠാണികളോ അഫ്ഘാനികളോ അല്ലാത്ത ഒരു സംഘം ആള്‍ക്കാര്‍. പെരുമാറ്റത്തില്‍ അവര്‍ പകുതി ഹിന്ദുവും പകുതി മുസല്‍മാനും ആയിരുന്നു. അവരുടെ ജീവിതശൈലി ഹിന്ദുകള്‍ക്ക് സമാനമായിരുന്നു. അവരെല്ലാവരും തന്നെ കലിമ ചൊല്ലാന്‍ വശമുള്ളവരായിരുന്നു. അക്കാരണത്താല്‍ മാലിക് കഫൂര്‍ അവരെ വധിച്ചില്ല. 

മാലിക് കഫൂറിന്റെ പാണ്ട്യരാജ്യത്തേക്കുള്ള പടയോട്ടത്തെക്കുറിച്ച് അമീര്‍ ഖുസ്രു നല്‍കുന്ന വിവരണത്തിലാണ് മേല്പറഞ്ഞപ്രകാരം മുഹമ്മദീയ വാസം ഉള്ളതായി പറയുന്നത്. തുര്‍ക്കി മുസ്ലിങ്ങളുടെ വരവിനും മുന്‍പ് മുതല്‍ക്കേ തന്നെ പാണ്ട്യരാജ്യത്തു മുഹമ്മദീയര്‍ താമസമുണ്ടായിരുന്നതായി ഇത് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സഞ്ചാരി ആയിരുന്ന ഇബ്ബുനു ബത്തൂത്തയും വടക്കന്‍ മുസ്ലിങ്ങളില്‍ ഉള്‍പ്പെടാത്ത ഈ മുഹമ്മദീയരെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഹോയിസലാ രാജാവായിരുന്ന ബീരബെല്ലാലയുടെ സൈന്യത്തില്‍ 20,000 മുഹമ്മദീയരടങ്ങുന്ന ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായിരുന്നതായി ബത്തൂത്ത വിവരിക്കുന്നു.

തുര്‍ക്കിയില്‍ നിന്നെത്തിയ മുസ്ലിം കച്ചവടക്കാരും അതിന് മുമ്പ് തന്നെ ഇന്ത്യയിലെ ആദിമ സമൂഹമായ ദ്രാവിഡ വിഭാഗത്തില്‍ നിന്നും ഇസ്ലാം സ്വീകരിച്ച ഇസ്ലാമിക സമൂഹവും കാലക്രമേണ ഇഴുകിച്ചേര്‍ന്നതാണ് നിലവില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കാണുന്ന റാവുത്തര്‍മാര്‍. തുര്‍ക്കി ബന്ധം ഇന്നും റാവുത്തര്‍മാരില്‍ മായാതെ നില്‍ക്കുന്ന ഒന്നാണ് തുര്‍ക്കിയില്‍ പിതാവിനെ അത്ത എന്ന് അഭിസംബോധന ചെയ്യുന്നതും ഇവിടെ റാവുത്തര്‍മാര്‍ പിതാവിനെ അത്ത എന്ന് അഭിസംബോധന ചെയ്യുന്നതും. പഴയ ആളുകളുടെ വേഷ വിദാനത്തില്‍ ഉള്‍പ്പെടെ തുര്‍ക്കി ബന്ധം ഇന്നും നിലനില്‍ക്കുന്നു. നീളന്‍ തൊപ്പിയും റാവുത്തര്‍മാരുടെ ജൂബ പ്രേമവും ഒക്കെ അതിന് ഉദാഹരണങ്ങളാണ്. 

നത്തദ് ഔലിയ എന്ന പേരില്‍ തമിഴ്‌നാട്ടിലെ മാനാമധുരയില്‍ ഇന്നുള്ള മഖ്ബറ റാവുത്തര്‍മാരുടെ പണ്ഡിത പിന്‍ബലത്തെയും സൂചിപ്പിക്കുന്നു. ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ നത്തദ് റാവുത്തര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര് എന്ന് ഒരു പഠനം സൂച്ചിപ്പിക്കുന്നു. നിരവധി പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ തമിഴിലെ പ്രസിദ്ധമായ പ്രവാചക പ്രകീര്‍ത്തനം മുമ്പ് എല്ലാ റാവുത്തര്‍ കുടുംബങ്ങളിലും മഗ്രിബ് നിസ്‌കാരാനന്തരും പാരായണം ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നു. പക്ഷേ ഇന്ന് അത് അവസാനിച്ചു പോയി. അത് പാരായണം ചെയ്തു മരണമടഞ്ഞ ഒരു മഹാനായ മനുഷ്യന്റെ മയ്യിത്തില്‍ ചന്ദ്രന്‍ ഉദിച്ചുയര്‍ന്നത് കണ്ണു കൊണ്ട് കണ്ട ആളുകള്‍ ഇന്നും കടക്കാട് ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇന്ന് ജീവിച്ചിരിക്കുന്ന തലമുറയിലെ എല്ലാവരും പ്രഗദ്ഭരായ ആലിമീങ്ങളും ഹാഫിദീങ്ങളും കേരളം അറിയുന്ന പ്രഭാഷകരുമാണ്. 

ശൈഖ് ഇസ്മാഈല്‍ എന്ന ഒരു വലിയ്യ് റാവുത്തര്‍മാരുടെ ഇടയില്‍ ജീവിച്ചിരുന്നു. അദ്ദേഹം വീട്ടില്‍ ജോലിക്കായി നിര്‍ത്തിയിരുന്നത് ആണ്‍ പെണ്‍ വിഭാഗത്തില്‍ പെട്ട ജിന്നുകളെ ആയിരുന്നു എന്നത് വ്യക്തമായ ചരിത്രമാണ്. അദ്ദേഹത്തിന്റെ ഭാര്യ അബദ്ധത്തില്‍ ഒരു ജിന്നില്‍ ഓതിക്കെട്ടിയിരുന്ന ആണി ഊരിയതും ആ ജിന്ന് അവരെ വധിച്ച ശേഷം പോയതുമൊക്കെ ഇന്നും പ്രശസ്തമായ വാമൊഴികളാണ്. 

