Thursday, September 22, 2011

മുസ്ലിമായിരിക്കുക എന്ന ഭാരം


മെഹ്താബ് ആലം

"ഡല്‍ഹിയില്‍ ബോംബ് സ്ഫോടന പരമ്പര. താങ്കളെവിടെയാണ്? സുരക്ഷിതനാണോ?'' 2008 സപ്തംബര്‍ 13നു വൈകുന്നേരം ഡല്‍ഹിയിലെ എന്റെ സുഹൃത്ത് സോനാലി ഗാര്‍ഗ് എനിക്കയച്ച എസ്.എം.എസ്. സന്ദേശമായിരുന്നു ഇത്. "ദൈവമേ! ഭയങ്കരം തന്നെ. എന്തായാലും എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞാന്‍ ബിഹാറിലാണ്. താങ്കള്‍ക്കും കുടുംബത്തിനും പ്രശ്നമൊന്നുമില്ലെന്നു കരുതുന്നു,'' എന്നു മറുപടി സന്ദേശമയച്ച ശേഷം ഞാന്‍ ആ എസ്.എം.എസ്. ഡല്‍ഹിയിലെ എന്റെ മറ്റു സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ആ വര്‍ഷം ആഗസ്ത് രണ്ടാംവാരം ബിഹാറിലെ കോസി മേഖലയിലുണ്ടായ പ്രളയത്തിന്റെ കെടുതികള്‍ തിട്ടപ്പെടുത്തുന്ന ജോലിയിലായിരുന്നു ഞാന്‍.
2008 സപ്തംബര്‍ 13നു ഡല്‍ഹിയില്‍ സൂര്യനസ്തമിച്ചത്, 26 പേരുടെ ജീവനപഹരിക്കുകയും ഒരുപാടുപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ബോംബ് സ്ഫോടനപരമ്പരയോടെയായിരുന്നു. അരമണിക്കൂറിനകമുണ്ടായ അഞ്ചു സ്ഫോടനങ്ങള്‍ ഡല്‍ഹി നിവാസികളെയൊന്നാകെ ഇളക്കിമറിച്ചു. സുഹൃത്തുക്കളുടെ മറുപടിസന്ദേശങ്ങളില്‍ നിന്ന്, അവരെല്ലാം സുരക്ഷിതരാണെന്നറിഞ്ഞതോടെ എനിക്കാശ്വാസമായി. അവസാനത്തെ മറുപടിസന്ദേശം ലഭിച്ചത് അര്‍ധരാത്രിയോടെയാണ്. എന്റെയൊരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എ.ആര്‍. അഗ്വാനില്‍ നിന്നായിരുന്നു അത്. മുമ്പ് പരിസ്ഥിതിശാസ്ത്രത്തില്‍ പ്രഫസറായിരുന്ന അദ്ദേഹത്തോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കായ
ി ഞാന്‍ ധാരാളം ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിരുന്നു.
കേട്ട വാര്‍ത്തയുടെ ഞെട്ടലില്‍നിന്നു മോചിതനായിരുന്നില്ലെങ്കിലും, ഏറ്റവും ഭീതിദമായത് എന്തായാലും സംഭവിച്ചുകഴിഞ്ഞല്ലോ എന്നു കരുതി ഞാന്‍ എന്റെ ജോലി തുടരാന്‍ ശ്രമിച്ചു. പക്ഷേ, എന്റെ ധാരണ തെറ്റായിരുന്നു. പിറ്റേന്ന് ഉച്ചയോടെ എ.പി.സി.ആര്‍. സെക്രട്ടറിയുടെ പരിഭ്രാന്തമായ ഫോണ്‍ വന്നു (അക്കാലത്തു ഞാന്‍ കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന, ഡല്‍ഹി കേന്ദ്രമായ സിവില്‍ റൈറ്റ് ഗ്രൂപ്പ് ആയിരുന്നു എ.പി.സി.ആര്‍.) -ഡല്‍ഹി, വിശേഷിച്ചും മുസ്ലിം ഭൂരിപക്ഷ മേഖലയായ ജാമിഅ നഗര്‍ പ്രദേശമാകെ ഭീതിപൂണ്ടുകിടക്കുകയാണ്, മുസ്ലിംകളെ പോലിസ് കണ്ണും മൂക്കുമില്ലാതെ പിടിച്ചു കൊണ്ടുപോവുന്നു, അതിനാല്‍ ഞാനെത്രയും പെട്ടെന്നു ഡല്‍ഹിയിലെത്തണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ലഭിച്ച വിവരങ്ങളില്‍ തൃപ്തി തോന്നാത്തതിനാല്‍ ഞാന്‍ എ.ആര്‍. അഗ്വാനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല കൂടിയായിരുന്നു ആ പ്രദേശം. പക്ഷേ, ഇരുപതു തവണ വിളിച്ചിട്ടും അഗ്വാന്റെ മറുപടി കാണാതായപ്പോള്‍ എനിക്കു വല്ലാത്ത ആധിയായി.
