Tuesday, September 20, 2016
Monday, September 5, 2016
ഉപ്പ്
പ്രകാശ തിരയെണ്ണമെടുക്കാം
നിറക്കുപ്പികളില്‍ നിരത്തിയ
മരുന്നെന്‍ വേദനയില്‍ പുരട്ടാം
ആകാശ ഗോപുരം തിരഞ്ഞു
കാറ്റിന്‍ കാലില്‍ തൂങ്ങിയാടാം
സുഗന്ധപൂരിതമെങ്കിലുമെന്‍മനം
കുളിര്‍മതേടിയലയുന്ന പോലെ
കല്ല് മുറിപ്പെടുത്തിയ കാലുകള്‍
നിഴലുള്ളിലായ് എന്നെ ചുരുക്കി
ഇടിമിന്നല്‍ പോലെയാ തിരപതനം
പ്രണയ ഹേതുവാം പുഷ്പമായ്
ആടുന്ന പിടലിപോല്‍ ജീവിതം
ആമോദ നിറങ്ങള്‍ മാറുന്നു
ഞാനെന്‍ കോപ്പയില്‍ ഉപ്പു നിറക്കും
പന മുകളില്‍ കയറിയാ പാട്ട് പാടും
ഒഴിഞ്ഞ പാഴ്ക്കൂനയിലേക്ക് വെറുതേ
എന്നുപ്പിനെ നീ ഒഴുക്കരുത്
എന്നോട് ചോദിപ്പുവെങ്കില്‍ ഞാന്‍
ഒരുപിടി മണ്‍പൊടി നിനക്കു നല്‍കാം
പ്രണയം തുളുമ്പുമാ പൊടിയില്‍
നമുക്കാര്‍ത്തട്ടഹസിച്ചു രമിക്കാം
ഇല്ലെങ്കില്‍ പറയൂ നമുക്കു പോകാം
ഒന്നിച്ചു മലമുകളിലേ കാറ്റു കൊള്ളാം
Tuesday, August 30, 2016
സ്വതന്ത്രം
സുന്ദരനാം ചന്ദ്രനെന്നും
പുലരിയിലെ സൂര്യനെന്നും
പറയുമ്പോല്‍ എഴുത്തെന്തെളുപ്പം
ആകാശം വരണ്ടിരിക്കുന്നു
ഒഴിഞ്ഞ വെള്ളക്കുപ്പി പോലെ
വഴിയിരികില്‍ നിന്നു ഞാന്‍
തൊണ്ട വറ്റിയാശ്വാസം പുല്‍കി
വീട്ടുവാതിലിന്നു മുമ്പില്‍
അഭിവാദ്യമെഴുതി വെച്ചിരുന്നു
മുള്ളേറി ഹൃദയം വിറങ്ങലിക്കുന്നു
ഇല്ലിനി കരയില്ല എന്നുറച്ചിരിക്കുന്നു
എഴുതാനെന്തെളുപ്പത്തിനെളുപ്പം
കൊട്ടാരമെന്നു പറയുമ്പോലെളുപ്പം
കടല്‍പ്പാലമെന്നു പറയുമ്പോലെളുപ്പം
വെളിച്ചമെത്താത്ത കടലാസു ബാക്കി
പൂമ്പാറ്റകള്‍ കരിയുന്ന മണമെത്തുന്നു
മുടിചീകുമാ ലാഘവത്തിലെഴുതാം
നഖം മുറിയുമാ വേദനയിലുമെഴുതാം
കടലാസുകള്‍ പാറുന്നു സ്വതന്ത്രം
Wednesday, February 24, 2016
ഉമര്‍ ഖാലിദ്
ഭരണാധിപനും സേനാധിപനും
പേരായി നിന്നില്‍ ലയിക്കുമ്പോള്‍
വിപ്ലവത്തില്‍ ജ്വാല നിന്നില്‍
ജ്വലിക്കുവതിലെന്തത്ഭുതം
നീയൊരു മനുഷ്യ ശരീരമായിരുന്നു
നിനക്കും നിന്നെയറിവുള്ളവര്‍ക്കു
മെങ്കിലും നിന്‍ മതത്തെ നീ
വലിച്ചെറിഞ്ഞിരുന്നെങ്കിലും
പ്രിയനേ നിന്നിലെ നിന്‍
മതത്തേ ഫാസിസം തിരിച്ചറിഞ്ഞു
വിളിച്ചു പറഞ്ഞവര്‍ നിന്‍ നാമം
നിന്‍ മതത്തിനൊപ്പംഒറ്റുകാരനായ്
എങ്കിലും ഉമര്‍ നീയൊരു
വിപ്ലവജ്വാല തന്നെ
നീയുയര്‍ത്തിയ സമരാവേശം
ഒരു കലാശാലക്കായ് മാത്രമല്ല
മനുഷ്യനായ് ജീവിക്കാന്‍
മതക്കാരനും അല്ലാത്തവനും
ഈ രാജ്യത്തെവിടെയും
നീ തന്നോരാത്മ ധൈര്യം
അലയടിക്കട്ടെ രാജ്യമാകെ
പുതിയ ജ്വാലകളുയരട്ടെ
കരിഞ്ഞുണങ്ങട്ടെ ഫാസിസം
ആ തീജ്വാലകളില്‍
പ്രിയ ഉമര്‍ നീ നീ മാത്രമല്ല
ഞാന്‍ കൂടി ചേര്‍ന്ന നീയാണ് നീ
ഉയരട്ടെ നിന്‍ സമരകാഹളം
ഫാസിസം തകര്‍ന്നടിയും വരെ
Subscribe to:
Posts (Atom)