പി ഗോവിന്ദപിള്ള
ലിബിയയില്‍ 1969 മുതല്‍ ഭരണാധികാരിയായിരുന്ന കേണല്‍ മുഅമ്മര്‍ ഗദ്ദാഫി കലാപകാരികളാല്‍ വധിക്കപ്പെട്ടുവെന്ന വാര്‍ത്ത സമ്മിശ്ര വികാരങ്ങളോടെ മാത്രമേ കേള്‍ക്കാന്‍ കഴിയൂ. കാരണം നന്മയും തിന്മയും സമ്മേളിച്ച ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം.
ലിബിയ ഗദ്ദാഫിക്ക് മുമ്പ്
ഉത്തരാഫ്രിക്കയിലെ ലിബിയ പലപ്പോഴും അതിന്റെ നീണ്ട ചരിത്രത്തില്‍ റോമന്‍ സാമ്രാജ്യവാദികള്‍ തൊട്ട് ഇന്നേവരെ പല വിദേശ ശക്തികളുടെയും ആക്രമണത്തിനും ആധിപത്യത്തിനും വിധേയമായിട്ടുണ്ട്. 1950കള്‍ മുതല്‍ 1969 വരെ ഇദ്രീസ് എന്ന രാജാവാണ് അവിടെ ഭരണം നടത്തിയിരുന്നത്. ഇദ്രീസ് അമേരിക്കന്‍ ഐക്യനാടിന്റെയും മറ്റ് പടിഞ്ഞാറന്‍ സാമ്രാജ്യവാദികളുടെയും ചൊല്‍പ്പടിക്ക് നിന്നുകൊടുക്കുകയും ലിബിയയുടെ സ്വത്തുക്കള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അങ്ങിനെ ലിബിയ പേരിന് ഒരു സ്വതന്ത്ര രാജാധിപത്യ രാഷ്ട്രം ആയിരുന്നുവെങ്കിലും വാസ്തവത്തില്‍ അമേരിക്കന്‍ സാമ്രാജ്യവാദികളുടെ ഒരു സാമന്ത രാജ്യം മാത്രമായിരുന്നു.
ഗദ്ദാഫിയുടെ കടന്നുവരവും ഭരണവും
ജനങ്ങള്‍ നിരക്ഷരതയിലും ദാരിദ്ര്യത്തിലും മുഴുകി കഴിയുമ്പോള്‍ ചെറിയ ന്യൂനപക്ഷം പ്രഭുക്കന്മാരും, രാജാവും, രാജസേവകരും സുഖലോലുപരായി കഴിയുകയായിരുന്നു. ഈ ഘട്ടത്തിലാണ് മുഅമ്മര്‍ ഗദ്ദാഫി എന്ന ഒരു യുവ സൈനികന്‍ ഏതാനും സൈനിക സുഹൃത്തുക്കളുമായി ചേര്‍ന്ന് സമാധാനപരമായ ഒരട്ടിമറിയിലൂടെ രാജകീയ ഭരണത്തെ നിഷ്‌കാസനം ചെയ്ത് സ്വയം അധികാരം ഏറ്റെടുത്തത്. 1969 ലെ ഈ ഭരണമാറ്റം സ്വാഭാവികമായും അമേരിക്കക്കാര്‍ക്കും മറ്റ് പടിഞ്ഞാറന്‍ സാമ്രാജ്യവാദികള്‍ക്കും തീരെ ഇഷ്ടപ്പെട്ടില്ല. ഗദ്ദാഫിക്കാകട്ടെ സോഷ്യലിസ്റ്റ് രാജ്യങ്ങളും മൂന്നാം ലോക രാജ്യങ്ങളും നിര്‍ലോഭം പിന്തുണ നല്‍കുകയും ചെയ്തു. സാമൂഹിക വ്യവസ്ഥയെ ആകെ പൊളിച്ചെഴുതി സാധാരണക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഒരു ഭരണക്രമം സൃഷ്ടിക്കുകയായിരുന്നു ഗദ്ദാഫിയുടെ ലക്ഷ്യം. അതിനദ്ദേഹം ഇസ്‌ലാമിക് സോഷ്യലിസം എന്ന പേരു കൊടുത്തു. ഇസ്‌ലാമിക വിശ്വാസികള്‍ക്ക് പ്രിയങ്കരമായ പച്ച നിറമാണ് ഒരു ദേശീയനിറമായി ഗദ്ദാഫി അംഗീകരിച്ചത്. ഗദ്ദാഫിയും സൈനികരും ഗദ്ദാഫിയുടെ ഉയര്‍ന്ന സഹപ്രവര്‍ത്തകരും ഒരു യൂനിഫോം പോലെ പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. തന്റെ ഭരണ ലക്ഷ്യങ്ങളും പരിഷ്‌കരണ നടപടികളും എല്ലാം ഒരു മാനിഫെസ്റ്റോ (വിജ്ഞാപനം) പോലെ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. അതിന് ഗ്രീന്‍ ബുക്ക് അഥവാ ഹരിത പുസ്തകം എന്നാണ് അദ്ദേഹം പേര്‍ നല്‍കിയത്. ആഭ്യന്തര തലത്തില്‍ ലിബിയയിലെ സമ്പന്നമായ എണ്ണക്കിണറുകള്‍ വികസിപ്പിക്കുകയും