Tuesday, February 26, 2013

തിരിച്ചറിവിന്‍ പ്രണയലോകമേ നിനക്കൊരായിരം നന്ദി

(ചിത്രം: ഗൂഗിളന്‍ നല്‍കിയത്‌)



നിശബ്ദമാം പ്രണയം 
നിഗൂഡമാം പ്രണയം
കവിതയാണെന്‍
പ്രണയമെന്നവള്‍
വേദനയാണെന്‍
പ്രണയമെന്നവന്‍
തിരിച്ചറിവിന്‍ 
ലോകം എന്നോടോതി
പ്രണയത്തിന്‍ വേദനകള്‍
കവിതകള്‍ വിടര്‍ത്തുമെന്ന്
എന്‍ ഹൃദയമേ
നിന്‍ പ്രണയം
സൂക്ഷിക്കുക 
രഹസ്യമായ്
സ്ഫടിക പാത്രത്തിന്‍
ഉള്ളിന്റെയുള്ളില്‍ 
ഒളിപ്പിച്ചേക്കുക
പ്രണയമാം രഹസ്യം
വിളിച്ചോതുന്നവന്‍ 
ലോകത്തിനെന്നും
വിഡ്ഡി മാത്രം
പ്രണയത്തിനേറ്റം നല്ലതെന്നും
നിഗൂഡതയല്ലെങ്കില്‍
നിശ്ശബ്ദത
തിരിച്ചറിവിന്‍ ലോകമേ 
നിനക്കൊരായിരം നന്ദി.

Wednesday, February 13, 2013

വാലന്റൈന്‍ ഡേ: കമ്പോള താത്പര്യ സൃഷ്ടി





ചരിത്രാതീത കാലം മുതലേ  തന്നെ നാം ഭാരതീയര്‍ കൃത്യമായ ഒരു സംസ്‌കാരത്തിന്ന് ഉടമകളാണ്. ആ സംസ്‌കാരം യഥാര്‍ത്ഥത്തില്‍ നാം ആര്‍ജിച്ചെടുത്തതാണ്. ഭാരതീയന്‍ എന്നും മറ്റ് വ്യവസ്ത്ഥിതികളെ ഉള്‍ക്കൊള്ളുവാനുള്ള ഒരു മനസ്സുള്ളവനായിരുന്നു.അവനില്‍ അന്തര്‍ലീനമായ അത്തരമൊരാര്‍ജവമാണ് മറ്റ് ദേശങ്ങളില്‍ നിന്നും കടന്ന് വന്ന മുഴുവന്‍ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുവാന്‍ അവനെ പ്രാപ്തനാക്കിയത്.  ആദി ദ്രാവിഡതയുടെ സംസ്‌കൃതിക്കുള്ളിലേക്ക് ആര്യ, പേര്‍ഷ്യന്‍, ഗ്രീക്കിയന്‍ സംസ്‌കാരങ്ങളെ കൂട്ടിക്കലര്‍ത്തിയതില്‍ നിന്നും ആരംഭിക്കുകയും കാലാകാളങ്ങളായി അതില്‍ നാം കൃത്യമായ മാറ്റത്തിരുത്തലുകള്‍ വരുത്തുകയും ചെയ്തതാണ് നമ്മുടെ ഇന്നത്തെ സാംസ്‌കാരികാവബോധം എന്ന് നാം ഉദ്‌ഘോഷിക്കുന്നത്.
ഇന്ന് ലോകത്തിന്റെ ഗതി നിര്‍ണയിക്കുന്നത് മുതലാളിത്ത വ്യവസ്ത്ഥിതികള്‍ക്ക് കീഴ്‌പ്പെട്ട കമ്പോള താത്പര്യങ്ങളാണ്. മുതലാളിത്വത്തിന്ന് സംസ്‌കാരവും അതില്‍ അന്തര്‍ലീനമായിരിക്കുന്ന നാട്ട് വ്യവസ്ത്ഥിതികളും മറ്റും കച്ചവട ചരക്കുകളാണ്. അവകളെ കമ്പോളത്തില്‍ ചൂഷണാത്മകമായി എങ്ങിനെ ചിലവഴിക്കാം എന്ന്് മാത്രമേ അവന്‍ ചിന്തിക്കാറുള്ളു.
അതിന്നായിട്ടവന്‍ വിവിധ പ്രദേശങ്ങളിലെ സമൂഹിക കൂട്ടായ്മകള്‍സൃഷ്ടിക്കുന്ന ആഘോഷങ്ങളും മറ്റും ലാഭേഛയുടെ കണ്ണോടെ മാത്രമേ വീക്ഷിക്കുകുള്ളു.ഇത്തരം സമൂഹത്തിന്റെ ഗതിയെ നിര്‍ണയിക്കുന്ന ആഘോഷങ്ങള്‍ക്കൊപ്പം നിന്ന് ക്രമേണ സ്വതാത്പര്യങ്ങളെ തന്ത്രപരമയും വാണിജ്യാധിഷ്ടിതമായും അവകള്‍ക്കുള്ളിലേക്ക് ഇറക്കിവിട്ട് ലാഭം കൊയ്യാറാണ് സാമ്രാജ്യത്വ മുതലാളിത്ത വ്യവസ്ഥിതികളുടെ പതിവ്.
എന്തിനേറെപ്പറയുന്നു തീവ്രവാദം പോലും യഥാര്‍ഥത്തില്‍ അവര്‍ വിപണിയിലേക്ക് നല്‍കിയ ഉത്പന്നമാണ്. അതിന് അവരുടെ സ്വകാര്യതയില്‍ നല്‍കിയ പേര് വിചിത്രവുമാണ്. മാര്‍ക്കറ്റൈസ്ഡ് ടെററിസം എന്നാണ് അവര്‍ തീവ്രവാദത്തെ പോലും വിളിക്കുന്നത്. ഒരു കാലത്ത് മാര്‍ക്‌സിസം ആയിരുന്നു അവരുടെ മാര്‍ക്കറ്റൈസ്ഡ് ടെററിസത്തിന്റെ ഇരകളെങ്കില്‍ ഇന്ന് അത് മുസ്ലിം നാമങ്ങളും ഇസ്ലാമിക ചിഹ്നങ്ങളുമാണെന്ന് മാത്രം കാലക്രമത്തില്‍ അതിന് മാറ്റം വന്ന് കൂടായ്കയുമില്ല.
മാര്‍ക്കറ്റൈസ്ഡ് ടെററിസത്തിന്റെ ഉത്തമ ഉദാഹരണമായി നമുക്ക് ഇന്ത്യയെ എടുക്കാം. ഇന്ത്യയില്‍ സാമ്രാജ്യത്വം അവരുടെ ആയുധക്കോപുകളുടെ വിപണി കണ്ടെത്തുകയും അതിന് ഉതകുന്ന രീതിയില്‍ ഇന്ത്യയെ മാറ്റിപ്പണിയുകയും ചെയ്തു. അതിനവര്‍ പ്രയോഗിച്ചതാകട്ടെ കാലങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്വം പയറ്റിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രവും. ഇന്ത്യയിലെ പ്രമുഖമായ രണ്ട് മതവിഭാഗങ്ങളിലെ ചില ബുദ്ധിശൂന്യന്‍മാര്‍ക്ക് അവര്‍ ഇതിനായ ഒരേ പോലെ പണം വാരിയെറിഞ്ഞു. രണ്ട് കൂട്ടരും അതോടെ ആസൂത്രിതമായ പല ആഭ്യന്തര ആക്രമണങ്ങളും പരസ്പരം നടത്താന്‍ തുടങ്ങി. ഇതോടെ ഭരണകൂടം ആയുധശേഖരണത്തിന് നിര്‍ബന്ധിതരാകുകയും അതിലേക്ക് ചെന്ന് വീഴുകയും ചെയ്തു. ഇന്ന് ലോകത്തെ വികസിത രാജ്യങ്ങളുടെ പ്രധാന ആയുധ കമ്പോളം ഇന്ത്യയാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. അത് സാധിച്ചെടുത്തതാകട്ടെ നമ്മുടെ മസ്തിഷ്‌കങ്ങളെ അവരാഗ്രഹിക്കുന്ന രീതിയില്‍ പ്രക്ഷാളനം നടത്തിയും. പക്ഷെ രാജ്യത്തെ ഒരു വലിയ സമൂഹം ഇത്തരത്തിലെ കുതന്ത്രങ്ങളെ തിരിച്ചറിയുകയും ബദല്‍ മാര്‍ഗങ്ങള്‍ തേടുകയും ചെയ്തതോടെ സാമ്രാജ്യത്വം അതിന്റെ തന്ത്രങ്ങളെ മാറ്റിപ്പണിയുകയായിരുന്നു. അതിനായിട്ടവന്‍ ആദ്യം അച്ഛന്‍ ദിനവും അമ്മദിനവും കൊണ്ടുവന്നു. കാലക്രമത്തില്‍ മറ്റ് ദിനങ്ങളും തലപൊക്കി.
ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തന നിരതരായിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ സ്വതാത്പര്യങ്ങളെ സ്ഥാപിച്ചെടുക്കല്‍  അസാധ്യമാണെന്ന് മുതലാളിത്ത മേലാളന്‍മാര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ സാമൂഹികാധിഷ്ഠിത വിഷയങ്ങളില്‍ മടുപ്പുണ്ടാക്കിയും സന്ദര്‍ഭോജിതമായി കമ്പോള താത്പര്യങ്ങളെ മനസ്സുകളിലേക്ക് കടത്തിവിട്ടുമാണവന്‍ വിപണിയെ കീഴടക്കി ലാഭം കൊയ്യുന്നത്.അതിന്നായിട്ടവന്‍ ഗീബല്‍സിയന്‍ തന്ത്രമായ തുടര്‍ച്ചയായ ഓര്‍മ്മപ്പെടുത്തല്‍ എന്നതിനെ അടിസ്ഥാനമാക്കി വ്യാപകമായ പരസ്യങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെയും വീട്ടമ്മമാരുടെയും മനസ്സുകളില്‍ സ്ഥാനം നേടും.ആഗോള തലത്തില്‍ വാണിജ്യ സാമ്രാജ്യത്വം ഇത്തരം തന്ത്രങ്ങളാണ് പയറ്റുന്നത്.
ഇത്തരം വാണിജ്യ തന്ത്രങ്ങളുടെ ഭാഗമായി മുതലാളിത്തം പയറ്റുന്ന തന്ത്രങ്ങള്‍ ഒരു കമ്പോളത്തില്‍ പരാജയപ്പെടുമ്പോള്‍ അവന്‍ അടുത്ത നാടുകളിലേക്ക് കടക്കുക എന്നത് സ്വാഭാവികമാണ്.ഇങ്ങനെ പടിഞ്ഞാറിന് പാകമായതെല്ലാം നമുക്ക് അതേപടി പാകമല്ലെങ്കിലും നാം അവകളെ കണ്ണുംപൂട്ടി സ്വീകരിക്കുന്ന കാഴ്ച നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പോലും സുലഭമാണ്.മുതലാളിത്ത വാണിജ്യ താത്പര്യം സംരക്ഷിക്കുന്ന ദൃശ്യ മാധ്യമങ്ങളാണ് ഇതില്‍ കൃത്യവും വ്യക്തവുമായ പങ്ക് വഹിക്കുന്നത്.ഇവരുടെ അനാവശ്യ പ്രചരണങ്ങളെ നമ്മുടെ അടുക്കളയിലും അറയിലും തിരുകിവെക്കുന്ന ജീവിത ശൈലിയാണ് നാമിന്ന് കണ്ട് വരുന്നത്.ഇന്ന് നാം പടിഞ്ഞാറന്‍ സാംസ്‌കാരികത ഉപേക്ഷിച്ച പലതിനേയും ഭക്ത്യാദരവുകളോടെയാണ് കൊണ്ട് നടക്കുന്നത്.
സ്വജീവിതത്തിന്ന് എന്തെങ്കിലും ലക്ഷ്യമോ സക്രിയമായി സാമൂഹിക പ്രതിബദ്ധതയോടെ എന്തെങ്കിലും ചെയ്യുവാനോ ഇല്ലാത്തവര്‍ക്ക് എങ്ങിനെയും സമയം തള്ളി നീക്കുവാനുള്ള ഏര്‍പാടുകളാണ് ഇന്ന് സമൂഹം ആഘോഷിക്കപ്പെടുന്ന പലതും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ് വാെേലെന്റ ഡേ എന്ന നാം കേള്‍ക്കുവാന്‍ തുടങ്ങിയത്.യഥാര്‍ത്ഥത്തില്‍ ഇത്തരമൊരാഘോഷം പിന്തിരിപ്പന്‍ സാമ്രാജ്യത്വ മതലാളിത്ത് താത്പര്യത്തില്‍ നിന്ന് ഉടലെടുത്തതാണെന്നുള്ള കാര്യം തീര്‍ച്ചയാണ്.
റോമാ ചക്രവര്‍ത്തി തന്റെ രാജ്യത്തെ പൗരന്‍മാരുടെ സേവനം ഒരു സുദീര്‍ഘ കാലത്തേക്ക് സൈന്യത്തില്‍ വേണമെന്ന തീരുമാനത്തെ മുന്‍ നിര്‍ത്തി വിവാഹം സമ്പൂര്‍ണ്ണമായി നിരോധിച്ചു.ചക്രവര്‍ത്തിയുടെ ഈ അറു പിന്തിരിപ്പന്‍ നയത്തിനെതിരെ അവിടുത്തെ പ്രക്ഷോഭകാരികളുടെ മുന്‍ നിരയില്‍ നിന്നത് അന്നാട്ടിലെ പള്ളിവികാരിയായിരുന്ന സെന്റ് വാലന്റൈന്‍ ആയിരുന്നു.അദ്ദേഹം അന്നാട്ടിലെ യുവതീ യുവാക്കളെ അതീവ രഹസ്യമായി വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യുക പതിവായിരുന്നു.ഒപ്പം അന്നാട്ടിലെ കാമുകീ കാമുകന്‍മാര്‍ക്ക് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു വരുന്നതിന്നായി പ്രക്ഷോഭത്തിന്റെ ഭാഗമെന്നോണം ഒരാഘോഷദിനം ഏര്‍പ്പെടുത്തുകയും ചെയ്തു അദ്ദേഹം.പിന്‍കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഇത്തരമൊരു ദിനാഘോഷത്തിന് അന്നാട്ടില്‍ ഔദ്യോഗിക അംഗീകാരം ലഭിക്കുകയുണ്ടായി.ഇതാണ് വാലന്റൈന്‍ ഡേയുടെ ആചരണ തുടക്കത്തിന്നു പിന്നിലുള്ള സംഗതിയെന്നാണ് ഭൂരിപക്ഷാഭിപ്രായം.
ഈ ദിനത്തിന്റെ പേരില്‍ ആ കാലഘട്ടത്തില്‍ അവിഹിത ബന്ധങ്ങള്‍ ഉണ്ടാവുകയയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ, പക്ഷെ സാംസ്‌കാരികമായി നമ്മെ ഒരു തരത്തിലും തലത്തിലും സഹായിക്കാത്ത എല്ലാറ്റിനേയും തള്ളിക്കളയുവാനുള്ള ആര്‍ജവം കാട്ടുമ്പോള്‍ മാത്രമേ നമ്മുടെ സാംസ്‌കാരികമായ പൈതൃകം നമുക്കവകാശപ്പെടാന്‍ അര്‍ഹതയുണ്ടാവുകയുള്ളു.
കാരണം സാമൂഹികമായും സാംസ്‌കാരികമായും ഒന്നും ചെയ്യുവാനില്ലാത്തവരല്ല നാം. നമ്മുടേത് സമ്പന്നമായ ഒരുത്തമ സംസ്‌കാരമാണ്,അതിന്റെ വക്താക്കളെന്ന നിലയില്‍ ലോക രാജ്യങ്ങളുടെ മുന്നില്‍ ഒരല്‍പം അഹങ്കരിക്കുന്നവരുമാണ് നാം.നമ്മുടേതായ ഒരു ഭാവിയെ എല്ലാ അര്‍ത്ഥത്തിലും സ്വപ്‌നം കാണുന്നവരാണ് നാം, അതിന്നായി നമ്മുടെ മുന്നില്‍ പലവിധമായ പദ്ധതികളുമുണ്ട്.അതു കൊണ്ട് സ്വജീവിതത്തില്‍ യാതൊരു ലക്ഷ്യവുമില്ലാതെ അലയുന്ന പാശ്ചാത്യന്റെ അരാജകത്വമാവരുത് നമ്മെ നയിക്കുന്നത്.
ഭാരതീയമായ അന്തസ്സത്തയെ കാത്തു സൂക്ഷിച്ചു കൊണ്ടുള്ള കുടുംബജീവിതം ദാമ്പത്യ ബന്ധം എന്നിവയെക്കുറിച്ച് തികഞ്ഞ മൂല്യബോധം കാത്തുസൂക്ഷിക്കുന്നവരും അതിന്ന് തക്കതായ അറിവുമുള്ളവരാണ് നാം.ആ അറിവ് ഉന്നതമായ നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറയില്‍ കൃത്യമായി പാകി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതുമാണ്. ഒരു തരത്തിലുമുള്ള സാംസ്‌കാരിക പൈതൃകം അവകാശപ്പെടുവാനില്ലാത്തവന്റെ കേളികള്‍ക്കും വെകിളികള്‍ക്കും മുന്നില്‍ നമ്മുടെ മൂല്യാത്മക സാംസ്‌കാരികാടിത്തറയെ നാം തന്നെ നശിപ്പിക്കുവാനായി തുനിഞ്ഞിറങ്ങരുത്.
സ്വസ്ഥമായി ജീവിക്കുവാനുള്ളതാണ് നാം ആര്‍ജിച്ചെടുത്ത നമ്മുടേത് മാത്രമായ ഭാരതീയ സംസ്‌കാരം.നമ്മുടെ വ്യക്തി ജീവിതം മുതല്‍ കുടുംബ സമൂഹ തലം വരെ അത് ഗ്രസിച്ച് നില്‍ക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ദൈനംദിന ജീവിത ശൈലി ഈ സംസ്‌കാരത്തില്‍ അധിഷ്ഠിതമാക്കുവാന്‍ നാം പരമാവധി ശ്രമിക്കുകയും ആധുനിക തലമുറക്ക് കൃത്യമായ സാംസ്‌കാരികാവബോധം ഉണ്ടാക്കിക്കൊടുക്കുകയും വേണം.സാംസ്‌കാരികാധിഷ്ഠിതമല്ലാത്ത ഒരു ജീവിത ശൈലിക്ക് വിഘാതം വരുത്തുന്നതും വിരുദ്ധമായി മാറുന്നതും വലിയ അളവിലുള്ള സാമൂഹികാസ്വസ്ഥതകള്‍ക്ക് കാരണമാകും.
സാമ്രാജ്യത്തിന്റെ വിവിധ തലങ്ങളിലെ കുതന്ത്രങ്ങള്‍ക്ക് നാം ഓശാനപ്പാട്ടുകാരായി മാറുമ്പോള്‍ നാം നമ്മുടെ സംസ്‌കാരത്തെയും അതിന്റെ പൈതൃകത്തെയുമാണ് പണയം വെക്കുന്നതെന്ന കാര്യം മറക്കാതിരിക്കുക. വാലന്റൈന്‍ ഡേ ആഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ പരിലാളനത്തോടെ നമ്മുടെ മണ്ണില്‍ വേരുറപ്പിച്ച, ഉറപ്പിക്കാന്‍ തയ്യാറെടുക്കുന്ന മുഴുവനത്തിനേയും നാം തിരിച്ചറിയുകയും ബഹിഷ്‌കരിക്കുയും ഒഴിവാക്കുകയും ചെയ്യുക. അല്ലാത്തപക്ഷം നമ്മുടേതെന്ന് നാം അഭിമാനിക്കുന്ന നമ്മുടെ സ്വന്തം സംസ്‌കൃതി കാലക്രമത്തില്‍ ഒരോര്‍മ മാത്രമായിത്തീരുക തന്നെ ചെയ്യും,തീര്‍ച്ച.

Monday, February 11, 2013

വീട്ടിലേക്കുള്ള വഴി തേടി വിനയചന്ദ്രന്‍ യാത്രയായി





എപ്പോള്‍ സാര്‍ എന്ന് വിളിച്ചാലും ചിരിച്ചു കൊണ്ട് വിശേഷങ്ങളന്വേഷിക്കുന്ന കവി ഡി വിനയചന്ദ്രന്‍ വീട്ടിലേക്കുള്ള വഴി തേടിപ്പോയിയെന്ന് ഇനിയും വിശ്വസിക്കാന്‍ വയ്യ. കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ പുളിമൂടുള്ള ജി പി ഓ യുടെ മുന്നില്‍ വെച്ച് കണ്ടപ്പോള്‍ അവശനായിട്ടനുഭവപ്പെട്ടു. സാര്‍ എന്ന വിളിക്ക് ഒരു പുഞ്ചിരി മാത്രം നല്‍കി മുന്നോട്ട് നടന്ന് നീങ്ങിയപ്പോഴേ മനസ്സില്‍ ചില ചോദ്യങ്ങളുദിച്ചിരുന്നു. പിറ്റേന്ന് രാത്രി ന്യൂസ് ബ്യൂറോയിലെ ശ്രീജിത്തേട്ടനാണ് വിനയചന്ദ്രന്‍ സാറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞത്. ഇത്ര പെട്ടെന്ന് തിരുവനന്തപുരത്ത് നിന്നും അമ്മാനപ്പാട്ട് പാടി വിനയചന്ദ്രന്‍ എന്ന കവി മടങ്ങിപ്പോകുമെന്ന് വിചാരിച്ചതേയില്ല. മണ്ണും മരവും വായുവും സംരക്ഷിക്കാനായി സെക്രട്ടറിയേറ്റിന് മുന്നില്‍ സാധാരണയായി നടക്കാറുള്ള സമരങ്ങളില്‍ ഇനി വിനയചന്ദ്രന്‍ സാറിന്റെ അമ്മാനപ്പാട്ടുകളും പഴമയുടെ നിറം തുളുമ്പുന്ന കവിതകളും ഉണ്ടാവില്ല എന്ന ഒറ്റ വിഷമം മാത്രം. കവി എ അയ്യപ്പന് ശേഷം മനസ്സിന്റെ കോണില്‍ സ്ഥാനം നല്‍കിയ കവി ഡി വിനയചന്ദ്രന്‍ എന്ന അര്‍ദ്ധ അരാജകവാദി മലയാളത്തിന്റെ മണ്ണിനേയും വായുവിനേയും മരങ്ങളേയും അനാഥമാക്കി മടങ്ങുന്നു...............ഒരിറ്റു കണ്ണുനീര്‍


Tuesday, February 5, 2013

ഞാന്‍ മലയാളി




ഞാന്‍ മലയാളി
വയറ് നിറഞ്ഞപ്പോള്‍
വയല്‍ നികത്താന്‍ തോന്നി
റബ്ബര്‍ മരങ്ങളിന്നെന്റെ
വയറ് നിറക്കുന്നില്ല