ഇത്തരത്തില്‍ റാവുത്തര്‍മാരുടെ ഇസ്ലാമിക ബന്ധത്തിന്റെ ചരിത്രം എഴുതിവെക്കാതെ മണ്‍മറഞ്ഞ് പോയത് അനവധിയാണ്. ചരിത്ര ഗ്രന്ഥങ്ങളില്‍ ചിലയിടത്തു മാത്രമേ റാവുത്തര്‍മാരെ വെറുതെ പരാമര്‍ശിച്ചു കാണുന്നുള്ളു പക്ഷേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക വളര്‍ച്ചക്ക് കാരണക്കാരായവരാണ് റാവുത്തര്‍മാര്‍. തമിഴ്‌നാടിന്റെ കടല്‍തീരത്ത് വന്നിറങ്ങിയ സ്വഹാബത്തിന്റെ പിന്‍മുറക്കാരാണ് ഇവരെന്നും ഒരു പഠനം വ്യക്തമാക്കുന്നു. മഹാനായ ടിപ്പു സുല്‍ത്താന്‍ റാവുത്തറായിരുന്നുവെന്നും ഒരു പഠനം വിലയിരുത്തുന്നുണ്ട്. കൂടുതല്‍ ചരിത്ര പഠനത്തിലേക്ക് ഈ ചെറു ലേഖനം കാരണമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

റാവുത്തര്‍മാര്‍ തിങ്ങി പാര്‍ക്കുകയും ഇന്നും റാവുത്തര്‍ എന്ന അസ്ഥിത്വം നഷ്ടപ്പെടുത്താതെ നിലനിര്‍ത്തുകയും ചെയ്യുന്ന പന്തളം കടയ്ക്കാട് എന്ന് പ്രദേശത്തെ സംബന്ധിച്ച് 1980 കളില്‍ മാതൃഭൂമിയില്‍ വന്ന ഒരു ലേഖനം






Saturday, June 2, 2012

ആരാണിനി?

എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും, 

എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും, 

 എല്ലാ സുല്‍ത്താന്‍മാരും വെളിച്ചം കാണാത്ത-

ഗുഹയിലൂടെ ഒളിച്ചോടും.

