Saturday, January 14, 2012

ലൗ ജിഹാദ്: മനോരമക്കെതിരെ കേസില്ലേ പോലീസേ…

കെ.എം ഷഹീദ്
ഡൂള്‍ന്യൂസ്: ഡി.വൈ.എസ്.പി ഇഖ്ബാല്‍ അല്ലേ..
ഡി.വൈ.എസ്.പി: അതെ,
ഡൂള്‍ന്യൂസ്: ലൗ ജിഹാദ് (Love Jihad)എന്ന പേരില്‍ കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയ വെബ്‌സൈറ്റിനെതിരെ കേസെടുത്തിരിക്കയാണല്ലോ, മതസ്പര്‍ദയുണ്ടാക്കുന്ന ഈ പ്രചാരണം ഏറ്റുപിടിച്ച മലയാള മനോരമ, കേരള കൗമുദി തുടങ്ങിയ പത്രങ്ങള്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?.
ഡി.വൈ.എസ്.പി: ഏയ് അങ്ങിനെയൊന്നുമില്ല, പത്രങ്ങള്‍ ഈ വെബ്‌സൈറ്റ് കണ്ട് തെറ്റിദ്ധരിച്ചുപോയതായിരിക്കും. അന്നൊന്നും വെബ്‌സൈറ്റ് വഴി ഇത്തരത്തില്‍ കള്ളപ്രചാരണം നടക്കുന്നുണ്ടെന്ന് ആര്‍ക്കും അറിയാമായിരുന്നില്ല. പിന്നീടാണല്ലോ വെബ്‌സൈറ്റുകള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമായത്. പിന്നെ ഇതെല്ലാം വലിയ പ്രചാരമുള്ള പത്രങ്ങളല്ലേ…പത്രങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ വിശ്വസിക്കുമെന്നതാണ് കാര്യം. ഏതായാലും പത്രങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല.
രണ്ട് വര്‍ഷം മുമ്പ് സംഘപരിവാര്‍ ശക്തികളുടെയും ക്രിസ്ത്യന്‍ സഭയുടെയും ആശീര്‍വാദത്തോടെ മനോരമ (Malayalamanorama), കേരള കൗമുദി (Keralakaumudi), മംഗളം (Mangalam) എന്നീ പത്രങ്ങളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ലൗജിഹാദ് ലഹളയുടെ ഇപ്പോഴത്തെ അവസ്ഥയാണ് മേല്‍പ്പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍.
മനോരമയെയും കേരള കൗമുദിയെയും ‘തെറ്റിദ്ധരിപ്പിച്ച’ ഹിന്ദുജനജാഗ്രുതിക്കെതിരെ (Hindu Janajagruti Samiti) സംസ്ഥാന സൈബര്‍ പോലീസ് കേസെടുത്തിരിക്കയാണ്. ഹിന്ദു ജനജാഗ്രത എന്ന വെബ്‌സൈറ്റിനെക്കുറിച്ച് പല മലയാളികളും കേള്‍ക്കുന്നത് ഒരു പക്ഷെ ഇപ്പോഴായിരിക്കും. എന്നാല്‍ ലൗ ജിഹാദിനെക്കുറിച്ച് മലയാളികളെ ‘ബോധവത്കരിച്ചത്’ മലയാള മനോരമയും കേരള കൗമുദിയുമടങ്ങുന്ന പത്രങ്ങളാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പൊന്നാടയണിയിച്ച് സ്വന്തം കണ്ടെത്തലായാണ് ഇവര്‍ കേരളീയ സാമൂഹ്യ കാലാവസ്ഥയെ അട്ടിമറിക്കാന്‍ ശക്തിയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വ്യാജവാര്‍ത്ത മലയാളികളുടെ പൂമുഖത്തെത്തിച്ചത്.
വിഷം വമിക്കുന്ന ഈ വ്യാജ വാര്‍ത്ത മലയാളിയുടെ മനസ്സില്‍ തളിച്ച മലയാള മാധ്യങ്ങള്‍ക്കെതിരെ പോലീസ് എന്തു നടപടിയെടുക്കുന്നില്ലെന്നത് ചോദ്യമായി അവശേഷിക്കുന്നു. ഇനി പത്രങ്ങള്‍ പണ്ട് പറഞ്ഞ പോലെ ലൗജിഹാദ് നടക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് പോലീസ് അന്വേഷണം നിര്‍ത്തിവെച്ച് വെബ്‌സൈറ്റിനെതിരെ കേസെടുത്തു?. സംഘപരിവാര്‍ ദേശീയാടിസ്ഥാനത്തില്‍ നടപ്പാക്കിയ അജണ്ടയുടെ കേരളീയ വേഷം ആടിയ മേല്‍പ്പറഞ്ഞ മാധ്യമങ്ങളെക്കുറിച്ച് അന്വേഷണം നടത്താതിരിക്കുന്നിടത്തോളം മലയാള മാധ്യമ ചരിത്രത്തിലെ കറുത്ത പുള്ളിയായി അത് നിലനില്‍ക്കുക തന്നെ ചെയ്യും.

ജനജാഗ്രുതിയെ പഴിച്ച് രക്ഷപ്പെടാന്‍ പത്രങ്ങള്‍ക്ക് കഴിയുമോ?
