Friday, May 25, 2012

ഇവരെന്തിനാണ് പരസ്പരം കുലം കത്തിച്ച് വാഴവെക്കുന്നത്


സോവിയറ്റ് യൂനിയന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന തൊണ്ണൂറിന്റെ ഒരു സന്ധ്യയില്‍ മോസ്‌കോയിലെ ഒരു പാര്‍ട്ടി സമ്മേളനത്തില്‍ വെച്ച് അന്നത്തെ റഷ്യന്‍ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് തന്റെ പാര്‍ട്ടി അണികളോട് അതി വൈകാരികമായി സംസാരിച്ചു. ആ സമ്മേളനം നടത്തിയതാകട്ടെ പാര്‍ട്ടിയും സര്‍വോപരി രാജ്യവും നേരിടുന്ന പ്രതിസന്ധിയെപ്പറ്റി അണികളെ ബോധ്യപ്പെടുത്തുക എന്നുള്ളതായിരുന്നു. അന്നത്തെ മോസ്‌കോ മേയറും പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ബോറിസ് യെല്‍സ്റ്റിനാണ് ഗോര്‍ബച്ചേവിന്റെ മുഖ്യ എതിരാളിയും പ്രസംഗത്തിലെ ഉന്നവും.
  ഗോര്‍ബച്ചേവിന്റെ നടപടികളെ നിരന്തരം ചോദ്യം ചെയ്യുകയും പാര്‍ട്ടിയിലൂടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു യെല്‍സ്റ്റിന്‍. പ്രസംഗമധ്യേ ഗോര്‍ബച്ചേവ് പറഞ്ഞു ഇവിടെ പാര്‍ട്ടിയും സര്‍വോപരി രാജ്യവും മുട്ടറ്റം മണ്ണെണ്ണയില്‍ മുങ്ങിനില്‍ക്കുകയാണ്. അപ്പോഴാണ് നമുക്കൊപ്പമുള്ള ചിലര്‍ തീപ്പട്ടിയുരച്ച് രസിച്ചുകൊണ്ടിരിക്കുന്നത്. 
ടി പി ചന്ദ്രശേഖരന്‍ വധത്തോടെ കേരളത്തിലെ സി പി എം എന്ന രാഷ്ട്രീയ പാര്‍ട്ടി ഏതാണ്ട് ഇതേ അവസ്ഥയിലാണുള്ളത്. മുട്ടറ്റമല്ല കഴുത്തറ്റം മണ്ണെണ്ണയിലാണെന്ന് മാത്രമേ ഒരു വ്യത്യാസമുള്ളു. ഇവിടെ യഥാര്‍ത്ഥത്തില്‍ ഗോര്‍ബച്ചേവും യല്‍സ്റ്റിനും ഈ മണ്ണെണ്ണക്കുഴിയില്‍ പെട്ടിട്ടുണ്ട്. എന്നിട്ടും ഇരു കൂട്ടരും പരസ്പരം തീപ്പട്ടിയുയര്‍ത്തി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയും കേരളീയ സമൂഹത്തിന് ഇതിനെ ഇങ്ങിനെ സഹിക്കാന്‍ കഴിയുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പാര്‍ട്ടി എത്ര പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടും ശ്രമം പാളുന്നത് കൈരളിയുടെ ഭൂരിപക്ഷവും ഇത് ചെയ്തത് പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്. തെറ്റ് പറ്റിയെങ്കില്‍ തുറന്ന് പറയൂയെന്ന് പലരും പറഞ്ഞിട്ടും എന്തിനാണ് ഇവര്‍ സ്വയം കുലംകുത്തികളായിത്തീര്‍ന്നു കൊണ്ടിരിക്കുന്നത്.
