Wednesday, February 25, 2026

🔻 മാധ്യമം മാനേജിംഗ് കമ്മിറ്റിക്ക് പറയാനുള്ളത്🫵















സോഷ്യൽ ഓഡിറ്റിങ്ങിന്  വിധേയമാകുന്ന

‘മാധ്യമ’ത്തിന് പറയാനുള്ളത് 


 ‘മനുഷ്യർക്കു വേണ്ടി മനുഷ്യരാൽ നടത്തപ്പെടുന്ന മനുഷ്യരുടെ പത്രം’ എന്നു മാധ്യമത്തെ നിർവചിച്ചത് മലയാളത്തിന്റെ സ്വന്തം വൈക്കം മുഹമ്മദ് ബഷീറാണ്. മലയാളസാഹിത്യത്തിലെ തന്‍റേടിയായ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന പി.കെ ബാലകൃഷ്ണൻ ആദ്യപത്രാധിപരാവട്ടെ എന്നു തീരുമാനിച്ചതും അദ്ദേഹത്തെ അതിന് സമ്മതിപ്പിച്ചതും ബഷീർ ആയിരുന്നു. ഈയൊരു സ്വപ്നം പറഞ്ഞു കേട്ട ഇന്ത്യൻ മാധ്യമകുലപതി കുൽദീപ് നയാർ പറഞ്ഞതും അതുതന്നെ-‘‘മാധ്യമത്തെ ഏതെങ്കിലും കക്ഷിയുടെ ജിഹ്വയോ മുഖപത്രമോ ഏതെങ്കിലും പ്രത്യേകവിഭാഗത്തിന്‍റെ പ്രചാരണോപാധിയോ ആക്കി മാറ്റാതെ ഒരു സ്വതന്ത്ര വർത്തമാനപത്രമായി കൊണ്ടുനടത്തുക’’. ആ വാക്ക് ‘മാധ്യമം’ അക്ഷരംപ്രതി സാക്ഷാത്കരിച്ചുവെന്ന് പത്രത്തിന്‍റെ രജതജൂബിലി വേളയിൽ അദ്ദേഹം സാക്ഷ്യപ്പെടുത്തി. 

ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്ത തുറന്നമനസ്സുകളുടെ ഐക്യത്തിൽ കേരളത്തിലെ മാധ്യമ, സാംസ്കാരികലോകത്ത് പിറന്ന പുതിയൊരു കൂട്ടായ്മയായിരുന്നു അത്. 38 വർഷങ്ങൾക്കു മുമ്പ് ‘മാധ്യമം’ ദിനപത്രം പിറകൊള്ളുമ്പോൾ ആദ്യ മുഖപ്രസംഗത്തിൽ തന്നെ നയം വ്യക്തമാക്കിയിരുന്നു: ‘‘ലോകത്തിനു നൽകാൻ മാധ്യമത്തിന്‍റെ പക്കൽ ഉള്ളത് ആരോഗ്യകരമായ ഒരു പ്രപഞ്ചവീക്ഷണമാണ്. ഇത്തരമൊരു പ്രപഞ്ചവീക്ഷണം പുലർത്തുന്നില്ലെങ്കിൽ ഇതൊരു ചീത്ത പത്രമേ ആവുകയുള്ളൂ. ഈയർഥത്തിൽ ഒരിക്കലും ഇതൊരു ചീത്ത പത്രമാവുകയില്ല എന്നു ഞങ്ങളുറപ്പ് തരുന്നു’’. അതു വെറുമൊരു ഉറപ്പായിരുന്നില്ല, തദടിസ്ഥാനത്തിൽ നയനിലപാടുകളും പ്രവർത്തനപദ്ധതിയും തയാറാക്കി വ്യവസ്ഥാപിത രീതിയിലാണ് ‘മാധ്യമം’ വാർത്താ മാധ്യമങ്ങളിലെ വഴിത്തിരിവായി തുടങ്ങിയതും വളർന്നതും ഇന്നും മുന്നോട്ടുപോകുന്നതും. 


ഇരുട്ടിന്റെ ശക്തികൾക്കെതിരെ വെളിച്ചമായ്


മനുഷ്യർക്കൊപ്പം അവരുടെ നോവുകളുടെ നാവായിത്തീരാൻ ‘മാധ്യമ’ത്തിനാവുമോ എന്ന,  ശബ്ദം നിഷേധിക്കപ്പെട്ടവരുടെ   ചോദ്യത്തിനുള്ള മറുപടിയായാണ് ‘വാർത്താമാധ്യമങ്ങളിലെ വഴിത്തിരിവ്’  1987 ജൂൺ ഒന്നിന് പിറകൊള്ളുന്നത്. ഉറക്കെ  പറയാൻ വായ് മൂടപ്പെട്ടവർക്ക് ശബ്ദം നൽകി ‘മാധ്യമം’ . മലയാളത്തിലെ മാധ്യമപാരമ്പര്യത്തിൽ നിന്ന്  ഭിന്നമായി പുതുവഴികളിലൂടെ അത് സഞ്ചരിച്ചു. മുസ്ലിം, ദലിത്,ആദിവാസി, പിന്നാക്ക ജനവിഭാഗങ്ങൾ തുടങ്ങിയവർക്കു സമൂഹത്തിന്‍റെ മുഖ്യധാരയോടു വർത്തമാനം പറയാൻ ഇടനിലയായി. ഫാഷിസത്തിന്‍റെയും സമഗ്രാധിപത്യത്തിന്‍റെയും കടന്നുകയറ്റത്തിനെതിരെ, ഇടതായാലും വലതായാലും ഭരണത്തിന്‍റെ കട്ടുകടത്തലുകൾക്കെതിരെ വിസിൽ ബ്ലോവറായി.  പ്രാന്തവത്കൃതർക്കും അവരുടെ പ്രശ്നങ്ങൾക്കും മുൻനിര സ്ഥാനം എന്ന പുതിയൊരു പ്രവണതക്കു തന്നെ മലയാളമാധ്യമങ്ങൾ വഴങ്ങി.  സിദ്ധിയും സമർപ്പണവുമുള്ള ഒരു സംഘം മാധ്യമത്തിൽ അണിചേർന്നു. അങ്ങനെ, പത്രവും ആഴ്ചപ്പതിപ്പും ബഹുസ്വര സൗഹൃദകേരളത്തിന്‍റെ തനിപ്പകർപ്പായി.  


അത്രമേൽ അനായാസകരമായിരുന്നില്ല ആ പ്രയാണം. ശബ്ദം നിഷേധിക്കപ്പെട്ടവർക്ക് ‘മാധ്യമം’ ശബ്ദം നൽകിയത് അവരുടെ വായ് പൊത്തിപ്പിടിച്ചവർക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു. അവഗണനയുടെ ആരുംകേറാ മൂലകളിലേക്ക് വെളിച്ചം തെളിച്ചത് ഇരുട്ടിന്‍റെ ശക്തികൾക്ക് പിടിച്ചില്ല. മനുഷ്യരുടെ പത്രത്തിന്‍റെ ശബ്ദവും വെളിച്ചവും അലങ്കോലപ്പെടുത്താൻ അവർ ആവത്  ശ്രമിച്ചുവരുന്നു. ഇടതടവില്ലാതെ ആരോപണങ്ങൾ എയ്തും സംശയത്തിന്‍റെ ധൂളികൾ പടർത്തിയും തെറ്റിദ്ധാരണകൾ സൃഷ്ടിച്ചും ആ വെളിച്ചം കെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും ആവതു ശ്രമിച്ചു. എന്നാൽ,  പ്രതിസന്ധികളെ, സങ്കീർണതകളെ, എതിരാളികളുടെ കുതന്ത്രങ്ങളെ സഹനപൂർവം മറികടന്നു. എല്ലാ വെല്ലുവിളികളും അതിജീവിച്ച് ‘മാധ്യമം’ ദൗത്യം തുടർന്നു. വായനക്കാർക്ക്, ശബ്ദം നിഷേധിക്കപ്പെട്ട ജനങ്ങൾക്ക് ‘മാധ്യമം’ ആവശ്യമുള്ള കാലത്തോളം, അവക്ക് വായനക്കാരുള്ള കാലത്തോളം അതിന്‍റെ ദൗത്യം തുടരുകതന്നെ ചെയ്യും. 


എന്താണ് ‘മാധ്യമ’ത്തിലെ 

പ്രതിസന്ധി?


പത്ര പ്രസാധനം ഒരു സാമൂഹിക ദൗത്യമായിരിക്കെ തന്നെ  ഒരു വ്യവസായവുമാണ്. ധാരാളം പണച്ചെലവുള്ള സംരംഭം. മറ്റേതൊരു മേഖലകളെയും പോലെത്തന്നെ, മാധ്യമ പ്രവർത്തനത്തെയും നിർവഹണത്തെയും കാലത്തിന്‍റെ മാറുന്ന അഭിരുചികളും സാങ്കേതിക വിദ്യകളും നിർണായകമായി സ്വാധീനിക്കുന്നു. ഡിജിറ്റൽ കാലത്ത് ലോകത്തും കേരളത്തിലും അച്ചടി മാധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധി അത്ര അപരിചിതമല്ല.  കോവിഡ് കാലാനന്തരം അത് രൂക്ഷമാകുകയും ചെയ്തിരിക്കുന്നു. അതെല്ലാ പത്രങ്ങളെയും വലിയരീതിയിൽ ബാധിച്ചിട്ടുണ്ട്. ചിലർ പ്രതിസന്ധി തരണം ചെയ്യാനാകാതെ അവസാനിപ്പിക്കേണ്ടി വന്നു. മറ്റുചിലർ മറികടന്നു മുന്നോട്ടു നീങ്ങാൻ  അവരുടേതായ വഴികൾ കണ്ടെത്തുന്നു. ‘മാധ്യമം’ വായനക്കാരുടെ കൊഴിഞ്ഞു പോക്ക് ഏറ്റവും കുറവ് ബാധിച്ച പത്രമാണ്. മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ, സാമൂഹികദൗത്യത്തെ ഹൃദയത്തിലേറ്റുന്ന മികച്ച വായനാവൃത്തം ഇപ്പോഴും ‘മാധ്യമ’ത്തിനുണ്ട് എന്നത് ചാരിതാർഥ്യജനകമാണ്. പക്ഷേ, വരുമാനം ചെലവിന് അനുസൃതമായി ലഭ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വരവും ചെലവും തമ്മിലെ അന്തരം വർധിക്കുന്നു. ഇത് ശമ്പള വിതരണമടക്കം, ദൈനംദിന സാമ്പത്തിക വ്യവഹാരങ്ങളെ ബാധിക്കുന്ന സാഹചര്യമുണ്ടാക്കിയിരിക്കുന്നു.