Friday, May 25, 2012

ഇവരെന്തിനാണ് പരസ്പരം കുലം കത്തിച്ച് വാഴവെക്കുന്നത്


സോവിയറ്റ് യൂനിയന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന തൊണ്ണൂറിന്റെ ഒരു സന്ധ്യയില്‍ മോസ്‌കോയിലെ ഒരു പാര്‍ട്ടി സമ്മേളനത്തില്‍ വെച്ച് അന്നത്തെ റഷ്യന്‍ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് തന്റെ പാര്‍ട്ടി അണികളോട് അതി വൈകാരികമായി സംസാരിച്ചു. ആ സമ്മേളനം നടത്തിയതാകട്ടെ പാര്‍ട്ടിയും സര്‍വോപരി രാജ്യവും നേരിടുന്ന പ്രതിസന്ധിയെപ്പറ്റി അണികളെ ബോധ്യപ്പെടുത്തുക എന്നുള്ളതായിരുന്നു. അന്നത്തെ മോസ്‌കോ മേയറും പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ബോറിസ് യെല്‍സ്റ്റിനാണ് ഗോര്‍ബച്ചേവിന്റെ മുഖ്യ എതിരാളിയും പ്രസംഗത്തിലെ ഉന്നവും.
  ഗോര്‍ബച്ചേവിന്റെ നടപടികളെ നിരന്തരം ചോദ്യം ചെയ്യുകയും പാര്‍ട്ടിയിലൂടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു യെല്‍സ്റ്റിന്‍. പ്രസംഗമധ്യേ ഗോര്‍ബച്ചേവ് പറഞ്ഞു ഇവിടെ പാര്‍ട്ടിയും സര്‍വോപരി രാജ്യവും മുട്ടറ്റം മണ്ണെണ്ണയില്‍ മുങ്ങിനില്‍ക്കുകയാണ്. അപ്പോഴാണ് നമുക്കൊപ്പമുള്ള ചിലര്‍ തീപ്പട്ടിയുരച്ച് രസിച്ചുകൊണ്ടിരിക്കുന്നത്. 
ടി പി ചന്ദ്രശേഖരന്‍ വധത്തോടെ കേരളത്തിലെ സി പി എം എന്ന രാഷ്ട്രീയ പാര്‍ട്ടി ഏതാണ്ട് ഇതേ അവസ്ഥയിലാണുള്ളത്. മുട്ടറ്റമല്ല കഴുത്തറ്റം മണ്ണെണ്ണയിലാണെന്ന് മാത്രമേ ഒരു വ്യത്യാസമുള്ളു. ഇവിടെ യഥാര്‍ത്ഥത്തില്‍ ഗോര്‍ബച്ചേവും യല്‍സ്റ്റിനും ഈ മണ്ണെണ്ണക്കുഴിയില്‍ പെട്ടിട്ടുണ്ട്. എന്നിട്ടും ഇരു കൂട്ടരും പരസ്പരം തീപ്പട്ടിയുയര്‍ത്തി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയും കേരളീയ സമൂഹത്തിന് ഇതിനെ ഇങ്ങിനെ സഹിക്കാന്‍ കഴിയുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പാര്‍ട്ടി എത്ര പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടും ശ്രമം പാളുന്നത് കൈരളിയുടെ ഭൂരിപക്ഷവും ഇത് ചെയ്തത് പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്. തെറ്റ് പറ്റിയെങ്കില്‍ തുറന്ന് പറയൂയെന്ന് പലരും പറഞ്ഞിട്ടും എന്തിനാണ് ഇവര്‍ സ്വയം കുലംകുത്തികളായിത്തീര്‍ന്നു കൊണ്ടിരിക്കുന്നത്.
ഇത് യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസം എന്ന മരിച്ചു പോയ സംഹിതയെ പേറുന്നതിന്റെ പ്രശ്‌നമാണ് ഒരു പരിധിവരെ. നമുക്ക് ഇന്നലകളിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളെ ചെറിയ തോതിലൊന്ന് പരിശോധിച്ച് നോക്കാം.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്മൂണിസം എന്നതിനെ ഒരു തത്വസംഹിതയായും രീതി ശാസ്ത്രമായും ലോകത്ത് അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിന് കിട്ടിയ സ്വീകാര്യ അത്ഭുതാവഹമായിരുന്നു. കാരണം അത് അടിച്ചമര്‍ത്തപ്പെട്ടവന്റെയും മര്‍ദിതന്റെ ആശകളെ നിറവേറ്റുമെന്നുള്ള ഉറച്ച വിശ്വാസം മൊത്തത്തില്‍ അവതരിപ്പിച്ചതിനാലായിരുന്നു. സ്‌നേഹങ്ങള്‍ക്ക് വിലയിടുന്ന സമൂഹത്തില്‍ പരസ്പരം സ്‌നേഹിക്കാന്‍ പഠിപ്പിച്ച കമ്യൂണിസം, വര്‍ഗം എന്താണെന്നോ വര്‍ഗബോധം ആവശ്യമാണെന്നോ അറിയാത്ത സമൂഹത്തിന് വര്‍ഗ വര്‍ണങ്ങള്‍ക്കതീതമായി മനുഷ്യത്വത്തിന്റെ കാഹളം ഊതിയ കമ്യൂണിസം. ലോകത്തിന്റെ വിവധ കോണുകളിലേക്ക് അതിന്റെ അലയൊലികള്‍ ആളിപ്പടര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ സൂര്യന് ലോകത്തോട് പറയാനുണ്ടായിരുന്നത് കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ കഥകളായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവനും തൊഴില്‍ ചെയ്താല്‍ മാന്യമായ കൂലി ലഭിക്കാതിരുന്നവനെയുമെല്ലാം ലോക നായകന്‍മാരാക്കി മാറ്റി കമ്യൂണിസം. ഇന്ത്യന്‍ സ്വാതന്ത്ര സമര കാലഘട്ടത്തിന്റെ അവസാനഘട്ടമാകുമ്പോഴേക്ക് നമ്മുടെ രാജ്യത്തേക്കും കടന്നു വന്ന കമ്യൂണിസം സ്വാതന്ത്രസമര പ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെ വരെ സ്വാധീനിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
പിന്നീടങ്ങോട്ട് ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ കമ്യൂണിസം അധികാരം പിടിച്ചടക്കുന്ന കാഴ്ചയാണ്  ചരിത്രത്തിന്റെ താളുകളില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നത്. ലോകത്താകമാനം അതിന്റെ അനുരണങ്ങള്‍ കണ്ടു. പോരാടേണ്ടിടത്ത് പോരാടിയും ആശയം സമരം നയിക്കേണ്ടിടത്ത് അങ്ങിനെയും കമ്യൂണിസം മുന്നോട്ടു പോയി. നമ്മുടെ കൊച്ചു കേരളത്തിലെ ഉടമാ അടിമാ ജന്മി സമ്പ്രദായങ്ങളെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റി കമ്മ്യൂണിസം. ജന്മിമാരുടെ പിന്നാമ്പുറത്ത് കുഴികുത്തി കുമ്പിളില്‍ കഞ്ഞികുടിച്ചിരുന്നവര്‍ക്ക് നിവര്‍ന്ന് നിന്ന് തങ്ങള്‍ അധ്വാനിച്ചതിന്റെ കൂലി ചോദിച്ചു വാങ്ങാനുള്ള ധൈര്യം നല്‍കി കമ്മ്യുണിസം. മലയാളക്കരിയിലെ മനുഷ്യത്വം മരച്ച് നില്‍ക്കുന്ന പല കാടന്‍ സമ്പ്രദായങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് കൂട്ടായ്മകള്‍ അറുതി വരുത്തി. അങ്ങിനെ കേരള ജനത തങ്ങളെ ഭരിക്കാന്‍ ആര് വരണമെന്ന ചോദ്യത്തിന് കമ്മ്യുണിസത്തിന് നേരെ കൈ ചൂണ്ടി. ഇതൊക്കെയും സാധിച്ചെടുത്തത് അക്കാലഘട്ടത്തിലെ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ എന്തായിരുന്നു എന്ന് മനസ്സിലാക്കി അവരുടം സന്തോഷ സന്താപങ്ങളില്‍ കൂടെ നില്‍ക്കാന്‍ അന്നത്തെ പാര്‍ട്ടി നേതൃത്വം കാണിച്ച സന്മനസ്സിന്റെ കാരണമായിരുന്നു.
സോവിയറ്റ് റഷ്യയെ കേന്ദ്രമാക്കി ലോകത്ത് കമ്മ്യൂണിസം പലയിടങ്ങളിലും അധികാരത്തിലേറി. സോഷ്യലിസം ലോകത്തിന്റെ മുദ്രാവാക്യമായിത്തീര്‍ന്നു. കമ്മ്യൂണിസത്തെ അംഗീകരിക്കാത്ത ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ പോലും കമ്മ്യൂണിസം മുന്നോട്ട് വെക്കുന്ന സോഷ്യലിസ്റ്റ് സമ്പ്രദായത്തെ സ്വീകരിച്ചു. എന്നാല്‍ തൊണ്ണുറുകളുടെ ആദ്യത്തോടെ ലോകത്ത് കമ്മ്യൂണിസം തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അന്നേക്ക് അധികാരത്തിന്റെ രുചി അവരെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ അഴിമതിയും പൊതു ജന ചൂഷണവും വര്‍ധിച്ചത് കാരണമായി പൊതുവില്‍ ലോക ജനതയുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കമ്മ്യൂണിസം കൂപ്പികുത്തി. ജന്മിത്തത്തിനും, മുതലാളിത്തത്തിനും, ഏകാധിപത്യത്തിനും എതിരെ പോരാടിയവര്‍ ലോകത്തെ ഒന്നാം നമ്പര്‍ ജന്മിമാരും, മുതലാളിമാരും, ഏകാധിപതികളുമായിത്തീര്‍ന്നു. ജനം മുതലാളിത്തത്തെ വെറുക്കുന്നതിനേക്കാള്‍ കൂടുതല്‍ കമ്മ്യൂണിസത്തെ വെറുക്കാന്‍ തുടങ്ങി.
ഒരു കാലത്ത് മതച്ഛിഹ്നങ്ങളെ പുച്ഛിച്ചു തള്ളിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ മതപരമായ ചട്ടങ്ങളിലേക്ക് മടങ്ങിപ്പോയി. സോവിയറ്റ് റഷ്യ എന്നുള്ളത് ചരിത്രത്തിന്റെ താളുകളില്‍ മാത്രമായി തീര്‍ന്നു. ലോക കമ്മ്യൂണിസ്റ്റുകള്‍ റഷ്യക്ക് പകരം ചൈനയാണ് നല്ല കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്ന് കരുതി തങ്ങളുടെ താത്വിക വിശകലനങ്ങള്‍ ചൈനയെ മുന്‍ നിര്‍ത്തി തയ്യാറാക്കി. എന്നാല്‍ തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്ക് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തങ്ങളുടെ ഭരണഘടനയില്‍ മതത്തെ ചേര്‍ത്തെഴുതി. ഇതോടെ കമ്മ്യൂണിസത്താല്‍ കെട്ടിപ്പടുക്കപ്പെട്ട അവസാനത്തെ രാജ്യവും കമ്മ്യൂണിസത്തെ ഉപേക്ഷിച്ചിരിക്കുന്നു എന്ന് ചരിത്രം വിലയിരുത്തി.
