നാം വസിക്കുന്നത് സമത്വ സുന്ദരമായ ഒരു പൂന്തോട്ടത്തിലാണ്. ലോകം തങ്ങള്‍ക്കും ഇങ്ങിനെയായാല്‍ കൊള്ളാമെന്ന് ഇന്നും ആഗ്രഹിച്ചു കൊണ്ടെയിരിക്കുന്ന പൂന്തോട്ടത്തില്‍, അസൂയപ്പെട്ടു കൊണ്ടേയിരിക്കുന്ന പൂന്തോട്ടത്തില്‍. ഇവിടെ ഹൈന്ദവ, മുസ്‌ലിം, ക്രൈസ്തവ, ജൈന, ബുദ്ധ പുഷ്പങ്ങള്‍ പരസ്പരം സഹവര്‍ത്തിത്തോടെ കഴിയുന്നതാണ് ലോകത്തെ അസൂയപ്പെടുത്താന്‍ കാരണം. അങ്ങിനെ വസിച്ചു വരവേയാണ് പൊടുന്നനെ 1992 ഡിസംബറിലെ ആറാം ദിനത്തില്‍ ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനത്തിന് നാമൊക്കെയും സാക്ഷികളായത്. സോഷ്യലിസത്തിന്റെ അപ്പോസ്തലന്‍മാരാണ് തങ്ങള്‍ എന്ന് അഹങ്കരിച്ചിരുന്ന ഇന്ത്യന്‍ ജനത ലോകത്തിന് മുന്നില്‍ നാണം കെട്ടു. അതിന് നേതൃത്വം കൊടുത്തതാകട്ടെ പരിപാവനമായ ഈ പൂന്തോട്ടത്തില്‍ ഏറ്റവും കൂടുതലുള്ള മലരുകളിലെ തീവ്രവാദികളായ ഒരു ന്യൂനപക്ഷവും. ഇന്നും ഉണങ്ങാത്ത മുറിവില്‍ വീണ്ടും കത്തി ഇറക്കാന്‍ നാം ഇനി ആരെയും അനുവദിച്ചു കൂടാ. വരൂ നമുക്ക് ഒന്നിച്ചെതിര്‍ക്കാം. രാജ്യ വിരുദ്ധ ശക്തികളെ. സോഷ്യലിസ്റ്റ് വിരുദ്ധ ശക്തികളെ. ജാതി മത വര്‍ഗ വര്‍ണ വേഷ ഭാഷകള്‍ക്കതീതമായി നമുക്ക് ഒന്നിക്കാം. അപ്പോള്‍ മാത്രമേ ഇഖ്ബാലിന്റെ വരികള്‍ക്ക് പൂര്‍ണാര്‍ഥം കൈവരിക്കാന്‍ സാധിക്കുകയുള്ളു.
സാരേ ജഹാം സെ അഛാ... ഹിന്ദുസ്ഥാന്‍ ഹമാരാ...
(from madhyamam.com)
ബാബരി മസ്ജിദിനെ ആദ്യം സംഘര്‍ഷകേന്ദ്രമാക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. 1857ല്‍ ആഞ്ഞടിച്ച ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ശിഥിലമാക്കാനാണവര്‍, അന്ന്, അത്തരമൊരു കുടിലതന്ത്രം പ്രയോഗിച്ചത്. അന്നതിനെ പ്രതിരോധിച്ചത്, അയോധ്യാ നിവാസികളായ മുഴുവന്‍ മനുഷ്യരും മതജാതി പരിഗണനകള്‍ക്കപ്പുറം ഒരുമിച്ചുനിന്നാണ്. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന സാമ്രാജ്യത്വ നയത്തെ ചെറുക്കാന്‍; ഇസ്ലാം മതപണ്ഡിതനായ അമീര്‍ അലിയും ഹിന്ദു മതാചാര്യനായ, ബാബ രാമചന്ദ്രദാസും ഒന്നിച്ചുനിന്നാണ് നേതൃത്വം നല്‍കിയത്. മസ്ജിദ് സംബന്ധിച്ച്, ‘നിങ്ങള്‍ക്ക് മാത്രമാണ് തര്‍ക്കമെന്നും;’ ഞങ്ങള്‍ക്കിടയില്‍ അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ളെന്നവര്‍ ഒരുമിച്ചുനിന്ന് പ്രഖ്യാപിച്ചപ്പോള്‍ അന്ന്, പരിഭ്രാന്തരായത്, ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നു. അതിന്നവര്‍ പകരംവീട്ടിയത്, മനുഷ്യസ്നേഹികളായ ആ മതനേതാക്കന്മാരെ, ഒൗധിലെ ഒരു ആല്‍മരകൊമ്പില്‍, കെട്ടിത്തൂക്കി കൊന്നുകൊണ്ടായിരുന്നു! യുദ്ധമേ ഇല്ലാതിരുന്ന അയോധ്യയുടെ മണ്ണില്‍, കൂട്ടക്കുരുതികള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന് അയോധ്യക്കന്ന് നഷ്ടമായത് മഹത്തായ രണ്ട് ജീവിതങ്ങളാണ്.
ബ്രിട്ടീഷുകാര്‍ക്ക് അവരെ കൊല്ലാന്‍ കഴിഞ്ഞെങ്കിലും അവരുടെ സ്മരണകളെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അവരെ കെട്ടിത്തൂക്കി കൊന്ന ആ ‘ആല്‍മരം’, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അസ്വാസ്ഥ്യപ്പെടുത്തുന്ന, ഒരശാന്തമായ അനുസ്മരണ കേന്ദ്രമായി, ദിവസേനയെന്നോണം വളര്‍ന്നുകൊണ്ടിരുന്നു. ജനങ്ങള്‍ അതിനുചുറ്റും ഒത്തുചേര്‍ന്ന് ഐക്യദാര്‍ഢ്യം പങ്കുവെച്ചു. അപ്പോള്‍ സാമ്രാജ്യത്വം ചെയ്തത്, ആ ആല്‍മരത്തെതന്നെ വേരോടെ പിഴുതെടുത്ത് നശിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍, ഇങ്ങനെയും ഒരാലുണ്ടായിരുന്നു എന്ന്, സൗകര്യം കിട്ടുമ്പോഴെങ്കിലും നമ്മള്‍ ഓര്‍മിക്കേണ്ടിയിരിക്കുന്നു. 1860ല്‍ ആ ആല് മുറിച്ചുമാറ്റിയെങ്കിലും അപ്പോഴും ബാബരി മസ്ജിദ് ഒരു പോറലുമേല്‍ക്കാതെ, ഒരു മസ്ജിദായും ഇന്ത്യന്‍ മതേതരത്വത്തിന്‍െറ ഒരു മഹാസ്മാരകമായും നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, സാമ്രാജ്യത്വത്തിന് അന്ന് കഴിയാത്തത്, പിന്നീട് സംഘ്പരിവാര്‍ ശക്തികള്‍ നടപ്പാക്കുന്നതാണ് നാം കണ്ടത്.
മുമ്പേ തന്നെ മുടന്തി തുടങ്ങിയ, ഇന്ത്യന്‍ മതേതരത്വത്തിന്‍െറ അന്ത്യ മൊഴികളിലൊന്നായി 1992 ഡിസംബര്‍ ആറ് മാറിയത് അങ്ങനെയാണ്. ഭരണകൂടാധികാരങ്ങളെയും മതനിരപേക്ഷതയെയും ഒരേസമയം നിസ്സഹായമാക്കുംവിധം ശക്തമാണ്, ‘സവര്‍ണ പ്രത്യശാസ്ത്ര’മെന്ന് 2010ലെ കോടതിവിധിയും സാക്ഷ്യപ്പെടുത്തുന്നു. തൊമ്മികളായി ഒരുവിധേനെയും തലകുനിക്കാത്ത, ചാവേറുകളായി, അത്രതന്നെ പൊട്ടിത്തെറിക്കാത്ത, നിരന്തര പോരാളികളെയാണ്, സവര്‍ണ പ്രത്യയശാസ്ത്രത്താല്‍, നിസ്സഹായമാക്കപ്പെടുന്ന ഇന്ത്യന്‍ മതേതരത്വം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
‘1992 ഡിസംബര്‍ ആറ്’ ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍െറ സ്വകാര്യ പ്രശ്നമല്ല. അത് ഇന്ത്യ ജീവിക്കുന്നിടത്തോളം കാലം ഇന്ത്യയെ മുറിപ്പെടുത്തുന്ന, മുറിപ്പെടുത്തേണ്ട, ഒരു പൊതു പ്രശ്നമാണ്. ‘ഇന്ത്യന്‍ മതേതരത്വത്തിന്‍െറ സ്മാരക’മെന്ന് പ്രകീര്‍ത്തിക്കപ്പെട്ട ഒരു ‘മസ്ജിദ്’ തകര്‍ക്കപ്പെട്ടത് ഒരു ഹിന്ദു മുസ്ലിം സ്വകാര്യ തര്‍ക്കമായി ചുരുക്കിക്കാണാനാവില്ല. അങ്ങനെ കാണുന്നത് ചരിത്രത്തിന് തീകൊളുത്തലാകും.
‘ഫ്രാന്‍സ് ഇന്നലെവരെ മഹത്തായൊരു രാജ്യമായിരുന്നു. ഇന്നത് ഒരു മാറാരോഗത്തിന്‍െറ പേരാണ്’ എന്ന് സാര്‍ത്ര് മുമ്പ് ഉത്കണ്ഠപ്പെട്ടു. 1948ലെ ഗാന്ധിവധം 84ലെ സിക്ക് കൂട്ടക്കൊല, 92 ഡിസംബര്‍ ആറിന്‍െറ ബാബരി പള്ളി പൊളിക്കല്‍... ഇന്ത്യയെക്കുറിച്ച് ആത്മബോധമുള്ള ഇന്ത്യക്കാര്‍ക്ക്, ഫ്രാന്‍സിനെക്കുറിച്ച് അന്ന് സാര്‍ത്ര് ഉത്കണ്ഠപ്പെട്ടതുപോലെ, ഇന്ന് ആശങ്കപ്പെടാതിരിക്കാന്‍ എങ്ങനെ കഴിയുന്നു?
ഡിസംബര്‍ ആറിന് പള്ളി തകര്‍ത്തത് ജനങ്ങള്‍ മറക്കും! ഡിസംബര്‍ ഏഴിന് ‘തല്‍സ്ഥാനത്ത് പള്ളി പുനര്‍നിര്‍മിക്കുമെന്ന്’ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉറപ്പു നല്‍കിയതും ജനങ്ങള്‍ മറക്കും! (ഒരു പക്ഷേ ആയൊരു ഉറപ്പിന്‍െറ പേരില്‍ അദ്ദേഹം എല്ലാ ഡിസംബര്‍ ആറിനും ഓര്‍മിക്കപ്പെടാനും മതി!) ‘ഞങ്ങള്‍ രാഷ്ട്രത്തോട് ക്ഷമ ചോദിക്കുന്നു’ എന്ന് പള്ളിപൊളിക്ക് നേതൃത്വം നല്‍കിയ അദ്വാനി പ്രസ്താവിച്ചതും മറക്കും! ‘പള്ളിപൊളിച്ചത് ഇന്ത്യയുടെ ദേശീയ അപമാനമെന്ന് 1994ല്‍ സുപ്രീംകോടതി പറഞ്ഞതും ‘ജനം’ മറക്കും! മസ്ജിദ് പൊളിച്ചതിനെ അപലപിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രവും ‘മറക്കപ്പെടും’! മസ്ജിദ് തകര്‍ക്കപ്പെട്ട് പതിനേഴു വര്‍ഷം കഴിഞ്ഞ് പുറത്തുവന്ന, ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടും ‘മറക്കപ്പെടും’! ഒരു പഴയ തറവാട് പൊളിച്ച് ഭാഗിക്കുന്ന ലാഘവത്തോടെ, ചരിത്ര സ്മരണകള്‍ ഇരമ്പുന്ന ഇന്ത്യന്‍ മതേതരത്വത്തിന്‍െറ മഹാ സ്മാരകത്തെ മൂന്ന് തുണ്ടമായി ഭാഗിക്കാന്‍ നിര്‍ദേശിച്ചതും ഇന്ത്യന്‍ ജനത മറന്നേക്കും! അങ്ങനെ മറന്നു മറന്ന്, ഒടുവില്‍ 1947 ആഗസ്റ്റ് 15ന് നാം സ്വതന്ത്രരായി എന്നതുകൂടി നമ്മള്‍ മറന്നുപോയാല്‍!
പുരാണങ്ങളുടെ പുകപടലങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ നീതിയുടെ നിശ്ശബ്ദ നിലവിളിയാണ് ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്. പുരാണങ്ങളുടെ പതാകയാണ്, നീതിയെ, നിന്ദ്യമായി പരിഹസിച്ചുകൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിനുമുകളില്‍ ഇപ്പോള്‍ പാറിപ്പറക്കുന്നത്. ഇന്ത്യയുടെ മഹത്തായ ‘ഡെമോക്രസിയെ’ ഇപ്പോള്‍ വെല്ലുവിളിക്കുന്നത്, ഒട്ടും മഹത്ത്വമില്ലാത്തൊരു ‘മിത്തോക്രസി’യാണ്. അതിനുമുമ്പില്‍ ഒട്ടും മുട്ടുമടക്കാത്ത, അനീതിക്കെതിരെ മുഷ്ടിചുരുട്ടുന്ന, ഇനിയും മരിക്കാത്ത മനുഷ്യരെയാണ് ‘അശാന്തമായ ഡിസംബര്‍ ആറ്’ ആവശ്യപ്പെടുന്നത്. സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന വിജയാഘോഷങ്ങള്‍ക്കും മുസ്ലിം മതസംഘടനകളുടേത് മാത്രമായ സങ്കടസ്മരണകള്‍ക്കുമപ്പുറം മതനിരപേക്ഷ സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു പ്രതീകാത്മക ‘സമരദിന’മായി ഡിസംബര്‍ ആറിനെ മാറ്റുകയാണ് ഇന്ന് നമ്മള്‍ വേണ്ടത്. ‘മുടന്തുന്ന’ ഇന്ത്യന്‍ മതേതരത്വത്തിന് 1992 ഡിസംബര്‍ ആറിന് സംഭവിച്ച, ജനാധിപത്യ തകര്‍ച്ചയുടെ ആഴം സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഡിസംബര്‍ ആറിന് സ്വയം സമരോത്സുകമാവാന്‍ കഴിയും. അതോടെ ‘മസ്ജിദ് സ്മരണ’ സ്വയമൊരു സമരമാകും.
‘ഭൂതകാലത്തെ നിരന്തരം മായ്ച്ചു കളയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഭൂതകാലം തന്നെ ഇല്ലാതാക്കപ്പെടുകയാണ്. അല്ളെങ്കില്‍ വിമര്‍ശനരഹിതമായി വാഴ്ത്തപ്പെടുകയോ, കാല്‍പനികവത്കരിക്കപ്പെടുകയോ ചെയ്യുകയാണ്. ഭൂതകാലത്തിന്‍െറ സത്യങ്ങളെ പിന്തുടരുന്നത്, അധീശസംസ്കാരം ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഓര്‍മ മറ്റേതൊരു കാലത്തേക്കാളും കൂടുതല്‍ ഇന്ന് അപകടത്തിലാണ്.’ (ടോണിമോറിസണ്‍)
No comments:
Post a Comment