‘മാധ്യമ’ത്തിൽ മാത്രമോ?


എന്നാൽ ഇത് മാധ്യമത്തിൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമല്ല. ശമ്പളവിതരണം നീണ്ട രണ്ടുവർഷം പിന്നിട്ട പത്രങ്ങളുണ്ട്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടും പുനർവിന്യസിച്ചും പത്രം തന്നെ മറ്റുള്ളവർക്കു വിറ്റും പല മാർഗങ്ങളും അവലംബിച്ചവരുണ്ട്. എന്നാൽ അതൊന്നും  ‘മാധ്യമ’ത്തിനെതിരായി നടക്കുന്നതു പോലുള്ള ആൾക്കൂട്ടവിചാരണക്കോ വൈരനിര്യാതന-വിരോധമുന്നണിയുടെ ആക്രമണത്തിനോ വിധേയമാകുന്നില്ല. അവയൊന്നും അടച്ചുപൂട്ടാൻ പോകുന്നുവെന്നു ആരും നിലവിളിക്കുന്നില്ല. എന്തിനേറെ, കേരളത്തിലെ തൊഴിലാളിപക്ഷമെന്നു പറയപ്പെടുന്ന രാഷ്ട്രീയപാർട്ടികൾ നടത്തുന്ന പത്രങ്ങളിൽ തന്നെ നടപ്പാക്കിവരുന്ന സേവനവേതന വ്യവസ്ഥകൾ ചർച്ചക്കെടുക്കുന്നില്ല. വിചാരണക്ക് വിധേയമാകുന്നില്ല. ഇപ്പോൾ തന്നെ മറ്റൊരു പത്രസ്ഥാപനത്തിൽ രണ്ട് വർഷത്തോളമായി ശമ്പള കൂടിശ്ശികയുള്ളത് കേരളമറിയുന്നത് ‘മാധ്യമ’ത്തിൽ ശമ്പളവിതരണത്തിൽ താളപ്പിഴ വന്നപ്പോൾ മാത്രമാണ്. അതുവരെ അവിടെയൊന്നും ചെങ്കൊടി പാറിയില്ല, സൈബർ പോരാളികൾ രംഗത്തിറങ്ങിയില്ല. ദേശീയനേതാക്കളുടെ നേതൃത്വത്തിൽ സമരപന്തലുയർന്നില്ല. എന്തുകൊണ്ടായിരിക്കും ഈ വൈരുധ്യം? ‘മാധ്യമം’ ആരുടെയൊക്കെ കണ്ണിലാണ് കരടാവുന്നതെന്നറിയാൻ ഏറെയൊന്നും ഗവേഷണം ആവശ്യമില്ല. ഒരു തള്ളു തങ്ങളുടെ വക കൂടി ആയാൽ ‘മാധ്യമ’ത്തിന്റെ ഒച്ചയടപ്പിക്കാം എന്ന ആവേശമാണ് ഇപ്പോൾ ചില കോണുകളിൽ കാണാനാവുന്നത്.  മറ്റുള്ളവരെപ്പോലെ അല്ല ‘മാധ്യമം’ എന്നാണ് ഈ ‘മാധ്യമസ്നേഹികളു’ടെ ന്യായീകരണം. അതിൽ ശരിയുമുണ്ട്.  മൂല്യവിചാരങ്ങൾ പ്രഘോഷണത്തിനുള്ളതല്ല, പ്രവർത്തനങ്ങളിൽ പ്രത്യക്ഷീകരിക്കാനുള്ളതാണ് എന്ന നിഷ്ഠ സ്വയം ഏറ്റെടുത്ത പ്രസ്ഥാനമാണല്ലോ മാധ്യമം. 

   

നീതിയും ന്യായവും 

അക്ഷരങ്ങളിൽ മാത്രമല്ല


മനുഷ്യർക്കുവേണ്ടിയുള്ള ഉണർന്നെണീപ്പ് ‘മാധ്യമ’ത്തിന്‍റെ വഴിത്തിരിവ് മുദ്രാവാക്യത്തിൽ ഉള്ളടങ്ങിയതാണ്. വായനക്കാർക്കു നൽകുന്ന അക്ഷരങ്ങളിൽ നിരത്തുന്ന നീതിബോധവും ധാർമികമൂല്യവിചാരങ്ങളും പത്രനടത്തിപ്പിലും പുലർത്തണമെന്ന് തുടക്കക്കാർ കൊത്തിവെച്ചതും പിന്തുടർച്ചക്കാർ അണുവിട തെറ്റാതെ കാത്തുപോരുന്നതുമായ നിഷ്‍കർഷയാണ്. വാർത്തകളിൽ മാത്രമല്ല, ജീവനക്കാരുടെ  സേവനവേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നതിലും സ്ഥാപനത്തിനകത്തെ തൊഴിൽ അന്തരീക്ഷം ചിട്ടപ്പെടുത്തുന്നതിലും വാർത്തയെഴുത്തിലും അവതരണത്തിലുമൊക്കെ സത്യസമ്പൂർണ സ്വാതന്ത്ര്യവും ജനാധിപത്യക്രമവും ‘മാധ്യമം’ കേരളത്തിനു കാഴ്ചവെച്ച അനന്യമാതൃകയാണ്. ലാഭണക്കുകളുടെ അക്കങ്ങൾക്കപ്പുറം,  ജീവനക്കാരുടെ അന്തസ്സാർന്ന ജീവിതത്തിനു പരമാവധി പരിഗണന നൽകിയാണ് പത്രം വേതനക്രമം നിശ്ചയിച്ചത്. വേജ് ബോർഡ് ശുപാർശകളടക്കം കാലാനുസൃതമായ വേതന വർധനവിന് വരുമാനക്കുറവല്ലാതെ മറ്റൊന്നും ഒരുകാലത്തും തടസ്സമായിട്ടില്ല എന്നതിന് ജീവനക്കാരുടെ അനുഭവം  സാക്ഷിയാണ്.  പത്രത്തിന്റെ മുന്നേറ്റത്തിലേക്കുള്ള ഓരോ ചുവടും ജീവനക്കാരുടെ ജീവിതഐശ്വര്യത്തിലേക്കുള്ള കയറ്റുപടികൂടെയാകണം എന്ന മാധ്യമത്തിന്റെ സമീപനത്തിന്,  മുൻകാല  പ്രാബല്യത്തോടു കൂടി നടപ്പിലാക്കിയ മജീതിയ വേജ്ബോർഡ് പരിഷ്‍കരണം തന്നെ മികച്ച ഉദാഹരണം. തൊഴിലാളിശക്തിയുടെ ദിനപത്രങ്ങളടക്കം അതിനു മിനക്കെടാതെ  സ്വന്തം പാക്കേജുകളും ജീവനക്കാരെ പല തട്ടിലാക്കി പലവേതന നിരക്കുമൊക്കെ നടപ്പാക്കിയത് എങ്ങനെയെന്ന് അറിയുവാൻ അവിടങ്ങളിലെ ശമ്പളനിരക്കും മാധ്യമത്തിലെ നിരക്കും ഒത്തുനോക്കിയാൽ മതി. അപ്പോൾ തിരിച്ചറിയാനാകും  ‘മാധ്യമ’ത്തിന്റെ വഴിത്തിരിവും സത്യസന്ധതയും. അതോർക്കേണ്ടവർ പ്രതിസന്ധികാലത്ത് മറന്നുകളയുന്നുവെന്നത് ഈ 'ഗ്രഹണ'കാലത്തെ വിധിവൈപരീത്യം. 

  

പരിഷ്‍കരണത്തോട് മുഖം തിരിക്കാനാവില്ല, സമരതീക്ഷ്ണത കൊണ്ടാണെങ്കിലും


എട്ടുപേജിൽ തുടങ്ങിയ വർത്തമാന പത്രം ഓരോ ഘട്ടത്തിലും കാലോചിതമായ പരിഷ്‍കരണത്തിനു മുൻകൈയെടുത്തു. വിവിധ ദേശങ്ങളിൽ നിന്ന് ലേഖകർ ബസിൽ കൊടുത്തയക്കുന്ന വാർത്താ പൊതികൾ ബസ് സ്റ്റാൻഡുകളിൽ ബസുകൾക്കു പിറകെ ഓടിനടന്ന് കവർ ബോയ് പിടിച്ചെടുത്ത് എത്തിച്ച്, കമ്പോസ് ചെയ്ത്, പ്രൂഫ് റീഡർമാർ കൈയെഴുത്തുപ്രതിയുമായി ഒത്തുവായിച്ച്, അക്ഷരത്തെറ്റു തിരുത്തി, രണ്ടും മൂന്നും വട്ടം  പ്രിന്റെടുത്ത്, അത് കോളം പാകത്തിൽ കട്ടുചെയ്ത് പശതേച്ച് ഒട്ടിച്ച്, രണ്ടുതരം ഫിലിമെടുത്ത്, അതിൽ നിന്നു പ്ലേറ്റുണ്ടാക്കി അച്ചടിച്ച്, കോപ്പികൾ ചുണ്ടിലെണ്ണം പിടിച്ച്, ബണ്ടിലുകൾ  കെട്ടി കയറ്റിവിട്ടിരുന്ന കാലത്തുനിന്ന് പത്രവ്യവസായം കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഏറെ മാറി. ഈ മാറ്റത്തോടൊപ്പം മാറാനും പലപ്പോഴും അതിൽ ഒരു ചുവടു മുന്നിൽ നിൽക്കാനും ‘മാധ്യമ’ത്തിനു കഴിഞ്ഞു. മലയാളത്തിൽ ആദ്യമായി ഫോട്ടോടൈപ് സെറ്റ് സംവിധാനം കൊണ്ടുവരുന്നതും മിഡിലീസ്റ്റിൽ ആദ്യമായി ‘ഗൾഫ് മാധ്യമം’ എന്ന പേരിൽ എഡിഷൻ തുടങ്ങുന്നതും ‘മാധ്യമ’മാണ്. 