ഒരു കമ്മ്യൂണിസ്റ്റ് ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്നവനും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവനുമാകണമെന്നാണ് കമ്മ്യൂണിസ്റ്റ് മാനിെഫെസ്റ്റോ പറയുന്നത്. ആദ്യ കാലങ്ങളില്‍ അങ്ങിനെയൊക്കെയായിരുന്നു താനും. അധികാരത്തിന്റെ രുചിയില്‍ അടിമപ്പെട്ടു പോകാതിരിക്കാനായി പാര്‍ലമെന്ററി മോഹങ്ങളെ പാര്‍ട്ടി വെച്ചു പൊറുപ്പിക്കുകയേയില്ലായിരുന്നു. പിന്നീടങ്ങോട്ട് വര്‍ഷങ്ങള്‍ കഴിയുന്തോറും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നെടുന്തൂണുകള്‍ എന്ന് വിശേഷിപ്പിച്ചിരുന്ന നേതാക്കള്‍ വരെ പാര്‍ലമെന്ററി വ്യാമോഹങ്ങളില്‍ പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് തുല്യമായ അധികാര രാഷ്ട്രീയം പയറ്റുന്നതാണ് നാം കണ്ടത്. പാര്‍ട്ടിയിലെ പല നേതാക്കളും ഇന്ന് ശത കോടീശ്വരന്‍മാരാണ്. അതിനെപ്പറ്റി അവരോട് ചോദിച്ചാല്‍ ഒന്നുകില്‍ എന്തെങ്കിലും മുട്ടാ ന്യായം പറയും അല്ലെങ്കില്‍ മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ചൂണ്ടിക്കാണിക്കും (മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളും സമന്‍മാരാണ് എന്നതാണോ പാര്‍ട്ടി ഇത്‌കൊണ്ട് ഉദ്ദേശിക്കുന്നതെന്നറിയില്ല) അതുമല്ലെങ്കില്‍ ചോദിക്കുന്നവനെ ആക്രമിച്ച് അടിച്ചമര്‍ത്തും. അതിനായിട്ടായിരുന്നു പാര്‍ട്ടി ചാവേറുകളെ ഉണ്ടാക്കിയിരുന്നത്. പാര്‍ട്ടിക്കെതിരെ എന്ന് പറഞ്ഞാല്‍ പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത് അച്ചടക്കലംഘനം നടത്തുന്നവരെ മാനസികമായും ശാരീരികമായും തളര്‍ത്താനുമായിട്ടും. ആര്‍ എസ് എസ്, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് പോലുള്ള പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടിക്ക് ഭീഷണിയാകുന്നവരെ ഇല്ലായ്മ ചെയ്യാനുമായിട്ടായിരുന്നു പാര്‍ട്ടി കേഡറുകളായ ഇത്തരം ചാവേറുകളെ നിയോഗിക്കപ്പെട്ടിരുന്നത്.
ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയും കൊന്നു തള്ളിയും അടിച്ചമര്‍ത്തിയും വടക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കി. അവിടെ പാര്‍ട്ടിയുടെ പ്രാദേശിക ഘടകമാണ് ഭരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയോ മറ്റോ ഒന്നും അവിടെ ബാധകമല്ല. പാര്‍ട്ടിക്കുവേണ്ടി കൊല നടത്തുന്നവരെ പാര്‍ട്ടി സംരക്ഷിക്കുന്നത് പ്രധാനമായും ഇത്തരം ഗ്രാമങ്ങളിലൂടെയായിരുന്നു. പാര്‍ട്ടിക്കു വേണ്ടി കൊലപാതകം നടത്തുന്നവര്‍ ഒരിക്കലും അറസ്റ്റിലാവുകയില്ല കാരണം അവരെ പാര്‍ട്ടി സംരക്ഷിക്കും. പകരം പാര്‍ട്ടി പ്രതികളെ നല്‍കും അവരും പാര്‍ട്ടി പ്രവര്‍ത്തകരായിരിക്കും പക്ഷെ യഥാര്‍ത്ഥ പ്രതികളായിരിക്കുകയില്ല. അവരെയും അവരുടെ കുടുംബങ്ങളെയും പാര്‍ട്ടി സംരക്ഷിക്കും. ഇതായിരുന്നു കാലാകാലമായി പാര്‍ട്ടി കേരളത്തില്‍ അനുവര്‍ത്തിച്ചു വരുന്ന നയങ്ങള്‍.
എന്നാല്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി മാറിയിരിക്കുന്നുവെന്നതാണ് സമകാലിക സംഭവങ്ങള്‍ നമ്മെ ഉണര്‍ത്തുന്ന പ്രധാനപ്പെട്ട കാര്യം. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തങ്ങളുടെ നയങ്ങളെ വിശദീകരിക്കുവാന്‍ പാടുപെടുകയാണ്. ഭരണമുണ്ടായിരുന്ന പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനത്ത് നിന്ന് പാര്‍ട്ടി നിഷ്‌കരുണം തുടച്ചു മാറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇടതു പക്ഷ പാര്‍ട്ടികള്‍ക്ക് ഇന്ന് പുതിയ കേഡര്‍മാരെ കിട്ടുന്നില്ല എന്നുള്ള കാര്യം പാര്‍ട്ടി അംഗീകരിക്കുന്ന വസ്തുതയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയാടിത്തറ ഇളകിയിരിക്കുന്നു. ജനകീയമായ മുഖമുള്ള നേതാക്കന്‍മാര്‍ തന്നെ വിരളമായിത്തീര്‍ന്നിരിക്കുന്നു. ബൂര്‍ഷ്വാസികള്‍ക്കെതിരെ മാനത്തേക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് വളര്‍ന്നു വന്ന പാര്‍ട്ടി സഖാക്കള്‍ ഇന്ന് ഏറ്റവും വലിയ ബൂര്‍ഷ്വാസികളായി മാറിയിരിക്കുന്നു. സ്ഥാപിത താത്പര്യക്കാരുടെ കൈകളിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്നു.
ഇതൊക്കെയും വിളിച്ച് പറഞ്ഞ് പാര്‍ട്ടിയുടെ പുറത്ത്‌പോകുന്ന ജനകീയ അടിത്തറയുള്ള പാര്‍ട്ടിയുടെ മുന്‍ സഖാക്കളെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കുകയെന്നത് കേട്ടു കേള്‍വിയില്ലാത്ത കാര്യമാണ്. പാര്‍ട്ടിയിലെ ഗര്‍ജിക്കുന്ന സിംഹമായിരുന്ന എം വി രാഘവന്‍ പുറത്ത് പോയപ്പോഴും ഗൗരിയമ്മ പുറത്ത് പോയപ്പോഴും പിന്നീട് സിന്ധുജോയി വരെയുള്ള പലരും പാര്‍ട്ടി വിട്ടപ്പോഴും പാര്‍ട്ടി സഖാക്കളെ ഉപയോഗിച്ചായിരുന്നു അധവാ പാര്‍ട്ടി കേഡറുകളെ ഉപയോഗിച്ചായിരുന്നു പാര്‍ട്ടി നേരിട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങള്‍ത്ത് കീഴ്‌പ്പെട്ടിരിക്കുന്നുവെന്ന കാര്യ മൊത്തം കേരളീയ സമൂഹത്തില്‍ ഞെട്ടലുളവാക്കുന്ന കാര്യമാണ്. ഈ ഇന്ത്യാ മഹാരാജ്യത്ത് ഏത് സംഹിതയെയും പുണരാനും അത് മതമായാലും രാഷ്ട്രീയമായാലും അതില്‍ ശക്തമായി പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്രം ഭരണഘടന അതിന്റെ പ്രീ ആമ്പിളില്‍ തന്നെ വക വെച്ച് തരുന്നുണ്ട്. അപ്പോ പാര്‍ട്ടില്‍ നിന്ന് വിട്ടുപോയി (പാര്‍ട്ടി ഭാഷയില്‍ പറഞ്ഞാല്‍ പാര്‍ട്ടിക്ക് ഭീഷണിയുയര്‍ത്തി) പുതിയ പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തിക്കുകയെന്നുള്ളതും അത് പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്നുള്ളതും ഭറണാഘടന അനുവദിച്ച് നല്‍കുന്ന കാര്യമാണ്. അതിനെ യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് തടയിടാനാകുക.
ഒഞ്ചിയത്ത് ചന്ദ്രശേഖരനും കൂട്ടരും അണികളുടെ വികാരത്തിന് വിരുദ്ധമായി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി നേതാക്കന്‍മാരുടെ നടപടികളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും പുതിയ ഒരു പാര്‍ട്ടി രൂപീകരിച്ച് അവരുടെ മേഖലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്തത് തെറ്റാണെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. എന്നാല്‍ സ്വന്തം കാല്‍കീഴിലെ മണ്ണ് ചന്ദ്രശേഖരന്റെയും കൂട്ടരുടേയും പിന്നാലെ ഒഴുകിയത് പാര്ട്ടി തിരിച്ചറിയുന്നത് വളരെ വൈകിയാണെന്ന് വേണം കരുതാന്‍. അനുനയങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാത്ത തങ്ങളുടെ പഴയ പാര്‍ട്ടി കേഡറിനെ പിന്നെ ഇല്ലാതാക്കുകയെന്നുള്ളത് മാത്രമായി പാര്‍ട്ടിയുടെ മുന്നിലെ വഴി. കണ്ണൂരിലെ ഫസലിനെയയും, ഷുക്കൂറിനെയും വധിച്ചപ്പോള്‍ പൊതു സമൂഹത്തില്‍ നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമേ ഈ സംഭവത്തിലും ഉണ്ടാവുകയുള്ളുവെന്ന പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചാണ് ചന്ദ്രശേഖരന്റെ ഭൗതികശരീരം തീനാളങ്ങളേറ്റു വാങ്ങിയത്.
ഇവിടെ നിന്നും പാര്‍ട്ടി പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. കാലം ഒരുപാട് മാറിയെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചന്ദ്രശേഖരന്‍ പറയാറുള്ളത് പോലെ പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യ സ്വഭാവം മാറ്റി നിര്‍ത്തി കൂടുതല്‍ ജനകീയമായ നിലപാടുകളിലേക്ക് പാര്‍ട്ടി മാറേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിവില്ലാത്ത നേതൃത്വം യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിക്ക് തന്നെ ഒരു ബാധ്യതയായിത്തീരുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.