ഇത് യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസം എന്ന മരിച്ചു പോയ സംഹിതയെ പേറുന്നതിന്റെ പ്രശ്‌നമാണ് ഒരു പരിധിവരെ. നമുക്ക് ഇന്നലകളിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളെ ചെറിയ തോതിലൊന്ന് പരിശോധിച്ച് നോക്കാം.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്മൂണിസം എന്നതിനെ ഒരു തത്വസംഹിതയായും രീതി ശാസ്ത്രമായും ലോകത്ത് അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിന് കിട്ടിയ സ്വീകാര്യ അത്ഭുതാവഹമായിരുന്നു. കാരണം അത് അടിച്ചമര്‍ത്തപ്പെട്ടവന്റെയും മര്‍ദിതന്റെ ആശകളെ നിറവേറ്റുമെന്നുള്ള ഉറച്ച വിശ്വാസം മൊത്തത്തില്‍ അവതരിപ്പിച്ചതിനാലായിരുന്നു. സ്‌നേഹങ്ങള്‍ക്ക് വിലയിടുന്ന സമൂഹത്തില്‍ പരസ്പരം സ്‌നേഹിക്കാന്‍ പഠിപ്പിച്ച കമ്യൂണിസം, വര്‍ഗം എന്താണെന്നോ വര്‍ഗബോധം ആവശ്യമാണെന്നോ അറിയാത്ത സമൂഹത്തിന് വര്‍ഗ വര്‍ണങ്ങള്‍ക്കതീതമായി മനുഷ്യത്വത്തിന്റെ കാഹളം ഊതിയ കമ്യൂണിസം. ലോകത്തിന്റെ വിവധ കോണുകളിലേക്ക് അതിന്റെ അലയൊലികള്‍ ആളിപ്പടര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ സൂര്യന് ലോകത്തോട് പറയാനുണ്ടായിരുന്നത് കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ കഥകളായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവനും തൊഴില്‍ ചെയ്താല്‍ മാന്യമായ കൂലി ലഭിക്കാതിരുന്നവനെയുമെല്ലാം ലോക നായകന്‍മാരാക്കി മാറ്റി കമ്യൂണിസം. ഇന്ത്യന്‍ സ്വാതന്ത്ര സമര കാലഘട്ടത്തിന്റെ അവസാനഘട്ടമാകുമ്പോഴേക്ക് നമ്മുടെ രാജ്യത്തേക്കും കടന്നു വന്ന കമ്യൂണിസം സ്വാതന്ത്രസമര പ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെ വരെ സ്വാധീനിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
പിന്നീടങ്ങോട്ട് ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ കമ്യൂണിസം അധികാരം പിടിച്ചടക്കുന്ന കാഴ്ചയാണ്  ചരിത്രത്തിന്റെ താളുകളില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നത്. ലോകത്താകമാനം അതിന്റെ അനുരണങ്ങള്‍ കണ്ടു. പോരാടേണ്ടിടത്ത് പോരാടിയും ആശയം സമരം നയിക്കേണ്ടിടത്ത് അങ്ങിനെയും കമ്യൂണിസം മുന്നോട്ടു പോയി. നമ്മുടെ കൊച്ചു കേരളത്തിലെ ഉടമാ അടിമാ ജന്മി സമ്പ്രദായങ്ങളെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റി കമ്മ്യൂണിസം. ജന്മിമാരുടെ പിന്നാമ്പുറത്ത് കുഴികുത്തി കുമ്പിളില്‍ കഞ്ഞികുടിച്ചിരുന്നവര്‍ക്ക് നിവര്‍ന്ന് നിന്ന് തങ്ങള്‍ അധ്വാനിച്ചതിന്റെ കൂലി ചോദിച്ചു വാങ്ങാനുള്ള ധൈര്യം നല്‍കി കമ്മ്യുണിസം. മലയാളക്കരിയിലെ മനുഷ്യത്വം മരച്ച് നില്‍ക്കുന്ന പല കാടന്‍ സമ്പ്രദായങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് കൂട്ടായ്മകള്‍ അറുതി വരുത്തി. അങ്ങിനെ കേരള ജനത തങ്ങളെ ഭരിക്കാന്‍ ആര് വരണമെന്ന ചോദ്യത്തിന് കമ്മ്യുണിസത്തിന് നേരെ കൈ ചൂണ്ടി. ഇതൊക്കെയും സാധിച്ചെടുത്തത് അക്കാലഘട്ടത്തിലെ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ എന്തായിരുന്നു എന്ന് മനസ്സിലാക്കി അവരുടം സന്തോഷ സന്താപങ്ങളില്‍ കൂടെ നില്‍ക്കാന്‍ അന്നത്തെ പാര്‍ട്ടി നേതൃത്വം കാണിച്ച സന്മനസ്സിന്റെ കാരണമായിരുന്നു.