ഡിജിറ്റൽ പിറവി വായനക്കാരുടെ ശീലങ്ങളെയും സാങ്കേതിക വിദ്യകളെയും സമഗ്രമായി അഴിച്ചുപണിതപ്പോൾ പുതിയ മാറ്റങ്ങൾ ‘മാധ്യമ’ത്തിലും അനിവാര്യമായിരുന്നു. എന്നാൽ, ഏതു സ്ഥാപനത്തിലും തൊഴിൽരംഗത്തെ പുതിയ പരിഷ്‍കരണങ്ങൾ പാരമ്പര്യശീലക്കാരിൽ അലോസരവും അസ്വസ്ഥതയുമുളവാക്കുക സ്വാഭാവികം. കൈയെഴുത്തിൽ നിന്ന് കമ്പോസിങ്ങിലേക്കും പഴയ ഒട്ടിപ്പു ശീലത്തിൽ നിന്ന് പേജ്മേക്കർ, ഇൻഡിസൈൻ സോഫ്റ്റ് വെയറുകളിലേക്കുമുള്ള ലേ ഔട്ട് മാറ്റങ്ങളിലുമൊക്കെ ആശങ്കകളും എതിർപ്പും പ്രതിഷേധവും ഉയർന്നിരുന്ന ആ പഴയ കാലം ഓർക്കുന്നത് ഇപ്പോൾ നാണമുണ്ടാക്കും.  തൊഴിൽ സ്ഥാപനമെന്ന നിലക്ക് പലപ്പോഴും ആശാസ്യമായിരുന്നില്ല എന്ന് വിലയിരുത്തപ്പെട്ടപ്പോഴും തലപ്പത്തു മുതൽ താഴെ തട്ടുവരെ തുറന്ന ജനാധിപത്യം നിലനിർത്തിയത് ‘മാധ്യമം’ കാഴ്ചവെച്ച വിചിത്രവിസ്‍മയങ്ങളിലൊന്നാണ്. യൂണിയൻ പ്രവർത്തനത്തിന് ജീവനക്കാരെ വിളിച്ച് മുൻകൈയെടുത്തതു മാനേജ്മെന്റ്  തന്നെയായിരുന്നുവെന്ന്  അക്കാലത്തെ മാധ്യമപ്രവർത്തകർ അനുസ്മരിക്കാറുണ്ട്. ഈ തുറന്ന ജനാധിപത്യം പക്ഷേ, തലമുറ മാറ്റത്തിൽ ഒരു ജെന്റിൽമാൻ എഗ്രിമെന്റിൽ നിന്ന് നിഷേധാത്മക പ്രവണതകളിലേക്ക് വളർന്നുവെന്നതും നമ്മുടെ  പത്രം എന്ന ആരോഗ്യകരമായ ഓണർഷിപ് ഫീലിൽ നിന്ന്, ഫോണ്ട് പരിഷ്‍കരണം മുതൽ സെക്യൂരിറ്റി നിയമനം വരെ ഞങ്ങളുടെ  അനുമതി വാങ്ങിയേ നടത്താവൂ എന്ന ശാഠ്യത്തിലേക്ക് വരെ  വഴുതിവീഴാനിടവരുത്തിയെന്നതും ദുഃഖകരമായ മറുവശമാണ്.  പല പരിഷ്‍കരണനടപടികളുടെയും ഗതിവേഗം കുറക്കാനും അതിലൂടെ സാമ്പത്തികനഷ്ടം വരുത്താനും ഈ നിലപാടുകൾ  ഇടവരുത്തിയെന്നതും മറ്റൊരു സത്യം.


പ്രതിസന്ധി മുൻകൂട്ടി കണ്ട് 

പ്രതിവിധി തേടി


മാധ്യമരംഗത്തെ  പ്രതിസന്ധി മുൻകൂട്ടി കണ്ട്  അഴിച്ചുപണികൾക്കും നവീനമായ വരുമാന മാർഗങ്ങളിലേക്കുള്ള അന്വേഷണങ്ങൾക്കും പതിനഞ്ച് വർഷങ്ങൾക്കു മുൻപേ ‘മാധ്യമം’  തുടക്കം കുറിച്ചു. ചെലവും വരവും തമ്മിൽ ഒത്തുപോകാത്ത സാഹചര്യത്തിലേക്ക് സ്ഥാപനം നീങ്ങുന്നു എന്നു 2015 നുശേഷം ആഗോളതലത്തിൽ രൂപപ്പെട്ട സാമ്പത്തികമാന്ദ്യവും അച്ചടിമാധ്യമ രംഗത്തെ പ്രതിസന്ധിയും സൂചന തരുമ്പോൾ  തന്നെ അതിനെ മറികടക്കാനുള്ള പദ്ധതികൾ ഘട്ടം ഘട്ടമായി നടപ്പാക്കി തുടങ്ങിയിരുന്നു. വില വർധിച്ചു വരുന്ന ന്യൂസ്  പ്രിന്റ്, അച്ചടിമഷി, പ്ലേറ്റ് അനുബന്ധ സാമഗ്രികളുടെ ചെലവ്, ചെലവിന്റെ 40 ശതമാനത്തിലേറെ  ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാറ്റി വെക്കേണ്ടി വരുന്ന സാഹചര്യം,.. എന്നിങ്ങനെ ചിലവിനങ്ങൾ വർധിച്ച് വരുമ്പോൾ മറുവശത്ത് വരുമാനക്കുറവ് പ്രിൻറ് മേഖലയുടെ പൊതു പ്രശ്നമായി മാറിക്കഴിഞ്ഞിരുന്നു. 


ഗൾഫിലെ ഏറ്റവും കൂടുതൽ വിൽപനയുള്ള ഇന്ത്യൻ പത്രമാണ് ഗൾഫ് മാധ്യമം. ന്യൂസ് സർവീസ് ചാർജ്ജ് ഇനത്തിൽ ‘ഗൾഫ് മാധ്യമ’ത്തിൽ നിന്ന് ലഭിച്ച് വന്ന വരുമാനമായിരുന്നു ഒരർഥത്തിൽ ‘മാധ്യമ’ത്തിന്റെ നട്ടെല്ല്.  എന്നാൽ അവിടെ തന്നെയായിരുന്നു പ്രതിസന്ധികളുടെ തുടക്കവും. ഡിജിറ്റൽ മാധ്യമങ്ങളുടെ അതിവേഗ കുത്തൊഴുക്കിൽ  ഗൾഫ് രാജ്യങ്ങളിലെ  അച്ചടിമാധ്യമങ്ങളുടെ സർക്കുലേഷൻ കുറയുക മാത്രമല്ല,  അച്ചടി- വിതരണ സംവിധാനങ്ങൾ തന്നെ നിലച്ചുപോയതിന് പ്രവാസികൾ സാക്ഷികളാണ്. പരസ്യദാതാക്കളുടെ മുൻഗണനകളും മാറിയതോടെ എല്ലാ പത്രങ്ങളുടെയും പരസ്യവരുമാനത്തിൽ വലിയ തോതിൽ  ഇടിവുണ്ടായി. തലയെടുപ്പോടെ നിന്നിരുന്ന പ്രമുഖ അറബി ഇംഗ്ലീഷ് പത്രങ്ങൾ തന്നെ കളമൊഴിഞ്ഞു. വരുമാനത്തിൽ സാരമായ കുറവുണ്ടായെങ്കിലും ഗൾഫ് മാധ്യമം ഇതുവരെയും അതിജീവിച്ചുവെന്നത് തന്നെ അഭിമാനകരമാണ്. ഇപ്പോൾ ഗൾഫിലെ ആറ് രാജ്യങ്ങളിൽ ‘മാധ്യമ’മല്ലാതെ എത്ര മലയാള പത്രങ്ങൾ ലഭിക്കുന്നുണ്ട് എന്ന് അന്വേഷിച്ചാൽ മനസ്സിലാകും പത്ര വ്യവസായ പ്രതിസന്ധിയുടെ ആഴം. 


ഇൻറേണൽ ഓഡിറ്റിൽ തുടങ്ങിയ അസ്വാസ്ഥ്യം


മുന്നോട്ടുപോക്ക് തടസ്സപ്പെടാതിരിക്കാനുള്ള വഴിയാലോചനകളുടെ ഫലമായിരുന്നു 2017ൽ പത്രം നടത്തിയ ഇൻറേണൽ ഓഡിറ്റിങ്. നിലവിലെ വിഭവശേഷി കാലാനുസൃതമായി എങ്ങനെ പുനർവിന്യസിക്കണമെന്ന പരിശോധനയാണ് നടന്നത്. 10 മാസമെടുത്ത് ‘മാധ്യമ’ത്തിന്റെ കേരളത്തിലെ മുഴുവൻ ജീവനക്കാരെയും  നേരിൽ കണ്ട് സംസാരിച്ചു തയാറാക്കിയ ആ റിപ്പോർട്ടിൽ മാറിയ കാലത്ത് പത്രത്തിൽ വന്ന സാങ്കേതികസൗകര്യങ്ങൾക്കനുസൃതമായി നിലവിലെ മനുഷ്യവിഭവശേഷിയിലും മറ്റു ചെലവിനങ്ങളിലും കാര്യമായ വെട്ടിച്ചുരുക്കൽ വരുത്താനാകുമെന്നായിരുന്നു  കണ്ടെത്തൽ. 