വാല്‍ക്കഷ്ണം: അതിലുപരി നാം തിരിച്ചറിയാതെ പോകുന്ന ഒരു വിഷയമാണ് വലതു പക്ഷത്തിന് മേല്‍ക്കൈ ലഭിക്കുന്ന ഏത് വിഷയത്തെയും മാധ്യമങ്ങള്‍ വല്ലാതെ എടുത്തുപയോഗിക്കാറുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ടി പി വധത്തില്‍ സി പി എമ്മിനെ കടന്നാക്രമിച്ച് രസിക്കുന്ന മാധ്യമങ്ങള്‍ നമുക്ക് നല്‍കുന്നത്. ഇതേ രീതിയില്‍ തന്നെയാരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഅ്ദനിയോടൊപ്പം പാര്‍ട്ടി സെക്രട്ടറി പങ്കെടുത്തതിനെ മാധ്യമങ്ങള്‍ ആഘോഷിച്ചത്. യഥാര്‍ത്ഥത്തില്‍ ഇടത് പക്ഷത്തിന്റെ ഇടത്തെ തകര്‍ക്കാന്‍ വിഷയാധിഷ്ഠിതമായി ആരാണ് ഇവിടെ അജണ്ടകള്‍ നിര്‍ണയിക്കുന്നത്. ഇടത്പക്ഷം എന്ന പക്ഷത്തിന്റെ ശൂന്യതയിലേക്ക് കടന്ന് വരാന്‍ കാത്തിരിക്കുന്നത് ഇവിടെത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളാണെന്ന തിരിച്ചറിവ് മലായളി മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇത്തരം മാധ്യമ അജണ്ടകള്‍ക്ക് വല്ലാതെ വശംവതരാകാതെ കാര്യങ്ങളെ അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ മനസ്സിലാക്കി ഉള്‍ക്കൊള്ളാന്‍ മലയാളി സമൂഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