സോവിയറ്റ് റഷ്യയെ കേന്ദ്രമാക്കി ലോകത്ത് കമ്മ്യൂണിസം പലയിടങ്ങളിലും അധികാരത്തിലേറി. സോഷ്യലിസം ലോകത്തിന്റെ മുദ്രാവാക്യമായിത്തീര്‍ന്നു. കമ്മ്യൂണിസത്തെ അംഗീകരിക്കാത്ത ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ പോലും കമ്മ്യൂണിസം മുന്നോട്ട് വെക്കുന്ന സോഷ്യലിസ്റ്റ് സമ്പ്രദായത്തെ സ്വീകരിച്ചു. എന്നാല്‍ തൊണ്ണുറുകളുടെ ആദ്യത്തോടെ ലോകത്ത് കമ്മ്യൂണിസം തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അന്നേക്ക് അധികാരത്തിന്റെ രുചി അവരെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ അഴിമതിയും പൊതു ജന ചൂഷണവും വര്‍ധിച്ചത് കാരണമായി പൊതുവില്‍ ലോക ജനതയുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കമ്മ്യൂണിസം കൂപ്പികുത്തി. ജന്മിത്തത്തിനും, മുതലാളിത്തത്തിനും, ഏകാധിപത്യത്തിനും എതിരെ പോരാടിയവര്‍ ലോകത്തെ ഒന്നാം നമ്പര്‍ ജന്മിമാരും, മുതലാളിമാരും, ഏകാധിപതികളുമായിത്തീര്‍ന്നു. ജനം മുതലാളിത്തത്തെ വെറുക്കുന്നതിനേക്കാള്‍ കൂടുതല്‍ കമ്മ്യൂണിസത്തെ വെറുക്കാന്‍ തുടങ്ങി.
ഒരു കാലത്ത് മതച്ഛിഹ്നങ്ങളെ പുച്ഛിച്ചു തള്ളിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ മതപരമായ ചട്ടങ്ങളിലേക്ക് മടങ്ങിപ്പോയി. സോവിയറ്റ് റഷ്യ എന്നുള്ളത് ചരിത്രത്തിന്റെ താളുകളില്‍ മാത്രമായി തീര്‍ന്നു. ലോക കമ്മ്യൂണിസ്റ്റുകള്‍ റഷ്യക്ക് പകരം ചൈനയാണ് നല്ല കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്ന് കരുതി തങ്ങളുടെ താത്വിക വിശകലനങ്ങള്‍ ചൈനയെ മുന്‍ നിര്‍ത്തി തയ്യാറാക്കി. എന്നാല്‍ തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്ക് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തങ്ങളുടെ ഭരണഘടനയില്‍ മതത്തെ ചേര്‍ത്തെഴുതി. ഇതോടെ കമ്മ്യൂണിസത്താല്‍ കെട്ടിപ്പടുക്കപ്പെട്ട അവസാനത്തെ രാജ്യവും കമ്മ്യൂണിസത്തെ ഉപേക്ഷിച്ചിരിക്കുന്നു എന്ന് ചരിത്രം വിലയിരുത്തി.
