Tuesday, September 25, 2012

ബഷീറിയന്‍ ജീവിതം




ഉറക്കമുണര്‍ന്നു പക്ഷേ 
പുതപ്പിനടിയില്‍ ഒരു സുഖം
ഒട്ടിയ വയറ് ആഹാരം ചോദിക്കുന്നു
കീശയില്‍ കാശിരുന്നിട്ടും
ആലസ്യത്തിന്റെ കാഠിന്യം
കിടക്കവിടാന്‍ അനുവദിക്കുന്നില്ല
ഞാന്‍ ബഷീറിയന്‍ ജീവിതം ആസ്വദിക്കുകയാണ്




ധിം ധരികിട തോം...........



കോളജിലെ ആദ്യ ദിനം അവധിയായിരുന്നു..
ക്ലാസ് മുറി പരതുന്നതിനിടെ കേട്ടത് കൂട്ടമണി.
ഏതോ വിദ്യാര്‍ഥി മരിച്ചു. 
അതിന്റെ അവധി 
സ്വാതന്ത്ര്യത്തിന്റെ ആദ്യദിനം ധന്യമാക്കിയത് 
'ധന്യ'യിലെ ധിം ധരികിട തോം.
മൂന്നു വര്‍ഷം നീണ്ട പഠിപ്പിന്റെ ഫലവും 
മറിച്ചായിരുന്നില്ല. ധിം ധരികിട തോം.

Tuesday, September 4, 2012

മറക്കാനാകുമോ പൂക്കോട്ടൂരിന്റെ സമരാവേശം


പൂക്കോട്ടൂര്‍ യുദ്ധം മനസ്സിലെത്തുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. വെള്ളക്കാരനെ വിറളി പിടിപ്പിച്ച മാപ്പിളമാരെക്കുറിച്ച് കൂടുതലെഴുതിയത് ബ്രിട്ടീഷുകാരായിരുന്നു. മാപ്പിളമാരുടെ കഥ പറഞ്ഞു കൊണ്ടാണ് കുഞ്ഞു മക്കളെ ഭയപ്പെടുത്തിയിരുന്നതും. പൂക്കോട്ടൂരില്‍ നടന്ന മാപ്പിള സമരത്തെ യുദ്ധം എന്ന് വിളിച്ചതും ബ്രിട്ടീഷുകാരാണ്. മാപ്പിളമാരെ ധീരദേശാഭിമാനികളായി വാഴ്ത്താന്‍ മടിച്ച ദേശീയ കോണ്‍ഗ്രസ് നേതാക്കന്മാരും കങ്കാണിപ്പണിക്കാരായ ചരിത്രകാരന്മാരും കണ്ണാടിക്കൂട്ടിലിരുന്ന് ചരിത്രമെഴുതിയപ്പോള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി മലബാറിലെ പോര്‍ക്കളങ്ങളില്‍  മരിച്ചുവീണ മാപ്പിളമാരെ മറന്നുപോയി. പുത്തന്‍ തലമുറയിലെ മാപ്പിളമാര്‍ക്കും ആ രക്തസാക്ഷികളെ വേണ്ടാതായിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളും സാമ്രാജ്യത്വത്തിന്റെ അനിഷ്ടം ഭയന്ന് ആ സമരങ്ങളെയൊക്കെ അവഗണിച്ചു. പൂക്കോട്ടൂരിലെ കോണ്‍ഗ്രസ് ഖിലാഫത്ത് പ്രവര്‍ത്തകരായിരുന്ന വടക്കേ വീട്ടില്‍ മമ്മദ്, പള്ളിയാലി ഉണ്ണിമൊയ്തു, കാരാട്ട് മൊയ്തീന്‍കുട്ടി ഹാജി, കറുത്തേടത്ത് കൊടാംപറമ്പില്‍ അലവി, പാറാഞ്ചേരി കുഞ്ഞറമുട്ടി,  ചെറിയ കുഞ്ഞാലന്‍ തുടങ്ങിയവരുടെ വീര കഥകള്‍ മറക്കാന്‍ ദേശാഭിമാനികള്‍ക്കാകില്ല.
