Monday, December 19, 2011

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

മുബാറക് റാവുത്തര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ദൈനംദിന ചെലവുകള്‍ വഹിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്ത വിധം സംസ്ഥാനത്തെ പകുതിയോളം സ്‌പെഷല്‍ ഗ്രേഡ്  പഞ്ചായത്തുകളും  നഗരസഭകളില്‍ 42 ഉം  കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 978 ഗ്രാമപഞ്ചായത്തുകളില്‍  427  പഞ്ചായത്തുകള്‍  സ്‌പെഷല്‍ ഗ്രേഡാണ്. 65 നഗരസഭകളില്‍ 23  എണ്ണം മാത്രമാണ് നിലവില്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തിരിക്കുന്നത്.  350 ഓളം പഞ്ചായത്തുകള്‍ നിരവധി മാസത്തെ ശമ്പള കുടിശ്ശികയാണ് നല്‍കാനുള്ളത്.
കഴിഞ്ഞ ദിവസം മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചും സുഹൃത്തിന്റെ പക്കല്‍ നിന്നും വായ്പയെടുത്തുമാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശിക നല്‍കിയത്. ജീവനക്കാരുടെ ശമ്പള കുടിശ്ശിക നല്‍കാനായി മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ ആര്‍ മുരളീധരനാണ് ഭാര്യയുടെ 33 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചത്.
മിക്ക പഞ്ചായത്തുകളുടെയും വരുമാനം  ഒരു ലക്ഷത്തില്‍ താഴെയുള്ളപ്പോഴാണ്   ശമ്പളയിനത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം രൂപ നല്‍കേണ്ടിവരുന്നത്.  സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതിന്  പ്രധാന കാരണമിതാണ്.    വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം മുഖവിലക്കെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ 65 നഗരസഭകളില്‍ തനത് ഫണ്ട് ഇനത്തില്‍  മൂന്ന് കോടിയോളം  രൂപ ബാക്കിയുള്ള  തളിപ്പറമ്പ്,  തൃപ്പൂണിത്തുറ, മരട്,  തൃക്കാക്കര നഗരസഭകള്‍ മാത്രമാണ് മെച്ചപ്പെട്ട  ധനസ്ഥിതിയിലുള്ളത്. കോതമംഗലം, തൊടുപുഴ, കളമശേരി,  അങ്കമാലി, ഏലൂര്‍ നഗരസഭകള്‍ അമ്പത് ലക്ഷത്തിനും  ഒരു കോടിക്കും  ഇടയില്‍ ഫണ്ട് ബാലന്‍സുള്ള, യഥാസമയം ശമ്പളം നല്‍കുന്ന  നഗരസഭകളാണ്. മിക്ക കോര്‍പറേഷനുകളിലും എല്ലാ മാസവും ഇത്രത്തോളം  തുക ബാക്കിവരുന്നുണ്ടെങ്കിലും  പ്രതിമാസ ശമ്പളത്തിന് അത് മതിയാകാത്തതിനാല്‍ കോര്‍പറേഷനുകളെ  ദരിദ്ര നഗരസഭകളുടെ  ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഭവനനിര്‍മാണം, കുടുംബശ്രീ, സര്‍വ ശിക്ഷാ അഭിയാന്‍  തുടങ്ങിയ പദ്ധതികളിലുള്ള  കേന്ദ്രഫണ്ട്  വക മാറ്റി  ശമ്പളം നല്‍കിയ നഗരസഭകളുണ്ടെന്ന് കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എസ് എം സാദിഖ് പറഞ്ഞു. ഓരോ മാസവും  രണ്ടും മൂന്നും  ആഴ്ചകള്‍  വൈകി ശമ്പളം നല്‍കുന്ന  നഗരസഭകള്‍  പ്രൊവിഡന്റ്ഫണ്ട്, എല്‍ ഐ സി പ്രീമിയം, ഭവന നിര്‍മാണ വായ്പ തിരിച്ചടവ്  പോലുള്ള റിക്കവറികള്‍ എഴുതാത്തതു മൂലം ഇന്‍ഷ്വറന്‍സ്  പോളിസികള്‍ റദ്ദാകുകയും പലിശ ഇനത്തില്‍  ജീവനക്കാര്‍ക്കു വന്‍തുക നഷ്ടമാകുകയും ചെയ്യുന്നുണ്ട്. 2009 മാര്‍ച്ചിലും 2010 മാര്‍ച്ചിലും  സര്‍വീസില്‍ നിന്നും  വിരമിച്ച 500 ഓളം ജീവനക്കാരില്‍ ഭൂരിപക്ഷത്തിനും  പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല.  നഗരകാര്യ ഡയറക്ടറേറ്റില്‍ നിന്നും പെന്‍ഷന്‍ വിഹിതം  അനുവദിക്കാത്തത് മൂലമാണ്  ഈ അവസ്ഥ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. 150 കോടിയോളം  രൂപയാണ്  നഗരസഭകള്‍ക്കു  ലഭിക്കേണ്ട  പെന്‍ഷന്‍ കുടിശ്ശിക. ഇതുമൂലം  ഒട്ടേറെ നഗരസഭകള്‍  പ്രതിമാസ  പെന്‍ഷനും നല്‍കുന്നില്ല.
ഇതിനിടയിലാണ് ഭൂരിപക്ഷം പഞ്ചായത്തുകളുടെ നടത്തിപ്പിനു പ്രഹരമേല്‍പിച്ചുകൊണ്ടു വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.   അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവു പ്രകാരം,  ദാരിദ്ര്യരേഖക്കു താഴെ വരുമാനമുള്ള  കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലം  ലഭ്യമാകുന്ന പദ്ധതി 2011-12 വാര്‍ഷിക പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.‘ഭൂരഹിത ഭവനരഹിതര്‍ വീട് നിര്‍മിക്കുന്നതിനു വേണ്ടി  സ്ഥലം വിലക്കു വാങ്ങിയാല്‍ðധനസഹായം അനുവദിക്കുന്ന പ്രോജക്ടുകള്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും 2011-12 വാര്‍ഷിക പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നാണ് ഉത്തരവ്. മറ്റു മാര്‍ഗങ്ങളിലൂടെ  ഭൂമി കണ്ടെത്തി അനുവദിക്കുന്നതിന് പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സ്ഥലം കണ്ടെത്തുന്നതിനു ഗ്രാമപഞ്ചായത്തുകളും  ഊര്‍ജിതശ്രമം നടത്തണമെന്നും സമഗ്ര ഗുണഭോക്തൃ ലിസ്റ്റില്‍ അവശേഷിക്കുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും  സ്ഥലം ലഭ്യമാക്കുന്നുവെന്ന് ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു. എന്നാല്‍   തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഉത്തരവു പ്രകാരം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  പഞ്ചായത്തുകള്‍ വിഷമിക്കുകയാണ്.  സ്ഥലലഭ്യത തന്നെയാണ് പഞ്ചായത്തിനെ വിഷമിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പോലും സ്ഥലത്തിന്റെ തീവില  നേരിടാന്‍ പഞ്ചായത്തുകള്‍ ഇനിമുതല്‍ പ്രയാസപ്പെടേണ്ടി വരും. മുന്‍ വാര്‍ഷിക പദ്ധതികളില്‍  ഏറ്റെടുത്ത  തനത് ഫണ്ട് പ്രോജക്ടുകളുടെ  അവശേഷിക്കുന്ന ബാധ്യത 2011-12 വാര്‍ഷിക പദ്ധതിയിലെ തനത് ഫണ്ടിനേക്കാള്‍ കൂടുതലാണെങ്കില്‍  നിര്‍വഹണം ആരംഭിക്കാത്ത പ്രോജക്ടുകള്‍ ഒഴിവാക്കാന്‍ ഉത്തരവിലൂടെ  തദ്ദേശസ്വയംഭരണ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. നിര്‍വഹണം ആരംഭിച്ച പ്രോജക്ടുകളാണെങ്കില്‍ പാഴ്‌ചെലവുകള്‍  വരുത്താതെ നിര്‍ത്തിവെക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
 സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന പൊതു താത്പര്യ വികസന ഫണ്ട് പഞ്ചായത്തിന്റെ ഫണ്ടിലേക്കു ചേര്‍ത്ത്  സാധാരണനിലയില്‍ ശമ്പളം കൊടുക്കുന്നതു മൂലമാണ് മിക്ക പഞ്ചായത്തുകളും സുഗമമായി പോകുന്നത്. എന്നാല്‍ ഇതു  പൊതുതാത്പര്യ വികസനത്തെ തടസ്സപ്പെടുത്തുന്നുവെന്നത് ആരുടേയും ശ്രദ്ധയില്‍പ്പെടുന്നില്ല. ഇതുമൂലം പൊതുജനങ്ങളിലേക്കെത്തേണ്ട പല വികസന പ്രവര്‍ത്തനങ്ങളും മനഃപൂര്‍വം പഞ്ചായത്ത് ഭരണ സമിതികള്‍ ഉപേക്ഷിക്കലാണ് പതിവ്. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും 60 മുനിസിപ്പാലിറ്റികളിലും 14 ജില്ലാ പഞ്ചായത്തുകളിലും  അഞ്ച് കോര്‍പറേഷനുകളിലും ഇത്രയേറെ സാമ്പത്തിക പ്രതിസന്ധിയില്ല. എന്നാല്‍ പല പ്രോജക്ടുകളും ആരംഭിക്കുന്നതും  അതേ വര്‍ഷം തന്നെ പഞ്ചായത്തുകള്‍ക്ക് ബാധ്യതയാകുന്നതും നിത്യസംഭവമാകുന്നുണ്ട്.
ശമ്പളം ലഭിക്കാത്തത് കാരണം മിക്ക നഗരസഭകളിലെയും ജീവനക്കാര്‍ പ്രതിഷേധിക്കുന്നത് കൂട്ട അവധിയെടുത്താണ്. ഇത് പലപ്പോഴും നഗരസഭകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. നഗരസഭകളുടെ  പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാനും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലായവയെ സഹായിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ്  ആവശ്യമുയരുന്നത്.(19/12/2011 ല്‍ സിറാജ്  ദിനപത്രത്തില്‍  പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment