Tuesday, August 30, 2016

സ്വതന്ത്രം


ഇനിയുമെഴുതും കടലോളം
സുന്ദരനാം ചന്ദ്രനെന്നും
പുലരിയിലെ സൂര്യനെന്നും
പറയുമ്പോല്‍ എഴുത്തെന്തെളുപ്പം

ആകാശം വരണ്ടിരിക്കുന്നു
ഒഴിഞ്ഞ വെള്ളക്കുപ്പി പോലെ
വഴിയിരികില്‍ നിന്നു ഞാന്‍
തൊണ്ട വറ്റിയാശ്വാസം പുല്‍കി

വീട്ടുവാതിലിന്നു മുമ്പില്‍
അഭിവാദ്യമെഴുതി വെച്ചിരുന്നു
മുള്ളേറി ഹൃദയം വിറങ്ങലിക്കുന്നു
ഇല്ലിനി കരയില്ല എന്നുറച്ചിരിക്കുന്നു

എഴുതാനെന്തെളുപ്പത്തിനെളുപ്പം
കൊട്ടാരമെന്നു പറയുമ്പോലെളുപ്പം
കടല്‍പ്പാലമെന്നു പറയുമ്പോലെളുപ്പം
വെളിച്ചമെത്താത്ത കടലാസു ബാക്കി

പൂമ്പാറ്റകള്‍ കരിയുന്ന മണമെത്തുന്നു
മുടിചീകുമാ ലാഘവത്തിലെഴുതാം
നഖം മുറിയുമാ വേദനയിലുമെഴുതാം
കടലാസുകള്‍ പാറുന്നു സ്വതന്ത്രം

Wednesday, February 24, 2016

ഉമര്‍ ഖാലിദ്



ഭരണാധിപനും സേനാധിപനും
പേരായി നിന്നില്‍ ലയിക്കുമ്പോള്‍
വിപ്ലവത്തില്‍ ജ്വാല നിന്നില്‍
ജ്വലിക്കുവതിലെന്തത്ഭുതം

നീയൊരു മനുഷ്യ ശരീരമായിരുന്നു
നിനക്കും നിന്നെയറിവുള്ളവര്‍ക്കു
മെങ്കിലും നിന്‍ മതത്തെ നീ
വലിച്ചെറിഞ്ഞിരുന്നെങ്കിലും

പ്രിയനേ നിന്നിലെ നിന്‍
മതത്തേ ഫാസിസം തിരിച്ചറിഞ്ഞു
വിളിച്ചു പറഞ്ഞവര്‍ നിന്‍ നാമം
നിന്‍ മതത്തിനൊപ്പംഒറ്റുകാരനായ്

എങ്കിലും ഉമര്‍ നീയൊരു
വിപ്ലവജ്വാല തന്നെ
നീയുയര്‍ത്തിയ സമരാവേശം
ഒരു കലാശാലക്കായ് മാത്രമല്ല

മനുഷ്യനായ് ജീവിക്കാന്‍
മതക്കാരനും അല്ലാത്തവനും
ഈ രാജ്യത്തെവിടെയും
നീ തന്നോരാത്മ ധൈര്യം

അലയടിക്കട്ടെ രാജ്യമാകെ
പുതിയ ജ്വാലകളുയരട്ടെ
കരിഞ്ഞുണങ്ങട്ടെ ഫാസിസം
ആ തീജ്വാലകളില്‍

പ്രിയ ഉമര്‍ നീ നീ മാത്രമല്ല
ഞാന്‍ കൂടി ചേര്‍ന്ന നീയാണ് നീ
ഉയരട്ടെ നിന്‍ സമരകാഹളം
ഫാസിസം തകര്‍ന്നടിയും വരെ

Sunday, October 25, 2015

യുദ്ധം


യുദ്ധഭൂവില്‍ ഒറ്റക്കായിരുന്നു ഞാൻ
സഹായ മാര്‍ഗങ്ങളേതുമില്ലാതെ
വെറുപ്പും ശത്രുതയും കാരണം
കാരുണ്യമെങ്ങോ പോയ് മറഞ്ഞു
പരസ്പരം പട വെട്ടി കൊല്ലുന്നു
എന്തിനെന്നേതിനെന്നറിയാതെ.

സ്വയം രക്ഷപ്പെടുവതെങ്ങിനെ
നിരായുധമാം എന്‍ കരങ്ങള്‍ ചോദിപ്പൂ
അപ്പുറം കടപ്പതെങ്ങിനെ
കൊലക്ക് വഴങ്ങാതെയെന്ന ശങ്ക ബാക്കി
ചുറ്റും കത്തിയും വാളുമല്ലോ
എന്നാലാവതു രക്ഷാശ്രമത്തിലാണു ഞാന്‍

എന്‍ കഴിവിവിടെ തുച്ഛം
അല്ലാവിന്‍ സഹായമേ മെച്ചം.
എന്താണീ യുദ്ധത്തിനര്‍ത്ഥം
ചിന്ത നിര്‍ത്താനാകാത്ത പാച്ചില്‍
ഞെട്ടി ഉണര്‍ന്നു ഞാനെന്‍
തിരിച്ചറിവിന്‍ മുറ്റത്ത്
എന്‍ ശരീരമാണെന്‍ ശത്രു
അതിനോടാണിനി എന്‍ യുദ്ധം
തിരിച്ചറിവിന്‍ സ്വപ്നാടനം
ഏകനാം നാഥന്ന് സര്‍വ സ്തുതികളും.

Sunday, January 4, 2015

സമ്മതം സമ്മതം


























വലിയ ചോദ്യത്തിനും 
അതിന്റെ ചോദ്യത്തിനും
ഉത്തരമില്ലാതെ ഉഴറുമ്പോള്‍,
സമാധാനമെവിടെയോ 
മറഞ്ഞു ചിരിക്കുന്നു,
സമ്മതം പറയാതിരുന്നാല്‍,
എന്നേക്കുമെന്നേക്കുമായി
ജീവതപ്പുതുമ നഷ്ടമായേക്കാം.
സമ്മതം മാത്രം ബക്കിയാക്കി.

Thursday, September 11, 2014

ഗ്രാമ്പു

ഡിസംബറിന്‍ നീല
ശിശിരമെന്‍ പടിവാതിലില്‍
കൂന കൂട്ടവേ
എന്റെ മച്ചിന്‍ സമയ വക്രത
കാലിലെ തൈലത്തോട് സല്ലപിച്ചു
മേലങ്കിയണിഞ്ഞ രാത്രി
എന്‍ സ്വപ്‌നാധികാരത്തെ
കൊയ്‌തെടുക്കാന്‍
ചെറു പറവയായെത്തി
ചിന്തകളിനിയും ഉറങ്ങിയില്ല
നഗ്ന പാദയായ് ഞാന്‍
യഥാര്‍ത്ഥ പ്രണയത്തെ തേടിടുന്നു

ഡിസംബറിന്‍ നീല
ജനാലക്കരികിലെത്തി
ചില്ലുകള്‍ മങ്ങിയ കാഴ്ച നല്‍കി
ചുവന്ന പുഷ്പച്ചെടി
വര്‍ണങ്ങള്‍ പൊഴിച്ച്
ഉദയാര്‍ക്കനായ് കാത്തിരിക്കുന്നു
ഇത് പ്രണയമോ
കുളിരിന്‍ നടുവിലെ
അക്ഷരക്കൂട്ടുകളോ...