നിലമ്പൂര്‍ കോവിലകത്തിന്റെ കീഴിലായിരുന്നു തെക്കേ മലബാറിലെ കൃഷി ഭൂമി മിക്കതും. കോവിലകത്തിന്റെ ശാഖയാണ് തച്ചറക്കല്‍ തിരുമുല്‍പ്പാടിന്റെ പൂക്കോട്ടൂരെ കോവിലകം. അവിടുത്തെ കാര്യസ്ഥനാണ് മമ്മദ്. മമ്മദ് തന്നെയാണ് ഖിലാഫത്തിന്റെ മാനേജറും. കോവിലത്തുകാരൊക്കെ ബ്രിട്ടീഷ്ഭക്തമാര്‍. ഇവരുടെ ഔദാര്യവും കാത്തുകഴിയുന്ന കാണക്കുടിയന്മാരായിരുന്നു മാപ്പിളമാരും താണ ജാതിക്കാരും. മാപ്പിളമാര്‍ കുടിയാന്മാരായ  ഹിന്ദുക്കളെപ്പോലെ പഞ്ചപുച്ഛമടക്കിക്കഴിയുന്നവരായിരുന്നില്ല.  ജന്മിമാരെ എതിര്‍ക്കുന്നത് പാപമാണെന്ന് അവര്‍ കരുതിയതേ ഇല്ലെന്ന് മാത്രമല്ല; അക്രമികളായ ജന്മിമാരെ അടിച്ചമര്‍ത്തണമെന്ന് കൂടി അവര്‍ വിശ്വസിച്ചു. മമ്പുറം തങ്ങളുടെ കാലത്തും അതിനു ശേഷവും ജന്മിയുടെ അക്രമങ്ങള്‍ക്കെതിരെ സമരം നയിച്ച മാപ്പിള പാരമ്പര്യത്തില്‍ ആകൃഷ്ടരായാണ് താണ ജാതിക്കാര്‍ കൂട്ടമായി ഇസ്‌ലാമിലേക്ക് വന്നത്. അങ്ങനെയാണ് മലബാറില്‍ കര്‍ഷകരായ മാപ്പിളമാരുടെ എണ്ണം വര്‍ധിക്കുന്നത്. വടക്കേ വീട്ടില്‍ മമ്മദിന്റെ മനസ്സിലും ബ്രിട്ടീഷ് വിരോധം നാമ്പെടുക്കുന്നത് അങ്ങനെയാണ്. പടച്ച തമ്പുരാന്റെ ശത്രുവാണ് വെള്ളക്കാരന്‍ എന്ന് ഹിന്ദുവും മുസല്‍മാനും ശരിക്കും തിരിച്ചറിഞ്ഞിരുന്നു.


മഞ്ചേരിക്കാരന്‍ ഒരു പട്ടര് പൂക്കോട്ടൂരിലെ എട്ട് തറയില്‍ ഒരു കുടിയാനെ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചപ്പോള്‍ അതിനെതിരെ മമ്മതിന്റെ നേതൃത്വത്തില്‍ കുടിയാന്‍ സംഘം തന്നെ രൂപവത്കരിച്ചിരുന്നു. ഒഴിപ്പിച്ചെടുത്ത ഭൂമി പാട്ടത്തിന് കൊടുക്കാന്‍ കോവിലകത്തെ ചിന്നനുണ്ണി തമ്പുരാനും കൂട്ടരും ശ്രമിച്ചപ്പോള്‍ കുടിയാന്‍ സംഘം സമ്മതിച്ചില്ല. പേരാപ്പുറം അയമുട്ടി, കൊല്ലറമ്പത്ത് മായിന്‍ കുട്ടി, കടമ്പോട്ട് മമ്മുട്ടി തുടങ്ങിയ പ്രമാണിമാരും തമ്പുരാനൊപ്പമുണ്ടായിരുന്നു. ജന്മിക്കെതിരെ നടന്ന പോരാട്ടത്തില്‍ വിജയിച്ച മമ്മദ്, ബ്രിട്ടീഷ് ഭക്തന്മാരുടെ കണ്ണില്‍ കരടായി. കുടിയാന്മാരായ സാധാരണക്കാര്‍ മമ്മദിന്റെ പക്ഷത്ത് വന്നതോടെ പൂക്കോട്ടൂരില്‍ സമരാവേശം  ആളിക്കത്തി. 1921 ജനുവരി 23ന് ഉള്ളാട്ട് പള്ളിയാലില്‍ നടന്ന പൂക്കോട്ടൂര്‍ ഖിലാഫത്ത് സമ്മേളനം കെങ്കേമമായി. യോഗത്തില്‍ അധ്യക്ഷത വഹിച്ചത് പൊന്മള ഖിലിഫത്ത് നേതാവ് അബ്ദുല്ലക്കോയ തങ്ങള്‍ കൂരിയാട്. അദ്ദേഹം ജന്മിക്കെതിരെ ഉശിരന്‍ പ്രസംഗം ചെയ്തു. ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ ഭരിക്കാന്‍ അവകാശമില്ലെന്നും ജന്മിത്വം ഹറാമണെന്നും പറഞ്ഞത് അധികാരികളെ ശരിക്കും ചൊടിപ്പിച്ചു. മലപ്പുറം കുഞ്ഞി തങ്ങളുടെ പ്രാര്‍ഥനയും മണക്കാട് മമ്മദ് മുസ്‌ലിയാര്‍, ചെമ്മങ്കടവ് യു മമ്മുട്ടി മുസ്‌ലിയാര്‍, വീമ്പൂര് കൊല്ലറമ്പന്‍ അബ്ദുല്ല മുസ്‌ലിയാര്‍, പൊന്മാടത്ത് മൊയ്തീന്‍ കോയ എന്നിവരുടെ പ്രസംഗങ്ങളും പൂക്കോട്ടൂരിലെ ജനങ്ങളുടെ ഖല്‍ബുകളില്‍ ബ്രിട്ടീഷ് വിരോധം ആളിപ്പടര്‍ത്തി. ഖിലാഫത്ത് സമരത്തോടനുഭാവം പ്രകടിപ്പിക്കാനായി മലപ്പുറം, പുല്ലാര നേര്‍ച്ചകളടക്കമുള്ള ആഘോഷങ്ങള്‍ ലളിതമായി നടത്തണമെന്നും തീരുമാനിച്ചു. പുല്ലാരയിലെ കാരണവരായ പേരാപ്പുറന്‍ അയമുട്ടി പെട്ടി വരവ് നിറുത്താന്‍ പറ്റില്ലെന്ന് ശഠിച്ചത് ചില്ലറ അസ്വാസ്ഥ്യങ്ങളൊക്കെ ഉണ്ടാക്കി. ഇതിനിടയില്‍ തൃശൂരില്‍ മുസ്‌ലിംകളും ഹിന്ദുക്കളും ചേര്‍ന്ന് ഒരു മഹാ പ്രകടനം നടത്തി. അതില്‍ മലബാറില്‍ നിന്ന് നല്ലൊരു