നോമ്പു തുറന്ന ഉടനെ ഡല്‍ഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനായി ഞാന്‍ തൊട്ടടുത്ത സൈബര്‍ കഫേയിലേക്കു ചെന്നു. അവിടെയെത്തി മെയില്‍ തുറന്നതോടെ ഭീതി കാരണം ഞാന്‍ മരവിച്ചിരുന്നുപോയി. അഗ്വാനെ അറസ്റ് ചെയ്തിരിക്കുന്നു! ആ വസ്തുത എനിക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. ഡല്‍ഹി പോലിസിന്റെ സ്പെഷ്യല്‍ സെല്‍ ആയിരുന്നു അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയത്.
ധാരാളം സാമൂഹിക-മനുഷ്യാവകാശ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന പ്രമുഖനായൊരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു അഗ്വാന്‍. തെളിഞ്ഞ കര്‍മരേഖയും അതിലും തെളിമയുറ്റ മനസ്സാക്ഷിയുമുള്ളയാളായിരുന്നതി
നാല്‍, അദ്ദേഹത്തിന്റെ അറസ്റ് സമുദായത്തിലാകമാനം അലയൊലികള്‍ സൃഷ്ടിച്ചു. തികഞ്ഞ അന്യായമായിട്ടാണു മുസ്ലിം നേതാക്കള്‍ ഈ അറസ്റിനെ കണ്ടത്. അഗ്വാന്റെ അയല്‍വാസികളാവട്ടെ, എങ്ങനെ പ്രതികരിക്കണമെന്നുപോലുമറിയാത്തഅവസ്ഥയിലായിരുന്നു. അഗ്വാനു പുറമെ വേറെ മൂന്നു പേരെയും അറസ്റ് ചെയ്തിട്ടുണ്െടന്നറിയാന്‍ കഴിഞ്ഞു. സമുദായനേതാക്കളില്‍നിന്നും മത-സാമൂഹിക സംഘടനകളില്‍നിന്നുമുണ്ടായ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്നാന്‍ ഫഹദിനൊപ്പം അഗ്വാനെ ഒടുവില്‍ വിട്ടയച്ചു.
സപ്തംബര്‍ പതിനൊന്നിനു ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഉടനെ ഞാന്‍ അഗ്വാനെ കാണാനായി പുറപ്പെട്ടു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൂടെ കടന്നുപോയ അദ്ദേഹം അപ്പോഴും ഞെട്ടലില്‍നിന്നു മുക്തമായിരുന്നില്ല. തന്നെ എന്തിന് അറസ്റ് ചെയ്തുവെന്ന് അദ്ദേഹത്തിനു തീരെ മനസ്സിലായില്ല. "സ്ഫോടനം നടന്ന ദിവസം ഞാനെവിടെയായിരുന്നെന്നും അന്നു വൈകുന്നേരം എന്തു ചെയ്യുകയായിരുന്നെ''ന്നും അവര്‍ ചോദിച്ചു. "ഹൈദരാബാദില്‍നിന്നെത്തിയ രണ്ട് അമുസ്ലിം സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലായിരുന്നെ''ന്നു ഞാന്‍ മറുപടി നല്‍കി. "ഒരു എന്‍.ജി.ഒ. രൂപീകരിക്കുന്ന കാര്യം ചര്‍ച്ചചെയ്യാനാണ് ആ സുഹൃത്തുക്കള്‍ വന്നിരുന്നത്. പിന്നീട് അവര്‍ സിമിയെയും അതിന്റെ പ്രവര്‍ത്തകരെയും കുറിച്ചാണു ചോദിച്ചത്. എന്റെ നാട്ടിലെ ഏതാനും സിമി പ്രവര്‍ത്തകരുടെ പേരുകള്‍ പറയാനാവശ്യപ്പെട്ടപ്പോള്‍ എനിക്കറിയില്ലെന്നു ഞാന്‍ പറഞ്ഞെങ്കിലും അവര്‍ നിര്‍ബന്ധിച്ചുകൊണ്േടയിരുന്നു.'
