അന്താരാഷ്ട്ര ചലച്ചിത്രോത്സവ ചരിത്രത്തിലാദ്യമായി നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരു വിഭാഗത്തിലും പെടുത്താതെ ഒരു സിനിമ പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസ്സില്‍ നീണ്ട കരഘോഷങ്ങള്‍ക്ക് മധ്യത്തില്‍ ആദിമധ്യാന്തം കണ്ടിറങ്ങിയവര്‍ക്ക് പറയാന്‍ ഒരേ ഒരു വാക്ക് മാത്രം. ഗംഭീരം. ശക്തമായ വ്യാജ പ്രചാരണങ്ങള്‍ക്കും മലയാള സിനിമാ ലോകം ഇത് വരെ കണ്ടിട്ടില്ലാത്ത നിലയിലുള്ള പ്രതിസന്ധികള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ഒരു വിഭാഗത്തിലും പെടുത്താതെയാണ് ആദിമധ്യാന്തം അഞ്ചാം ദിവസമായ ഇന്നലെ ശ്രീകുമാര്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം തുടങ്ങുന്നതിന്ന് മുന്‍പ് സംവിധായകന്‍ ഷെറിയെ വേദിയിലേക്ക് പരിചയപ്പെടുത്താന്‍ വേണ്ടി വിളിച്ച് വരുത്തി. സാധാരണ പ്രദര്‍ശന ചിത്രത്തിന്റെ സംവിധായകനോട് ചിത്രത്തെ പരിചയപ്പെടുത്താനായി മൈക്ക് നല്‍കാറുണ്ടെങ്കിലും ഷെറിക്ക് നല്‍കാന്‍ അവതാരകര്‍ തയ്യാറായില്ല. ഇത് വന്‍ പ്രതിഷേധത്തിലാണ് കലാശിച്ചത്. പിന്നീട് മൈക്കെടുത്ത സംവിധായകന്‍ ഷെറി ആകെ പറഞ്ഞത് ഒരു പാട് പറയാനുണ്ട് അത് പ്രദര്‍ശനം കഴിഞ്ഞ് പറയാമെന്നും തനിക്ക് നല്‍കുന്ന ഈ പിന്തുണക്ക് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്നും മാത്രമാണ്. പ്രദര്‍ശനം തുടങ്ങി ആദ്യ മിനിട്ടു മുതല്‍ നിര്‍ത്താത്ത കരഘോഷമായിരുന്നു. ചാറ്റല്‍ മഴയില്‍ തുടങ്ങി പേമാരി പെയ്‌തൊഴിയുന്ന താളത്തിലായിരുന്നു ചിത്രം അവസാനത്തിലേക്കടുക്കുമ്പോഴുണ്ടായ കാണികളുടെ കരഘോഷം. ഇതിനിടെ അനാവശ്യ ശബ്ദവുമായി പ്രദര്‍ശനം നടക്കവേ രംഗത്ത് വന്നവനെ കാണികള്‍ തന്നെ അടിച്ച് പുറത്താക്കി. ബധിരനും മൂകനുമായ ഒരംഗനവാടി വിദ്യാര്‍ഥിയുടെ മാനസിക വിഹ്വലതകളെ വളരെ തന്മയത്വത്തോടെ ഷെറി തന്റെ സിനിമയില്‍ വരച്ചിടുന്നു. ഒപ്പം കേരളീയ സമൂഹത്തിലെ അധസ്ഥിതന്റെ ഇന്നും തുടരുന്ന ദുരിത മുഖത്തെ വളരെ കൃത്യമായി പറഞ്ഞു വെക്കാനും അദ്ദേഹത്തിനായി. മലയാളത്തില്‍ ഇന്ന് മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ലാത്ത വ്യത്യസ്തവും നയനാന്ദകരവുമായ രീതിയിലാണ് ഷെറി തന്റെ സൃഷ്ടിയുടെ ആവിഷ്‌കാരം നടത്തിയിരിക്കുന്നത്. എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ഒന്നില്‍ നിന്നാണെന്നും അതിന്റെ ജീവിതവും അന്ത്യവും ഒന്നിലേക്കാണെന്നും ഷെറിയുടെ കഥാപാത്രങ്ങള്‍ പറഞ്ഞ് വെക്കുന്നു. ജാതി മത വര്‍ഗ വര്‍ണങ്ങള്‍ക്കതീതമായി തന്റെ കഥാപാത്രങ്ങളെ ഒരു ബിന്ദുവില്‍ കോര്‍ത്തിണക്കിയത് പോലെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഷെറിയുടെ മാത്രം വിജയമാണ്.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ഷെറിയെ പ്രേക്ഷകര്‍ തോളിലേറ്റി. അവര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും ആദിമധ്യാന്തം എന്ന കലാസൃഷ്ടിക്കുള്ള സര്‍വ ആദരവുകളും രേഖപ്പെടുത്തി. പിന്നീട് അവിടെ അണപൊട്ടിയത് ഈ കലാ മൂല്യമുള്ള സിനിമയെ ചവറ്റു കൊട്ടയിലിടാന്‍ ശ്രമിച്ചവരോടുള്ള രോഷമായിരുന്നു. അത് മന്ത്രി ഗണേഷ്‌കുമാറിനും, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും എതിരെയുള്ള മുദ്രാവാക്യങ്ങളായി റോഡിലേക്കിറങ്ങി. അവരുടെ തോളിലേറി ഷെറിയും. പ്രകടനം കൈരളി തീയറ്ററിന്റെ മുറ്റത്തേക്കെത്തുമ്പോള്‍ അവിടെയും പ്രേക്ഷകര്‍ കാത്തിരിപ്പുണ്ടായിരുന്നു. അവരുടെ മധ്യത്തിലേക്കിറങ്ങിയ ഷെറിയെ പൂമാലയിട്ടാണ് സ്വീകരിച്ചത്. മലയാള സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു നല്ല സിനിമ എന്ന തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുന്നു എന്ന് ഷെറി പറഞ്ഞത് കരഘോഷങ്ങള്‍ക്ക് മധ്യത്തില്‍ അവ്യക്തമായി. ഒടുവില്‍ ആഘോഷങ്ങള്‍ക്ക് മധ്യത്തില്‍ നിന്നും അദ്ദേഹം മടങ്ങുമ്പോള്‍ ദീര്‍ഘനാളായി ഇരുണ്ടു കൂടി നിന്ന മുഖത്ത് പ്രകാശത്തിന്റെ തിരിനാളങ്ങള്‍ തെളിഞ്ഞിരുന്നു. ഒപ്പം മലയാള സിനിമക്ക് ഒരു പുത്തന്‍ അനുഭവം നല്‍കിയ ഒരു കലാസൃഷ്ടിയുടെ അമരക്കാരനായതിലുള്ള ചാരിതാര്‍ഥ്യവും.
No comments:
Post a Comment