ഏത് സ്ഥാപനത്തിലും അതത് സന്ദർഭങ്ങളിലെ അനിവാര്യതകൾക്ക്  അനുസൃതമായാണ് ജീവനക്കാർ നിയമിക്കപ്പെടുക. ‘മാധ്യമ’ത്തിലും ആ സ്വഭാവികതയിൽ തന്നെയാണ് നിയമനങ്ങൾ നടന്നു വന്നത്. മാറിയ കാലത്ത്, ന്യൂസ് റൂമുകളിലും സ്ഥാപന നടത്തിപ്പിലും പുതിയ രീതികൾ നടപ്പാക്കുന്ന സാഹചര്യമുണ്ടായി. തൽഫലമായി സ്ഥാപനത്തിൽ, ജോലിയിൽ കവിഞ്ഞ ജീവനക്കാരുള്ളത് കണ്ടെത്തിയതോടെ വന്നേക്കാവുന്ന പുനഃക്രമീകരണം വ്യക്തിഗതമായി ബാധിക്കുമെന്നു ആശങ്കിച്ചവരിൽ അസ്വസ്ഥതയുണ്ടായി. ആ അസ്വാരസ്യം ക്രമത്തിൽ   ആൾബലം കുറച്ചല്ല, ഇതര ചെലവുകൾ വെട്ടിച്ചുരുക്കിയാണ് പിടിച്ചുനിൽക്കേണ്ടത് എന്ന പ്രചാരണത്തിലേക്ക് മാറി. അതോടെ സ്ഥാപനത്തിൽ നടന്നുവരുന്ന ഓരോ പരിഷ്‍കരണത്തെക്കുറിച്ചും ധനവരുമാനം വർധിപ്പിക്കാൻ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും ആശങ്കകളും അർധസത്യങ്ങളും ജീവനക്കാർക്കിടയിൽ മുളക്കാൻ തുടങ്ങി. എല്ലാ പ്രവർത്തനങ്ങളെയും സംശയത്തോടെ, ജീവനക്കാർക്കെതിരായ നീക്കങ്ങളായി ബോധപൂർവം വ്യാഖ്യാനിക്കപ്പെട്ടു.


ഒരു റിപ്പോർടും കുപ്രചാരണങ്ങളും 


ഇത്തരത്തിൽ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് പത്രത്തിന് നേതൃത്വം നൽകുന്ന പ്രസ്ഥാനത്തിലേക്കും വ്യാപകമായ പരാതികൾ ചെന്നു. ജീവനക്കാരുടെയോ ജർണലിസ്റ്റ്, നോൺജർണലിസ്റ്റ് യൂണിയനുകളുടെയോ പരാതികളോട് മുഖം തിരിച്ച് നിൽക്കുന്ന സമീപനമല്ല ഒരിക്കലും സ്വീകരിക്കാറുള്ളത്. അതിനാൽ പരാതികൾ കേൾക്കാനും വസ്തുതകൾ  പരിശോധിക്കാനുമായി 2019 ൽ നാലംഗ സമിതിയെ ചുമതലപ്പെടുത്തുകയും അവർ ജീവനക്കാരിൽ നിന്നും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടവരിൽ നിന്നും പരാതികൾ  ശേഖരിക്കുകയും ക്രോഡീകരിച്ച്  സമർപ്പിക്കുകയും ചെയ്തു. പ്രാഥമികമായ വിവരശേഖരണവും വസ്തുതാന്വേഷണവും മാത്രമാണ് ഇതെന്നും റിപ്പോർട്ടിന്റെ വെളിച്ചത്തിൽ  കൂടുതൽ അന്വേഷണങ്ങളും നടപടികളും ഉണ്ടാകേണ്ടതുണ്ട് എന്നുമായിരുന്നു കമ്മിറ്റിയുടെ നിർദേശം.  അതിന്‍റെ തുടർച്ചയിൽ രേഖകൾ പരിശോധിച്ചു ആരോപണങ്ങളുടെ നിജസ്ഥിതി ഉറപ്പുവരുത്താൻ നിശ്ചയിക്കുകയും ഓരോ പരാതിയിലും വിശദമായ അന്വേഷണം നടത്തി റിപ്പോർടിന്റെ രണ്ടാം ഭാഗം തയ്യാറാക്കുകയും ചെയ്തു. ഗുരുതരമായി ഉന്നയിക്കപ്പെട്ട രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകളോ അധികാര ദുർവിനിയോഗങ്ങളോ നടന്നിട്ടില്ലയെന്നും എന്നാൽ ചില വിഷയങ്ങളിൽ ഭരണ പരമായ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു അന്തിമ റിപ്പോർടിലെ കണ്ടെത്തൽ. പിഴവുകൾ കണ്ടെത്തിയ പ്രശ്നങ്ങളിൽ മാനേജ്മെന്റ് ആവശ്യമായ പരിഹാര  നടപടികൾ സ്വീകരിച്ചു. 


എന്നാൽ സ്ഥാപനത്തിന്റെയും നേതൃത്വം നൽകുന്ന പ്രസ്ഥാനത്തിന്റെയും വിശ്വാസ്യത തകർക്കാനുള്ള തൽപരകക്ഷികളുടെ നീക്കത്തിൽ ആ രേഖയിലെ ആദ്യ ഭാഗം  ചോരുകയുണ്ടായി. ഇതിനെ മുൻ നിരത്തി ‘മാധ്യമ’ത്തെ സംശയ നിഴലിൽ നിർത്താനുള്ള കൊണ്ട് പിടിച്ച ശ്രമവും പുതിയ സാഹചര്യത്തിൽ സംഘടിതമായി നടക്കുന്നതായി കാണുന്നു. ലഭിച്ച പരാതികൾ മാത്രമാണെന്നും യഥാർഥ വസ്തുതകൾ രേഖകളും തെളിവുകളും അടിസ്ഥാനപ്പെടുത്തി തുടർ അന്വേഷണം നടക്കണമെന്നുമുള്ള നിർദേശം അവർ ഉയർത്തിക്കാണിക്കുന്ന രേഖയിൽ തന്നെ ഉണ്ടായിരിക്കെ,  അതിനെക്കുറിച്ച് എന്ത് കൊണ്ട് മൌനം പാലിക്കുന്നുവെന്ന ചോദ്യത്തിന് അവരുടെ ഉദ്ദേശ്യ ശുദ്ധി വ്യക്തമായിരിക്കെ പ്രസക്തിയില്ലെന്നറിയാം. അതേ സമയം അധിക ജീവനക്കാരുടെ എണ്ണം കുറക്കേണ്ടതിനെ കുറിച്ചും, ട്രേഡ് യൂണിയനിസത്തിന്റെ അതിപ്രസരത്തെ  കുറിച്ചുമൊക്കെ അതേ റിപ്പോർട്ടിലുള്ള പരമാർശങ്ങൾ ഈ പ്രചാരവേലക്കാർ ചാടിക്കടന്ന് പോവുന്നത് കൌതുക കാഴ്ചയാണ്.


അഴിച്ചുപണി തുടങ്ങുന്നു, പക്ഷേ... 


പ്രതിസന്ധിയിൽ നിന്ന് കരകയറുവാനും മുന്നോട്ടുള്ള പ്രയാണത്തിനും അഴിച്ചുപണിയും പുനക്രമീകരണവും  ത്വരിതഗതിയിലാക്കുക മാത്രമായിരുന്നു മാനേജ്മെന്‍റിന്‍റെ മുന്നിലെ നേർവഴി. അതിന്റെ ഭാഗമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്ക വിപുലീകരണത്തിനും വൈവിധ്യവത്കരണത്തിനും ഊന്നൽ നൽകി. കേരളത്തിലെ ഏറ്റവും കൂടുതൽ വായനക്കാരുള്ള വെബ് പോർട്ടലുകളിലൊന്നായി മാധ്യമം ഡോട്ട് കോം വളർന്നത് ഈ ശ്രദ്ധപൂർവമായ ഇടപെടലിന്റെ ഫലമാണ്. ഗൾഫ് രാജ്യങ്ങളിലും ഓൺലൈൻ വാർത്തകൾക്കും സോഷ്യൽ മീഡിയ ആക്റ്റിവിറ്റികൾക്കും പ്രാധാന്യം നൽകിയതോടെ  വായനക്കാരുടെ വളർച്ചക്കൊപ്പം സാമ്പത്തികമായ ഉണർവുമുണ്ടായി. എന്നാൽ സ്ഥാപനം മൊത്തത്തിൽ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾ ഡിജിറ്റൽ മേഖലകളിൽ മതിയായ ഇൻവെസ്റ്റ്മെന്‍റിന് തടസ്സമാകുകയായിരുന്നു.  

  

 2017-18 മുതൽ മാധ്യമത്തിലെ വേതനത്തിലെ കുടിശ്ശിക പ്രശ്നം ആരംഭിക്കുന്നുണ്ട്. അന്നുതൊട്ടേ പുനഃക്രമീകരണ പദ്ധതികളോടൊപ്പം വരുമാനക്കുറവ് നികത്താനുള്ള വ്യത്യസ്ത മാർഗങ്ങൾ സ്വീകരിച്ചുവന്നു. അപ്രതീക്ഷിതമായ കോവിഡ് എല്ലാ ആസൂത്രണങ്ങളെയും റദ്ദാക്കി. അക്കാലത്ത് അതിജീവനത്തിനുള്ള ശ്രമങ്ങളിൽ ജീവനക്കാർ തോളോടുതോൾ ചേർന്നുനിന്നു. വൈഷമ്യത്തിന്‍റെ ആ സന്നിഗ്ധ ഘട്ടങ്ങളിൽ പത്രബന്ധുക്കളുടെ പിന്തുണയോടെ മുന്നോട്ടുപോക്കിനു ശ്രമിച്ചത് ഭാവിയെക്കുറിച്ച ശുഭാപ്തിയിലായിരുന്നു. എന്നാൽ കോവിഡാനന്തരം വരുമാന ഇടിവ് സ്ഥാപനത്തെ ഉലക്കുന്നതായിരുന്നു.  വരുമാനം പ്രതീക്ഷിച്ച വിതാനത്തിലേക്ക് ഉയരാതെ വന്നതോടെ കുടിശ്ശിക പിന്നെയും വർധിക്കാൻ തുടങ്ങി.  വരുമാന വർധനക്കുള്ള ചില പരീക്ഷണങ്ങൾ വിജയിച്ചപ്പോൾ  2024 ൽ കുടിശ്ശിക കുറഞ്ഞു വന്നുവെന്നത് പിന്നെയും പ്രതീക്ഷ നൽകി.  എന്നാൽ  വരുമാനവും ചെലവും തമ്മിലുള്ള അന്തരം വീണ്ടും ക്രമാതീതമായി. അതോടെ കുറഞ്ഞ ശമ്പളക്കാർക്ക് ആശ്വാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ വേതനവിതരണം 25000 രൂപ വരെ ശമ്പളമുള്ളവർക്ക് ആദ്യം എന്ന രീതി അനുവർത്തിച്ചു. ​ശമ്പളവിതരണം താഴേ തട്ടിൽ നിന്നു തുടങ്ങി ചീഫ് എഡിറ്റർ, എഡിറ്റർ, സി.ഇ.ഒ, ജോയിന്റ് എഡിറ്റർ തുടങ്ങി ഉന്നത തസ്തികകളിലുള്ളവരുടെ ബാധ്യത അവസാനം തീർക്കുന്ന രീതിയാണ് അനുവർത്തിക്കുന്നത്. കുടിശ്ശിക ലഭിക്കാനുള്ളവരിൽ അവരും ഉൾപ്പെടുന്നു. പത്രമുതലാളിമാരും തൊഴിലാളിമാരും തമ്മിലെ വിഭജനവും വിവേചനവും നിലനിൽക്കുന്ന ഇതര മാധ്യമങ്ങളിൽ നിന്നു ‘മാധ്യമം’ ഇവിടെയും വഴിതിരിഞ്ഞു നിൽക്കുന്നു. എന്നാൽ ഇത്തരത്തിൽ താഴെ നിന്നു വിതരണം തുടങ്ങി ഘട്ടംഘട്ടമായി തീർക്കുന്ന രീതിയവലംബിച്ചപ്പോൾ അത് ജീവനക്കാരെ പല തട്ടിൽ തിരിക്കാനുള്ള ശ്രമമാണെന്നു പറഞ്ഞു യൂണിയൻ എതിർപ്പുമായി രംഗത്തുവന്നു. 