(25-05-2012 ലെ സിറാജ് ദിനപത്രം എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ചത്)





Sunday, May 20, 2012

മനുഷ്യത്വം മരവിച്ചിട്ടാല്ലാത്ത സഖാക്കളോട്‌

തുറന്ന കത്ത്
സഖാക്കളേ,
ഇക്കഴിഞ്ഞ മെയ് നാലാം തീയതിക്ക് ശേഷമെങ്കിലും നിങ്ങള്‍ക്കെല്ലാം എന്റെ പേര് പരിചിതമായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അന്ന് രാത്രിയാണ് എന്റെ ഭര്‍ത്താവ് സഖാവ് ടി പി ചന്ദ്രശേഖരന്‍ ശിരസ്സും ശരീരവും വെട്ടിനുറുക്കി കൊലചെയ്യപ്പെട്ടത്. അന്നാണ് 45 വയസ്സില്‍ ഞാന്‍ വിധവ ആക്കപ്പെട്ടത്. എന്റെ പതിനേഴ് വയസ്സ് മാത്രമുള്ള ഏക മകന് അച്ഛനെ നഷ്ടപ്പെട്ടത്. അന്നാണ് ടി പി യുടെ 83 വയസ്സുള്ള വൃദ്ധ മാതാവിന് മകനെ നഷ്ടപ്പെട്ടത്. അങ്ങനെ ഒരു കുടുംബമാകെ അനാഥത്വത്തിന്റെയും തീരാദുഃഖത്തിന്റെയും ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടു.
ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവള്‍. എന്റെ അച്ഛന്‍ ഇപ്പോഴും സി പി എം ഏരിയാ കമ്മിറ്റി അംഗം. എന്റെ രണ്ട് സഹോദരിമാരും സഹോദരനും കമ്മ്യൂണിസ്റ്റ്കാര്‍ തന്നെ. ഞാന്‍ വിദ്യാര്‍ഥി ജീവിത കാലത്ത് എസ് എഫ് ഐ യില്‍ സജീവമായിരുന്നു. വിവാഹശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ മുഴുകാന്‍ കഴിയാതെ വന്നെന്നുമാത്രം. എന്റെ കമ്മ്യൂണിസ്റ്റ് വിശ്വാസത്തിനും കൂറിനും ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. ആ വിശ്വാസമാണ് കേരളത്തിലെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കമ്മ്യൂണിസ്റ്റുകാരായ അച്ഛനമ്മമാര്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും ഇങ്ങനെയൊരു തുറന്ന കത്തെഴുതാന്‍ ധൈര്യം നല്‍കുന്നത്.

സഖാക്കളേ,
എന്ത് തെറ്റാണ് ചന്ദ്രേട്ടന്‍ ചെയ്തത്? ഓര്‍മവെച്ച നാള്‍ മുതല്‍ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കാന്‍ കൊതിച്ചതും അങ്ങനെ ജീവിച്ചതും തെറ്റാണോ? ചന്ദ്രേട്ടന്‍ ധീരനായിരുന്നു. സമരമുഖങ്ങളില്‍ ഞങ്ങള്‍ തോളോടു തോള്‍ ചേര്‍ന്നണിനിരന്നു. ഒരിക്കലും പിന്തിരിയാതെ. തെറ്റുകളോട് പൊറുക്കാനാകാത്ത മനോഭാവമായിരുന്നു എന്നും ചന്ദ്രേട്ടന്റെത്. സി പി എമ്മിനകത്ത് വലതുപക്ഷവത്കരണം ശക്തമായപ്പോള്‍ അതിനെതിരെ സന്ധിയില്ലാ സമരം ചന്ദ്രേട്ടന്‍ നടത്തിയത് എനിക്കറിയാം. ചന്ദ്രേട്ടന്‍ പുറത്തുവന്നതും പുതിയ പാര്‍ട്ടി രൂപവത്കരിച്ചതും അധികാരമോഹത്തിന്റെ പേരിലാണെന്നാണ്് ഇപ്പോള്‍ സി പി എം പ്രചരിപ്പിക്കുന്നത്. ഇക്കാലം വരെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാകാത്തയാളാണ് അദ്ദേഹം.
സംഘടനാ ജീവിതത്തിന്റെ തിരക്കൊഴിഞ്ഞ നേരം ഒരു കമ്മ്യൂണിസ്റ്റുകാരന് ഒരിക്കലുമുണ്ടാകില്ലല്ലോ. എങ്കിലും വീണുകിട്ടുന്ന ഇടവേളകളില്‍ എന്നോടും മോനോടും പറയും.'ഞാന്‍ വീണുപോയാല്‍ നിങ്ങള്‍ തളരരുത്. എനിക്കറിയാം മരണം എന്റെ പിന്നാലെയുണ്ടെന്ന്. അവരെന്തെങ്കിലും ചെയ്യും'. ചന്ദ്രശേഖരന്റെ ഭാര്യ എന്ന നിലയില്‍ എനിക്കൊരിക്കലും അധീരയാകാന്‍ കഴിയില്ലല്ലോ. അതിനാല്‍ ഞാനെന്റെ പൊന്നുമോനെ രാത്രിയില്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകിടന്നു. ഒടുവില്‍ ഒരിക്കലും കേള്‍ക്കരുതേ എന്ന് വിചാരിച്ച ആ വാര്‍ത്ത എന്റെയും മോന്റെയും ചെവിയിലെത്തി. 
എന്റെയും മകന്റെയും വേദന തിരിച്ചറിയാതെ 'ഞങ്ങളല്ല ഇത് ചെയ്തതെ'ന്ന് പറഞ്ഞ് നാടു മുഴുവന്‍ പൊതുയോഗം നടത്താന്‍ പിണറായി വിജയന്‍ വരുമ്പോള്‍ നാടറിയണം ചന്ദ്രശേഖരന്റെ യഥാര്‍ഥ ഘാതകരാരാണെന്ന്. സി പി എം നേതാക്കളുടെ അറിവോടെയല്ലാതെ ആരും ചന്ദ്രേട്ടനെ കൊല്ലില്ല. അതെനിക്കുറപ്പാണ്. എത്ര പൊതുയോഗം നടത്തിയാലും ആ കുറ്റത്തില്‍നിന്ന് ഒഴിയാനാകില്ല ഒരു സി പി എം നേതാവിനും. അന്വേഷണം നടക്കട്ടെ എന്നും കുറ്റവാളികളെ കണ്ടെത്തട്ടെ എന്നുമെല്ലാം പറഞ്ഞവര്‍ അന്വേഷണം തങ്ങള്‍ക്ക് നേരെ നീളുമ്പോള്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുകയാണ്.