' തലേമാസം അറസ്റ് ചെയ്ത് അഹ്മദാബാദ് സ്ഫോടനപരമ്പരയുടെ സൂത്രധാരനായി അവതരിപ്പിച്ച അബുല്‍ ബശര്‍ എന്ന മദ്റസാ ബിരുദധാരിയെക്കുറിച്ചും അവര്‍ അഗ്വാനോട് അന്വേഷിച്ചു. "മാധ്യമങ്ങളില്‍ വായിച്ചതിനപ്പുറം എനിക്കയാളെക്കുറിച്ച് ഒന്നുമറിയില്ലെന്നു ഞാനവരോടു പറഞ്ഞു. ആ മറുപടിയില്‍ പക്ഷേ, അവര്‍ തൃപ്തരായില്ല.''
ബശറിന്റെ പക്കല്‍ അഗ്വാന്റെ നമ്പറുണ്െടന്നും അയാള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്െടന്നും അവര്‍ ആരോപിച്ചു. അഗ്വാനാവട്ടെ, അതു തീര്‍ത്തും നിഷേധിച്ചു. "പക്ഷേ, എന്നെയവര്‍ വിശ്വസിച്ചില്ല. ഞാനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ അവര്‍ക്കു സമ്മതിച്ചുകൊടുക്കണമായിരുന്നു. നിയമത്തിനു വിലയില്ലാതെ, പോലിസ് സ്വയംതന്നെ നിയമമായി മാറുന്ന പോലെയായിരുന്നു അത്.'' തനിക്കുണ്ടായ ദുരനുഭവവുമായി ഇനിയും പൊരുത്തപ്പെടാനാവാതെ അഗ്വാന്‍ പറഞ്ഞു.
അഗ്വാന്‍ അനുഭവിച്ച ഭീതിയും ഭയവുമെന്നെ ഓര്‍മപ്പെടുത്തിയത്, ഭീകരവാദ വിരുദ്ധ പോരാട്ടമെന്ന പേരില്‍ ന്യൂനപക്ഷങ്ങളോടു ചെയ്തുകൂട്ടിയ കൊടും ക്രൂരതകള്‍ അന്വേഷിക്കാനായി അതേ വര്‍ഷം ആഗസ്തില്‍ ഹൈദരാബാദില്‍ ചേര്‍ന്ന പീപ്പിള്‍സ് ട്രൈബ്യൂണലില്‍ കേട്ട കഥകളാണ്. നിയമവിരുദ്ധമായ തടവിന്റെയും പീഡനത്തിന്റെയും മജ്ജ മരവിപ്പിക്കുന്ന കഥകളാണു ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ ഇരകളും അവരുടെ കുടുംബാംഗങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും അന്നു ഞങ്ങള്‍ക്കു മുമ്പില്‍ കെട്ടഴിച്ചത്.
സപ്തംബര്‍ 13ലെ സ്ഫോടനപരമ്പരക്കും തുടര്‍ന്നുണ്ടായ ഡല്‍ഹി ജാമിഅ നഗറിലെ ബട്ലാ ഹൌസ് 'ഏറ്റുമുട്ടലിനും' ശേഷം മുസ്ലിംവേട്ടയ്ക്കു വീണ്ടും തീവ്രത കൂടി. പോലിസ് അതിക്രമവും വര്‍ഗീയവേട്ടയും ചര്‍ച്ചചെയ്യാനായി സപ്തംബര്‍ 23നു ഡല്‍ഹിയില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു (പ്രശസ്ത അഭിഭാഷകരും ആക്റ്റിവിസ്റുകളും പത്രപ്രവര്‍ത്തകരും അക്കാദമീഷ്യരും അതില്‍ പങ്കെടുത്തു). സമ്മേളനം നടന്നുകൊണ്ടിരിക്കെയാണു സാഖിബ് എന്ന 17കാരനെ അജ്ഞാതര്‍ പിടിച്ചുകൊണ്ടുപോയ വിവരം ഞങ്ങള്‍ക്കു ലഭിച്ചത്. ഉടന്‍ പോലിസ് സ്റേഷനിലെത്തി പരാതി നല്‍കാന്‍ ഞങ്ങളുറച്ചു. തുടക്കത്തില്‍ വഴങ്ങിയില്ലെങ്കിലും കൂടെ മുതിര്‍ന്ന അഭിഭാഷകരും ജാമിഅയിലെ അധ്യാപകരും പത്രക്കാരുമെല്ലാം ഉണ്ടായിരുന്നതിനാല്‍ ഒടുവില്‍ പരാതി രജിസ്റര്‍ ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതമായി. അവനെ ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സെല്‍ ചോദ്യം ചെയ്യാനായി പിടിച്ചുകൊണ്ടു പോയതാണെന്നു പിന്നീടു ഞങ്ങളെ അറിയിക്കുകയും ചെയ്തു. സുപ്രിം കോടതി അഭിഭാഷകന്‍ കോളിന്‍ സാല്‍വ്സിനെയുംകൂട്ടി അറസ്റിലായ കുട്ടിയുടെ ബന്ധുക്കള്‍ സ്പെഷ്യല്‍ സെല്ലിനെ സമീപിച്ചപ്പോള്‍ ആശ്ചര്യജനകമായിരുന്നു പോലിസുകാരുടെ പ്രതികരണം:
"അവന്റെ സഹോദരനെ ഞങ്ങള്‍ക്കു കൈമാറി അവനെ കൊണ്ടുപൊയ്ക്കൊള്ളൂ''-അവര്‍ പറഞ്ഞു.
സാഖിബ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പോലിസ് ദിനംപ്രതി തോന്നിയവരെയെല്ലാം പിടിച്ചുകൊണ്ടുപോവുകയും ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്യുന്നുണ്ട്. സാഖിബിനെപ്പോലെ വേറെയും ഇരകള്‍ ആ പ്രദേശത്തുണ്െടങ്കിലും കൂടുതല്‍ പീഡനങ്ങള്‍ ഭയക്കുന്നതുകൊണ്ട് അവരെല്ലാം മൌനം പാലിക്കുകയാണ്. തന്നെയുമല്ല, ഭീകരവാദിയെന്നു സംശയിക്കപ്പെട്ടാല്‍ തങ്ങള്‍ക്കാരും വാടകയ്ക്ക് വീടോ ജോലിയോ തരില്ലെന്ന ഭയവും അവര്‍ക്കുണ്ട്. ഡല്‍ഹി സ്ഫോടനങ്ങളും ബട്ലാഹൌസ് 'ഏറ്റുമുട്ടലും' കഴിഞ്ഞു മൂന്നുവര്‍ഷമായിട്ടും ആ നാട്ടുകാര്‍ ഭയത്തില്‍നിന്നു മോചിതരായിട്ടില്ല. ഓരോ മുസ്ലിമിനെയും ഭീകരവാദി അല്ലെങ്കില്‍ ഭീകരവാദിയെന്നു സംശയിക്കപ്പെടുന്നവരെങ്കിലുമായി
കാണുന്ന ഒരു സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. 2006 ജൂലൈയിലെ മുംബൈ സ്ഫോടനപരമ്പരയ്ക്കു ശേഷം "എല്ലാ മുസ്ലിംകളും തീവ്രവാദികളല്ലെങ്കിലും എല്ലാ ഭീകരവാദികളും മുസ്ലിംകളാണ്'' എന്ന കുപ്രസിദ്ധ എസ്.എം.എസ്. വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു സത്യസുവിശേഷമായി അതെങ്ങും അംഗീകരിക്കപ്പെടുകയും ചെയ്തു. വിശ്വാസിയെന്നോ നിരീശ്വരവാദിയെന്നോ വ്യത്യാസമില്ലാതെ ഓരോ മുസ്ലിമും ഭീകരവാദിയാകാന്‍ സാധ്യതയുള്ളവനാണെന്ന പൊതുബോധം നിര്‍മിക്കപ്പെട്ടിരിക്കുന്നു.