ഭാഗം പൂക്കോട്ടൂരുകാരായിരുന്നു. പൊടിയാട്ടെ കള്ളാടി യൂസുഫാണ് ഇവര്‍ക്ക് നേതൃത്വം നല്‍കിയത്. ബ്രിട്ടീഷ് ഭക്തന്മാരായ നാട്ടുകാരണവന്മാര്‍ അപ്പോഴേക്കും പ്രശ്‌നങ്ങളുമായി വന്നു. പുല്ലാര നേര്‍ച്ചയിലേക്കുള്ള പൂക്കോട്ടൂരുകാരുടെ  പെട്ടിവരവിനെ സ്വീകരിക്കാന്‍ പുല്ലാരയിലെ ചില കാരണവന്മാര്‍ തയ്യാറാകാതിരുന്നത് പ്രശ്‌നങ്ങളുണ്ടാക്കി. കാരണവര്‍ പേരാപ്പുറന്‍ അയമുട്ടി തിരുമുല്‍പ്പാടിന്റെ  ആളായിരുന്നു. ഇയാള്‍ മമ്മദിനെ കാര്യസ്ഥന്‍ സ്ഥാനത്തു നിന്ന് പിരിച്ചുവിടാനുള്ള കരുനീക്കം നടത്തി. ആയിടക്ക് കോവിലകത്തെ ഒരു പത്തായപ്പുര പൊളിച്ചു മാറ്റാന്‍ മമ്മദ് കരാറെടുത്തിരുന്നു. പൊളിച്ചു തീര്‍ന്നപ്പോള്‍ കരാറനുസരിച്ചുള്ള പണം കൊടുക്കേണ്ട എന്ന് അയമുട്ടിയുടെ നിര്‍ദേശ പ്രകാരം തിരുമുല്‍പ്പാട് തീരുമാനിച്ചു. വഴക്കുണ്ടായപ്പോള്‍ കാര്യസ്ഥ സ്ഥാനത്ത് നിന്ന് മമ്മദിനെ പിരിച്ചുവിട്ടു. മമ്മദും കൂട്ടരും നേരെ കോവിലകത്ത് ചെന്ന്് തിരുമുല്‍പ്പാട് തരാനുണ്ടായിരുന്ന 350 ഉറുപ്പികയും പത്ത് ചാക്ക് നെല്ലും പിടിച്ചുവാങ്ങി. പിന്നെ മമ്മദിനെ കുടുക്കാനുള്ള ശ്രമമായി. മമ്മദ് തോക്ക് കട്ടെന്ന് കള്ളക്കേസുണ്ടാക്കി. 1921 ജൂലൈ 22ന് കേസ് റജിസ്റ്റര്‍ ചെയ്തു. ആഗസ്റ്റ് ഒന്നിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മങ്ങാട്ട് നാരായണ മേനോന്‍ പൂക്കോട്ടൂരിലെത്തി. മമ്മദിനെ  വിളിപ്പിച്ചു. മമ്മദ് ചെന്നത് രണ്ടായിരത്തോളം വരുന്ന ഖിലാഫത്ത് വളണ്ടിയര്‍മാരെയും കൂട്ടിയാണ്. അത്യാവശ്യത്തിന് ആയുധങ്ങളുമുണ്ട്. സര്‍ക്കിളൊന്ന് പതറി. ചെറിയൊരു ഭീഷണിപ്പെടുത്തല്‍ നടത്തിയപ്പോഴേക്കും മമ്മദിന്റെ ജ്യേഷ്ഠ പുതന്‍്ര കുഞ്ഞമ്മു, ഇന്‍സ്‌പെക്ടറുടെ ക്രോസ് ബെല്‍റ്റില്‍ കടന്നു പിടിച്ചു.“'മമ്പുറം തങ്ങളുടെ കാലാണേ സത്യം, ഞാന്‍ ഉപദ്രവിക്കാന്‍ വന്നതല്ല'” എന്നും പറഞ്ഞ് തത്കാലം ഇന്‍സ്‌പെക്ടര്‍ 'തടി സലാമത്താ'ക്കി. മലപ്പുറം കുഞ്ഞി തങ്ങളുടെ നേതൃത്വത്തില്‍ കള്ളക്കേസ് തത്കാലം അവസാനിപ്പിച്ചു. പൊടിയാട്ടെ ഖിലാഫത്ത് നേതാവ് കള്ളാടി യൂസുഫിനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിച്ചതും ജയിലിലടച്ചതും ജയിലില്‍ രോഗം മൂലം മരിച്ചതും ആ പ്രദേശത്തെ ബ്രിട്ടീഷ്് വിരോധത്തിന് മൂര്‍ച്ച കൂട്ടി. പൂക്കോട്ടൂരാകെ അസ്വസ്ഥാമയിക്കഴിഞ്ഞു. ജനം രംഗത്തിറങ്ങി. അപ്പോഴേക്കും തിരൂരങ്ങാടി ആലി മുസ്‌ലിയാര്‍ പിടിക്കപ്പെട്ട വാര്‍ത്ത പൊടിപ്പും തൊങ്ങലുമായി പൂക്കോട്ടൂരിലെത്തി. പള്ളി ചുട്ടുവെന്നായിരുന്നു പ്രചാരണം. പപ്പടക്കാരന്‍ കുട്ട്യസ്സനാണ് ഈ വൃത്താന്തവുമായി എത്തിയത്. പൂക്കോട്ടൂരിലെ സമരാഗ്നി ശമിപ്പിക്കാന്‍ അബ്ദുര്‍റഹ്്മാന്‍ സാഹിബും മൊയ്തു മൗലവിയുമെല്ലാവരും കൂടി പൂക്കോട്ടൂരിലേക്ക്. മേല്‍മുറിയില്‍ മണ്ണയില്‍ മമ്മു ഹാജി, പനമ്പുഴ കുഞ്ഞാമു, പുള്ളിയില്‍ ചേക്കു എന്നിവരാണ് സമര നേതാക്കള്‍. ഇവരെ മൊയ്തു മൗലവി സമാധാനിപ്പിച്ച് തിരിച്ചയച്ചു. അപ്പോഴേക്കും മഞ്ചേരിയില്‍ നിന്ന് മാധവന്‍ നായരെത്തി. പക്ഷേ രംഗത്തിറങ്ങിയ പോരാളികളെ തിരിച്ചയക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല.“എരിഞ്ഞു കത്തുന്ന അങ്ങാടി വെളിച്ചത്തില്‍ ഇളകി മറിയുന്ന ഖഢ്ഗങ്ങളുടെ മരണച്ചിരി! അത് കണ്ടവര്‍ പിന്നെ മറക്കുകയില്ല”. ഏറനാട് ആളിക്കത്തുകയാണെന്ന വിവരം ഡി വൈ എസ് പി ആമു മദ്രാസിലെത്തിച്ചു. ഖിലാഫത്ത് നേതാക്കള്‍ക്കെതിരെ നിരവധി കള്ളക്കേസുകളും കെട്ടിച്ചമച്ചു.  ജന്മിമാരും വെറുതെ നിന്നില്ല. പട്ടാളം വരുന്നുണ്ടെന്നറിഞ്ഞ് ഒത്താശക്കായി അവരും രംഗത്ത്. 1921 ആഗസ്റ്റ്  25ന് വ്യാഴാഴ്ച കുഞ്ഞിത്തങ്ങള്‍ പൂക്കോട്ടൂരിലുള്ള മകളുടെ വീട്ടിലുള്ളപ്പോള്‍ കാരാടന്‍ മൊയ്തീന്‍ കുട്ടി ഹാജി അവിടെയെത്തി. കുഞ്ഞി തങ്ങളാണ് പൂക്കോട്ടൂരിലെ മുഖ്യ ഖാസി.  ബ്രിട്ടീഷുകാര്‍ക്കും ജന്മികള്‍ക്കുമെതിരെ യുദ്ധം വേണമെന്ന ആവശ്യം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പട്ടാളം പൂക്കോട്ടൂരിലേക്ക് വരുന്നൂ എന്ന വിവരവുമായി പുതുവണ്ണിപ്പറമ്പില്‍ ബീരാന്‍ കുട്ടി വന്നത്. അപ്പോഴേക്കും മമ്മദും കൂട്ടരുമെത്തി. പട്ടാളം ഇങ്ങോട്ടാക്രമിക്കാതെ അങ്ങോട്ട് ആക്രമിക്കുന്നത് ശരിയല്ലെന്ന് തങ്ങള്‍ ഉപദേശിച്ചു. എന്നാല്‍ പട്ടാളത്തെ തടഞ്ഞില്ലെങ്കില്‍ അവര്‍ മാപ്പിളമാരെ ഒന്നടങ്കം കൊന്നൊടുക്കുമെന്ന് മമ്മദും. ആലോചിച്ച് തീരുമാനമെടുക്കാന്‍ ആഗസ്റ്റ് 24ന് മൊയ്തീന്‍കുട്ടി ഹാജിയുടെ വീട്ടില്‍ യോഗം ചേര്‍ന്നു. കൊല്ലപ്പറമ്പന്‍ അബ്ദു ഹാജിയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും യോഗത്തിലെ മുഖ്യാതിഥികളായിരുന്നു. പട്ടാളത്തെ എതിര്‍ക്കാന്‍ തന്നെ യോഗം തീരുമാനിച്ചു. 26ന് വെള്ളിയാഴ്ചയാണ് പട്ടാളമെത്താന്‍ സാധ്യത. ജുമുഅക്ക് മുമ്പ് വന്നാല്‍ നിസ്‌കാരം ഒഴിവാക്കി അക്രമം ചെറുക്കാമെന്നും യുദ്ധ ഘട്ടങ്ങളില്‍ അങ്ങനെ ചെയ്യുന്നത്  തെറ്റല്ലെന്നും സ്ഥലം ഖാസി പുതിയകത്ത് മുഹമ്മദ് മുസ്‌ലിയാര്‍ ഫത്‌വ നല്‍കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി തന്നെ പള്ളിയില്‍ നിന്ന് നകാര മുഴങ്ങി. യുദ്ധസന്നദ്ധരായ 500 ഓളം മാപ്പിളമാര്‍ പള്ളിയില്‍ ഒത്തുകൂടി. ഏതാനും അമുസ്‌ലിംകളും എത്തിച്ചേര്‍ന്നു. പള്ളിയില്‍ വെച്ച് മമ്മദിന്റെ ആമുഖ പ്രസംഗം. യുദ്ധത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും  'പോരിശ' പറഞ്ഞു കൊണ്ടുള്ള ഖാസിയുടെ മതപ്രസംഗം. അമുസ്‌ലിംകള്‍ മതം മാറിയാണ് യുദ്ധത്തിനു വരേണ്ടതെന്ന ആവശ്യമുയര്‍ന്നപ്പോള്‍ മേല്‍ ഖാസിയായ കുഞ്ഞി തങ്ങളുടെ ഉപദേശം തേടാന്‍ തീരുമാനിച്ചു. യുദ്ധം മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും ആവശ്യമാകയാല്‍ ഇതില്‍ പങ്കെടുക്കുന്നതിന് മതം മാറ്റം ആവശ്യമില്ലെന്നും അമുസ്‌ലിംകള്‍ക്ക് തോന്നുന്ന പക്ഷം മതം മാറുന്നതിന് വിരോധമില്ല എന്നുമാണ് തങ്ങള്‍ പറഞ്ഞത്. തങ്ങള്‍ പൂക്കോട്ടൂരില്‍ നിന്ന് പോയെങ്കിലും അദ്ദേഹത്തെ നീരിലാക്കല്‍ എസ്‌റ്റേറ്റില്‍ വെച്ച് മുക്കത്തെ മോയി അധികാരിയും എസ്‌റ്റേറ്റ് റൈറ്റര്‍ ഗോവിന്ദനും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കുഞ്ഞഹമ്മദാജി ആയുധങ്ങള്‍ ശേഖരിക്കാന്‍ ഏര്‍പ്പാട് ചെയ്തു. കരുവാരക്കുണ്ടിലും പരിസരത്തും മേത്തരം തോക്ക് നിര്‍മാണ കേന്ദ്രങ്ങളുണ്ടായിരുന്നെങ്കിലും അവിടെയുള്ളവരെ പട്ടാളം അറസ്റ്റ് ചെയ്തുകഴിഞ്ഞിരുന്നു. പന്ത്രണ്ട് തോക്കുകളും അത് പ്രവര്‍ത്തിക്കാനറിയാവുന്ന പള്ളിക്കുത്ത് നീലാണ്ടന്‍, ചക്കിപറമ്പന്‍ ഏനിക്കുട്ടി എന്നിവരേയും ഹാജി പൂക്കോട്ടൂരിലെത്തിച്ചു. ഡോര്‍സെറ്റ് റെജിമെന്റിലെ 100 പട്ടാളക്കാരും 60 ശിപായിമാരുമാണ് ബ്രിട്ടീഷ്പക്ഷത്ത് നിന്ന് മലപ്പുറത്തേക്ക് വരുന്നത്. 160 തോക്കുകളും വാളുകളുമാണ് മാപ്പിള യോദ്ധാക്കളുടെ കൈയിലുള്ളത്. പട്ടാളത്തെ പറ്റിക്കുന്നതിന് ചില തന്ത്രങ്ങളും യോദ്ധാക്കള്‍ ആവിഷ്‌കരിച്ചിരുന്നു. കോഴിക്കോട് നിന്ന് 26ഉം 27ഉം മൈലിന് ഇടയിലെ സ്ഥലമാണ് യുദ്ധത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഇരുവശവും കൊയ്യാന്‍ പാകമായ വയലേലകള്‍. റോഡിന് സമാന്തരമായ തോട്. യോദ്ധാക്കള്‍ തോട്ടിലും വയലിലുമായി ഒളിഞ്ഞിരുന്നു. പട്ടാളത്തെ വഹിച്ച മുന്നിലേയും പിന്നിലേയും വണ്ടികള്‍ വെടി വെച്ചിടണം. അതോടെ പട്ടാളം പരിഭ്രാന്തരാകും. അവരെ വളഞ്ഞിട്ട് വെട്ടിയും കുത്തിയും വെടിവെച്ചും കൊല്ലണം. എല്ലാവരും റെഡി. പക്ഷേ, ഈ പ്ലാനുകളൊന്നും യോദ്ധാവായ പാറഞ്ചേരി കുഞ്ഞറമുട്ടി അിറഞ്ഞില്ല. തീരുമാനങ്ങളെടുക്കുന്ന നേരം അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. പട്ടാളത്തെ വഹിച്ച  ലോറികള്‍ സ്ഥലത്ത് എത്തിയ പാടെ കുഞ്ഞറമുട്ടി വെടി പൊട്ടിച്ചു. ഉടനെ പട്ടാളക്കാര്‍ ലോറികള്‍ പിന്നോട്ടെടുത്തു. പുക ബോബെറിഞ്ഞ് ഭീതി സൃഷ്ടിച്ചു. പുക മറവില്‍ യന്ത്രത്തോക്കുകള്‍ ഘടിപ്പിച്ചത് മാപ്പിളമാരറിഞ്ഞിരുന്നില്ല. പുക അടങ്ങിയപ്പോള്‍ ഏതാനും പട്ടാളക്കാര്‍ റോഡിലിറങ്ങി അങ്ങാടിയിലൂടെ നടക്കുന്നത് കണ്ട് മാപ്പിളമാര്‍ ഒളിത്താവളങ്ങളില്‍ നിന്ന് പുറത്തു വന്ന് പട്ടാളത്തിന് നേരെ ചീറിയടുത്തു.  അവര്‍ പക്ഷേ യന്ത്രത്തോക്കുകളുടെ മുന്നിലേക്കാണ് വന്നത്. തോക്കുകള്‍ തുരുതുരാ തീ തുപ്പി. മാപ്പിളമാര്‍ ഒന്നൊന്നായി മരിച്ചു വീണു. കുഞ്ഞറമുട്ടി കാക്ക തോക്കിലെ തിര തീരുവോളം വെടിയുതിര്‍ത്തു. ശത്രുപക്ഷത്ത് പലരും വീഴുന്നത് കണ്ടു. താമസിയാതെ അദ്ദേഹം പട്ടാളത്തിന്റെ തോക്കിനിരയായി. ചുകന്ന തുണിയും തയ്പിച്ചെടുത്ത ബനിയനും ധരിച്ച മമ്മദ് പട്ടാളത്തിനെതിരെ ചാടി വീണു. ശിപായിമാര്‍ അയാളെ തിരിച്ചറിഞ്ഞു. പട്ടാളം വളഞ്ഞിട്ട് വെടിവെച്ചു വീഴ്ത്തി. അദ്ദേഹം രക്തസാക്ഷിയായി. 280 മാപ്പിളമാരാണ് യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.  പട്ടാള പക്ഷത്ത് നിന്ന് മരിച്ചത് നാല് പേരും. പട്ടാളത്തിന്റെ മരണസംഖ്യ മറച്ചുവെച്ചതാണെന്നും മരിച്ചവരെ ലോറികളില്‍ കോഴിക്കോട്ടേക്ക് കൊണ്ടുവന്നുവെന്നുമാണ് പറയപ്പെടുന്നത്. നാലാളേ മരിച്ചുള്ളുവെങ്കില്‍ ബ്രിട്ടീഷുകാര്‍ പൂക്കോട്ടൂരിലേത് യുദ്ധമായിരുന്നു എന്നൊന്നും എഴുതില്ലല്ലോ. യുദ്ധം കഴിഞ്ഞ് മലപ്പുറത്തേക്ക് തിരിച്ചു വരികയായിരുന്ന ഡി ഐ ജി ലങ്കാസ്റ്ററും നാല് ഭടന്മാരും സഞ്ചരിച്ച വണ്ടി മങ്കരത്തൊടി കുഞ്ഞഹമ്മദ് നാടന്‍ ബോംബെറിഞ്ഞ് തകര്‍ത്തു. അഞ്ച് േപരും തല്‍ക്ഷണം കൊല്ലപ്പെട്ടു. യുദ്ധത്തില്‍ സ്ത്രീകള്‍ കാണിച്ച ആവേശത്തെക്കുറിച്ച് ബ്രിട്ടീഷുകാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.  സ്ത്രീകള്‍ ബദ്ര്‍ ബൈത് ചൊല്ലിയും പടപ്പാട്ട് പാടിയും പുരുഷന്മാര്‍ക്ക് ആവേശം നല്‍കിയിരുന്നത്രേ. യുദ്ധത്തില്‍ ശഹീദാകാന്‍ കഴിയാതെയുള്ള വിഷമം പേറി ഏറെക്കാലം  പച്ചക്കറിക്കച്ചവടവും നടത്തി ജീവിച്ചിരുന്ന അറവങ്കരയിലെ പാപ്പാട്ടുങ്ങല്‍ മമ്മുട്ടി -ദായുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് 1980ലാണ് മരിച്ചത്. ജ്യേഷ്ഠന്‍ അലവി യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു. പട്ടാളത്തില്‍ നിന്ന് വിരമിച്ച് മാപ്പിളമാര്‍ക്ക് നേതൃത്വം കൊടുത്ത വീമ്പൂര്‍ സ്വദേശി ഉണ്യേരിയുടെ ജീവിതവും ചരിത്രത്തിലിടം നേടിയിട്ടുണ്ട്. യന്ത്രത്തോക്ക് ഉപയോഗിച്ച് വെള്ളപ്പട്ടാളക്കാരന്‍ ഒരു യോദ്ധാവിനെ ഉന്നം വെക്കുമ്പോള്‍ ഉണ്യേരി ചാടി വീണ് പട്ടാളക്കാരനെ തള്ളിയിട്ട് യന്ത്രത്തോക്ക് കെക്കലാക്കി ഓടി. അതിനിടെ മറ്റൊരു പട്ടാളക്കാരന്‍ അയാളെ വെടി വെച്ചു. കാലിന് വെടിയേറ്റ ഉണ്യേരി എങ്ങനെയോ രക്ഷപ്പെട്ടു.  (ഗ്രന്ഥകാരന്‍ എ കെ കോഡൂരിനോട് കടപ്പാട്)
(2012 സെപ്തംബര്‍ 4 ന് സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഹുസൈന്‍ രണ്ടത്താണിയുടെ ലേഖനം)