വഴിയെ പോകുന്നയാളെ കള്ളനെന്ന് പറഞ്ഞ് നാട്ടുകാരെക്കൊണ്ട് തല്ലിക്കുക, ജീവന്‍ പോവാറാവുമ്പോള്‍ ഇവന്‍ കള്ളനല്ലെന്നും മറ്റൊരുത്തന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും പറഞ്ഞ് കൈകഴുകി രക്ഷപ്പെടുക, ഈ നീതി ശാസ്ത്രമാണ് മനോരമ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
2009 ഓഗസ്റ്റിന് മനോരമ പത്രം പ്രസിദ്ധീകരിച്ച ‘ ഇരയാണ് അവള്‍ എവിടെയുമെന്ന അന്വേഷണ പരമ്പര തന്നെ ലൗജിഹാദ് കഥകള്‍ വിസ്തരിച്ചെഴുതാനാണ് തുടങ്ങിയതെന്ന് വ്യക്തമാണ്. മനോരമയുടെ നാല് ലേഖകന്‍മാര്‍ കൂട്ടായെഴുതിയ നാല് ദിവസത്തെ പരമ്പരയില്‍ അവസാനത്തെ ഭാഗത്തിലാണ് ലൗജിഹാദിനെക്കുറിച്ച് പറയുന്നത്. പൊട്ടിക്കാന്‍ ലൗ ബോംബ് എന്ന പേരിലായിരുന്നു ആ ഭാഗം പ്രസിദ്ധീകരിച്ചത്.
ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കേരളം അന്ന് കടന്നു പോയിക്കൊണ്ടിരുന്നത്. തടിയന്റവിടെ നസീറിനെതിരെയുള്ള തീവ്രവാദക്കേസുകള്‍, കാശ്മീര്‍ കേസ്, മഅദനിക്കും സൂഫിയക്കുമെതിരെയുള്ള കേസ് എന്നിവ സജീവമായി നിന്ന കാലമായിരുന്നു അത്. കാറ്റ് നോക്കി തൂറ്റുകയെന്ന തന്ത്രമാണ് സംഘപരിവാര്‍ പുറത്തെടുത്തത്. മണ്ണ് പാകമാണെന്ന് കണ്ടാണ് അവര്‍ വിത്തെറിഞ്ഞത്. അങ്ങിനെയവര്‍ മാധ്യമങ്ങളെ കൂട്ട് പിടിച്ച് ലൗ ജിഹാദെന്ന ബോംബ് പൊട്ടിച്ചു.
31 -08-09ന് മനോരമ പത്രം പ്രസിദ്ധീകരിച്ച പൊട്ടിക്കാന്‍ ലൗ ബോംബ് (Love Bomb)എന്ന റിപ്പോര്‍ട്ടിന്റെ ഭാഗം
”കാനനഛായയില്‍ ആടു മേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ മൂന്നു പെണ്‍കുട്ടികളും അതാണു ചോദിച്ചത്

പാടില്ല, പാടില്ല എന്ന് കേട്ടവരാരും പറഞ്ഞില്ല. സന്തോഷപൂര്‍വ്വം കൂട്ടിക്കൊണ്ടു പോയി. പാടില്ലാത്ത സ്ഥലങ്ങളിലേക്കും പാടില്ലാത്ത സാഹചര്യങ്ങളിലേക്കുമായിരുന്നു ആ യാത്ര. ആ തെറ്റു പിന്നീട് അവര്‍ തിരിച്ചറിഞ്ഞു. അപ്പോഴേക്കു മാതാപിതാക്കളുടേത് അടക്കം ഒട്ടേറെപ്പേരുടെ കണ്ണീര്‍ അവരെയോര്‍ത്ത് ഒരു പുഴ പോലെ ഒഴുകിയിരുന്നു.
തീവ്രവാദത്തിന്റെ ഛായ പകര്‍ന്ന കാനനങ്ങളിലേക്കായിരുന്നു ഈ പെണ്‍കുട്ടികളുടെ യാത്ര എന്നതു കേരളം ഞെട്ടലോടെയാണു തിരിച്ചറിയുന്നത്. നിരോധിക്കപ്പെട്ട സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ആശയങ്ങളുമായിരുന്നു അവരെ പഠിപ്പിച്ചത്. അതിലേക്കു ചെന്നു പറ്റാന്‍ ഇഷ്ടപ്പെട്ട വേഷവും പണവും ഉള്‍പ്പെടെ എല്ലാ പ്രലോഭനങ്ങളും നിരത്തി. കുടുക്കില്‍ പെട്ടെങ്കിലും ഒടുവില്‍ സ്വയം തിരിച്ചറിഞ്ഞു ചിലര്‍ തലയൂരുന്നു. എന്നാല്‍, തിരിച്ചെത്താതെ വിധിയുടെ ബലിമൃഗങ്ങളായി നരകിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം സംസ്ഥാനത്തു വര്‍ധിച്ചു വരുന്നു.
ഒരു തീവ്രവാദ സംഘടനയുടെ പുതിയ പദ്ധതിയാണ് ഈ വശീകരണം. കോളേജ് കുമാരിമാരാണു ലക്ഷ്യം. അവരിലേക്കുള്ള മാര്‍ഗം ചുണക്കുട്ടന്മാരായ കുമാരന്മാരും. പെണ്‍കുട്ടികളെ തേടിപ്പിടിക്കാന്‍ ഇഷ്ടം പോലെ പണം, വാഹനങ്ങള്‍, വസ്ത്രങ്ങള്‍. തിരുവനന്തപ്പുരം ജില്ലയില്‍ മാത്രം ഒരു സ്‌കോര്‍പ്പിയോ കാറും എട്ടു ബൈക്കുകളുമാണ് ഈ സംഘാംഗങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. ഇതിനുള്ള പണം കൃത്യമായി ചിലരുടെ അക്കൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇതുസംബന്ധിച്ച സൂചനകള്‍ ഉന്നതര്‍ക്കു കിട്ടിയെങ്കിലും പോലീസ് അനങഅങ്ങിയിട്ടില്ല.
ഒടുവില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ വിദ്യാര്‍ത്ഥിനി തന്നെ ഇവരുടെ വലയില്‍ വീണപ്പോഴാണ് കേരളത്തിലെ കാക്കിപ്പടയ്ക്കു ചുണ വന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കെ.എസ് ഗോപകുമാറിന്റെ (K S Gopakumar) നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണം പുറത്തു കൊണ്ടു വന്നതു ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഒപ്പം, രണ്ടു മലയാളി പെണ്‍കുട്ടികളുടെ ജീവിതവും അവര്‍ തിരിച്ചു കൊടുത്തു. കേരളത്തിനു പുറത്തു മംഗലാപുരം, ബാംഗ്ലൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലും സംഘം താവളമാക്കിയിട്ടുണ്ട്.
കേസ്1
തിരുവനന്തപ്പുരം സ്വദേശിനി,
23 വയസ്സ്
പത്തനംതിട്ട ജില്ലയിലെ കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയോടുള്ള ആരാധനായാണ് അടുപ്പത്തില്‍ കലാശിച്ചത്. സീനിയറിനു കോളേജില്‍ ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ പ്രോജക്ട് പൂര്‍ത്തിയാക്കിക്കൊടുത്തത് ഈ കുട്ടിയായിരുന്നു. കൂട്ടിനു കൊട്ടാരക്കരക്കാരിയായ കൂട്ടുകാരിയുമുണ്ടായിരുന്നു. അടുപ്പം അനുരാഗമായി. ഒടുവില്‍ ജൂലൈ 18ന് പുലര്‍ച്ചെ വീടുവിട്ടിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിക്കു ചില സംശയങ്ങള്‍ തോന്നിയത്. സഞ്ചരിച്ച കാറിലുണ്ടായിരുന്ന വീഡിയോയില്‍ പോലും തീവ്രവാദ സംഘടനകളെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ആശയങ്ങളും.
തൃപ്പൂണിത്തുറയിലും കോഴിക്കോട്ടുമായി ഒളിയിടങ്ങളില്‍ വാസം. ഇതിനിടെ വീട്ടിലേക്ക് ഒരു തവണ വിളിച്ച്, ‘ഞാന്‍ സുരക്ഷിതയാണ്… എന്നെക്കുറിച്ച് അന്വേഷിക്കേണ്ട’ എന്നു മാത്രം പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ഒളിത്താവളങ്ങളിലെല്ലാം കൂട്ടിരുന്നവര്‍ പാകിയിരുന്നത് തീവ്രവാദത്തിന്റെ വിത്തുകള്‍. സ്‌നേഹം പീഡനത്തിനു വഴി മാറിയപ്പോള്‍ പെണ്‍കുട്ടിയും വഴി മാറി ചിന്തിക്കാന്‍ തുടങ്ങി. അതിനിടയില്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്യപ്പെട്ടു. ഒരാഴ്ച വീട്ടുകാരോടൊപ്പം വിട്ടു കൊണ്ടുള്ള ഹരജി കുട്ടിക്ക് ആശ്വാസമായി. വീട്ടുകാര്‍ക്കൊപ്പം ഒരാഴ്ച കഴിഞ്ഞ കുട്ടി ഒടുവില്‍ തീരുമാനിച്ചു, ഇനി ഈ സംഘത്തിലേക്ക് തിരിച്ചു പോകേണ്ടെന്ന്. അവളെ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കൊപ്പം ഹൈക്കോടതി വിട്ടുകൊടുത്തു.

കേസ്2
കൊട്ടാരക്കര സ്വദേശിനി,
23 വയസ്സ്
(ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധു, തിരു
വനന്തപ്പുരം പെണ്‍കുട്ടിയുടെ സുഹൃത്ത്) സഹപാഠിയായ തിരുവനന്തപ്പുരം പെണ്‍കുട്ടിയുടെ പ്രേരണയിലാണ് ഈ കുട്ടി ഇറങ്ങിത്തിരിച്ചത്. ബന്ധുവീട്ടില്‍ നിന്നും ജൂലൈ 18ന് രാവിലെ എല്ലാം പറഞ്ഞുറപ്പിച്ചതു പ്രകാരം പുറപ്പെട്ടു. തൃപ്പൂണിത്തുറയിലെ വീടുകളില്‍ മാറി മാറി താമസിച്ചു. മൊബൈലില്‍ സിം കാര്‍ഡ് ഇടുന്നത് പോലും അവര്‍ വിലക്കിയിരുന്നു. ടവര്‍ കണ്ടെത്തി പോലീസ്
പിന്നാലെയെത്തുമെന്ന ഭീതി.
അവിടെ നിന്നും സഹപാഠിക്കൊപ്പം കോഴിക്കോട് ക്
യാംപിലേക്ക്. വീണ്ടും കൊച്ചിയിലേക്ക്. ആ സഞ്ചാരത്തിനിടയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയിന്മേല്‍ പോലീസ് അന്വേഷണം ചൂടുപിടിച്ചു. സഹപാഠിയെ വിവാഹം കഴിക്കാന്‍ ഒരാളുണ്ടാ
യിരുന്നു. ഒരു ദിവസം രാവിലെ തന്നെ കാണാന്‍ ദന്ത ഡോക്ടര്‍ എത്തിയപ്പോഴാണ് അവള്‍ക്കു സംശയങ്ങള്‍ തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ ഒരു എം.ബി.യെക്കാരന്‍ കൂടി കാണാനെത്തി. ഒ
ടുവില്‍ ഒരു ബസ് കണ്ടക്ടറും.
മുമ്പു കണ്ടിട്ടു പോലുമില്ലാത്ത കണ്ടക്ടറെയാണ് കുട്ടി വി
വാഹം കഴിച്ചത്. കോഴിക്കോട്ടെ നോട്ടറിക്കു മുമ്പാകെ സഹപാഠിക്കൊപ്പം തന്നെയാണ് ഈ കുട്ടിയും വിവാഹ ഉടമ്പടി ഒപ്പിട്ടത്. തീവ്രവാദച്ചുവയുള്ള ഉപദേശങ്ങളും മറ്റുമായിരുന്നു പിന്നീട് കാത്തിരുന്നത്. പോലീസിനു നല്‍കിയ മൊഴിയിലും ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഒളിച്ചോട്ടത്തിന്റെ  ഉള്ളുകള്ളികള്‍ കോടതിക്കും ബോധ്യപ്പെട്ടതോടെ പെണ്‍കുട്ടി
യെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
ഇതുരണ്ടും ഹൈക്കോടതിക്കു മുന്‍പാകെ എത്
തിയ കേസുകള്‍. ഒരു ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന മംഗലാപുരം പോലീസ് കോഴിക്കോട്ടു നിന്ന് ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.
കേസ്3
മംഗലാപുരം സ്വദേശിനി,
20 വയസ്സ്
നഴ്‌സറി അധ്യാപികയായി ജോലി കിട്ടിയപ്പോള്‍ കുടുംബത്തിന് ഒരു താങ്ങാവുമെന്ന പ്രതീക്ഷയായിരുന്നു പെണ്‍കുട്ടിക്ക്. സ്‌കൂളില്‍ ശമ്പളം വളരെ കുറവായിരുന്നു. സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന ചില സ്ഥലങ്ങളില്‍ പരിശീലനം പൂ
ര്‍ത്തിയാക്കിയാല്‍ ആയിരം രൂപ കൂട്ടിക്കൊടുക്കാമെന്നായി വാഗ്ദാനം. പക്ഷേ പരിശീലത്തിന്റെ പ്രാഥമിക പാഠങ്ങള്‍ കേട്ടപ്പോള്‍ തന്നെ തീവ്രവാദത്തിന്റെ വിത്തുകള്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. ഇതോടെ ജോലി കളയുമെന്ന ഭീഷണിയായി. ഒടുവില്‍ സഹപ്രവര്‍ത്തകരുടെ പ്രേരണയോടെ പെണ്‍കുട്ടി ഒരു യുവാവിനൊപ്പം കേരളത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതയായി.
കോഴിക്കോട് കടപ്പുറത്തിനോടു ചേര്‍ന്നുള്ള മൂന്നു
നിലകെട്ടിടത്തിലായിരുന്നു താമസം എന്നു മാത്രം കുട്ടിക്കറിയാം. പുറംലോകവുമായി ഒരു ബന്ധവുമില്ല. മൊബൈല്‍ ഫോണ്‍ അവര്‍ പിടിച്ചു വാങ്ങി നശിപ്പിച്ചു. തന്നെപ്പോലെ വേറെയും പെണ്‍കുട്ടികളും അവിടെയുണ്ടെന്നു തിരിച്ചറിഞ്ഞതു തന്നെ വൈകിയാണ്. എല്ലാ ദിവസവും പരിശീലത്തിന്റെ പേരില്‍ ആശയങ്ങള്‍ കുത്തിവെക്കുകയായിരുന്നു.
ഒരു ദിവസം വീട്ടിലേക്കു ഫോണ്‍ ചെയ്യാനുള്ള അവസരം കിട്ടി. ‘സുഹൃത്തിനൊപ്പമുണ്ട്…. എന്നെക്കുറിച്ച് അന്വേഷിക്കരുത്’ എന്നു മാത്രം പറഞ്ഞപ്പോഴേക്കും അടുത്തു നിന്നവര്‍ ഫോണ്‍ കട്ട് ചെയ്തു. മൊബൈലിലേക്കു ചെന്ന ഈ നമ്പര്‍ ഉപയോഗിച്
ചാണ് മംഗലാപുരം പോലീസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയത്. മംഗലാപുരം പോലീസും പിതാവിന്റെ സുഹൃത്തുക്കളും കോഴിക്കോട്ടെത്തി കുട്ടിയെ മോചിപ്പിച്ചു. 28 ദിവസത്തെ കാരാഗൃഹ വാസത്തിന്റെ വിഷമങ്ങള്‍ ഈ കുട്ടി മറന്നു തുടങ്ങുന്നതേയുള്ളൂ. രക്ഷിതാക്കളുടെ പ്രയത്‌നം കൊണ്ടു തിരിച്ചെത്തിയ പെണ്‍കുട്ടികളാണ് ഇവര്‍. എന്നാല്‍ ഒളിച്ചോടിയ ശേഷം എ
ത്ര ദയനീയ അവസ്ഥയിലാണെങ്കിലും തിരിച്ചു സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ലെങ്കിലോ?
തിരുവനന്തപ്പുരത്തെ വഞ്ചിയൂരില്‍ നിന്നു കാണാതെപോ
യ പെണ്‍കുട്ടിയുടെ ഇന്നത്തെ അവസ്ഥ ഇതാണ്. വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ കിട്ടിയ അവസരത്തില്‍ ഞാനൊരു നരകത്തിലാണ്… എന്നെ രക്ഷിക്കണം എന്നു കേണപേക്ഷിച്ച കുട്ടിയോട് ജ്യേഷ്ഠന്
റെ മറുപടി ക്രൂരമായിരുന്നു: ‘നീ വീടു വിട്ടു പോയതല്ലേ…. സ്വയം അനുഭവിച്ചാല്‍ മതി. എന്റെ സമാധാനം കൂടി കെടുത്തരുത്’.
ഈ കുട്ടിയെക്കുറിച്ച് പിന്നീടാരും അറിഞ്ഞിട്ടില്ല. നമ്പര്‍ ക
ണ്ടെത്താന്‍ പോലും വീട്ടുകാര്‍ക്കു താല്‍പര്യമില്ലാത്തതുകൊണ്ട് അന്വേഷണം നടത്താന്‍ പോലീസിനു തുമ്പുമില്ല. ഇന്ത്യയിലൊട്ടാകെ നാലായിരത്തോളം കുട്ടികള്‍ ഇത്തരം തീവ്രവാദ സംഘത്തിന്റെ കയ്യില്‍ അകപ്പെട്ടിട്ടുണ്ടെന്നാണു പോലീസിനു കിട്ടുന്ന വിവരം. കേരളത്തില്‍ മാത്രം അഞ്ഞൂറോളം കുട്ടികള്‍ ഇവരുടെ കൂടെയുണ്ട്. ഇതില്‍ 120 കുട്ടികള്‍ പ്രലോഭനങ്ങള്‍ക്കു വ
ഴിപ്പെടാതെ തിരിച്ചെത്തിയിട്ടുമുണ്ടെന്നു പോലീസ് ഉന്നതര്‍ തന്നെ വ്യക്തമാക്കുന്നു.
ഇനി പറയൂ, തീവ്രവാദത്തിന്റെ നീരാളിക്കൈകള്‍പോലും പ്രണയത്തിന്റെ രൂപത്തില്‍ തേടിയെത്തുമ്പോള്‍ ക്യാംപസിന്റെ മതില്‍കെട്ടില്‍ പൂര്‍ണ സുരക്ഷിതയാണോ അവള്‍?
ഉത്തരം വ്യക്തമാണ്: അല്ല!- ഇതായിരുന്നു മനോരമയുടെ ലൗ ബോംബ്.
03-01-2012ല്‍ മനോരമ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്
ലൗ ജിഹാദ് എന്ന പേരില്‍ കേരളത്തിലുണ്ടായ വിവാദത്തിനും പ്രചാരണത്തിനും പിന്നില്‍ ഒരു മതസംഘടനയുടെ വെബ്‌സൈറ്റാണെന്നു പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നു വെബ്‌സൈറ്റ് നടത്തിപ്പുകാര്‍ക്കെതിരെ സംസ്ഥാന സൈബര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ടു സൈറ്റില്‍ പ്രത്യക്ഷപ്പെട്ട മതവിദ്വേഷം വളര്‍ത്തുന്ന ലേഖനങ്ങളുടെയും പോസ്റ്ററുകളുടെയും പകര്‍പ്പു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പൊലീസ് ഹാജരാക്കി.
കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ഒരു വര്‍ഷം മുന്‍പു കണ്ടെത്തിയ പൊലീസ്,  തുടരന്വേഷണത്തിലാണ് ഇപ്പോള്‍ വ്യാജ പ്രചാരകരെയും കുടുക്കിയത്. പെണ്‍കുട്ടികളെ പ്രണയ, വിവാഹ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന പ്രചാരണത്തിനാണു ലൗ ജിഹാദ് എന്ന പേരു വീണത്. ഇതിന്റെ പേരില്‍ ഒരു പ്രത്യേക മതവിഭാഗത്തെ ചിലര്‍ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പു കേരള പൊലീസ് ഇതേക്കുറിച്ചു വിശദ അന്വേഷണം നടത്തി. കേരളത്തില്‍ ലൗ ജിഹാദ് എന്ന പരിപാടി ഇല്ലെന്നു സംസ്ഥാന ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കേസുകളിലെ തുടര്‍നടപടി കോടതി അവസാനിപ്പിച്ചു.
എന്നാല്‍ പിന്നീടും ഇത്തരം പ്രചാരണം സജീവമാകുന്നതായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിനു രഹസ്യ വിവരം ലഭിച്ചു. ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്റെ നിര്‍ദേശ പ്രകാരം പൊലീസ്  നടത്തിയ രഹസ്യ അന്വേഷണത്തില്‍ ന്ദ്ധിന്ര്ഗ്മത്ഥന്റദ്ദഗ്മത്സന്ധന്ദ്ധ.ഗ്‌നത്സദ്ദ  എന്ന വെബ്‌സൈറ്റിലാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നു വ്യക്തമായി. ഒരു മുസ്‌ലിം യുവജന സംഘടനയുടെ പേരിലുള്ള വ്യാജ പോസ്റ്ററും സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഇതില്‍ ഓരോ മത വിഭാഗത്തിലെയും പെണ്‍കുട്ടികളെ വശീകരിച്ചു മതം മാറ്റി വിവാഹം കഴിപ്പിക്കുന്നതിനുള്ള സമ്മാനത്തുകയും (മൂന്നര ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ) രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആ മുസ്‌ലിം സംഘടന അത്തരം പോസ്റ്റര്‍ പുറത്തിറക്കിയില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്നാണു കുപ്രചാരണം നടത്തുന്ന വെബ്‌സൈറ്റ് നടത്തിപ്പുകാര്‍ക്കെതിരെ കേസ് എടുക്കാന്‍ ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രന്‍, ഡിജിപി: ജേക്കബ് പുന്നൂസിനു റിപ്പോര്‍ട്ട് നല്‍കിയത്.
അദ്ദേഹം കേസ് സൈബര്‍ പൊലീസ് സ്‌റ്റേഷനു കൈമാറി. അവരുടെ തുടര്‍ അന്വേഷണത്തിലും ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു കണ്ടെത്തല്‍. സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഉത്തരേന്ത്യക്കാരനായ മാര്‍ഗിര്‍ഷ് കൃഷ്ണ എന്നയാളാണു വെബ്‌സൈറ്റ് റജിസ്റ്റര്‍ ചെയ്തതെന്നു കണ്ടെത്തി. ഇതിന്റെ നടത്തിപ്പുകാരുടെ മുഴുവന്‍ വിവരവും കൈമാറാന്‍ സൈബര്‍ പൊലീസ് ബന്ധപ്പെട്ടവരോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആരുടെയും പേരു വയ്ക്കാതെയാണു കേസ് എടുത്തത്. പേരും വിലാസവും കിട്ടുന്ന മുറയ്ക്ക് അതും പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. വെബ്‌സൈറ്റ് നിരോധിക്കാനുള്ള നടപടിയും പൊലീസ് തുടങ്ങി.