കെ.കെ. ഷാഹിന എന്ന പത്രപ്രവര്‍ത്തകയുടെ കാര്യംതന്നെ നോക്കൂ. ഈയിടെ ഒരു അവാര്‍ഡ് സ്വീകരിക്കവെ അവള്‍ക്ക് ഇവ്വിധം പറയേണ്ടിവന്നു: "നോക്കൂ, ഞാനൊരു മുസ്ലിമായിപ്പോയി. പക്ഷേ, ഞാനൊരു ഭീകരവാദിയല്ല.'' മുസ്ലിമാണെങ്കില്‍ ബ്രാന്റ് ചെയ്യപ്പെടാതിരിക്കില്ല എന്ന ബോധം കാരണമാണ് ഇത്തരമൊരു വിശദീകരണം അവര്‍ക്കു നല്‍കേണ്ടിവന്നത്. അബ്ദുന്നാസിര്‍ മഅ്ദനി കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന കള്ളക്കേസ് ചുമത്തിയിരുന്നു ഷാഹിനയ്ക്കുമേല്‍. ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി. നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേസിനെക്കുറിച്ച് അന്വേഷണം നടത്തുകയും അതില്‍ നിന്നു ലഭിച്ച വസ്തുതകളെ ആധാരമാക്കി 'ഈ മനുഷ്യന്‍ എന്തുകൊണ്ട് ഇപ്പോഴും തടവറയില്‍?''എന്ന തലക്കെട്ടില്‍ ടെഹല്‍ക മാഗസിനില്‍ ഒരു ലേഖനമെഴുതുകയും ചെയ്തതാണു ഷാഹിന ആകെ ചെയ്ത 'കുറ്റം'. 1997 ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി മുമ്പുതന്നെ പത്തുവര്‍ഷം മഅ്ദനി ജയിലില്‍ കിടന്നിരുന്നു. പിന്നീട് 2007 ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. കഴിഞ്ഞ മാസം മാത്രമാണു തന്റെ ഒളിവുജീവിതത്തിന് അറുതിവരുത്തിക്കൊണ്ടു ഷാഹിനയ്ക്കു മുന്‍കൂര്‍ ജാമ്യം നേടാനായത്. ഇതേ കേസില്‍ തന്നെ, ഒരു പ്രമുഖ വാരികയില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ളൂര്‍ക്കാരനായ മറ്റൊരു മുസ്ലിം പത്രപ്രവര്‍ത്തകനെ പലതവണ നിശിതമായ ചോദ്യംചെയ്യലിനു വിധേയമാക്കിയിരുന്നു.
സത്യത്തില്‍ ഇതേ അനുഭവം 2008 ജൂലൈയില്‍ ജാര്‍ഖണ്ഡിലെ ഗിരിഥ് ജയില്‍ സന്ദര്‍ശിച്ചു വസ്തുതാന്വേഷണം നടത്തിയതിന്റെ പേരില്‍ ഈ ലേഖകനും ഉണ്ടായിട്ടുണ്ട്. ഭാഗ്യവശാല്‍ ജീവന് ഇത്രമാത്രം ഭീഷണിയുണ്ടായില്ലെന്നുമാത്രം. മാവോവാദികളായി മുദ്രകുത്തി എന്നെയും രണ്ടു സുഹൃത്തുക്കളെയും അഞ്ചുമണിക്കൂര്‍ അന്യായമായി കസ്റഡിയില്‍ വച്ചു, അന്നത്തെ ഗിരിഥ് എസ്.പി. മുരളീലാല്‍ മീണ. (ഇപ്പോള്‍ അദ്ദേഹത്തിനു ജാര്‍ഖണ്ഡ് പോലിസ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഡി.ഐ.ജി. ആയി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു). ബിഹാറിലെ നീപ്പാള്‍ അതിര്‍ത്തി പ്രദേശത്തുനിന്നു വരുന്ന ആളായതുകൊണ്ടും ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയയില്‍ പഠിച്ചതുകൊണ്ടും ഈ കക്ഷി (ഞാന്‍) കൊടും ഭീകരവാദിയാണെന്നു മീണ തന്നോടു പറഞ്ഞതായി ജാര്‍ഖണ്ഡ് പി.യു.സി.