Monday, September 12, 2011

ഹസാരെ പുണ്യവാളനും ദളിത് തീവ്രവാദികളും







നാം ജീവിക്കുന്നത് മാധ്യമ ഇടപെടലുകളുടെ ലോകത്താണ്. പ്രത്യേകിച്ച് മധ്യവര്‍ത്തി സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു ഇന്ന് മാധ്യമങ്ങള്‍. അതു കൊണ്ടു തന്നെ അവക്ക് കൃത്യമായ അജന്‍ഡകളും പ്രവര്‍ത്തന രീതികളും ഉണ്ട്. ഇന്ന് നാം അഭിമൂഖീകരിക്കുന്ന എല്ലാ സാമൂഹിക പ്രശ്‌നങ്ങളിലും മാധ്യമങ്ങള്‍ കൃത്യമായി തന്നെ അവരുടെ അജന്‍ഡാ നിര്‍മാണം നിറവേറ്റുന്നുണ്ട്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഹസാരെയും അദ്ദേഹം നടത്തുന്ന അഴിമതിവിരുദ്ധ സമരവും. ഇവിടെ ഹസാരെയെ ജയിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. അതിന് അവര്‍ മഹാരാഷ്ട്രയിലെ തന്റെ സ്വന്തം ഗ്രാമത്തില്‍ അദ്ദേഹം ചെയ്തുകൂട്ടിയ പ്രവൃത്തികളെ പാടി പുകഴ്ത്തുകയും ചെയ്തു. ഇവിടെയാണ് മാധ്യമങ്ങളുടെ ദ്വന്ദ മുഖത്തെ നാം തിരിച്ചറിയേണ്ടത്.
ഹസാരെ സവര്‍ണ തമ്പുരാനായപ്പോള്‍ അയാള്‍ ചെയ്തതെല്ലാം വലിയ മഹത്തരമെന്നോണം കൊട്ടിഘോഷിക്കുന്നു. നേരെ മറുപുറത്ത് അവര്‍ണന്‍ അവന്റെ സാമൂഹികമായ നിലനില്‍പ്പിനായി പോരാടുമ്പോള്‍ അത് തീവ്രവാദമായും ഭീകരവാദമായും ചിത്രീകരിക്കുന്നു. അതുകൊണ്ടു തന്നെ നമുക്ക് ചില വസ്തുതകള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. അതിന്റെ ഒരു ഭാഗത്ത് ഹസാരെയും സവര്‍ണ പടയുമാണെങ്കില്‍ മറുഭാഗത്ത് അതിജീവനത്തിനായി പടപൊരുതുന്ന ചില ദളിത് കൂട്ടായ്മകളാണ്.
ഇന്ന് ഹസാരെ ഒരു പ്രതീകമാക്കപ്പെട്ടിരുക്കുന്നു. അഴിമതിവിരുദ്ധ സമരനായകന്‍ അല്ലെങ്കില്‍ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന പേരില്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ലോക്പാല്‍ ബില്ലിന്റെ മുന്നണി പോരാളി എന്ന നിലയില്‍. ഇന്ത്യയിലെ നൂറ്റിയിരുപത് കോടിയിലധികം വരുന്ന ജനങ്ങളില്‍ മധ്യവര്‍ഗം എന്നത് തുലോം തുച്ഛമാണ്. ഇവരാകട്ടെ സവര്‍ണരോ സവര്‍ണ മനോഭാവമുള്ളവരോ ആണ് താനും. രാജ്യത്തെ നഗര ചേരികളിലും ഗ്രാമ ചേരികളിലും മറ്റും അധിവസിക്കുന്ന ദരിദ്രനാരായണന്‍മാര്‍ക്ക് ഹസാരെ ആരാണെന്നത് ഇപ്പോഴും അജ്ഞാതമാണ്. ഇത്തരത്തില്‍ ഹസാരെ കപട ദേശീയതയുടെ സൃഷ്ടിയാണെന്നും ഗാന്ധിയന്‍ എന്ന പദത്തിന് അയാള്‍ അര്‍ഹനല്ലെന്നും അരുന്ധതി റോയി ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖര്‍ തുറന്നു പറഞ്ഞു കഴിഞ്ഞു. ഇവിടെയാണ് ഹസാരെയെന്ന കള്‍ട്ട് നിര്‍മാണത്തില്‍ സവര്‍ണ മാധ്യമ മാടമ്പികളുടെ ഇടപെടലിനെ നാം തിരിച്ചറിയേണ്ടത്.
