മുബാറക്ക് മുഹമ്മദ്
"സത്യവും അഹിംസയും കാലങ്ങളായി ഉയരെപ്പറക്കുമ്പോള്‍ എനിക്ക് ലോകത്തെ പ്രത്യേകമായി ഒന്നുമേ പഠിപ്പിക്കുവാനില്ല' എന്ന് ഉദ്‌ഘോഷിച്ച രാഷ്ട്രപിതാവിന്റെ മറ്റൊരു ജന്‍മദിനം കൂടി കടന്നുവന്നിരിക്കുന്നു.
ഇത് ആധുനിക ഇന്ത്യ. 21-ാം നൂറ്റാണ്ടിലെ യുവതയുടെ ഓട്ടപ്പാച്ചിലുകള്‍ മാത്രമേ ആഗോളതലത്തില്‍ കാണാന്‍ സാധിക്കുകയുള്ളു. കാലഘട്ടം വല്ലാതെ മാറിയിരിക്കുന്ന സന്ദര്‍ഭത്തില്‍ ആധുനിക യുവത്വത്തിന് ഗാന്ധിജി ഇന്നൊരു കഥ മാത്രം.ഒരിക്കല്‍ ലോകത്തിന്റെ വിശിഷ്യാ ഭാരതത്തിന്റെ ചിന്താഗതിയെ വിപ്ലവകരമായി മാറ്റിയെടുത്ത മഹാനുഭാവനെ ഇന്നോര്‍ത്തെടുക്കുവാന്‍ സമയമില്ലാതായിരിക്കുന്നു.ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വേഷ ഭാഷകള്‍ക്കതീതമായി ഭാരത ജനതയെ ഒരു കുടക്കീഴില്‍ അണിനിരത്തിയ മഹാത്മാവ് നമ്മുടെ ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തിയുള്ള ഒരു വിഷയമാണ്.സത്യാന്വേഷണ പരീക്ഷണ കഥയിലൂടെ അദ്ദേഹം ലോകത്തോട് സംവദിച്ചത് സമഗ്രമായ മാറ്റം ലക്ഷ്യം വെച്ചായിരുന്നു.
സ്വയം വിശുദ്ധീകരിക്കാത്ത ഒരുവനും സത്യത്തിന്റെയും അഹിംസയുടെയും പാതയില്‍ മുന്നേറുവാനാവില്ലയെന്നും അവന് ഒരിക്കല്‍ പോലും ദൈവത്തെ കണ്ടെത്താനാവില്ല എന്നും അദ്ദേഹം പറയുമ്പോള്‍ അതിന്റെ അര്‍ത്ഥ തലങ്ങളുടെ വ്യാപ്തി വളരെ വലുതാണ്.ഇന്നിന്റെ ലോകം സ്വാര്‍ത്ഥമായ താത്പര്യങ്ങളെ മാത്രം മുന്‍നിര്‍ത്തി രാഷ്ട്രീയം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പണിയെടുക്കുമ്പോള്‍, ഗാന്ധിജി അന്ന് സ്വന്തം സ്വത്വത്തെത്തന്നെ ഭാരത ജനതയുടെ മുമ്പില്‍ അര്‍പ്പിക്കുകയാണുണ്ടായത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങിവരും വഴി നദീക്കരയില്‍ നഗ്നയായി നില്‍ക്കുന്ന ഹരിജന്‍ യുവതിക്ക് തന്റെ മേല്‍ വസ്ത്രങ്ങള്‍ അഴിച്ചു കൊടുത്താണ് ഗാന്ധിജി ഇന്ത്യയുടെ അവസ്ഥകളെ സ്വന്തം ജീവിത യാഥാര്‍ത്ഥ്യങ്ങളോടൊപ്പം ചേര്‍ത്തുവെച്ചത് . അവിടെ നിന്ന് തുടങ്ങിയ പ്രയാണം ഭാരതത്തിന്റെ സ്വാതന്ത്രലബ്ധിയിലെത്തിച്ചെങ്കില്‍, ഇന്നിന്റെ ഭാരതത്തില്‍ നമുക്ക് എന്തെങ്കിലും കൈമോശം വന്നിട്ടുണ്ടെങ്കില്‍ അത് മഹാത്മാവ് വരച്ചു കാട്ടിയ പാതമാത്രമാണ്.