എല്‍. സെക്രട്ടറി എന്നെ അറിയിക്കുകയുണ്ടായി. അന്നത്തെ തങ്ങളുടെ വസ്തുതാന്വേഷണ സന്ദര്‍ശനത്തിന്റെ സംഘാടകനായ അദ്ദേഹം തന്നെയാണു ഞങ്ങളുടെ മോചനത്തിനുവേണ്ടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതും. അതേ ജയിലില്‍ത്തന്നെ ജാമ്യസാധ്യതയില്ലാതെ ഒരുവര്‍ഷമെങ്കിലും തങ്ങളെ കിടത്തുമെന്നും മീണ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ജൂലൈയില്‍, ഈയിടെയുണ്ടായ മുംബൈ സ്ഫോടനത്തിന്റെ ഏതാനും ദിവസംമുമ്പ് മിഡ്ഗ്രൂപ്പിന്റെ ഫോട്ടോ ജേണലിസ്റ്റ് സയ്യിദ് സമീര്‍ അബേദിയെയും തടവിലിടുകയുണ്ടായി. ഒരു ട്രാഫിക് ജങ്ഷന്റെയും വിമാനത്തിന്റെയും ചിത്രം കാമറയില്‍ പകര്‍ത്തിയതായിരുന്നു അദ്ദേഹം ചെയ്ത 'കുറ്റം'. മുസ്ലിംനാമം കാരണം സമീര്‍ അബേദിയെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ഭീകരവാദിയെന്ന് ആക്ഷേപിക്കുകയും ചെയ്തു. പോലിസ്സ്റ്റേഷനില്‍വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്പെക്ടര്‍ അശോക് പാര്‍ഥി സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അബേദി തന്റെ നിരപരാധിത്വത്തെക്കുറിച്ച് ആണയിട്ടു. അന്നേരം, "അധികം സംസാരിക്കേണ്ട, നാവടക്കി ഞാന്‍ പറയുന്നതു ശ്രദ്ധിച്ചോ. നിന്റെ പേര് സയ്യിദ് ആയതുകൊണ്ടു നീയൊരു പാകിസ്താനിയും ഭീകരവാദിയുമായിരിക്കാന്‍ സാധ്യതയുണ്ട്'' എന്നു പാര്‍ഥി ഭീഷണിപ്പെടുത്തിയതായും മിഡ് ഡേ റിപോര്‍ട്ട് ചെയ്യുകയുണ്ടായി. സ്പെഷ്യല്‍ ബ്രാഞ്ചിനെ വിവരമറിയിച്ചു തന്റെമേല്‍ ഭീകരവാദക്കുറ്റമടക്കം സകല കുറ്റങ്ങളും ചുമത്താന്‍ മേലുദ്യോഗസ്ഥര്‍ തന്നോടു പറഞ്ഞിട്ടുണ്െടന്നും പാര്‍ഥി അബേദിയോടു പറഞ്ഞത്രേ. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇത്തരം മുന്‍വിധിയോടെയുള്ള സമീപനം പോലിസിലും സുരക്ഷാ ഏജന്‍സികളിലും മാത്രം പരിമിതമല്ല. എല്ലാ ഭീകരാക്രമണങ്ങള്‍ക്കും ഉത്തരവാദികള്‍ മുസ്ലിംകളാണെന്നു സാധാരണക്കാര്‍പോലും എങ്ങനെയോ ധരിച്ചുവശായിരിക്കുന്നു. ഇതൊരു പുതിയ പ്രതിസന്ധിയൊന്നുമല്ലെങ്കിലും, നാള്‍ക്കുനാള്‍ ഈ ബോധം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്
.
ഭീകരവാദം മുസ്ലിംകളുടെ വകയൊന്നുമല്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്െടങ്കില
ും, അത്തരമൊരു തെറ്റിദ്ധാരണ സ്ഥാപിച്ചെടുക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല, സുരക്ഷാസേനയും മീഡിയയും. 'ഞാന്‍ സുരക്ഷിതനാണോ?'എന്ന ചോദ്യം കഴിഞ്ഞ മൂന്നുവര്‍ഷമായി പലപ്പോഴും ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാല്‍ എനിക്കതില്‍ സംശയമുണ്ട്. ഞാന്‍ സുരക്ഷിതനാണോ അല്ലേ എന്ന കാര്യത്തില്‍ തീര്‍പ്പിലെത്താനാവുന്നില്ല. പക്ഷേ, എനിക്കും അഗ്വാനുമുള്ളതുപോലെ വിശാല ബന്ധങ്ങളൊന്നുമില്ലാത്ത സാധാരണ മുസ്ലിംകളെക്കുറിച്ചോര്‍ക്കുമ്പോഴാണു വല്ലാത്ത വിഷമം. അവര്‍ എത്രമാത്രം അപകടത്തിലല്ല?