മഹാരാഷ്ട്രയിലെ റാളെഗണ്‍സിദ്ധി ഗ്രാമത്തെ ഉരുക്കു മുഷ്ടികളാല്‍ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന സംഘത്തിന്റെ നേതാവാണ് യഥാര്‍ഥത്തില്‍ ഹസാരെ എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പടു. ഇന്ത്യന്‍ സൈന്യത്തില്‍ ഡ്രൈവറായിരുന്ന ഹസാരെ 1974 ല്‍ താന്‍ ഓടിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടായ ശേഷം പണിയവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്തത്. അക്കാലഘട്ടത്തില്‍ സൈനികര്‍ക്ക് നാട്ടിന്‍പുറങ്ങളില്‍ വന്‍ സ്വീകാര്യതയും ബഹുമാനവും ലഭിച്ചിരുന്നു. അത്തരത്തിലുള്ള ആദരവിനെ ഹസാരെയെന്ന ഏകാധിപത്യ ദാഹി ശരിക്കും ഉപയോഗപ്പെടുത്തി. നാട്ടിലെ ജന്മി കുടുംബത്തിലെ അംഗമായ ഹസാരെ പണം നല്‍കി ഒരു സംഘം യുവാക്കളെ വരുതിയിലാക്കി. അവിടെത്തന്നെയുള്ള ഒരു ക്ഷേത്രം കേന്ദ്രീകരിച്ച് അവര്‍ക്ക് ആയുധാഭ്യാസത്തിനുള്ള എല്ലാ സഹായങ്ങളും തന്റെ സംഘ പരിവാര ബന്ധമുപയോഗിച്ച് തരമാക്കി. ക്രമേണ മഹാരാഷ്ട്രയുടെ ഉള്‍ഗ്രാമമായ ഇന്നും കുഗ്രാമങ്ങളുടെ പട്ടികയില്‍ പെടുന്ന റാളെഗണിലെ ഏകാധിപതിയായി ഹസാരെ. അവിടെ ഇന്ന് അണ്ണാ മൊഴിയെന്ന പേരില്‍ സ്വന്തമായി ഒരു ഭരണഘടന പോലുമുണ്ട് ഹസാരെക്കും കൂട്ടര്‍ക്കും.
അവിടെ ഇന്ന് ഒരു ഇല അനങ്ങണമെങ്കില്‍ ഹസാരെയും ഗൂണ്ടകളും പറയണമെന്ന അവസ്ഥയാണുള്ളത്. എതിര്‍ത്തു പറയുന്നവന്‍ ഗ്രാമത്തിന് പുറത്താണ്. മതമേതായാലും താന്‍ നിര്‍മിച്ച അമ്പലത്തിലെ അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കണമെന്നത് ഹസാരെയുടെ കല്‍പ്പനയാണ്. മദ്യപന്‍മാരായാവര്‍ക്ക് ദണ്ഡ് കൊണ്ട് ക്രൂരമായ മര്‍ദനം നല്‍കി ഗ്രാമത്തില്‍ നിന്ന് പുറത്താക്കുകയെന്നത് ഇവിടത്തെ പതിവാണ്. ഇതാണ് പരിതാപകരമായ ഒരു ഗ്രാമത്തെ മദ്യത്തില്‍ നിന്നും മോചിപ്പിച്ച മഹാനാണ് ഹസാരെയെന്ന് സ്ഥാപിക്കാന്‍ സവര്‍ണ മാധ്യമങ്ങള്‍ എടുത്തുദ്ധരിച്ച സത്പ്രവര്‍ത്തി. എന്നാല്‍, യഥാര്‍ഥത്തില്‍ തങ്ങളുടെ അധീശത്വം ഗ്രാമവാസികളുടെ മേല്‍ സ്ഥാപിക്കാന്‍ ഹസാരെയും കൂട്ടരും കണ്ടെത്തിയ മാര്‍ഗമായിരുന്നു മദ്യവര്‍ജനം.
മദ്യപാനികള്‍ക്കെതിരെ ശബ്ദിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് സ്വാമി വിവേകാനന്ദന്റെ അധ്യാപനങ്ങളാണെന്നതാണ് ഹസാരെയുടെ തന്നെ ഭാഷ്യം. ഇവിടെയാണ് ഹസാരെയുടെയും അദ്ദേഹത്തിന് പിന്നിലുള്ള ശക്തികളുടെയും യഥാര്‍ഥ മുഖം നാം തിരിച്ചറിയേണ്ടത്. ഒരു തികഞ്ഞ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ മദ്യപിക്കില്ല, കാരണം സ്വാമി വിവേകാനന്ദന്റെ ആഹ്വാനമാണത്. അപ്രകാരം ആരെങ്കിലും മദ്യപിച്ചാല്‍ അവനെ ദണ്ഡ് കൊണ്ട് പരമാവധി മര്‍ദനമുറകള്‍ക്ക് വിധേയനാക്കണമെന്നും സംഘത്തില്‍ നിന്ന് പുറത്താക്കണമെന്നും സംഘ്പരിവാര സൈദ്ധാന്തികനായ ഗോള്‍വാള്‍ക്കര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നുണ്ട്. അപ്പോള്‍ ഹസാരെയെന്ന ഗാന്ധിത്തൊപ്പിയണിഞ്ഞ ആള്‍ ആര്, എന്ത് എന്നതിനെപ്പറ്റി ഇനിയും വിശദമാക്കാതെ തന്നെ നമുക്ക് മനസ്സിലാകുമല്ലോ?