ഒരു കമ്മ്യൂണിസ്റ്റ് ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്നവനും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവനുമാകണമെന്നാണ് കമ്മ്യൂണിസ്റ്റ് മാനിെഫെസ്റ്റോ പറയുന്നത്. ആദ്യ കാലങ്ങളില്‍ അങ്ങിനെയൊക്കെയായിരുന്നു താനും. അധികാരത്തിന്റെ രുചിയില്‍ അടിമപ്പെട്ടു പോകാതിരിക്കാനായി പാര്‍ലമെന്ററി മോഹങ്ങളെ പാര്‍ട്ടി വെച്ചു പൊറുപ്പിക്കുകയേയില്ലായിരുന്നു. പിന്നീടങ്ങോട്ട് വര്‍ഷങ്ങള്‍ കഴിയുന്തോറും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നെടുന്തൂണുകള്‍ എന്ന് വിശേഷിപ്പിച്ചിരുന്ന നേതാക്കള്‍ വരെ പാര്‍ലമെന്ററി വ്യാമോഹങ്ങളില്‍ പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് തുല്യമായ അധികാര രാഷ്ട്രീയം പയറ്റുന്നതാണ് നാം കണ്ടത്. പാര്‍ട്ടിയിലെ പല നേതാക്കളും ഇന്ന് ശത കോടീശ്വരന്‍മാരാണ്. അതിനെപ്പറ്റി അവരോട് ചോദിച്ചാല്‍ ഒന്നുകില്‍ എന്തെങ്കിലും മുട്ടാ ന്യായം പറയും അല്ലെങ്കില്‍ മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ചൂണ്ടിക്കാണിക്കും (മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളും സമന്‍മാരാണ് എന്നതാണോ പാര്‍ട്ടി ഇത്‌കൊണ്ട് ഉദ്ദേശിക്കുന്നതെന്നറിയില്ല) അതുമല്ലെങ്കില്‍ ചോദിക്കുന്നവനെ ആക്രമിച്ച് അടിച്ചമര്‍ത്തും. അതിനായിട്ടായിരുന്നു പാര്‍ട്ടി ചാവേറുകളെ ഉണ്ടാക്കിയിരുന്നത്. പാര്‍ട്ടിക്കെതിരെ എന്ന് പറഞ്ഞാല്‍ പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത് അച്ചടക്കലംഘനം നടത്തുന്നവരെ മാനസികമായും ശാരീരികമായും തളര്‍ത്താനുമായിട്ടും. ആര്‍ എസ് എസ്, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് പോലുള്ള പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടിക്ക് ഭീഷണിയാകുന്നവരെ ഇല്ലായ്മ ചെയ്യാനുമായിട്ടായിരുന്നു പാര്‍ട്ടി കേഡറുകളായ ഇത്തരം ചാവേറുകളെ നിയോഗിക്കപ്പെട്ടിരുന്നത്.
ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയും കൊന്നു തള്ളിയും അടിച്ചമര്‍ത്തിയും വടക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കി. അവിടെ പാര്‍ട്ടിയുടെ പ്രാദേശിക ഘടകമാണ് ഭരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയോ മറ്റോ ഒന്നും അവിടെ ബാധകമല്ല. പാര്‍ട്ടിക്കുവേണ്ടി കൊല നടത്തുന്നവരെ പാര്‍ട്ടി സംരക്ഷിക്കുന്നത് പ്രധാനമായും ഇത്തരം ഗ്രാമങ്ങളിലൂടെയായിരുന്നു. പാര്‍ട്ടിക്കു വേണ്ടി കൊലപാതകം നടത്തുന്നവര്‍ ഒരിക്കലും അറസ്റ്റിലാവുകയില്ല കാരണം അവരെ പാര്‍ട്ടി സംരക്ഷിക്കും. പകരം പാര്‍ട്ടി പ്രതികളെ നല്‍കും അവരും പാര്‍ട്ടി പ്രവര്‍ത്തകരായിരിക്കും പക്ഷെ യഥാര്‍ത്ഥ പ്രതികളായിരിക്കുകയില്ല. അവരെയും അവരുടെ കുടുംബങ്ങളെയും പാര്‍ട്ടി സംരക്ഷിക്കും. ഇതായിരുന്നു കാലാകാലമായി പാര്‍ട്ടി കേരളത്തില്‍ അനുവര്‍ത്തിച്ചു വരുന്ന നയങ്ങള്‍.