ഓരോ സ്ഫോടനത്തിനു ശേഷവും താനായിരിക്കും അടുത്ത ഇരയെന്നു മുസ്ലിം യുവാക്കള്‍ ഭയപ്പെടുന്നുണ്ട്. അവരെ എപ്പോള്‍ വേണമെങ്കിലും പിടികൂടി ജയിലിലിട്ടു പീഡിപ്പിക്കാം, നിഷ്ഠുരമായി കൊല്ലുകപോലുമാവാം. വര്‍ത്തമാന ഇന്ത്യയില്‍ ഒരു മുസ്ലിമാവുകയെന്നാല്‍ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഭേദമില്ലാതെ എപ്പോഴും ഏറ്റുമുട്ടലിനിരയാക്കപ്പെടാവുന്
ന, ഭീകരവാദിയെന്നു നിരന്തരം സംശയിക്കപ്പെടുകയും നിയമവിരുദ്ധമായി തടവിലിട്ടു പീഡിപ്പിക്കുകയും ചോദ്യം ചെയ്യല്‍ പോലുമില്ലാതെ കൊലപ്പെടുത്തുകയും ചെയ്യാവുന്നയാള്‍ എന്നായിരിക്കുന്നു വിവക്ഷ. മുംബൈ സ്ഫോടനത്തെ തുടര്‍ന്നു നടക്കുന്ന വര്‍ഗീയവേട്ട തെളിയിക്കുന്നതും മറ്റൊന്നല്ല. അതല്ലെങ്കില്‍, മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളായ രണ്ടു ഹിന്ദുത്വവാദികള്‍ക്കു ജാമ്യമനുവദിക്കുമ്പോള്‍ത്തന്നെ, അതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിംകള്‍ക്കു നിരന്തരം ജാമ്യം നിഷേധിക്കപ്പെടുന്നതെന്തുകൊണ്ട്?
മുസ്ലിമായിപ്പോയി എന്നതിന്റെപാപഭാരം'ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഇനിയും എത്രകാലം പേറേണ്ടിവരും? അഅ്സംഗഡില്‍ നിയമവിരുദ്ധമായി പിടിച്ചു തടവിലിടുകയും പിന്നീടു വിട്ടയക്കുകയും ചെയ്ത, മുഹമ്മദ് അര്‍ഷദ് എന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ കാര്യം പറഞ്ഞപ്പോള്‍, ഇതൊരിക്കലും അവസാനിക്കില്ലേ' എന്നാണ് എന്റെ ഒരധ്യാപകന്‍ ചോദിച്ചത്. ആ ചോദ്യത്തിനാവട്ടെ, എനിക്കിപ്പോഴും ഉത്തരമില്ല. 'അതെ'എന്ന ഉത്തരം ഉടനെയുണ്ടാവുമെന്ന് ആശിക്കാനേ എനിക്കാവുന്നുള്ളൂ. ി
(എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമാണ് മെഹ്താബ് ആലം.) വിവ: വി. ബഷീര്‍

2 comments:

  1. മുസ്ലിം ആയിരിക്കുന്നത്ഹ്കൊണ്ട് ഭാരമായിരിക്കുന്നത് നിങ്ങള്‍ക്കല്ല ,ഭാരതത്തിലെ മറ്റു മത വിശ്വാസികല്‍ക്കാന്. ഡല്‍ഹിയിലും മുംബയിലും പാവം ജനങ്ങളുടെ ജീവന്‍ അപഹരിച്ചത് ഹിന്ദുക്കളല്ല , പാകിസ്താനില്‍ പള്ളിയില്‍ ബോംബ്‌ പൊട്ടിച്ചതും ,മുസ്ലിം തീര്ധാടകരെ വെടിവച്ചു കൊന്നതും,കാശ്മീരില്‍ പാകിസ്താന്റെ കൊടിവച്ചതും ,ഇന്ത്യന്‍ പതാക തഴ്ത്തിയതും മുസ്ലിംഗള്‍ തന്നെയല്ലേ .ഇതെല്ലം അറിയാമെങ്കില്‍ പിന്നെ ഭാരതത്തിന്റെ മോചനം ആര്‍ എസ് എസ്സിന്റെ നാശത്തിലൂടെ എന്ന ദയലോഗിനെന്താ അര്‍ഥം . എല്ലാ മുസ്ലിങ്ങളും തീവ്രവാതിയല്ല , പക്ഷെ