ഇനി പറയൂ മനോരമേ… നിങ്ങള്‍ നേരത്തെ നല്‍കിയ അന്വേഷണാത്മക പരമ്പരയില്‍ വിളമ്പിയ ഞെട്ടിക്കുന്ന കഥകള്‍ ആരായിരുന്നു നിങ്ങള്‍ക്ക് നല്‍കിയത്. ഹിന്ദു ജനജാഗ്രുതി എന്ന വെബ്‌സൈറ്റ് ആയിരുന്നോ… അതല്ല പോലീസ് ആയിരുന്നോ… നിങ്ങള്‍ പറയും പോലെ പോലീസ് ആണെങ്കില്‍ ആ പോലീസ് റിപ്പോര്‍ട്ട് സ്വന്തം കണ്ടെത്തലായി അവതരിപ്പിച്ച് മലയാളിയെ വഞ്ചിച്ചതിന് മാപ്പ് പറയാന്‍ തയ്യാറാണോ…

നിലപാടറിയാന്‍ ഞങ്ങള്‍ കോട്ടയം മനോരമ ഓഫീസില്‍ വിളിച്ചു.വിളിച്ചത് എന്തിനാണെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ ഉടന്‍ ഡസ്‌കിലേക്ക് കണക്ട് ചെയ്തു. കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അങ്ങേത്തലക്കല്‍ നിന്ന് ഒരു ചോദ്യം മറുപടി ഔദ്യോഗികമായാണോ വേണ്ടത്?. അതെയെന്ന് ഉത്തരം നല്‍കി. എങ്കില്‍ ഹോള്‍ഡ് ചെയ്യാന്‍ പറഞ്ഞ് അദ്ദേഹം ഫോണ്‍ മുകളിലേക്ക് കണക്ട് ചെയ്തു. രണ്ട്,മൂന്ന് മിനിറ്റ് ഞാന്‍ ഫോണ്‍ ഹോള്‍ഡ് ചെയ്തു നിന്നു. ശേഷം വീണ്ടും പഴയ ആള്‍ തന്നെ സംസാരിക്കാന്‍ തുടങ്ങി. ‘നോ കമന്റ്’ ഈ വിഷയത്തില്‍ ഒന്നും പറയുന്നില്ലെന്നാണ് ഔദ്യോഗിക തീരുമാനം. പ്രതികരിക്കുന്നില്ലെന്ന് പോലും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞു. മനോരമയ്ക്ക് ഉത്തരം മുട്ടിയ നിമിഷം…
വാടയാര്‍ സുനില്‍ (Vadayar Sunil) പ്രതികരിക്കുന്നു
കേരളത്തില്‍ ഹിന്ദു കൃസ്ത്യന്‍ യുവതികളെ മതം മാറ്റാന്‍ ലൗ ജിഹാദ് സംഘങ്ങള്‍ ഒരുങ്ങിയിരിക്കയാണെന്നും പണവും മൊബൈല്‍ ഫോണും നല്‍കി പെണ്‍കുട്ടികളെ വലയിലാക്കുകയാണെന്നും ഇവര്‍ പിന്നീട് തീവ്രവാദ സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നുമായിരുന്നു കേരള കൗമുദിയില്‍ അന്ന് കൊച്ചി ബ്യൂറോ ചീഫായിരുന്ന വാടയാര്‍ സുനില്‍ റിപ്പോര്‍ട്ട് ചെയ്തത്. തന്റെ സ്‌റ്റോറിക്ക് പൊടിപ്പേകാന്‍ നിരവധി കഥകള്‍ അദ്ദേഹം നിറം ചേര്‍ത്ത് വിവരിച്ചു.
തന്റെ വാര്‍ത്തകളില്‍ ഉറച്ച് നില്‍ക്കുന്നതായാണ് ഇതെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ വാടയാര്‍ സുനില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ‘ ഹിന്ദു ജന ജാഗ്രുതി എന്ന വെബ്‌സൈറ്റിലെ കണ്ടന്റിനെതിരെയല്ല ഇപ്പോള്‍ സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെതെന്ന് പറഞ്ഞ് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടുവന്ന പോസ്റ്ററിനെതിരെയാണ് സൈബര്‍ സെല്‍ കേസെടുത്തിരിക്കുന്നത്. ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് ലൗജിഹാദ് ഇല്ല എന്ന് തെളിയിക്കാനാണ് ഇപ്പോള്‍ ചിസ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇത് ശരിയല്ല. ആടിനെ പട്ടിയാക്കുന്ന തരത്തിലാണ് ഇക്കാര്യത്തില്‍ മുസ്‌ലിം സംഘടനകളുടെ നിലപാട്. ജസ്റ്റ്‌സ് കെ.ടി ശങ്കരന്റെയും ശശിധരന്‍ നമ്പ്യാരുടെയും വിധി രണ്ട് കേസുകളിലാണ്. പത്തനം തിട്ടയിലെ ഷഹന്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് കെ.ടി ശങ്കരന്റെ പരാമര്‍ശമുണ്ടായത്. എന്നാല്‍ തനിക്കെതിരെയുള്ള കേസ് സ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഷഹന്‍ഷാ നല്‍കിയ അപേക്ഷയിലാണ് ശശിധരന്‍ നമ്പ്യാര്‍ രണ്ടാമത് ഉത്തരവ് പ്രഖ്യാപിച്ചത്. ഇത് രണ്ട് കേസുകളാണെന്നത് മറച്ചുവെച്ചുകൊണ്ടാണ് ഇ്‌പ്പോള്‍ ചര്‍ച്ച നടക്കുന്നത്.
ഹിന്ദു ജനജാഗ്രുതി എന്ന വെബ്‌സൈറ്റിനെ ഉദ്ധരിച്ചല്ല ഞാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരള പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 18 റിപ്പോര്‍ട്ടുകളാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ 14ഉം അവ്യക്തമായ റിപ്പോര്‍ട്ടുകളായിരുന്നു. അവസാനം നല്‍കിയ നല് റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്ന കാര്യം പറയുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഈ നാല് റിപ്പോര്‍ട്ടുകളും നല്‍കിയത്. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിപ്പറയുന്നുണ്ട്. മുസ് ലിം സംഘടനകളുടെ പേരും മതം മാറ്റത്തിനായി അവര്‍ നല്‍കുന്ന ഗിഫ്റ്റുകളും അവര്‍ വ്യക്തമായിപ്പറയുന്നുണ്ട്. പിന്നെ ലൗ ജിഹാദ് ഇല്ലെന്ന് മാത്രമാണ് കോടതി പറഞ്ഞത് പ്രണയത്തിന്റെ പേരില്‍ മത പരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് പറയുന്നില്ല’.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളനുസരിച്ചാണ് താന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സമ്മതിക്കുന്ന വാടയാര്‍ സുനില്‍ പക്ഷെ തന്റെ റിപ്പോര്‍ട്ടില്‍ ഒരിടത്തും ഇത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണെന്ന് പറയുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം. പോലീസ് റിപ്പോര്‍ട്ട് അത്തരത്തിലുള്ളതാണെങ്കില്‍ പിന്നെന്തുകൊണ്ട് പിന്നീട് ഷഹന്‍ ഷായുടെ കേസ് പരിഗണിച്ച ശശിധരന്‍ നമ്പ്യാര്‍ ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞുവെന്നതും ചോദ്യമായി അവശേഷിക്കുന്നു.
നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്നതിന് പേരൂര്‍ക്കടയിലെയും തൃപ്പൂണിത്തുറയിലെയും കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഷഹന്‍ഷാ ഹൈക്കോടതിയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ നടത്തിയ വിധിന്യായത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്.
മാധ്യമങ്ങള്‍ വിഴുങ്ങിയ പോലീസിനെ കോടതി ചോദ്യം ചെയ്തു
‘അന്വേഷണം ഒരു സമുദായത്തെ ലക്ഷ്യമാക്കിയിട്ടുള്ളതാണ്. കേസ് അന്വേഷണത്തില്‍ പോലീസിന് നിക്ഷിപ്ത താല്‍പര്യമുണ്ട്. ഇതു സംബന്ധിച്ച കേസ് ഡയറി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പോലീസ് മനപ്പൂര്‍വം കെട്ടിച്ചമച്ച കേസാണിത്. ഒരു സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യത്യസ്ത മതസ്ഥര്‍ തമ്മില്‍ പ്രണയവിവാഹങ്ങള്‍ നടക്കുന്നുണ്ട്. പ്രണയമാണ് പരമ പ്രധാനം. ഇത്തരം വിവാഹങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കി പ്രചാരണം നടത്തുന്നത് ശരിയല്ല.
ഈ കേസുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഹാജരായ പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ മുഖത്തുനോക്കാന്‍ പോലും തയാറായിരുന്നില്ലെന്നാണ് ഇതിലെ ഉത്തരവില്‍നിന്ന് മനസ്സിലാകുന്നത്. പിന്നീട് കോടതി നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം പോയത്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതാണെന്നാണ് മനസ്സിലാകുന്നത്. കേസ് ഡയറി പരിശോധിച്ചതില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ പെരുമാറ്റം നീതിപീഠത്തിന്റെ മനസ്സാക്ഷിയെ ഉലക്കുന്നതാണ്.
സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ സാധാരണമാണ്. അതൊരു കുറ്റമായി കാണാന്‍ കഴിയില്ല. ക്രിമിനല്‍ നടപടി നിയമത്തിലെ 162 ാം വകുപ്പ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുന്ന മൊഴി ഒപ്പിട്ട് സാക്ഷ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍, ഈ കേസില്‍ രണ്ട് പെണ്‍കുട്ടികളുടെയും മൊഴിയില്‍ എല്ലാ പേജിലും അവരുടെ ഒപ്പും വിരലടയാളവും പതിപ്പിച്ചിട്ടുണ്ട്. ഇത് ക്രിമിനല്‍ നടപടി നിയമത്തിലെ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്. പൊലീസ് ഉദ്യോഗസ്ഥന് ബന്ധപ്പെട്ട നിയമവ്യവസ്ഥയില്‍ അറിവില്ലെന്ന് വിശ്വസിക്കാനാവില്ല. ഇത് അവഗണിക്കേണ്ട കൃത്യവിലോപമല്ല. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് അസി.പൊലീസ് കമീഷണര്‍ എന്ത് അധികാരത്തിലും സാഹചര്യത്തിലുമാണ് എം.ബി.എ വരെ പഠിച്ച പെണ്‍കുട്ടികളുടെ മൊഴിയില്‍ ഒപ്പും വിരലടയാളവും നിയമവ്യവസ്ഥ ലംഘിച്ച് രേഖപ്പെടുത്തിയതെന്ന് വിശദീകരിക്കണം- ഇതായിരുന്നു ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ കോടതി വിധി.
പോലീസ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ശശിധരന്‍ നമ്പ്യാര്‍ മേല്‍പ്പറഞ്ഞ വിധി പ്രസ്താവിച്ചത്. ഇനി വാടയാര്‍ സുനില്‍ പറയും പോലെ പോലീസ് റിപ്പോര്‍ട്ട് അനുസരിച്ചാണ് താന്‍ സ്‌റ്റോറി ചെയ്തതെന്ന് സമ്മതിച്ചാല്‍ പോലും ഒരു കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് തയ്യാറാക്കുന്ന പരമ്പര എന്നാല്‍ പോലീസ് റിപ്പോര്‍ട്ട് കോപ്പിയടിച്ചെഴുതുകയെന്നതാണെന്ന് ആരാണ് ഇദ്ദേഹത്തെ പഠിപ്പിച്ചത്?. എന്നാല്‍ തന്റെ റിപ്പോര്‍ട്ടിന്റെ സത്യസന്ധതയില്‍ ഉറച്ചു നില്‍ക്കുകയാണ് സുനില്‍ ഇപ്പോഴും ചെയ്യുന്നത്.
മറ്റൊരു കാര്യം ഷഹന്‍ഷായുടെ ജാമ്യ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ.ടി ശങ്കരന്‍ വിധി കേരളത്തില്‍ ഭീകരമായ വിധത്തില്‍ ലൗ ജിഹാദുണ്ടെന്ന് പ്രസ്താവിച്ചത്. ഇതൊരു വിധിന്യായമായിരുന്നില്ല. കോടതിയുടെ കമന്റ് മാത്രമായിരുന്നു. എന്നാല്‍ ഇതിനെ വിധിന്യായമെന്ന് പറഞ്ഞാണ് രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ വ്യാപകമായ പ്രചാരണമാണ് നടത്തിയത്. അതിന് ശേഷമുണ്ടായ ശശിധരന്‍ നമ്പ്യാരുടെ വിധിയെപ്പറ്റി ഇവര്‍ മിണ്ടുന്നുമില്ല. ജാമ്യ ഹരജി പരിഗണിക്കുന്ന കോടതി കേസിന്റെ മെറിട്ടിലേക്ക് കടന്ന് അഭിപ്രായപ്രകടനം നടത്തുന്നതിനെതിരെ നിരവധി തവണ സുപ്രീം കോടതി വിധിയുണ്ടായതാണ്. ഇതെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടായിരുന്നു ജസ്റ്റിസ് ശങ്കരന്റെ പരാമര്‍ശങ്ങള്‍. ഇതൊന്നും പരിഗണിക്കാതെയാണ് ശങ്കരന്റെ വിധിയെ മേല്‍പ്പറഞ്ഞ മാധ്യമങ്ങളും സംഘപരിവാരും ആഘോഷിച്ചത്.
കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ കമ്മീഷന്‍ ഓഫ് സോഷ്യല്‍ ഹാര്‍മണി ഏന്‍ഡ് വിജിലന്‍സ് പുറത്തിറക്കിയ ലഘുലേഖയിലും ഹിന്ദുജമ ജാഗ്രുതിയില്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. തീവ്രവാദത്തിന് പ്രണയത്തിന്റെ മുഖം നല്‍കി പുതിയൊരു യുദ്ധമുഖം തുറന്നിരിക്കയാണെന്നും ലൗജിഹാദ്, റോമിയോ ജിഹാദ് എന്നീ പേരുകളിലാണ് ഇവ നടക്കുന്നതെന്നും ലഘുലേഖയില്‍ പറയുന്നു. യഥാര്‍ത്ഥ മുസല്‍മാന് ഒരിക്കലും സഹോദരന് ദോഷമാകുന്ന യാതൊരു പ്രവര്‍ത്തിയും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ തീവ്രവാദത്തിന്റെ പുതിയ യുദ്ധമുഖം അന്വേഷിക്കുന്ന യോദ്ധാക്കളുടെ മനസ്സിലാണ് മതപരിവര്‍ത്തനത്തിലൂടെ ലോകത്ത് മുസ്‌ലിം ജനതയെ ഭൂരിപക്ഷത്തിലാക്കുക എന്ന യുദ്ധതന്ത്രം ഉരുത്തിരിഞ്ഞത്. ഇതിനായ പ്രണയത്തിന്റെ മേല്‍ക്കുപ്പായം അണിഞ്ഞ് കാമ്പസില്‍ പ്രണയ പരാഗം പരത്തുക എന്നതായിരുന്നു ലൗജിഹാദികള്‍ സ്വന്തം മുദ്രാവാക്യമായി സ്വീകരിച്ചതെന്ന് ലേഖനത്തില്‍ പറയുന്നു. കെ.സി.ബി.സിയുടെ (KCBC) ലഘുലേഖകളും മയാള മനോരമയുടെയും കേരള കൗമുദിയുടെയും പരമ്പരകളും രാഹുല്‍ ഈശ്വറിന്റെയും ലീലാമേനോന്‍ എന്നിവരെ മുന്നില്‍ നിര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രചാരണങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ സംശയത്തിന്റെ മുള്‍മുനയിലാക്കുകയായിരുന്നു. ഇന്ത്യയിലും കേരളത്തിലും പലപ്പോഴും സംഘപരിവാരത്തിന്റെ ഭീകരതക്കിരയായ കൃസ്ത്യന്‍ സഭകള്‍ വരെ അന്ന് പ്രചാരണത്തിന് കൂട്ടുനിന്നത് എന്തുകൊണ്ടായിന്നു?. ഈ പ്രചാരണത്തിന് ഏജന്റായി നിന്ന മലയാള മാധ്യമങ്ങളുടെ ലക്ഷ്യമെന്തായിരുന്നു. വരിക്കാരെ വര്‍ധിപ്പിക്കാന്‍ കേരളീയ മതേതര മനസ്സാക്ഷിയെ ഇങ്ങിനെ പിച്ചിച്ചീന്താന്‍ മാത്രം ചിന്താശൂന്യമായിരുന്നോ ഇവരുടെ എഡിറ്റോറിയല്‍ അപ്പോസ്തലന്‍മാര്‍?…




read more in

http://www.doolnews.com/love-jihad-and-media-malayalam-news-722.html

1 comment:

  1. പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് സഹോദരാ..

    ReplyDelete