മാറുന്ന കാലത്ത് പിടിച്ചുനിൽക്കാൻ വേണ്ട കൃത്യമായ പഠന റിപ്പോർട്ട് ‘മാധ്യമം’ തയാറാക്കി. മാധ്യമമേഖലയിലെ പുതിയ മാറ്റത്തിന് തെരഞ്ഞെടുക്കുന്ന വഴികൾ കൃത്യപ്പെടുത്താൻ  വിശ്വാസ യോഗ്യമായ ഒരു  പ്രൊഫഷണൽ ഏജൻസിയുടെ സഹായവും ഈ വിഷയത്തിൽ തേടി.  എല്ലാ പഠനങ്ങളുടെയും ആകത്തുക വരുമാന വർധനവിന്‍റെ വഴികൾ കണ്ടെത്തുന്നതുപോലെ പ്രധാനമാണ് ചെലവ് കുറക്കുക എന്നതായിരുന്നു. ശമ്പള ഇനത്തിൽ  മാധ്യമം  ചെലവിടേണ്ടി വരുന്നതിന്റെ  അനുപാതം  പലപ്പോഴും 40 ശതമാനത്തിൽ അധികമാകുന്നുണ്ടെന്നും ഇത് 25 ശതമാനത്തിൽ പിടിച്ചുനിർത്തിയില്ലെങ്കിൽ സ്ഥാപനത്തിന് താഴിടേണ്ടിവരുമെന്നും പഠനങ്ങളെല്ലാം വ്യക്തമാക്കി. അതോടെ എച്ച്. ആർ കുറച്ച് കാര്യക്ഷമത വർധിപ്പിക്കാൻ ഓട്ടോമൈസേഷൻ പ്രോസസുകൾക്ക് വേഗത വർധിപ്പിച്ചു. അവ നടപ്പാക്കാനുള്ള ആലോചനകളിൽ ജീവനക്കാരും ആദ്യഘട്ടത്തിൽ തുറന്ന ഹൃദയത്തോടെ പങ്കാളികളായിരുന്നു. എന്നാൽ ആൾബലം കുറക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയതോടെ വ്യക്തി ഗതമായി പരിഷ്‍കരണങ്ങളെ ശരിവെച്ചവരും സംഘടിതരായപ്പോൾ കളം മാറുന്നതാണ് കണ്ടത്. 


അതിന്റെ മികച്ച ഉദാഹരണമാണ് പ്രൂഫ് വിഭാഗവുമായി ബന്ധപ്പെട്ട് നടന്നത്.  പത്രങ്ങളെല്ലാം പുതിയ സാങ്കേതികസൗകര്യമൊരുക്കി പ്രൂഫ് റീഡിങ് അവസാനിപ്പിക്കുകയാണ്. ‘മാധ്യമ’വും സ്പെൽചെക് സംവിധാനം കൊണ്ടുവന്നു. അതോടെ അധികം വരുന്ന തൊഴിലാളികളെ മാന്യമായ പാക്കേജ് നൽകി പിരിച്ചയക്കാൻ തീരുമാനിച്ചപ്പോൾ യൂണിയൻ രാഷ്ട്രീയ ഇടപെടലുകളിലൂടെ തൊഴിൽ വകുപ്പിൽ നിന്ന് മറു ഉത്തരവ് നേടിയെടുത്തു. നിയമപരമായ വ്യവഹാരവുമായി മുന്നോട്ടുപോകുവാൻ മാനേജ്മെന്‍റിന് സാധ്യതകളുണ്ടായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് ഒരു പക്ഷേ മാനേജ്മെന്റിന്റെ ദൗർബല്യമായും വിലയിരുത്തപ്പെടാം. പക്ഷേ, സംഘർഷത്തിന്‍റെ വഴിയല്ല സഹകരണത്തിന്‍റെ ഇടമാണ് ഈ വിഷയത്തിലും മാനേജ്മെന്‍റ് സ്വീകരിച്ചത്. പ്രൂഫിൽ ജോലി ചെയ്തിരുന്നവരെ  മുഴുവൻ അവർക്ക് പരിചിതമല്ലാത്ത ഇതര വിഭാഗങ്ങളിൽ പുനർവിന്യസിക്കേണ്ടി വന്നു. ഇത്തരം അധികബാധ്യതകൾ ശമ്പള കുടിശ്ശിക വർധിപ്പിക്കുകയേ ഉള്ളൂ എന്ന കാര്യം അന്നേ ചൂണ്ടിക്കാട്ടിയെങ്കിലും അതിന് പുറംതിരിഞ്ഞുനിൽക്കുകയായിരുന്നു യൂണിയൻ. 


മാധ്യമത്തിലെ പ്രശ്നങ്ങൾ യൂണിയനുമായി ചർച്ച ചെയ്യുകയും പരമാവധി സഹകരണത്തിന്‍റെ വഴികളിലൂടെ ഒന്നിച്ചുനീങ്ങാൻ ശ്രമിക്കുകയുമാണ് എന്നും മാനേജ്മെന്‍റ് സ്വീകരിച്ച സമീപനം. യൂണിയൻ നേതൃത്വവും സഹകരണത്തിന്‍റെയും സമന്വയത്തിന്‍റെയും വഴി തന്നെയാണ് പൊതുവിൽ സ്വീകരിക്കാറുള്ളത്. അവരുടെ സഹകരണ മനോഭാവത്തെ വിലമതിച്ചു കാര്യങ്ങൾ സുതാര്യമായി പറഞ്ഞു പ്രശ്നങ്ങൾക്ക് തീർപ്പിലെത്തുന്ന രീതിയാണ് ‘മാധ്യമ’ത്തിന്റേത്. കോവിഡ്കാലത്തെ സാമ്പത്തിക പ്രശ്നങ്ങൾ അതിജീവിക്കാൻ പല സ്ഥാപനങ്ങളും ചെയ്തതുപോലെ മാസ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം കട്ട് ചെയ്യുവാൻ ‘മാധ്യമ’വും നിശ്ചയിച്ചു. പ്രശ്നത്തിന്‍റെ തീവ്രത അംഗീകരിച്ച യൂണിയൻ പക്ഷേ, കട്ട് ചെയ്യുന്നതിന് എതിരുനിൽക്കുകയും ഡെഫർമെന്‍റായി പരിഗണിക്കണമെന്ന് വാദിക്കുകയും ചെയ്തു. ഭാവിയിൽ അനുകൂലസ്ഥിതി വരുമെന്ന വിശ്വാസത്തിൽ മാനേജ്മെന്‍റ് അതംഗീകരിച്ചു. പക്ഷേ, സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടില്ലെന്ന് മാത്രമല്ല, കൂടുതൽ ദുർബലമാകുകയായിരുന്നു. എന്നിട്ടും പിരിയുന്ന ജീവനക്കാർക്ക് ഡെഫർമെന്‍റിന്‍റെ 50 ശതമാനമെങ്കിലും തിരിച്ചുകൊടുക്കാനുള്ള ശ്രമമാണ് മാനേജ്മെന്‍റ് നടത്തികൊണ്ടിരിക്കുന്നത്.


ന്യൂ നോർമൽ കാലത്തെ അധികപ്രതിസന്ധി


നിലവിലെ സാമ്പത്തിക സ്ഥിതിയിൽ  മുന്നോട്ടു പോക്ക് സങ്കീർണമാണെന്ന്  ഉറപ്പായതോടെ 2023 ൽ  ജീവനക്കാരോടത് പറയുകയും സ്വയംസന്നദ്ധരായി വിരമിക്കുന്നവർക്ക് അവകാശപ്പെട്ട സാമ്പത്തികാനുകൂല്യങ്ങൾക്കു പുറമെ അധികവിഹിതം നൽകി പിരിയാൻ അവസരമൊരുക്കുകയും ചെയ്തു. ചെലവിലും വരുമാനത്തിനുമിടയിലെ അന്തരം വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഭാവിയിൽ ഇത്തരത്തിലൊരു ഓഫർ നൽകാൻ സാധ്യമാകണമെന്നില്ല എന്നും അന്നേ പറഞ്ഞിരുന്നു. അത് സ്വീകരിച്ച് അമ്പതിലേറെ പേർ അന്ന് ആനുകൂല്യങ്ങൾ വാങ്ങി പിരിഞ്ഞൊഴിഞ്ഞു. അന്നു മുൻകൂട്ടി കണ്ട അതേ നിലയിൽതന്നെയാണ് മലയാളത്തിലെ അച്ചടിമാധ്യമ രംഗം ഇന്ന് എത്തിനിൽക്കുന്നത്. അന്നും സ്വയം തീരുമാനമെടുത്ത് അവസരം പ്രയോജനപ്പെടുത്തിയ ജീവനക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു യൂണിയനുകൾ നടത്തിയത്.  