    ആവസ്യമില്ലാത്ത താങ്കളുടെ ഇ സൈറ്റില്‍ ,എന്തിനാ വെറുതെ ഞങ്ങളെക്കൊണ്ട് ഓരോന്ന് പറയിക്കുന്നെ .ഒരു ഇന്ത്യനാണെന്ന് ബോധമുള്ള ആര്‍ക്കും രാഷ്ട്രിയ സ്വയംസേവക സംഘത്തില്‍ പ്രവര്‍ത്തിക്കാം ,അങ്ങനെ പ്രവര്‍ത്തിക്കുന്ന എത്രയോ ഇന്ത്യന്‍ മുസല്‍മാന്‍മാര്‍ സംഘ ശാഖയിലുന്ദ് .അതൊന്നുമറിയാതെ സംഘത്തിനുമേല്‍ ചമയ്ക്കാന്‍ ശ്രമിക്കുന്ന ആരോപണങ്ങള്‍ കണ്ടാല്‍ ഒരു ഹിന്ദുവിനും ഒരു സ്വയംസേവകനും ഒന്നും സംഭവിക്കില്ല. താങ്കളുടെ സഹപ്രവര്‍ത്തകരായ,ആര്‍ എസ് എസ്
    പ്രവര്‍ത്തകര്‍ എന്ന് താങ്കള്‍ പറയുന്നവര്‍ , ആര്‍ എസ് എസ്പ്രവര്‍ത്തകര്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ താങ്കള്‍ പറയില്ലാരുന്നു. അപ്പോള്‍ ഇതും താങ്കളുടെ വെറുമൊരു സൃഷ്ടി . ഇ പത്രത്തില്‍ ആര്‍ എസ് എസ് നെക്കുരിച്ചുമാത്രമെയുല്ലോ പറയാന്‍ , അതിനു സംഘത്തിന്റെ സ്വന്തം പത്രമായ ജന്മഭൂമി എന്നൊന്നുണ്ട് . താങ്കളെന്തിനാ വെറുതെ കഷ്ടപ്പെടുന്നത്. നരേന്ദ്രമോഡി എങ്ങനെയാണു നിങ്ങള്ക് തീവ്രവാദിയയത്., മാറാട്‌ കലാപം നടന്നപ്പോള്‍ കേരളത്തില്‍ മോടിയെപ്പോലെ ഒരാളുണ്ടായിരുന്നെങ്കില്‍ എന്നിപ്പോള്‍ ഓരോ ഹിന്ദുവും ആഗ്രഹിക്കുന്നു. സ്വയംസേവകരെയും ,അമ്മപെങ്ങന്മാരെയും ഓടുന്ന ട്രയിനിലിട്ടു കരിച്ചുകളഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചതാണോ തെറ്റ്. ഇതു മാറാടും , ഹിന്ദുവിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാടത്തും ഉണ്ടാവണം . ഗാന്ധിജിയല്ല ആര്‍ എസ് എസ്സിന്റെ സ്ഥാപകന്‍ . നിങ്ങള്‍ എത്ര ശ്രമിച്ചാലും ആര്‍ എസ് എസ്സിനോന്നും സംഭവിക്കില്ല. വെറുതെ ചൊറിയാന്‍ നില്‍ക്കാതെ നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യ് . നല്ലോരുനാളെക്കായി നമുക്ക് ചേര്‍ന്ന് പ്രയത്നിക്കാം ,പ്രാര്‍ത്ഥിക്കാം. അതല്ലേ നല്ലത്. വന്ദേ മാതരം., ഭാരത് മാതാ കി ജയ്....

    ReplyDelete
  2. r s s ne andhamayi vishvasicha viddikalan sahodhara ivide commentukal idunnath.... thankalkk vishamamonnum thonnanda... malegavum... ajmeerum.. makka masjidum..gujarath kalapavum... angane ethara ethra arinjum ariyatheyum nadathiya sfodanangal r s s nadathiyittund.. athellam kandillennu nadikkukayanivar

    ReplyDelete