സഖാക്കളേ,
ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് നാം പൊരുതുന്നത്, മനുഷ്യനന്മക്കുവേണ്ടി. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കൊന്നുതള്ളുന്നവരായിരുന്നില്ല മുമ്പ് സി പി എം. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. പി കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസ്സും നായനാരും അടക്കമുള്ള മനുഷ്യസ്‌നേഹികളായ നേതാക്കള്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്ത പ്രസ്ഥാനം ക്രിമിനല്‍വത്കരിക്കപ്പെട്ട ഒരു പറ്റം നേതാക്കന്മാരുടെ പിടിയില്‍ അമരാനിടയായി. അതിനുശേഷമാണ് കൊല്ലാനും കൊല്ലപ്പെടാനും മാത്രമുള്ള ഒരു പാര്‍ട്ടിയായി ഇത് മാറിയത്.  
രാഷ്ട്രീയ ജീവിതത്തിലെ സുതാര്യത കൊണ്ടും ജനകീയത കൊണ്ടും അടിക്കടി ജനപിന്തുണ വര്‍ധിച്ചുകൊണ്ടിരുന്ന ചന്ദ്രേട്ടനെ വകവരുത്താന്‍ സി പി എം നേതൃത്വം പല തവണ ശ്രമിച്ചതാണ്. ഒടുവിലവര്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ സംഘത്തിന്റെ കൂടി സഹായത്തോടെ ആസൂത്രിതമായി സഖാവിനെ കൊത്തിനുറുക്കി. അന്നു മുതല്‍ 'ഞങ്ങള്‍ക്കതില്‍ പങ്കില്ല' എന്ന് ആണയിടുന്നുണ്ടെങ്കിലും പോലീസ് സംഘത്തിന്റെ സാധാരണ നിലയിലുള്ള അന്വേഷണത്തില്‍ പോലും പിടിക്കപ്പെടുന്നത് പാര്‍ട്ടി അംഗങ്ങളും അവര്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളികളുമാണ്. മാത്രമല്ല, അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ കണ്ണൂരിലെയും മറ്റും ഉയര്‍ന്ന പദവികളിലുള്ള നേതാക്കള്‍ക്ക് ഈ ഗൂഢാലോചനയിലും ഈ അരുംകൊലയിലും കൊലയാളികളെ ഒളിപ്പിച്ചതിലും പങ്കുണ്ടെന്ന് വ്യക്തമാകുകയാണ്. അതോടെ സമനില തെറ്റിയ പാര്‍ട്ടി നേതൃത്വം സംഘടിതമായ ഒരു നുണ പ്രചാരണത്തിലൂടെ അണികളെയും അനുഭാവികളെയും തെറ്റിദ്ധരിപ്പിച്ചു കൂടെ നിര്‍ത്താനുള്ള പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതായും ഞാന്‍ അറിയുന്നു. പിണറായി വിജയന്‍ തന്നെയാണ് അതിനും നേതൃത്വം നല്‍കുന്നത്. പരമാവധി പാര്‍ട്ടി ബന്ധുക്കളെ അണിനിരത്തി ശക്തിപ്രകടനങ്ങള്‍ സംഘടിപ്പിച്ച് പോലീസ് അന്വേഷണത്തെ ഭീഷണി കൊണ്ട് അട്ടിമറിക്കുകയാണവരുടെ ലക്ഷ്യം.          

സഖാക്കളേ,
നേതൃത്വം ആവശ്യപ്പെട്ടാല്‍ അണിനിരക്കുന്നവരും നേതാക്കന്മാര്‍ പറയുന്നത് വിശ്വസിക്കുന്നവരുമാണ് എല്ലാ കാലത്തും കമ്മ്യൂണിസ്റ്റുകാര്‍. സത്യസന്ധതയുള്ള പാര്‍ട്ടിയും വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാക്കന്മാരുമുണ്ടായിരുന്ന കാലത്ത് അത് ശരിയായിരുന്നു. ഇപ്പോള്‍ അതാണോ സ്ഥിതി? ഈ മാഫിയാ നേതാക്കളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ എത്ര പേര്‍ക്കാണ് മകനും സഹോദരനും ഭര്‍ത്താവും നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഓര്‍ത്തുനോക്കൂ. എത്ര പേരാണ് കൊലപാതകികളായും ബലിയാടുകളായും ജയിലുകളില്‍ നരകിക്കുന്നത്? ഈ കൊലപാതക രാഷ്ട്രീയം ഇനിയും തുടരണോ? ഈ കൊലയാളി നേതാക്കളുടെ പിന്നില്‍ ഇനിയും അണിനിരക്കണോ? അവര്‍ പറയുന്നത് വിശ്വസിക്കണോ? ശാന്തമായി ആലോചിക്കുക. സ്വതന്ത്രമായി തീരുമാനിക്കുക. ഒരു കമ്മ്യൂണിസ്റ്റ് രക്തസാക്ഷിയുടെ കമ്മ്യൂണിസ്റ്റുകാരിയായ വിധവ എന്ന നിലയില്‍ എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്. എന്റെ വാക്കുകള്‍ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ സമനില തെറ്റിയ ജല്‍പ്പനങ്ങള്‍ മാത്രമാണെന്നും അതിനൊരു വിലയും കല്‍പ്പിക്കേണ്ടതില്ലെന്നും നേതാക്കന്മാര്‍ പറയുന്നു. ആ ക്രൂരതയോടെങ്കിലും പ്രതിഷേധിക്കണമെന്നും പാര്‍ട്ടിക്കൂറിന്റെ പേരില്‍ മാത്രം ഏതു കാട്ടാളത്തത്തിനും കൂട്ടുനില്‍ക്കുകയില്ലെന്നും തീരുമാനിക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു. 
അഭിവാദനങ്ങളോടെ, 
കെ കെ രമ


Saturday, May 19, 2012

ഒരു ഫെയ്‌സ് ബുക്ക് കവിത




റിക്വസ്റ്റ് തന്നത് നീയാണ് പെണ്ണേ

അക്‌സപ്റ്റ് ചെയ്തത് ഞാന്‍ ചെയ്ത തെറ്റ്
ഞാനിട്ട പോസ്റ്റിന് ലൈക്കോട് ലൈക്ക്
ഉള്ളം കൊതിച്ചുപോയ് നിന്റെ കമന്റിനായ്
തന്നില്ല തന്നില്ല നീ കമന്റൊന്നും
ഇന്നലെ രാത്രിയില്‍ നിന്റെ പ്രൊഫൈലില്‍
തപ്പിത്തടഞ്ഞു ഞാന്‍ നോക്കുന്ന നേരം
കണ്ടു ഞാന്‍ പെണ്‍കിളി നെഞ്ചം പൊളിഞ്ഞു പോയ്
കൊണ്ടു പോകുന്നിതാ നിന്‍ കമന്റൊക്കെയും
സുന്ദരന്‍ കോമളന്‍ ശിങ്കാര മോഹനന്‍
വഞ്ചകീ രാക്ഷസീ ദുഷ്ടേ കശ്മലേ
ബ്ലോക്കാക്കിടുന്നു നിന്നെ ഞാനിന്നിതാ
ദൈവമേ സുന്ദരന്‍ ശിങ്കാര മോഹനന്‍
ഫെയ്ക്കായിരിക്കണേ... അവളെ ചതിക്കണേ.....

Wednesday, April 4, 2012

ഒരു നരക രാത്രി........(പിന്നെ ജലാലുദ്ദീന്‍ റൂമിയുടെ കവിതയുടെ വിവര്‍ത്തനവും )


അശാന്തമാം നഗരം,
ഉഷ്ണമേ ഉഷ്ണം,
കൊതുകുകളുടെ സമ്മേളനം,
പ്രയോജനമില്ലാത്ത പുതപ്പ്,
ഉറക്കം നഷ്ടമായ,
ഒരു രാത്രി കൂടി,
അധികാരി വര്‍ഗം ഇനിയുമിനിയും,
നീണാള്‍ വാഴട്ടെ.......




കവിത(എന്നു വേണമെങ്കില്‍ വിളിക്കാം)





മഹാനായ കവി ജലാലുദ്ദീന്‍ റൂമി 
ഉറക്കം നഷ്ടമായ രാത്രികളെ പറ്റി പറഞ്ഞതെന്താണെന്നറിയുമോ



പേര്‍ഷ്യനാണ്................മലയാളമാക്കാനായൊരു ശ്രമം മാത്രം 
(പേര്‍ഷ്യന്‍ ആംഗലത്തിലാക്കി എനിക്കയച്ചു തന്ന എന്റെ സുഹൃത്ത് ജിഫ്രീന് ഒരായിരം നന്ദി)









بحمد اله که خلقان جمله خفتند---و من بر خالقم برکار امشبزهی کرو فر و اقبال بیدار---که حق بیدار و من بیدار امشباگر چشمم بخسپد تا سحرگر---زچشم خود شوم بیزار امشب



അല്ലാഹുവിന് നന്ദി
സുഖസുഷുപ്തിയിലാണ് ലോകം
ഏകനാമെന്‍ സൃഷ്ടാവിനെപ്പോലെ
ഞാനും ഏകനായ്ത്തീര്‍ന്നിരിക്കുന്നു.
സ്വര്‍ഗത്തിന്നുടമസ്ഥന്ന് നന്ദി
ഐശ്വര്യമാമീ രാത്രിയെ വിധിച്ചതിന്ന്
ദൂരസ്ഥമാം സത്യം ഉണര്‍ന്നിരിക്കുന്നു
ഈ രാത്രി എന്റേത് മാത്രമാണ്.
അടക്കില്ല ഞാനെന്‍ മിഴികളെ
അടയാനവകള്‍ വെമ്പല്‍ കൊണ്ടാലും ശരി


..............................................



امشب شب من بسی ضعیف و زار است---امشب شب پرداختی اسرار است



ഇന്നത്തെ രാത്രി,
ക്ലേശങ്ങളും, ദുഖവും നിറഞ്ഞതാണ്
രാത്രിക്കൊരിക്കലും മാറ്റമില്ല
ദുഖങ്ങള്‍ അയവിറക്കാനുള്ളതാണവ
...............................................


شب گردم گرد شهر چون باد چون آب---از گشتن گرد شهر کس ناید خواب



ഈ രാത്രിയില്‍ 
നഗരത്തിലുടെ ഞാനലഞ്ഞു
വെള്ളത്തെപ്പോലെ കാറ്റിനെപ്പോലെയും
നഗരവാസികള്‍ക്ക് ഉറക്കമില്ല
അവിടേക്കുമിവിടേക്കുവര്‍ വെറുതേ
ചുറ്റിത്തിരിയുന്നതെന്തിനാണവോ?
.........................................................



گر آب حیات خوشگواری ایخواب---امشب برما کار نداری ایخواب



ഓ പ്രിയപ്പെട്ട എന്റെ ഉറക്കമേ
ജീവജലം പോലെ നിന്നെ ഞാന്‍
പ്രണയിക്കുന്നെങ്കിലും
രാത്രിയില്‍ നിനെക്കെന്നോട്
ഒന്നുമേ സല്ലപിക്കാനില്ല സത്യം
................................................



صد شب خفتی حاصل آن دیدی---از بهر خدا امشب تا روز مخسب


ഉറക്കമേ,
നൂറ്റിക്കണക്കാം രാത്രികള്‍
നീയെനിക്കൊപ്പം വസിച്ചിരുന്നു
ഫലമെല്ലാമൊന്നു തന്നെ
അല്ലാഹുവിന്‍ ധ്യാനത്തിനായ്
ഇനി എല്ലാ രാത്രികളിലും
നീ ഉണര്‍ന്നിരിക്കൂ
.........................................................



با یار بچرخم و بدل میگویم---یارب که کلید صبح گم بادا امشب



ഹേ എന്റെ അല്ലാഹ്

പ്രണയിനിക്കൊപ്പം രസിച്ചിരുന്നു ഞാന്‍

ദുഖാര്‍ത്തമാം ഹൃദയം  എന്നോട് ചൊല്ലി

നഷ്ടപ്പെട്ട നിന്‍ രാത്രികള്‍ക്കായ് 
എടുക്കൂ നീ തിരിച്ചറിവിന്റെ താക്കോല്‍
..........................................