കിട്ടിയ അവസരം മുതലെടുത്ത് സവര്‍ണ ഫാസിസ്റ്റുകള്‍ തങ്ങളുടെ അജന്‍ഡകള്‍ നടപ്പിലാക്കാനായി മുന്നിട്ടിറക്കിയ മതേതര മുഖംമൂടിയണിഞ്ഞ ഹസാരെയെയാണ് നാമിതു വരെ കണ്ടുകൊണ്ടിരുന്നത്. സര്‍വവിധമായ പിന്തുണയുമായി സവര്‍ണ മാധ്യമങ്ങളും ഒപ്പം കൂടി. ഹസാരെ പുണ്യവാളന് ജാതിമത വര്‍ണ വ്യത്യാസങ്ങളൊന്നുമില്ല. രാജ്യത്തിന്റെ നന്മക്കായി മാത്രം പോരാടുന്നവര്‍ ഹോ എന്തൊരതിശയം!
ഇവിടെ നിന്നും നാം തിരിഞ്ഞു നോക്കേണ്ടിയിരിക്കുന്നു. ഇനി നമുക്ക് കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വസമുദായത്തിന് സ്വത്വ ബോധം ഉണ്ടാക്കിയതിന്റെ പേരില്‍ ഒരു സംഘം ദളിതര്‍ തീവ്രവാദികളായതെങ്ങനെയെന്ന് പരിശോധിക്കാം. ഇതും ഹസാരെയും തമ്മില്‍ എന്തു ബന്ധമെന്നാകും, ഉണ്ട്. ഇവര്‍ തങ്ങളുടെ ഗ്രാമത്തില്‍ ചെയ്ത തീവ്രവാദ പ്രവര്‍ത്തനത്തിനും ഹസാരെയും സംഘവും റാളെഗണില്‍ ചെയ്ത പുണ്യപ്രവൃത്തികളും ഏതാണ്ട് സമാനമായിരുന്നു. ഒറ്റ വ്യത്യാസം മാത്രം ഇവര്‍ക്ക് ആരേയും മര്‍ദിക്കാന്‍ അറിയില്ലായിരുന്നു. പകലന്തിയോളം പാടത്തും പറമ്പത്തും എല്ലു മുറിയെ പണിയെടുക്കുന്ന ദളിതനെ മദ്യപാനം പഠിപ്പിച്ചത് ഇവിടത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായിരുന്നു. കാരണം ബോധം നശിച്ച ഒരു സമൂഹത്തിനെ മാത്രമേ പലതും പറഞ്ഞ് പറ്റിച്ച് ഒപ്പം നിര്‍ത്താന്‍ പാര്‍ട്ടികള്‍ക്കാവൂ. അങ്ങനെ അവര്‍ സ്വന്തം കുടുംബത്തെയും സമൂഹത്തെയും കാലങ്ങളായി നശിപ്പിച്ചു കൊണ്ടേയിരുന്നു. ഇതില്‍ നിന്നും ശാശ്വതമായ മോചനം ആഗ്രഹിച്ച ഒരു സംഘം ചെറുപ്പക്കാര്‍ തങ്ങളുടെ സമൂഹത്തില്‍ നിന്നും ആദ്യമായി പി എച്ച് ഡി ബിരുദം കരസ്ഥമാക്കിയ തത്തുവിന്റെ നേതൃത്വത്തില്‍ സംഘടിച്ചു. അവര്‍ ആ കൂട്ടായ്മയെ ഡി എച്ച് ആര്‍ എം(ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്) എന്ന പേരു നല്‍കി ഭരണാഘടനാനുസൃതമായ ഒരു സംഘടനയായി രജിസ്റ്റര്‍ ചെയ്തു. അങ്ങനെ അവര്‍ സ്വസമുദായാംഗങ്ങളെ മദ്യപാനത്തില്‍ നിന്നും ബോധവത്കരിച്ച് മോചിതരാക്കിക്കൊണ്ടിരുന്നു. ഇന്നും അവര്‍ അതു തുടരുന്നു. അവര്‍ സഹജീവികളായ ദളിതരെ സമ്പാദ്യശീലം പഠിപ്പിച്ചു. മറ്റുള്ളവര്‍ അവജ്ഞയോടു കൂടി മാത്രം അഭിസംബോധന ചെയ്തിരുന്ന അവര്‍ അതില്‍ നിന്നും മോചനത്തിനായി പരസ്പരം സര്‍ എന്നുള്ള പദമുപയോഗിച്ചു സംസാരിച്ചു.
ഇങ്ങനെ എല്ലാ ചൂഷണങ്ങളില്‍ നിന്നും സ്വയം ബോധവാന്‍മാരായ ദളിതന്റെ വാതിലില്‍ വീണ്ടും സവര്‍ണതയുടെ കൊടിക്കൂറകളുമായി രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ചെന്നപ്പോള്‍ അവര്‍ അവരെ തിരിച്ചയച്ചു. അങ്ങനെ ഒരു കാലഘട്ടത്തില്‍ തങ്ങളുടെ പാര്‍ട്ടികളുടെ നെടും തൂണുകളായി വര്‍ത്തിച്ചവര്‍ തങ്ങള്‍ക്കു നഷ്ടമായി എന്നു കണ്ടപ്പോള്‍ അവര്‍ ചെയ്ത സദ് പ്രവര്‍ത്തനങ്ങളൊക്കെയും തീവ്രവാദമായി. ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരം ചോറു വാരി ഊട്ടിച്ചതു പോലും തീവ്രവാദ പ്രവര്‍ത്തനമായി. സ്വന്തം വീട്ടില്‍ ഇന്നും ഒരു കറിക്കത്തി പോലും എടുക്കാനില്ലാത്തവര്‍ ബോംബും തോക്കും നിര്‍മാതാക്കളായി. സ്വസമൂഹത്തെ സമുദ്ധരിച്ച തത്തുവെന്ന ചെറുപ്പക്കാരന്‍ ഒരു പെറ്റികേസ് പോലുമില്ലാതെ പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ ഇടം നേടി.
ഇതൊക്കെയും ജനങ്ങളെ അറിയിച്ചതാകട്ടെ ഹസാരെയെ പുണ്യവാളനെന്ന് കൊട്ടിഘോഷിക്കുന്ന അതേ സവര്‍ണ മാധ്യമങ്ങള്‍. അധഃസ്ഥിതന്‍ എന്നും അധഃസ്ഥിതനായി കഴിഞ്ഞുകൊള്ളണമെന്ന സവര്‍ണ മനോഭാവത്തിനെതിരെ ശബ്ദിക്കുന്നവനൊക്കെയും തീവ്രവാദികള്‍. അവര്‍ക്ക് ഒരു ദണ്ഡ് എടുത്ത് ചുഴറ്റാന്‍ കഴിയില്ലെങ്കില്‍ കൂടി. അവിടെയാണ് മഅ്ദനിയും സി കെ ജാനുവും ളാഹ ഗോപാലനും തത്തുവിനും മേല്‍ തീവ്രവാദ മുദ്രകുത്തപ്പെടുന്നത്. അതിന് അരു നില്‍ക്കുന്നതാകട്ടെ തങ്ങള്‍ക്ക് വര്‍ഗ, വര്‍ണ വൈജാത്യങ്ങളേതുമില്ലെന്ന് പേര്‍ത്തും പേര്‍ത്തും പുലമ്പിക്കൊണ്ടിരിക്കുന്ന സവര്‍ണ മാധ്യമങ്ങളും.
ഇത്തരത്തില്‍ വിഷം ചീറ്റാന്‍ കാത്തു നില്‍ക്കുന്നവരെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തരം സവര്‍ണ മാധ്യമങ്ങള്‍ ആധിപത്യം തുടരുന്ന കാലത്തോളം പുണ്യവാളന്‍മാരുടെ വേഷത്തില്‍ ഹസാരെമാരും തീവ്രവാദ മുദ്ര കുത്തപ്പെട്ട തത്തുമാരും ഉണ്ടായിക്കൊണ്ടേയിരിക്കും. സവര്‍ണതക്കെതിരെ, അതുണ്ടാക്കിത്തീര്‍ക്കുന്ന മനോഭാവത്തിനെതിരെ മാനവ സമൂഹം ജാഗ്രത്താകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാം കരുതിയിരിക്കുക തന്നെ വേണം.

No comments:

Post a Comment