പഴയത് പോലെ അധിക ആനുകൂല്യങ്ങൾ നല്കി പിരിച്ചയക്കാൻ കഴിയുന്നതല്ല നിലവിലെ അവസ്ഥ- അത്തരം ഒരു ഗോൾഡൻ ഷേക് ഹാൻഡ് ആണ് യാഥാർഥത്തിൽ വേണ്ടത് എങ്കിലും. പിരിഞ്ഞ് പോകുന്നവർക്ക് അധിക അനുകൂല്യമില്ലെങ്കിലും അവരുടെ അവകാശപ്പെട്ട ആനുകൂല്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് ഉറപ്പ് നല്കുകയാണ് ഇപ്പോൾ ജീവനക്കാരോട് തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരാളെയും പിരിച്ചുവിടാനോ പിരിഞ്ഞു പോകാൻ സമ്മർദം ചെലുത്താനോ ശ്രമിച്ചിട്ടില്ല. ഇതാണ് ഏറെ പ്രചരിപ്പിക്കപ്പെടുന്ന ‘മാധ്യമത്തിലെ കൂട്ടപ്പിരിച്ചുവിടൽ’. ഈ ഘട്ടത്തിലും പിരിഞ്ഞു പോകുന്നവർക്ക് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾക്കുള്ള സാധ്യതകൾ തേടുന്നതിന് യൂണിയനെ മാനേജ്മെന്റ് ചർച്ചക്ക് വിളിച്ചെങ്കിലും അവർ ബഹിഷ്‍കരിക്കുകയാണ് ചെയ്തത്. 


യൂണിയനുമായി തുറന്ന സംസാരത്തിന് ഒരിക്കലും മാനേജ്മെന്‍റ് മടികാണിച്ചിട്ടില്ല. നിലവിലെ സാമ്പത്തികാവസ്ഥ സുതാര്യമായി പങ്കുവെക്കുകയും നിലനിൽക്കുന്ന സങ്കീർണതയും ജീവനക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരസ്പരം ചർച്ച ചെയ്യുകയും സാധ്യമാവുന്ന പരിഹാര നടപടികൾ സ്വീകരിച്ച് പോരുകയുമാണ് ചെയ്യാറുള്ളത്. കൈയെത്താത്ത വരവും കൈവിട്ട ചെലവുമാണ് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെന്നു തിരിച്ചറിഞ്ഞ് സമരം കൈവിട്ടുപോകാതെ ഒത്തുപിടിച്ചാൽ കുറച്ചു കാലമൊന്നു ഞെരുങ്ങിയാലും അതിജീവന സാധ്യതകളുണ്ടെന്ന് ജീവനക്കാരോട് പങ്കുവെച്ചതാണ്. ദൗർഭാഗ്യവശാൽ മുഖ്യ ധാരാ ട്രേഡ് യൂണിയനുകളെ മുന്നിൽ നിർത്തി പ്രത്യക്ഷ  സമര പരിപാടികളിലേക്ക്  യൂണിയൻ കടക്കുകയായിരുന്നു. 


വ്യാപകമാകുന്ന സമരം ഉണ്ടാക്കുന്ന കളങ്കവും വരുമാനത്തിനുവേണ്ടി സ്വീകരിച്ചിട്ടുള്ള പദ്ധതികളെ അത് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യവും  വിവേകത്തോടെ മനസ്സിലാക്കുന്നതിൽ യൂണിയൻ നേതൃത്വം പരാജയപ്പെട്ടു എന്ന് ഖേദപൂർവം പറയേണ്ടിവരുന്നു. മാധ്യമത്തെ തകർക്കാൻ ആറ്റുനോറ്റിരിക്കുന്നവരുടെ മുൻകൈയിലാണ് നിലവിൽ സമരമെന്ന് സമരപ്പന്തൽ സാക്ഷ്യപ്പെടുത്തിയതാണ്.  


നിലവിലെ ശമ്പള പ്രശ്നവും ചർച്ചകളും 


ദീർഘ കാലം കൊണ്ട് ഘട്ടം ഘട്ടമായി സംഭവിച്ചതാണ് നിലവിലെ ശമ്പള കുടിശ്ശിക. ചിലരെങ്കിലും ധരിക്കുന്നത് പോലെ അഞ്ചു മാസമായി ശമ്പള വിതരണം നടക്കാതിരിക്കുകയല്ല. പല മാസങ്ങളിലെ  റവന്യൂ കമ്മി കാരണം മുപ്പത് ദിവസത്തിനകം അടുത്ത ശമ്പള വിതരണം എന്നത് പ്രയാസകരമായി പല കാലങ്ങളിൽ സംഭവിച്ച ശമ്പളം വൈകൽ വർധിച്ച് ഇന്നത്തെ അവസ്ഥയിൽ എത്തുകയാണുണ്ടായത്. ശാശ്വത പരിഹാരത്തിലേക്ക് എത്തിച്ചേരാൻ സാധ്യമാവുന്നതും അധികഭാരം ഇനിയും വന്നു ചേരാത്ത വിധത്തിലുമുള്ള ഇടക്കാല പരിഹാരമാർഗങ്ങൾ യൂണിയനുമായി ആരായാനും യൂണിയൻ മുന്നോട്ടു വെക്കുന്ന നിർദേശങ്ങൾ ഇരു കൂട്ടർക്കും പ്രയാസരഹിതമായ നീക്കുപോക്കുകളിലൂടെ നടപ്പിലാക്കാനുമുള്ള ശ്രമങ്ങളാണ് മാനേജ്മെൻ്റ് നടത്തി വന്നത്.  


ലാബർ ഡിപാർട്ട്മെൻ്റിൽ നടന്ന ചർച്ചയിൽ ഇരുപക്ഷത്തെയും വിശദമായി കേട്ട ശേഷം  അഡീഷനൽ ലാബർ കമീഷണറും ഡിസ്ട്രിക്റ്റ് ലാബർ ഓഫീസറും മുന്നോട്ടുവെച്ച പരിഹാര നിർദേശങ്ങളോട് ക്രിയാത്മക സമീപനമാണ് മാനേജ്മെൻറ് സ്വീകരിച്ചത്. എന്നാൽ യൂണിയനുകൾ ഉന്നയിച്ച അധിക ഡിമാൻ്റുകൾ നിലവിലെ സാമ്പത്തികാവസ്ഥയിൽ പൂർത്തികരിക്കാൻ സാധ്യമാവുന്നവ ആയിരുന്നില്ല. ലാബർ ഡിപാർട്മൻ്റ് ചർച്ചകൾക്ക് മുമ്പും ശേഷവുമായി യൂണിയൻ നേതൃത്വത്തിൽ നിന്ന് മധ്യസ്ഥത വഴി പ്രശ്ന പരിഹാരത്തിനുള്ള ചില നിർദേശങ്ങൾ വന്നപ്പോഴും അത് അനുഭാവപൂർവം പരിഗണിക്കാൻ മാനേജ്മെൻറ് സന്നദ്ധത പ്രകടിപ്പിച്ചതാണ്. ശമ്പള കുടിശ്ശിക പൂർണമായും കൊടുത്തുതീർക്കാനുള്ള ആവശ്യത്തിന്മേൽ വരുമാനത്തെ ആശ്രയിച്ചുള്ള ക്രമാനുഗതമായ പരിഹാരവഴിയാണ് ‘മാധ്യമം’ തേടുന്നത്.  


ഏറ്റവുമൊടുവിൽ മാസങ്ങളായി തുടരുന്ന സമരം അവസാനിപ്പിക്കാനും ശമ്പള കുടിശ്ശികയിൽ വേഗത്തിൽ തീർപ്പുണ്ടാക്കാനും യൂണിയൻ ഭാരവാഹികൾ മധ്യസ്ഥർ മുഖേന മാനേജ്മെൻ്റിനു മുമ്പാകെ ഒരു നിർദേശം വെച്ചു. അടിയന്തരമായി വിളിച്ചു ചേർത്ത മാനേജിംഗ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത് അത് അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ മാസ ശമ്പള കുടിശ്ശിക റമദാൻ ആരംഭത്തിന് മുമ്പ് (ഫെബ്രു:20) കൊടുത്തു തീർക്കുക, അതിൽ ഉൾപ്പെടാത്തവർക്ക് ഒക്ടോബർ ശമ്പളത്തിന്റെ ഒരു ഗഡു ഫെബ്രുവരി 28 നു മുമ്പ് നൽകുക, ബാക്കി വരുന്ന തുകയും ആദ്യ ഗഡു ലഭിക്കാത്തവർക്ക് ഒക്ടോബറിലെ പൂർണ ശമ്പളവും പെരുന്നാൾ ദിനത്തിന് മുമ്പ്  നൽകുക, നവംബർ മാസത്തെ ശമ്പളം ഏപ്രിൽ 20 ന് മുമ്പ് നൽകുക, തുടർ നടപടികൾ യൂണിയനുകളും മാനേജ്മൻ്റും പരസ്പരം ചർച്ച ചെയ്ത് ധാരണയിലെത്തുക- ഇതായിരുന്നു മാനേജ്മെൻറ് മുമ്പാകെ വന്ന നിർദേശം. 


നിലവിലെ വരുമാന നിലയിൽ ഇതു അംഗീകരിക്കുക അത്യന്തം പ്രയാസകരമാണ് എന്ന വസ്തുത നിലനിൽക്കെ, ഏതു വിധേനയും പ്രശ്ന പരിഹാരം ആഗ്രഹിക്കുന്നതിനാൽ മാനേജ്മെൻ്റ് അതിന് വഴങ്ങി. അങ്ങനെ സമരപരിപാടികൾ അവസാനിപ്പിച്ച് മാധ്യമത്തെ കൂടുതൽ കരുത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാൻ വഴിതുറക്കുകയായിരുന്നു ആഗ്രഹം. 


നിർഭാഗ്യകരമെന്നു പറയട്ടെ, യൂണിയൻ നേതൃത്വത്തിന് സ്വീകാര്യമാണെന്ന രീതിയിൽ മുമ്പിൽ വന്ന നിർദേശം മാനേജ്മെന്റ് അംഗീകരിച്ചപ്പോൾ യൂണിയനുകൾ  പ്രസ്തുത നിർദേശങ്ങളിൽ നിന്ന് പിറകോട്ട് പോയി  വലിയ സമരപരിപാടികളിലേക്ക് കടക്കുകയാണ് ചെയ്തത്. ഇതിൻ്റെ കാര്യ കാരണങ്ങളെ കുറിച്ച് മാനേജ്മെൻ്റിന് വ്യക്തതയില്ല.


വ്യക്തി ഹത്യയുടെ ഓലപ്പടക്കങ്ങൾ 


സംഘടിത നേതൃത്വമാണ് എന്നും ‘മാധ്യമ’ത്തിന്റെ ശക്തി. ഒരു തീരുമാനവും ഏതെങ്കിലും സ്ഥാനത്തിരിക്കുന്നവർ വ്യക്തിഗതമായി എടുക്കുന്നതല്ല. മാധ്യമത്തിന്റെ ഉടമസ്ഥരായ ഐഡിയൽ പബ്ലിക്കേഷൻ  ട്രസ്റ്റ് നിശ്ചയിച്ച മാനേജിങ് കമ്മറ്റിയുടെ ചർച്ചയിലും തീരുമാനത്തിലുമാണ് ദൈനം ദിന കാര്യങ്ങളുൾപ്പെടെ നടന്ന് വരുന്നത്. എത്ര വിമർശനങ്ങൾ  ഉയർന്നാലും ഏതെങ്കിലും തീരുമാനത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അതിലാരും ഒഴിഞ്ഞ് മാറാറുമില്ല. ‘മാധ്യമ’ത്തിൽ  ഉത്തരവാദിത്തം വഹിക്കുന്ന ചിലർക്ക് നേരെ, പ്രത്യേകിച്ച് സി.ഇ.ഒയുടെ നേരെ നടക്കുന്ന ‘ആൾക്കൂട്ട ആക്രമണത്തിന്റെ’ പശ്ചാത്തലത്തിലാണ് ഇത് സവിശേഷമായി പറയേണ്ടി വരുന്നത്. പ്രചരിക്കപ്പെടുന്ന ഒളിഞ്ഞ കത്തിലും തുറന്ന കത്തിലും കാലാൾപ്പടയുടെ സൈബർ പോരാട്ടങ്ങളിലും ഇത് മുഴച്ച് തന്നെ നിൽക്കുന്നു. 


തമാശ മറ്റൊന്നാണ്. നിലവിലെ സി.ഇ.ഒ ചുമതല എടുക്കുന്നതിന് മുമ്പ് ഉത്തരവാദിത്തം വഹിച്ചവരെക്കുറിച്ച് അക്കാലത്ത്  എഴുതപ്പെട്ട കത്തുകൾ, ആരോപണങ്ങൾ, പരാതികൾ ‘മാധ്യമ’ത്തിന്റെ ഫയലിലുണ്ട്. ഒരേ കഥ, ഒരേ ഭാഷ, ഒരേ ശൈലി. കഥയും തിരക്കഥയും ഒന്നു തന്നെ. മാറ്റുന്നത് കഥാ പാത്രത്തെ മാത്രം. ഇതിൽ ഒന്നേ പറയാനുള്ളൂ. വ്യക്തി വേട്ടകൾക്ക് മുമ്പിൽ ചൂളിപ്പോകുന്നവരല്ല ‘മാധ്യമ’ത്തിന് നേതൃത്വം നല്കുന്നവരാരും. ഇത്തരം അനുഭവങ്ങൾ അവർക്ക് പുത്തരിയല്ല. പക്ഷേ,  ഒന്നുണ്ട്. തൊഴിൽ തർക്കങ്ങളും സമരങ്ങളും അവസാനിച്ചാലും അവശേഷിച്ചേക്കാവുന്ന തരത്തിൽ  ഇത്തരം സമീപനങ്ങൾ സൃഷ്ടിക്കുന്ന മുറിവുകളെക്കുറിച്ച് ആലോചിക്കാൻ കഴിയാത്തവരല്ല യൂണിയനുകൾക്ക്  നേതൃത്വം നല്കുന്നവർ എന്നാണ് മാധ്യമത്തിന്റെ  ബോധ്യം. 


അതിജീവന വഴിയിലൂടെ മുന്നോട്ട് 


 അധികഭാരം ഇല്ലാതാക്കി, പത്രം വരുമാനവും ചെലവും സന്തുലിതമാക്കാനുതകുന്ന റീ സ്ട്രക്ചറിങ്ങിന് വിധേയമാക്കുക മാത്രമാണ് ‘മാധ്യമത്തിന്‍റെ മുന്നിലെ അതിജീവന വഴി.  ആ വഴിയെ നീങ്ങുകയാണ് മാധ്യമം. എന്നാൽ ഒരാളെയും ഒഴിവാക്കാതെയും ആരുടെ വേതനത്തിലും തൊടാതെയും പരിഷ്കരണങ്ങൾ  നടപ്പാക്കണമെന്ന യൂണിയൻ ആവശ്യം സ്ഥാപനത്തെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നയിക്കുക. സങ്കീർണമായ ഈ വർത്തമാന സാഹചര്യത്തിലും പുതിയ സാങ്കേതികവിദ്യകൾകൊണ്ട് നൂതനമായ പരിവർത്തനങ്ങൾ സൃഷ്ടിച്ച്, പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തി, പരമാവധി ചെലവുകൾ ചുരുക്കി, പുതിയ കുതിപ്പുകൾക്ക്  തയ്യാറാകുകയാണ് മാധ്യമം.   പത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്ന വിധത്തിലുള്ള ഏതു ചർച്ചക്കും മാനേജ്മെന്‍റ് ഒരുക്കമാണ്. അതിനു ‘മാധ്യമ’ത്തിനും ജീവനക്കാർക്കും കഴിയും എന്നു തന്നെയാണ് വിശ്വാസം.  വെർച്വൽ കുതൂഹലങ്ങളിലല്ല, വസ്തുനിഷ്ഠ യാഥാർഥ്യങ്ങൾ മുന്നിൽ വെച്ചുള്ള ചർച്ചകളാണ് അഭികാമ്യം. അതിന്  പത്രത്തെ കൂടുതൽ ദുരിതത്തിലേക്കു തള്ളിവിടുന്ന ശാഠ്യങ്ങൾ കൈയൊഴിയാനും മാറിയ കാലത്തിന്റെ സങ്കീർണതകളെ മനസ്സിലാക്കി അതിജയിക്കാനുള്ള പുതിയ ക്രമീകരണങ്ങൾക്കു വഴങ്ങാനും ഇരുവിഭാഗവും വിട്ടുവീഴ്ചയോടെ മനസ്സു തുറന്നിരിക്കാൻ കഴിയണം. സൈബറിടത്തിലെ ഒളിയാക്രമണങ്ങളല്ല, മുഖാമുഖമിരുന്നുള്ള തുറന്ന ചർച്ചയാണ് ‘മാധ്യമ’ത്തിന്റെ രീതി. അതീവ സങ്കീർണ്ണമായ പ്രശ്നങ്ങളെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നതിലൂടെയോ ഓൺലൈൻ വിചാരണകളിലൂടെയോ പരിഹരിക്കാനാവില്ല; മറിച്ച് അത് സ്ഥാപനത്തിന്റെ നിലനിൽപ്പിനെത്തന്നെ കൂടുതൽ അപകടത്തിലാക്കുമെന്ന തിരിച്ചറിവാണ് ഇത്രയും കാലം നിശബ്ദത പാലിക്കാൻ പ്രേരിപ്പിച്ചത്. 


ഈ കെട്ട കാലവും കടന്ന്, മാധ്യമത്തിന്‍റെ അക്ഷര പോരാട്ടത്തെ ഇല്ലാതാക്കാനാഗ്രഹിക്കുന്ന ദുശ്ശക്തികളെ മറികടന്ന് ഏറ്റെടുത്ത ദൗത്യവുമായി  ‘മാധ്യമ’ത്തിനു മുന്നോട്ടു പോയേ തീരൂ. മനുഷ്യസഹജമായ അബദ്ധങ്ങളും പിഴവുകളും സംഭവിച്ചിട്ടുണ്ടാകാം. ഗുണകാംക്ഷപരമായി അത് ചൂണ്ടികാണിക്കപ്പെട്ടപ്പോഴും വസ്തുനിഷ്ഠമായി ബോധ്യപ്പെട്ടപ്പോഴും അത് തിരുത്തുന്നതിന് ഒരു വൈമനസ്യവും കാണിച്ചിട്ടില്ല. ഇനി കാണിക്കുകയുമില്ല. അത് മാധ്യമം മാനേജ്മെന്‍റ് കാത്തുസൂക്ഷിക്കുന്ന ധാർമിക പൈതൃകമാണ്. എന്നാൽ ഒന്നുറപ്പിക്കാം, നീതിയും ന്യായവും ഉദ്ഘോഷിക്കുന്നതിൽ മാത്രമല്ല, സ്ഥാപനനടത്തിപ്പിലും ജീവനക്കാരുടെ അവകാശനിർവഹണത്തിലും  തുടക്കത്തിൽ ആലോചിച്ചുറച്ച പോലെ തന്നെ മാധ്യമം ഒരിക്കലും ഒരു ചീത്ത പത്രമാവില്ല. ഈ ആൾക്കൂട്ട വിചാരണയും സോഷ്യൽ ഓഡിറ്റിങ്ങും ‘മാധ്യമം’ പോസിറ്റീവായി എടുക്കുന്നു. അബദ്ധങ്ങളെ ചൂണ്ടാനും തെന്നുമ്പോൾ തിരുത്താനും പിന്നിലൊരു കൂട്ടമുള്ളത് ‘മാധ്യമ’ത്തിനു ഭയമല്ല, ധൈര്യമാണ് പകരുന്നത്. ആ ധൈര്യത്തിൽ നിന്ന് കരുത്താർജിച്ച്, എല്ലാവരെയും ചേർത്തുപിടിച്ച് കാലത്തിന്റെ ഭാഷയും ശൈലിയും ഉൾക്കൊണ്ട് ‘മാധ്യമം’ മുന്നേറുക തന്നെ ചെയ്യും. ഇത് നിശ്ചയമാണ്, പ്രാർഥനയും.


മാധ്യമം മാനേജിംഗ് കമ്മിറ്റി

Saturday, August 9, 2025

അലഞ്ഞുതിരിയുന്ന ഒരു ദാസൻ

 



അലഞ്ഞുതിരിയുന്ന ഒരു ദാസൻ

അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

ഇന്ന്,
പാപങ്ങളുടെ ഭാരം കൊണ്ട് ഭാരപ്പെട്ടിരിക്കുന്നു

ഉപേക്ഷിക്കപ്പെട്ടവനും നിസ്സഹായനുമായ ഒരുവൻ
സാത്താൻ അടിച്ചമർത്തുന്ന ഒരാത്മാവ്
എല്ലാ ദിശകളിൽ നിന്നും അവഗണനയുടെ
ഇരുട്ട് കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു

ഇന്ന്,
പാപങ്ങളുടെ ഭാരം കൊണ്ട് ഭാരപ്പെട്ടിരിക്കുന്നു

അലഞ്ഞുതിരിയുന്ന ഒരു ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

വികാരങ്ങളുടെ തിരമാലകളിൽ
വാക്കുകളുടെ ഭാഷ നഷ്ടപ്പെട്ടിരിക്കുന്നു

അറിവുണ്ട്,
ആശയക്കുഴപ്പത്തിന്റെ പാത നഷ്ടപ്പെട്ടിരിക്കുന്നു
ഞാൻ ചിന്തിച്ചിരുന്ന ഉള്ളടക്കം നഷ്ടപ്പെട്ടിരിക്കുന്നു,
എവിടെയാണെന്ന് ആർക്കറിയാം
എന്റെ കണ്ണുകളിൽ പോലും,
കണ്ണീരിന്റെ പേരും അടയാളവും
ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു
എന്റെ നെഞ്ചിൽ ഒരു കനൽ കത്തുന്നു

അലഞ്ഞുതിരിയുന്ന ഒരു ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

നിശബ്ദമായ ഒരു നിലവിളിയോടെ
ഞാൻ നിങ്ങളുടെ വാതിൽക്കൽ എത്തിയിരിക്കുന്നു
നന്മയിൽ കുന്നുകൂടിയ പാപങ്ങളുടെ കൂമ്പാരവുമായി
എന്നാൽ നിങ്ങളുടെ വാതിൽപ്പടിയിൽ നിന്ന്,
ഞാൻ പ്രത്യാശ സ്വീകരിച്ചിരിക്കുന്നു
പ്രവൃത്തികളുടെ ഇരുട്ടിൽ
പശ്ചാത്താപത്തിന്റെ വെളിച്ചത്തോടെ

എന്റെത് ലജ്ജ നിറഞ്ഞ ഒരു ഹൃദയമാണ്
എന്റെത് ലജ്ജ നിറഞ്ഞ ഒരു ഹൃദയമാണ്

അലഞ്ഞുതിരിയുന്ന ഒരു ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

പ്രതീക്ഷയുടെ കേന്ദ്രം, കരുണ നിറഞ്ഞ ഒരു വീടാണ്
അതിന്റെ ഓരോ കണികയും
അസൂയ കൊണ്ട് നിറഞ്ഞിരിക്കുന്നു
ആരുടെയും വാതിൽ ആർക്കും നിഷേധിക്കപ്പെടുന്നില്ല
വിധിയുടെ പ്രായോജകൻ ആരുടെ യാചകനാണ്?
ഇത് വെളിച്ചത്തിന്റെ ചുവന്ന താഴികക്കുടമാണ്,
ഇത് സമാധാനത്തിന്റെ ഉറവയാണ്

അലഞ്ഞുതിരിയുന്ന ഒരു ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

ഓ രക്ഷിതാവേ,
കഅ്ബ അങ്ങയുടെ ശക്തിയുടെ അത്ഭുതമാണ്
ഓരോ നിമിഷവും പെയ്യുന്ന മഴ
അങ്ങയുടെ കാരുണ്യത്തിന്റെ
ഒഴുകുന്ന ഔദാര്യത്തിന്റെ പ്രവാഹമാണ്
ഇത് സ്രഷ്ടാവിന് തന്റെ ദാസന്മാരോടുള്ള
സ്നേഹത്തിന്റെ പ്രകടനമാണ്.

ഒരു അലഞ്ഞുതിരിയുന്ന ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

ഓ രക്ഷിതാവേ,
ലോകത്ത് ജീവിക്കാൻ എനിക്ക്
സമാധാനമുള്ളൊരു ഗ്രാമം തരേണമേ
മരുഭൂമിയിൽ സ്നേഹത്തിന്റെ ഒരു നിധി തരേണമേ
പാപത്തിന്റെ പ്രളയത്തിൽ എനിക്ക്
അനുസരണയുടെ ഒരു കപ്പൽ തരേണമേ
അസ്തിത്വത്തിന്റെ ഇരുട്ടിൽ
മദീനയുടെ വെളിച്ചം തരേണമേ
അടുത്ത ജന്മത്തിൽ
വിശ്വാസത്തിന്റെ ആദ്യ വെളിച്ചം തരേണമേ

അലഞ്ഞുതിരിയുന്ന ഒരു ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

ഓ രക്ഷിതാവേ,
എന്റെ അസ്തിത്വത്തിന്മേൽ പ്രത്യേക കൃപ നൽകേണമേ
ക്ഷമിക്കപ്പെട്ട ദാസന്മാരിൽ എന്നെ ഉൾപ്പെടുത്തണമേ
നഷ്ടപ്പെട്ട സഞ്ചാരിയുടെ പാതയെ പവിത്രമാക്കണമേ
ലോകത്തെ അനുസരണയുള്ള പൂക്കളുടെ ഒരു പൂന്തോട്ടമാക്കണമേ
എന്റെ ഭൂതകാലത്തെക്കുറിച്ച് അറിയുന്നവനേ
ഓരോ ശ്വാസത്തിനും പ്രായശ്ചിത്തം നൽകേണമേ

അലഞ്ഞുതിരിയുന്ന ഒരു ദാസൻ
അങ്ങയുടെ കൊട്ടാരത്തിൽ സന്നിഹിതനാണ്

✍ ശൈഖുൽ ഇസ്ലാം മുഫ്തി തഖി ഉസ്മാനി
✍️ വിവർത്തനം : മുബാറക് റാവുത്തർ

Friday, June 14, 2024

ഇബ്രാഹീമിന്‍ സ്നേഹം പെയ്യുന്ന ഹാജിമാര്‍ 💚

 


------------------------------------------------------

മാവിന്റെ ഉച്ചിയില്‍ നിന്നു ഞാന്‍ കാണുന്നു,

അകലെയെങ്ങുള്ള മക്കയും മദീനയും.

സുഹ്‌റയുടെ ചോദ്യം മനസ്സില്‍ മുഴങ്ങുമ്പോള്‍,

മജീദിന്റെ ഉത്തരം കവിതയായ് മാറുന്നു.


മക്കം കാണാം, മദീനത്തെ ഖുബ്ബയും കാണാം,

ബഷീറിന്റെ വാക്കുകള്‍ ഹൃദയം തൊട്ടുണര്‍ത്തുന്നു.

പറവകള്‍ പാടുന്ന പാട്ടില്‍ ഞാന്‍ മുഴുകി,

അനന്തമാം ലോകം എന്നില്‍ പ്രതിഫലിക്കുന്നു.


ബാല്യകാല സഖിയുടെ ഓര്‍മ്മകള്‍ പോലെ,

നമ്മുടെ യാത്രകള്‍ അനന്തമായ് തുടരട്ടെ.

മാവിന്റെ ചില്ലക്കൊമ്പുകളില്‍ നിന്നും,

മക്കയും മദീനയും കാണാന്‍ നമ്മള്‍ പറക്കട്ടെ.


മക്കയുടെ മിന്നും മിനാരങ്ങളിൽ,

മദീനയുടെ പച്ചപ്പിൻ പരിമളങ്ങളിൽ,

ഹാജിമാരുടെ പുണ്യം പെയ്യുന്ന മണ്ണിൽ,

നമ്മുടെ പ്രാർത്ഥനകൾ മുഴങ്ങുന്നു ‌വിണ്ണിൽ.


ഉയരങ്ങളിൽ നിന്നു കാണുന്നു ഞാൻ,

ഒട്ടകപ്പുറത്തു വരുന്ന ഹാജിമാർ,

അല്ലാഹുവിൻ മഹത്വത്തിന്‍ കാഴ്ചകൾ,

ഇബ്രാഹിമിന്‍ സ്നേഹം പെയ്യുന്ന ഹാജിമാർ.


മക്കയും മദീനയും കാണുന്നു ഞാൻ,

സ്വപ്നങ്ങളിലേക്ക് ഒഴുകുന്നു ഞാൻ,

പ്രാർത്ഥനയുടെ മാറിൽ ചേരുന്നു ഞാൻ,

അനന്തമാമാത്മാവിൽ അലിയുന്നു ഞാൻ.


Mubarak Ravuthar

Thursday, June 13, 2024

ഹൃദയത്തിന്റെ നിശ്ശബ്ദതയിൽ

 




ഹൃദയത്തിന്റെ നിശ്ശബ്ദതയിൽ, 

മൃദുവായ് മൊഴികൾ കിടക്കുന്നു,

നൃത്തം ചവിട്ടിയ സന്തോഷം, 

നിശ്ശബ്ദമായ് കരയുന്നു.

സൗഖ്യദായക സ്പർശങ്ങള്‍, 

പ്രത്യാശയുടെ പുതുതാരമായ് ഉദിച്ചിരുന്നു,

സന്തോഷം മാഞ്ഞുപോകുമോയെന്ന ഭയം, 

ഹൃദയത്തിൽ നിഴലുകൾ വീഴ്ത്തുന്നു.


രക്തസമ്മർദ്ദം കടലായലയടിക്കുന്നു, 

ഞരമ്പുകളിൽ ഒരു കൊടുങ്കാറ്റ്,

മരുന്നുകളുടെ പ്രേതബാധിത ചിന്തകൾ, 

അന്ത്യമില്ലാത്ത ഒരു ചങ്ങല.

മായാ ലോകത്തെ സൗഹൃദ സാന്നിധ്യങ്ങള്‍, 

ഒന്നുമല്ലാതെയായ് മാറുന്നു,

വിശാലമായൊരീ സാമൂഹിക ക്രമത്തിