Sunday, October 9, 2011

അനീതിക്ക് വേണ്ടിയൊരു അഴിഞ്ഞാട്ടം


അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണം ആരംഭിച്ചിട്ട് ഇന്നലെ പത്ത് വര്‍ഷം പൂര്‍ത്തിയായി. ആക്രമണം ആരംഭിക്കുമ്പോള്‍ ലക്ഷ്യമിട്ടതിന്റെ പകുതി ദൂരം പോലും സഞ്ചരിക്കാന്‍ അമേരിക്കക്കും സഖ്യ ശക്തികള്‍ക്കും സാധിച്ചില്ലെന്ന വിമര്‍ശം ശക്തമാണ്. തുടക്കത്തിലുണ്ടായ തിരിച്ചടിക്ക് ശേഷം താലിബാന്‍ ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് ലോകം കണ്ടത്. താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കി പത്ത് വര്‍ഷമാകാറായിട്ടും രാജ്യത്ത് സുരക്ഷ ഉറപ്പാക്കാന്‍ തന്റെ സര്‍ക്കാറിനും നാറ്റോക്കും സാധിച്ചില്ലെന്ന് പ്രസിഡന്റ് ഹാമിദ് കര്‍സായി തുറന്ന് സമ്മതിച്ചു. അഫ്ഗാനിലെ പ്രാദേശിക സാഹചര്യം മനസ്സിലാക്കാന്‍ നാറ്റോ സേനക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ സൈനിക നടപടി യുക്തിസഹമായ പര്യവസാനത്തിലെത്തിക്കാന്‍ ഇപ്പോഴും സാധിക്കില്ലെന്നും യു എസ് മുന്‍ ജനറല്‍ സ്റ്റാന്‍ലി മക്ക്രിസ്റ്റല്‍ പറഞ്ഞു. ദീര്‍ഘകാലം അഫ്ഗാനില്‍ സേവനമനുഷ്ഠിച്ചയാളാണ് മക്ക്രിസ്റ്റല്‍.
പത്ത് വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണങ്ങളിലൂടെയും മറ്റും തിരിച്ചടിച്ച താലിബാനും നിരവധി സാധാരണക്കാരുടെ ജീവനെടുത്തു. കോടിക്കണക്കിന് ഡോളറാണ് ആക്രമണത്തിന് വേണ്ടി ചെലവഴിച്ചത്. ആ തുക ഇനിയും വര്‍ധിക്കും.
അമേരിക്കയും സഖ്യകക്ഷികളും ശക്തമായ വ്യോമാക്രമണം ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ താലിബാന്‍ ഭരണകൂടം ഇല്ലാതായി. തീവ്ര നിലപാടുള്ള താലിബാന്‍ അധികാരത്തില്‍ നിന്ന് പുറത്തായതിനെ അഫ്ഗാന്‍ ജനത എളുപ്പത്തില്‍ സ്വീകരിച്ചുവെങ്കിലും പിന്നീടുള്ള വര്‍ഷങ്ങള്‍ ഈ സംഘടനയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു.
ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ പുറത്താക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും ശ്രമം തുടങ്ങിയതോടെ അഫ്ഗാനില്‍ താലിബാന്‍ പുനരുജ്ജീവിച്ചു. അമേരിക്കയുടെ ശ്രദ്ധ ഇറാഖിലേക്ക് തിരിഞ്ഞതോടെ ലഭിച്ച പഴുത് മുതലെടുത്ത് തങ്ങളുടെ സംഘടനയെ അച്ചടക്കവും ലക്ഷ്യബോധവുമുള്ള സായുധ വിഭാഗമാക്കി മാറ്റാന്‍ താലിബാന്‍ നേതാക്കള്‍ക്ക് സാധിച്ചു. തുടരുന്ന ആക്രമണത്തിന് അവസാനം കാണാന്‍ താലിബാന് കഴിയുമെന്ന വിശ്വാസം ക്രമേണ ജനങ്ങളില്‍ ഉയരുകയും ചെയ്തു. അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റം 2014ല്‍ പൂര്‍ത്തിയാക്കുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു മുമ്പ് താലിബാനെ പൂര്‍ണമായും പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ വരും നാളുകള്‍ കൂടുതല്‍ രക്തരൂഷിതമാകാന്‍ സാധ്യതയുണ്ട്. അതേസമയം താലിബാനുമായി സമാധാന ചര്‍ച്ചകള്‍ നടത്താനും അമേരിക്ക നീക്കം നടത്തുന്നു. പ്രസിഡന്റ് ഹാമിദ് കര്‍സായിയെ മുന്നില്‍ നിര്‍ത്തിയാണ് ഈ നീക്കം.
സൈനിക നടപടികളിലൂടെ അഫ്ഗാനില്‍ നേട്ടമുണ്ടാക്കുക പ്രയാസമാണെന്നാണ് ജനറല്‍ മക്ക്രിസ്റ്റലിനെപ്പോലുള്ളവരുടെ വാക്കുകള്‍ നല്‍കുന്ന സൂചന. ഇത് അമേരിക്കയുടെ സൈനിക, രാഷ്ട്രീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അഫ്ഗാന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന ആവശ്യം പതിവിലേറെ ശക്തമായി ഉയരുന്നു. അഫ്ഗാനെക്കുറിച്ച് വേണ്ടത്ര വിവരങ്ങളൊന്നും ശേഖരിക്കാതെയാണ് 2001ല്‍ ആക്രമണം ആരംഭിച്ചത്. പത്ത് വര്‍ഷത്തിന് ശേഷവും ഈ രാജ്യത്തെക്കുറിച്ച് ആവശ്യമായ വിവരങ്ങള്‍ അമേരിക്കയുടെ പക്കലില്ല. എളുപ്പത്തില്‍ ആക്രമണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന വിശ്വാസം അമേരിക്കയും സഖ്യകക്ഷികളും അന്ന് പ്രകടിപ്പിച്ചിരുന്നു. തീര്‍ത്തും ഭയാനകമായ അലസ മനോഭാവമാണ് അമേരിക്കയും സഖ്യകക്ഷികളും പ്രകടിപ്പിച്ചതെന്ന് സ്റ്റാന്‍ലി മക്ക്രിസ്റ്റല്‍ പറഞ്ഞു.
അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദനെ ഇല്ലാതാക്കുക എന്നതായിരുന്നു ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമായി അമേരിക്ക പറഞ്ഞിരുന്നത്. പാക്കിസ്ഥാനിലെ അബത്താബാദിലെ ഒളിത്താവളത്തില്‍ നടത്തിയ രഹസ്യ സൈനിക നടപടിയിലൂടെ ഉസാമയെ വധിക്കാന്‍ യു എസിന് സാധിച്ചു. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ ആക്രമണം അവസാനിപ്പിക്കാന്‍ പറ്റിയ സമയമിതാണെന്നും അതുകൊണ്ടാണ് ഘട്ടം ഘട്ടമയുള്ള സേനാ പിന്‍മാറ്റമെന്ന തീരുമാനത്തില്‍ ഒബാമ ഉറച്ച് നില്‍ക്കുന്നതെന്നും വിലയിരുത്തലുണ്ട്.
ആക്രമണം പാക് അതിര്‍ത്തിക്കുള്ളിലെ ഗോത്ര മേഖലകളിലേക്കും പിന്നീട് പാക്കിസ്ഥാനിലെ ഇതര പ്രദേശങ്ങളിലേക്കും അമേരിക്ക വ്യാപിപ്പിച്ചു. ഏകപക്ഷീയമായി നടത്തുന്ന വ്യോമാക്രമണങ്ങള്‍ നിരവധി നിരപരാധികളുടെ ജീവനെടുത്തു. ഇതിനോടുള്ള ശക്തമായ പ്രതിഷേധം പാക്കിസ്ഥാനിലും ചാവേര്‍ ആക്രമണങ്ങള്‍ പെരുകാന്‍ കാരണമായി. പാക്കിസ്ഥാന്‍ താലിബാന്റെ മുന്നേറ്റം പലപ്പോഴും അവിടുത്തെ ഭരണ സംവിധാനത്തെ പിടിച്ചുലക്കുകയും ചെയ്തു. എല്ലാ ആക്രമണങ്ങള്‍ക്കും അമേരിക്കക്ക് താങ്ങായി നിന്ന പാക്കിസ്ഥാന്‍ തിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് അധിനിവേശത്തിന്റെ പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴുള്ളത്. പാക്കിസ്ഥാന്റെ വിശ്വാസ്യത അമേരിക്ക ചോദ്യം ചെയ്യുകയും ചെയ്യുന്നു.