സമത്വ സുന്ദരമായ ഗ്രാമങ്ങള്‍ കൊണ്ട് ഇന്ത്യയെ കെട്ടിപ്പടുക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹത്തിന്റെ മോഹങ്ങളെ നാമിന്നു മറന്നു പോയിരിക്കുന്നു. നമ്മുടെ കൊച്ചു കേരളം പോലും ഇന്ന് ചെറുപട്ടണങ്ങള്‍ ചേര്‍ന്ന് ഒരു വലിയ നഗരമായി മാറിയിരിക്കുന്നു. സമൂഹത്തില്‍ നിലനിന്നിരുന്ന പല ഉച്ച നീചത്വങ്ങളും ഉടച്ചു നീക്കുവാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി.അത് ശാരീരിക അയിത്തങ്ങള്‍ വെച്ച് സൂക്ഷിച്ച ഒരു ജനതക്ക് മാനുഷിക മൂല്യങ്ങള്‍ തിരിച്ചറിയിപ്പിച്ചു കൊടുത്തുവെങ്കില്‍ ഇന്ന് മതത്തിന്റെ പേരില്‍ സമുദായത്തിന്റെ പേരില്‍, വര്‍ഗ്ഗത്തിന്റെയും, വര്‍ണ്ണത്തിന്റെയും, വേഷത്തിന്‍രെയും ഭാഷയുടെയും പേരില്‍ പരസ്പരം അകന്നു പോയ മനസ്സുകളെ ഒരുമിപ്പിക്കാന്‍ മറ്റൊരു സാമൂഹിക പരിഷ്ക്കാര്‍ത്താവിനെ ഭാരതം ആവശ്യപ്പെടുന്നുണ്ട്.വളര്‍ന്നു വരുന്ന തലമുറക്ക് ഉന്നത മൂല്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതില്‍ ആധുനിക ഭാരതീയര്‍ പരാജയപ്പെട്ടിരിക്കുന്നു.
ഇന്ന് അവന്‍ മകനെ മതപരമായ വിദ്യാഭ്യാസവും മറ്റും ഒക്കെ സ്വന്തം മക്കള്‍ക്ക് കൊടുക്കുന്നുണ്ടെങ്കിലും, വളര്‍ന്നു വരുന്ന ഈ തലമുറക്ക് സാമൂഹികാവബോധം ഒട്ടുമില്ലാതെ പോയിരിക്കുന്നു. പുതിയ തലമുറയോട് മഹാത്മാവിനെപറ്റി ചോദിക്കുവാന്‍ പോലുമാവാത്ത അവസ്ഥയില്‍ നമ്മുടെ സാമൂഹിക അന്തരീക്ഷം എത്തപ്പെട്ടിരിക്കുന്നു. ഇനി നമുക്ക് വേണ്ടത് കടന്നു വരുന്ന തലമുറയെ എങ്കിലും ഉത്തമ രാഷ്ട്ര ബോധമുള്ള പൗരന്‍മാരാക്കി വാര്‍ത്തെടുക്കുക എന്നതാണ്.അവര്‍ക്ക്, ഒരു കാലഘട്ടത്തില്‍ ലോകത്തെത്തന്നെ തന്റെ ചീന്താശരങ്ങള്‍ കൊണ്ട് സ്വാധീനിച്ച നമ്മുടെ മഹാത്മാവിനെ പഠിപ്പിച്ച് കൊടുക്കലാണ് പ്രാഥമികമായി നിര്‍വ്വഹിക്കേണ്ടത്.
കടന്നു വരുന്ന ആധുനിക ലോകത്തിന്റെ വാഗ്ദാനങ്ങളായ തലമുറയെ ഭഗവദ് ഗീതയും, ബൈബിളും, ഖുര്‍ആനും, പഠിപ്പിക്കുന്നതോടൊപ്പം മഹാത്മാവിന്റെ സത്യാന്വേഷണ പരീക്ഷണവും പ്രാധാന്യം നല്‍കി പഠിപ്പിക്കുവാന്‍ നാം തയ്യാറാകണം.
എങ്കില്‍ മാത്രമേ മഹാത്മാവ് തന്റെ ആത്മകഥയുടെ അവസാനം ആവശ്യപ്പെടുന്നത് പോലെ സാമൂഹികാവബോധമുള്ള മനസ്സിലും, വാക്കിലും പ്രവൃത്തിയിലും അഹിംസാത്മകത കാത്തു സൂക്ഷിക്കുന്ന, സത്യത്തിന്റെ ദൈവത്തെ മാത്രം ആരാധിക്കുന്ന ഒരു ഉത്തമ സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കുവാന്‍ സാധിക്കുകയുള്ളു.
No comments:
Post a Comment