Thursday, September 11, 2014

ഗ്രാമ്പു

ഡിസംബറിന്‍ നീല
ശിശിരമെന്‍ പടിവാതിലില്‍
കൂന കൂട്ടവേ
എന്റെ മച്ചിന്‍ സമയ വക്രത
കാലിലെ തൈലത്തോട് സല്ലപിച്ചു
മേലങ്കിയണിഞ്ഞ രാത്രി
എന്‍ സ്വപ്‌നാധികാരത്തെ
കൊയ്‌തെടുക്കാന്‍
ചെറു പറവയായെത്തി
ചിന്തകളിനിയും ഉറങ്ങിയില്ല
നഗ്ന പാദയായ് ഞാന്‍
യഥാര്‍ത്ഥ പ്രണയത്തെ തേടിടുന്നു

ഡിസംബറിന്‍ നീല
ജനാലക്കരികിലെത്തി
ചില്ലുകള്‍ മങ്ങിയ കാഴ്ച നല്‍കി
ചുവന്ന പുഷ്പച്ചെടി
വര്‍ണങ്ങള്‍ പൊഴിച്ച്
ഉദയാര്‍ക്കനായ് കാത്തിരിക്കുന്നു
ഇത് പ്രണയമോ
കുളിരിന്‍ നടുവിലെ
അക്ഷരക്കൂട്ടുകളോ...

Sunday, August 10, 2014

നടക്കാതെ പോയ ഒരു ആലിംഗനത്തിന്റെ ഓര്‍മക്ക്



സമര്‍പ്പണം: പ്രിയപ്പെട്ട ആരിഫ്കക്ക്...

നിറപുഞ്ചിരിയുമായ്
സദസ്സിന്‍ നടുവിലൂടെ
അങ്ങ് കടന്നു വരവേ
വെളിച്ചം കയറിയില്ല
എന്‍ തലയില്‍
മാപ്പാക്കുക മഹതേ

പിന്നെയാരോ ഭാഷിണിയിലൂടെ
ആ പേര് മുഴക്കവെ
ആവേശത്തില്‍ വേദയിലേക്ക്
നോക്കി ഞാന്‍ അത്ഭുതം കൂറി
എന്‍ പിന്നിലായ് ഇത്ര നേരം
ഇരുന്നൊരാ പുഞ്ചിരി
ഒരു തുണ്ട് കടലാസിലെ
തന്‍ വരികള്‍ സ്വരത്തിലാറാടിക്കുന്നു

അവിടെ നിന്നിറങ്ങട്ടെ
നല്‍കാം ഒരാലിംഗനമെന്നെന്‍
മനസ്സില്‍ കോറിയിട്ടിരിക്കവേ
പൊടുന്നനെ വേദിയെ ശൂന്യമാക്കി
ആ സുസ്‌മേര കഷണ്ടി
എവിടേക്കോ ഊളിയിട്ടു

നല്‍കാനാകാതെ പോയോരു
കൈ കുലുക്കവും ആലിംഗനവും
ഇനിയെന്നെങ്കിലും നല്‍കാമെന്ന്
ബാക്കിവെച്ച് ഞാനും മടങ്ങി
വരിയും വരയും തീര്‍ക്കുന്നൊരുവനോട്
വാങ്ങിയോരാ അക്കങ്ങള്‍
കുത്തി വിളിച്ചിന്നലെയുടെ
സങ്കടം പങ്കുവെച്ചു

നിറപുഞ്ചിരിയുമായ്
സദസ്സിന്‍ നടുവിലൂടെ
അങ്ങ് കടന്നു വരവേ
വെളിച്ചം കയറിയില്ല
എന്‍ ബുദ്ധിയില്‍
മാപ്പാക്കുക മഹതേ

Sunday, June 29, 2014

കോയേന്റെ ജിഹാദ്

(പടം: ഗൂഗിളില്‍ നിന്ന് പൊക്കിയത്)



പാവം കോയ പ്രേമിച്ചപ്പോ 
ലോകം വിളിച്ചു 
ലൗ ജിഹാദ്
പിന്നെ കോയ കള്ളു കുടിച്ചു
അപ്പോ വിളിച്ചു
കള്ളു ജിഹാദ്
പിന്നെ കോയ പച്ച പുതച്ചു
അപ്പോ കുരച്ചു
പച്ച ജിഹാദ്
കണ്‍ഫ്യൂസായൊരു കോയക്ക
നേരെ പോയി 
ചാനല്‍ റൂമില്‍
എന്താ മോനേ ഈ ജിഹാദ്
അന്തം വിട്ടാ ചങ്ങായി
പോയൊരു വഴിയില്‍ പുല്ലേയില്ല...
പിന്നെ കോയ മൈക്കെടുത്തു
വിളിച്ചുകൂവി ഉച്ചത്തില്‍
അല്‍ ജിഹാദ് അല്‍ ജിഹാദ്...

Tuesday, March 25, 2014

വോട്ടു കച്ചവടത്തിന് ഒരു പാര്‍ട്ടി കൂടി


കെജ്രിവാള്‍ എന്ന ആം ആദ്മിക്കാരന്‍ ഐ എ എസ് രാജിവെച്ച ശേഷം സ്വന്തം കാര്യം നോക്കി നടക്കുകയല്ലായിരുന്നു. മറിച്ച് ഡല്‍ഹിയിലെ ഓരോ ഗല്ലികളിലേയും അശരണരുടെ കൈപിടിച്ച് നടത്തുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെയാണ് അഴിമതിക്കെതിരായ ഒരു സമരവും അതിന്റെ പിന്നാലെ ഒരു പാര്‍ട്ടിയുമായി മുന്നോട്ടു വന്നപ്പോഴും ആളുകള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളും അത്തരത്തിലുള്ളവരായിരുന്നു. അദ്ദേഹത്തോടൊപ്പം അഹോ രാത്രം പാടുപെട്ടവര്‍, ജനങ്ങളുടെ ഇടയില്‍ ജീവിച്ചവര്‍. അതുകൊണ്ട് തന്നെ അവര്‍ തിരഞ്ഞെടുപ്പെന്നത് മറ്റാരെക്കാളും എളുപ്പവുമായിരുന്നു.
എന്നാല്‍ കേരളത്തില്‍ ഇപ്പോ കുറേ ആം ആദ്മികള്‍ ഇറങ്ങിയിട്ടുണ്ട്. ഇതുവരെ ഏ സി മുറിയിലിരുന്ന് ഫേസ്ബുക്കിലൂടെ വിപ്ലവം നടത്തിയവര്‍. ഫേസ്ബുക്കാണ് ലോകമെന്ന് വിശ്വസിക്കുന്നവര്‍, കേരളത്തിലെ പട്ടിണി പാവങ്ങളുടേയും അശരണരുടേയും പ്രദേശങ്ങള്‍ എവിടെയൊക്കെയാണെന്ന് പോലും കൃത്യമായി അറിയാത്തവര്‍. അതിലുപരി എല്ലാ മണ്ഡലത്തിലും ആര്‍ക്കും അറിയാത്ത കുറേ പേരുകാര്‍. എല്ലാം കെട്ടിയിറക്കു സ്ഥാനാര്‍ത്ഥികള്‍. കെജ്രിവാളു വെച്ചതു പോലെയുള്ള തൊപ്പി വെച്ചാല്‍ വോട്ടു തന്നെ കിട്ടിക്കോളുമെന്ന വിഡ്ഢിത്തത്തിന്റെ വിശ്വാസികള്‍.
ആലപ്പുഴയിലേക്ക് ആം ആദ്മിക്കാര്‍ പരിഗണിച്ച അശ്വതി പറഞ്ഞത് ഇപ്പോള്‍ വിശ്വാസത്തിലെടുക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ ഉന്നമനമല്ല മറിച്ച് ഓരോരുത്തരുടേയും പോക്കറ്റിന്റെ ഉന്നമനമാണ് ആം ആദ്മി കേരള ഘടകം നേതാക്കളുടെ ലക്ഷ്യമെന്ന് ഇവരുടെയൊക്കെ മുഖത്ത് എഴുതി വെച്ചിരിക്കുകയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റു പറയാന്‍ പറ്റില്ല. 
ദീപ സ്തംഭം മഹാശ്ചര്യം ഞമ്മക്കും കിട്ടണം പണം...എന്നാക്കി മാറ്റണം കേരള ആം ആദ്മികളുടെ മുദ്രാവാക്യം...
മൊത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടെണ്ണം പറഞ്ഞ് വിലപേശാന്‍ കേരളത്തില്‍ ഒരു പാര്‍ട്ടിയെ കൂടി കിട്ടിയിരിക്കുന്നു...  ... അതല്ലാത്തതൊന്നും ആം ആദ്മിക്കും ചെയ്യുവാന്‍ കഴിയില്ല. തീര്‍ച്ച....