അവയെല്ലാം ദേശസാത്കരിക്കുകയും ചെയ്ത ഗദ്ദാഫി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പണം അങ്ങിനെ കണ്ടെത്തി. വിദേശ രംഗത്ത് അദ്ദേഹം ലോകത്ത് എല്ലായിടത്തും ജനകീയ സമരങ്ങള്‍ക്ക് പിന്തുണ നല്‍കി. പ്രത്യേകിച്ച് അമേരിക്കന്‍ ആധിപത്യത്തെ എതിര്‍ത്ത് പോരാടുന്ന ജനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഗദ്ദാഫിയുടെ പിന്തുണ ഉറപ്പായിരുന്നു. അങ്ങിനെ രണ്ട് ദശാബ്ദം കൊണ്ട് സാര്‍വദേശീയ രംഗത്ത് ഒരു വീര പുരുഷന്റെ പരിവേഷം അദ്ദേഹത്തിന് ലഭിച്ചു.ചേരിചേരാ രാഷ്ട്രങ്ങളുടെ മുമ്പന്തിയിലായിരുന്നു അദ്ദേഹം. അമേരിക്കന്‍ ഐക്യനാടുകളും അവരുടെ ചാര സംഘടനയായ സി ഐ എയും പലവട്ടം ഗദ്ദാഫിയെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും സോവിയറ്റ് യൂനിയന്റെ പിന്തുണയും ജനങ്ങളുടെ കൂറും കാരണം അത്തരം ശ്രമങ്ങളൊക്കെ അലസിപ്പോയതേയുള്ളൂ.
ഭരണത്തിന്റെ ഗതിമാറ്റം
1990ല്‍ സോവിയറ്റ് യൂനിയന്‍ സോഷ്യലിസം ഉപേക്ഷിക്കുകയും ശിഥിലീകരിക്കപ്പെടുകയും ചെയ്തത് മറ്റ് പല മൂന്നാം ലോക രാജ്യങ്ങള്‍ക്കും എന്ന പോലെ ഗദ്ദാഫിക്കും ലിബിയക്കും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. വാസ്തവത്തില്‍ സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടുകൂടിത്തന്നെ ഗദ്ദാഫിയുടെ പതനവും ആരംഭിച്ചു. സോവിയറ്റ് യൂനിയന്റെ പിന്തുണയോടു കൂടി ശക്തിയാര്‍ജിച്ചു വന്ന പല മൂന്നാം ലോക രാജ്യങ്ങളും അമേരിക്കയുടെ സ്വാധീന വലയത്തില്‍ പെടാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ ഗദ്ദാഫിയും അമേരിക്കയുമായി വിട്ടുവീഴ്ചകള്‍ക്ക് ഒരുങ്ങി. ഫലസ്തീനോട് തുടക്കം തൊട്ടേ ഉണ്ടായിരുന്ന ഗദ്ദാഫിയുടെ ഐക്യദാര്‍ഢ്യ മനോഭാവത്തില്‍ അയവ് വരുകയും ഇസ്‌റാഈലിനോടുള്ള ചായ്‌വ് വര്‍ധിക്കുകയും ചെയ്തു. അറബികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പതാക വാഹകനായിരുന്ന ഈജിപ്തിലെ ഭരണാധികാരി കേണല്‍ അബ്ദുന്നാസര്‍ ആയിരുന്നു ഗദ്ദാഫിയുടെ അനൗപചാരിക ഗുരു. ഗദ്ദാഫി അധികാരത്തിലെത്തി രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അറബ് നവോഥാനത്തിന്റെ ആ രാജശില്‍പി നിര്യാതനാവുകയും ഇസ്‌റാഈലുമായി അടുപ്പക്കാരനായിരുന്ന അന്‍വര്‍ സാദത്ത് അധികാരമേല്‍ക്കുകയും ചെയ്തു. ഒരു ദശകത്തിനകം സാദത്ത് ദേശസ്‌നേഹികളാല്‍ വധിക്കപ്പെടുകയും ഹുസ്‌നി മുബാറക് അധികാരത്തില്‍ എത്തുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 17-ാം തീയതി ആരംഭിച്ച അറബ് സ്വേഛാധിപത്യ വിരുദ്ധ പ്രക്ഷോഭത്തില്‍ ടുണീഷ്യന്‍ ഭരണാധികാരികളോടൊപ്പം ഹുസ്‌നി മുബാറകും ഒലിച്ചു പോയി. ഇതേ തുടര്‍ന്നാണ് അറബ് വസന്തം എന്ന പേരില്‍ അറിയപ്പെടുന്ന ജനകീയ മുന്നേറ്റം ലിബിയയിലും ആരംഭിച്ചത്.