(8/10/2011 ല്‍ സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌)



2 comments:

  1. കാലത്തിന്റെ ഗതി തിരിചെഴുതാന്‍ മാത്രം അമേരിക്കന്‍ മേലന്മാര്‍ക്ക് കഴിഞ്ഞെന്നു വരില്ല. സ്വരുക്കൂട്ടിയ ആയുധങ്ങള്‍ സ്വന്തം ജനത നേതാക്കന്മാരുടെ നെഞ്ഞത്തെക്ക് തിരിച്ചു വെക്കുന്ന ഒരു അവസ്ഥയും കാണേണ്ടി വരും എന്ന് ഈ ലോകം മുഴുവന്‍ ആഗ്രഹിക്കുന്നു. അത് അവര്‍ കാട്ടിക്കൂട്ടുന്ന നേരികെടിന്നു എതിരെയുള്ള നിശബ്ദമായ ആയുധമാണ്..

    ReplyDelete
  2. സ്വന്തം രചനയാനെങ്കില്‍ ഗുഡ്‌. ലോക രാഷ്ട്രീയത്തെ വിശകലനം ചെയ്യാന്‍ സകല ശക്തിയും സംഭരിച്ചു ഇറങ്ങി തിരിക്കുക. വായിക്കുക, പഠിക്കുക, നിരീക്ഷിക്കുക. ലോക രാഷ്ട്രീയം പോയിട്ട് ഇന്ത്യന്‍ രാഷ്ട്രീയം പോലും ആധികാരികമായി വിശകലനം ചെയ്യാന്‍ ശേഷിയുള്ളവര്‍ മുസ്‌ലിം സമുദായത്തില്‍ വംശ നാശം സംഭവിച്ചു സംഭവിച്ചു കൊണ്ടിരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങങ്ങളോടും ചലനങ്ങളോടും എന്തു നിലപാട് സ്വീകരിക്കണം എന്നറിയാതെ കേരള മുസ്ലീങ്ങള്‍ മിസ്‌ഗൈഡ് ചെയ്യപ്പെടുന്നു....പ്രൊസീട്....

    please remove word verification when comment.

    ReplyDelete