എന്നാല്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി മാറിയിരിക്കുന്നുവെന്നതാണ് സമകാലിക സംഭവങ്ങള്‍ നമ്മെ ഉണര്‍ത്തുന്ന പ്രധാനപ്പെട്ട കാര്യം. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തങ്ങളുടെ നയങ്ങളെ വിശദീകരിക്കുവാന്‍ പാടുപെടുകയാണ്. ഭരണമുണ്ടായിരുന്ന പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനത്ത് നിന്ന് പാര്‍ട്ടി നിഷ്‌കരുണം തുടച്ചു മാറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇടതു പക്ഷ പാര്‍ട്ടികള്‍ക്ക് ഇന്ന് പുതിയ കേഡര്‍മാരെ കിട്ടുന്നില്ല എന്നുള്ള കാര്യം പാര്‍ട്ടി അംഗീകരിക്കുന്ന വസ്തുതയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയാടിത്തറ ഇളകിയിരിക്കുന്നു. ജനകീയമായ മുഖമുള്ള നേതാക്കന്‍മാര്‍ തന്നെ വിരളമായിത്തീര്‍ന്നിരിക്കുന്നു. ബൂര്‍ഷ്വാസികള്‍ക്കെതിരെ മാനത്തേക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് വളര്‍ന്നു വന്ന പാര്‍ട്ടി സഖാക്കള്‍ ഇന്ന് ഏറ്റവും വലിയ ബൂര്‍ഷ്വാസികളായി മാറിയിരിക്കുന്നു. സ്ഥാപിത താത്പര്യക്കാരുടെ കൈകളിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്നു.
ഇതൊക്കെയും വിളിച്ച് പറഞ്ഞ് പാര്‍ട്ടിയുടെ പുറത്ത്‌പോകുന്ന ജനകീയ അടിത്തറയുള്ള പാര്‍ട്ടിയുടെ മുന്‍ സഖാക്കളെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കുകയെന്നത് കേട്ടു കേള്‍വിയില്ലാത്ത കാര്യമാണ്. പാര്‍ട്ടിയിലെ ഗര്‍ജിക്കുന്ന സിംഹമായിരുന്ന എം വി രാഘവന്‍ പുറത്ത് പോയപ്പോഴും ഗൗരിയമ്മ പുറത്ത് പോയപ്പോഴും പിന്നീട് സിന്ധുജോയി വരെയുള്ള പലരും പാര്‍ട്ടി വിട്ടപ്പോഴും പാര്‍ട്ടി സഖാക്കളെ ഉപയോഗിച്ചായിരുന്നു അധവാ പാര്‍ട്ടി കേഡറുകളെ ഉപയോഗിച്ചായിരുന്നു പാര്‍ട്ടി നേരിട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങള്‍ത്ത് കീഴ്‌പ്പെട്ടിരിക്കുന്നുവെന്ന കാര്യ മൊത്തം കേരളീയ സമൂഹത്തില്‍ ഞെട്ടലുളവാക്കുന്ന കാര്യമാണ്. ഈ ഇന്ത്യാ മഹാരാജ്യത്ത് ഏത് സംഹിതയെയും പുണരാനും അത് മതമായാലും രാഷ്ട്രീയമായാലും അതില്‍ ശക്തമായി പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്രം ഭരണഘടന അതിന്റെ പ്രീ ആമ്പിളില്‍ തന്നെ വക വെച്ച് തരുന്നുണ്ട്. അപ്പോ പാര്‍ട്ടില്‍ നിന്ന് വിട്ടുപോയി (പാര്‍ട്ടി ഭാഷയില്‍ പറഞ്ഞാല്‍ പാര്‍ട്ടിക്ക് ഭീഷണിയുയര്‍ത്തി) പുതിയ പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തിക്കുകയെന്നുള്ളതും അത് പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്നുള്ളതും ഭറണാഘടന അനുവദിച്ച് നല്‍കുന്ന കാര്യമാണ്. അതിനെ യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് തടയിടാനാകുക.
ഒഞ്ചിയത്ത് ചന്ദ്രശേഖരനും കൂട്ടരും അണികളുടെ വികാരത്തിന് വിരുദ്ധമായി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി നേതാക്കന്‍മാരുടെ നടപടികളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും പുതിയ ഒരു പാര്‍ട്ടി രൂപീകരിച്ച് അവരുടെ മേഖലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്തത് തെറ്റാണെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. എന്നാല്‍ സ്വന്തം കാല്‍കീഴിലെ മണ്ണ് ചന്ദ്രശേഖരന്റെയും കൂട്ടരുടേയും പിന്നാലെ ഒഴുകിയത് പാര്ട്ടി തിരിച്ചറിയുന്നത് വളരെ വൈകിയാണെന്ന് വേണം കരുതാന്‍. അനുനയങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാത്ത തങ്ങളുടെ പഴയ പാര്‍ട്ടി കേഡറിനെ പിന്നെ ഇല്ലാതാക്കുകയെന്നുള്ളത് മാത്രമായി പാര്‍ട്ടിയുടെ മുന്നിലെ വഴി. കണ്ണൂരിലെ ഫസലിനെയയും, ഷുക്കൂറിനെയും വധിച്ചപ്പോള്‍ പൊതു സമൂഹത്തില്‍ നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമേ ഈ സംഭവത്തിലും ഉണ്ടാവുകയുള്ളുവെന്ന പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചാണ് ചന്ദ്രശേഖരന്റെ ഭൗതികശരീരം തീനാളങ്ങളേറ്റു വാങ്ങിയത്.
ഇവിടെ നിന്നും പാര്‍ട്ടി പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. കാലം ഒരുപാട് മാറിയെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചന്ദ്രശേഖരന്‍ പറയാറുള്ളത് പോലെ പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യ സ്വഭാവം മാറ്റി നിര്‍ത്തി കൂടുതല്‍ ജനകീയമായ നിലപാടുകളിലേക്ക് പാര്‍ട്ടി മാറേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിവില്ലാത്ത നേതൃത്വം യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിക്ക് തന്നെ ഒരു ബാധ്യതയായിത്തീരുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.


വാല്‍ക്കഷ്ണം: അതിലുപരി നാം തിരിച്ചറിയാതെ പോകുന്ന ഒരു വിഷയമാണ് വലതു പക്ഷത്തിന് മേല്‍ക്കൈ ലഭിക്കുന്ന ഏത് വിഷയത്തെയും മാധ്യമങ്ങള്‍ വല്ലാതെ എടുത്തുപയോഗിക്കാറുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ടി പി വധത്തില്‍ സി പി എമ്മിനെ കടന്നാക്രമിച്ച് രസിക്കുന്ന മാധ്യമങ്ങള്‍ നമുക്ക് നല്‍കുന്നത്. ഇതേ രീതിയില്‍ തന്നെയാരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഅ്ദനിയോടൊപ്പം പാര്‍ട്ടി സെക്രട്ടറി പങ്കെടുത്തതിനെ മാധ്യമങ്ങള്‍ ആഘോഷിച്ചത്. യഥാര്‍ത്ഥത്തില്‍ ഇടത് പക്ഷത്തിന്റെ ഇടത്തെ തകര്‍ക്കാന്‍ വിഷയാധിഷ്ഠിതമായി ആരാണ് ഇവിടെ അജണ്ടകള്‍ നിര്‍ണയിക്കുന്നത്. ഇടത്പക്ഷം എന്ന പക്ഷത്തിന്റെ ശൂന്യതയിലേക്ക് കടന്ന് വരാന്‍ കാത്തിരിക്കുന്നത് ഇവിടെത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളാണെന്ന തിരിച്ചറിവ് മലായളി മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇത്തരം മാധ്യമ അജണ്ടകള്‍ക്ക് വല്ലാതെ വശംവതരാകാതെ കാര്യങ്ങളെ അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ മനസ്സിലാക്കി ഉള്‍ക്കൊള്ളാന്‍ മലയാളി സമൂഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

(25-05-2012 ലെ സിറാജ് ദിനപത്രം എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ചത്)

2 comments:

  1. ota iruppil vaayichu , pakshe vimarshanam athinte uchiyil ethi thazhotu irangi vannu ninnu kaznjitu enthinanu ee vaalkashnam... ??? athil paranajathu thane alle thangalum kaanichu vechirikunnathu !! kashtam

    ReplyDelete
  2. സുഹൃത്തേ ഞാനിതില്‍ എവിടെയാണ് പാര്‍ട്ടിയെ കടന്നാക്രമിച്ചിരിക്കുന്നത്.

    ReplyDelete