അമേരിക്കന്‍ ഇടപെടലും ഗദ്ദാഫിയുടെ അന്ത്യവും
ലിബിയയില്‍ ഗദ്ദാഫി ഭരണം അതിന്റെ പഴയ ആദര്‍ശശുദ്ധിയെല്ലാം വെടിഞ്ഞ് അഴിമതിയിലേക്കും മര്‍ദന വാഴ്ചയിലേക്കും നീങ്ങുകയായിരുന്നു. നേരത്തെ സൂചിപ്പിച്ച വിധം അമേരിക്കയുമായി ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഗദ്ദാഫി നടത്തിയെങ്കിലും അമേരിക്കക്ക് ഗദ്ദാഫിയോട് പഴയ വൈരാഗ്യം തുടര്‍ന്നു. ഗദ്ദാഫിയുടെ രണ്ട് ഭാര്യമാരില്‍ ജനിച്ച ഒമ്പത് മക്കള്‍ പ്രായപൂര്‍ത്തിയായി ഭരണ കാര്യങ്ങളില്‍ ഇടപെടാനും അതിന്റെ ശീതളഛായയില്‍ ധനസമ്പാദനം നടത്താനും അത് വിദേശങ്ങളിലും മറ്റും നിക്ഷേപിക്കാനും ആരംഭിച്ചു. എണ്ണ കയറ്റുമതിയിലൂടെയും മറ്റും നേടിയ പണം ഗദ്ദാഫിയും സ്വന്തം കണക്കില്‍ നിക്ഷേപിച്ചു. ഈ മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വസ്തരായ സൈനികരെ പോലും രോഷാകുലരാക്കി. അങ്ങിനെയാണ് കഴിഞ്ഞ ഫെബ്രുവരി മാസാവസാനം അറബ് വസന്തത്തിന്റെ അലകള്‍ അറബ് ഉഷ്ണമേഖലയിലെ ചുഴലിക്കാറ്റ് പോലെ വീശിയടിക്കാന്‍ തുടങ്ങിയത്. ലിബിയന്‍ പരിവര്‍ത്തന സമിതി എന്നൊരു പ്രതിപക്ഷ സംഘടന ഉണ്ടാക്കി ഗദ്ദാഫിയെ ഉപേക്ഷിച്ചു പോന്ന സൈനികരും യുവാക്കളും പ്രക്ഷോഭം തുടങ്ങി. ഈ സന്ദര്‍ഭം അമേരിക്ക തികച്ചും ഉപയോഗപ്പെടുത്തി. പ്രക്ഷോഭത്തെ ഗദ്ദാഫിയും ഉരുക്കു മുഷ്ടി കൊണ്ട് നേരിടാന്‍ തുടങ്ങി. ഒരു ആഭ്യന്തര യുദ്ധത്തിന്റെ പ്രതീതി എവിടെയും ഉളവായി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഗദ്ദാഫി അധികാരം ഒഴിയണമെന്ന് സകലമാന നയതന്ത്ര മര്യാദകളും കാറ്റില്‍ പറത്തിക്കൊണ്ട് പരസ്യമായി ആവശ്യപ്പെട്ടു. ബരാക് ഒബാമക്ക് ലിബിയന്‍ ജനതയുടെ അവകാശ സംരക്ഷണത്തില്‍ വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. അതല്ലെങ്കില്‍ ബഹ്‌റൈനിലെ അമീര്‍ സ്വരാജ്യത്തെ ജനകീയ പ്രക്ഷോഭത്തെ ഭീകരമായി അടിച്ചമര്‍ത്തുന്നതിനെ ഒബാമയും കൂട്ടരും അനുകൂലിക്കുകയില്ലല്ലോ. അമീര്‍ അമേരിക്കയുടെ സുഹൃത്തും ബഹ്‌റൈന്‍ അമേരിക്കന്‍ കുത്തകകളുടെ മേച്ചില്‍ സ്ഥലവുമായതുതന്നെ കാരണം . ബഹ്‌റൈനില്‍ പ്രകടമാകാത്ത ജനാധിപത്യ പ്രേമം ലിബിയയില്‍ അവര്‍ക്കുണ്ടാകാന്‍ തരമില്ലല്ലോ? ഗദ്ദാഫി നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നും ന്യായമായ ജനാധിപത്യ അവകാശങ്ങള്‍ ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നുവെന്നും ആരോപിച്ച് അമേരിക്കയും നാറ്റോയും (ഉത്തര അത്്‌ലാന്റിക് ഉടമ്പടി സംഘടന) നേരിട്ട് ലിബിയന്‍ കലഹത്തില്‍ ഇടപെടാന്‍ തുടങ്ങി. അവര്‍ ലിബിയക്ക് മേല്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തി. ഈ വ്യോമാക്രമണത്തില്‍ ഗദ്ദാഫിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരും ഗദ്ദാഫി പക്ഷത്തെ സൈനികരും നിരപരാധികളായ സാധാരണ പൗരന്മാരും അടക്കം നിരവധി പേര്‍ വധിക്കപ്പെട്ടു. ഗദ്ദാഫിക്ക് ഇത് ഉര്‍വശീ ശാപം പോലെ ഉപകാരമായിത്തീര്‍ന്നു. താനിപ്പോഴും പഴയ സാമ്രാജ്യത്വ വിരുദ്ധ പോരാളിയാണെന്ന് തെളിയിക്കാനും അങ്ങിനെ ലിബിയയിലും പുറത്തുമുള്ള സാമ്രാജ്യത്വ വിരുദ്ധരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ നേടാനും ഗദ്ദാഫിക്ക് കഴിഞ്ഞു. അതുകൊണ്ടാണ് ഗദ്ദാഫിക്ക് ഇതുവരെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. പക്ഷേ, ഇപ്പോള്‍ ജനകീയ പക്ഷം വിജയിക്കുകയും ഗദ്ദാഫിയെ അദ്ദേഹത്തിന്റെ ഭൂഗര്‍ഭ ഒളിത്താവളത്തില്‍ വെച്ച് പിടികൂടി വധിക്കാന്‍ എതിരാളികള്‍ക്ക് കഴിയുകയും ചെയ്തിരിക്കുന്നു.
ലിബിയയുടെ ഭാവി
തീര്‍ച്ചയായും ഗദ്ദാഫിയുടെ പതനത്തില്‍ ദുഃഖിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷേ ഗദ്ദാഫിയെ ഒതുക്കിയത് അദ്ദേഹത്തിന്റെ സ്ഥിരം ശത്രുക്കളാണോ പാശ്ചാത്യ സാമ്രാജ്യവാദികളുടെ സൈന്യങ്ങളാണോ എന്ന ചോദ്യം അവശേഷിക്കുന്നു. ഇതുവരെ വിവരിച്ച കാര്യങ്ങളില്‍ നിന്ന് അങ്ങിനെ ഒരു സാധ്യത തള്ളിക്കളയാന്‍ ആവുകയില്ല. അങ്ങിനെയെങ്കില്‍ ഗദ്ദാഫിക്ക് ഒരു കുറ്റവാളിയുടെത് എന്നതിനേക്കാള്‍ ഒരു രക്തസാക്ഷിയുടെ പരിവേഷമാണ് കൈവന്നിട്ടുള്ളത്. ഗദ്ദാഫി വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ലിബിയന്‍ പരിവര്‍ത്തന സമിതിയില്‍ പടിഞ്ഞാറന്‍ ദല്ലാള്‍മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന ആരോപണം തള്ളിക്കളയാവുന്നതല്ല. അപ്പോള്‍ ഇനി വരുന്ന പുതിയ ഭരണ സംവിധാനത്തിലും പടിഞ്ഞാറന്മാരുടെ രഹസ്യ സാന്നിധ്യം ഉണ്ടായിരിക്കും എന്നത് തീര്‍ച്ചയാണ്. വരാന്‍ പോകുന്ന സംഭവ വികാസങ്ങളില്‍കൂടി മാത്രമേ അക്കാര്യങ്ങള്‍ വ്യക്തമാകൂ. അതുകൊണ്ടാണ്് ഗദ്ദാഫിയുടെ വധം സമ്മിശ്ര വികാരങ്ങളോടെ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്ന് ആദ്യമേ പറഞ്ഞത്.
തയ്യാറാക്കിയത്
മുബാറക് റാവുത്തര്‍
(22-10-2011 ല്‍ സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)