Friday, March 18, 2011

വി എസ് ഇനി മത്സരിച്ചാല്‍......?


എന്തിനോ വേണ്ടി മാധ്യമങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് വച്ച ഒരു നേതാവാണ് വി എസ് അച്യുതാനന്ദന്‍. മറ്റൊരു ഇടതുപക്ഷ നേതാക്കള്‍ക്കും അവകാശപ്പെടാനാവാത്ത ഒരു ജനകീയ മുഖം മാത്രമാവണം അതിനു കാരണം. എന്നാല്‍, പൊതുജനങ്ങള്‍ അങ്കംവെട്ടി വാങ്ങിക്കൊടുത്ത സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്കും വി എസിനും മുതലാക്കാന്‍ സാധിക്കുമോ?

2006 ല്‍ വി എസിന് സീറ്റ് നിഷേധിച്ചപ്പോള്‍ വി എസ് അനുകൂലികളായ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ കേരള ജനതയ്ക്ക് കൌതുകമായി. എന്നാല്‍, തികച്ചും വ്യത്യസ്തമായ സംഭവങ്ങളാണ് 2011 ല്‍ നടന്നത്. ഇത്തവണ നേതാക്കള്‍ നിരത്തിലിറങ്ങാതിരിക്കുകയും അനുഭാവികള്‍ സ്വയം സംഘടിച്ച് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തുകയുമായിരുന്നു.

യഥാര്‍ത്ഥത്തില്‍, കഴിഞ്ഞ ഒന്നരമാസമായി വി എസ് വ്യക്തിപരമായി നേടിയെടുത്ത പ്രതിച്ഛായയെല്ലാം തല്ലിക്കെടുത്തി അദ്ദേഹത്തെ മൂലയ്ക്കിരുത്തുന്ന തരത്തിലുള്ളതായിരുന്നു അദ്ദേഹം മത്സരിക്കേണ്ട എന്ന പാര്‍ട്ടി തീരുമാനം. പോരാത്തതിന്, വികസന നേട്ടം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെന്ന് പറയുന്ന ഒരു പാര്‍ട്ടി സ്വന്തം മുഖ്യമന്ത്രിക്ക് സീറ്റ് നിഷേധിക്കുകയാണ് ആദ്യം ചെയ്തത്.

തന്റെ അഞ്ച് വര്‍ഷക്കാലത്തെ ഭരണകാലത്ത് ലോട്ടറി ആയാലും പെണ്‍വാണിഭമായാലും ഭൂമാഫിയ കേസായാലും വി എസ് ഉയര്‍ത്തികൊണ്ടുവന്ന പ്രശ്‌നങ്ങളെല്ലാം സാധാരണ ജനങ്ങള്‍ക്ക് താല്‍പര്യമുള്ളവയായിരുന്നു. എന്നാല്‍, പലപ്പോഴും പല പ്രശ്‌നങ്ങളിലും വി എസിന് സ്വന്തം പാര്‍ട്ടിയോട് തന്നെ എതിരിടേണ്ടി വന്നു എന്നത് ആ 'പഴയകാല മാര്‍ക്‌സിസ്റ്റ്'കാരനെ വിമതനാക്കി എന്നുവേണം കരുതാന്‍.

വി എസ് മത്സരിക്കണമെന്ന പൊതുവികാരമാണ് തുടക്കം മുതലേ പോളിറ്റ് ബ്യൂറോയില്‍ നിലനിനിന്നിരുന്നത് എന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാവുന്നു. വി എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സംസ്ഥാന സമിതിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ പിബിയുടെ തീരുമാനം അറിയിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍. എന്നാല്‍, സംഭവിച്ചതോ? സംസ്ഥാനസമിതി വി എസിന് സീറ്റ് നിഷേധിച്ചു എന്ന് മാത്രമല്ല അദ്ദേഹത്തിലും വലിയ ഒരു പാര്‍ട്ടിദ്രോഹി ഇല്ല എന്ന് വിലയിരുത്തുകയും ചെയ്തു!

ഇപ്പോള്‍ വി എസിന് സീറ്റ് നല്‍കുകയും അദ്ദേഹം പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയും ചെയ്ത അവസരത്തില്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്ന് കരുതുക അസാധ്യം. പാര്‍ട്ടി ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റും അദ്ദേഹം കഴിഞ്ഞ രണ്ട് മാസമായി ഉണ്ടാക്കിയെടുത്ത മുന്‍തൂക്കം ഇല്ലാതാക്കുകയല്ലേ ചെയ്തത്? ഇനി മത്സരിച്ചാല്‍ തന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ജയപരാജയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും "അനിഷേധ്യനായ" നേതാവിന് ചുമക്കേണ്ടിവരും. പരാജിതനായാല്‍ വീണ്ടും ഒരു 'വിഭാഗീയ' ആരോപണവും അദ്ദേഹത്തിന് ചുമക്കേണ്ടി വന്നുകൂട എന്നുമില്ല.

വി എസിനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനം അനുചിതമാണ് എന്നാണല്ലോ അവയ്‌ലബിള്‍ പിബി തീരുമാനിച്ചത്. അങ്ങനെയെങ്കില്‍, അതിനു കാരണമായ കാരാട്ടും പിണറായിയും അടക്കമുള്ള നേതാക്കള്‍ക്കെതിരെ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമോ എന്ന് കാത്തിരുന്നു കാണാം.

No comments:

Post a Comment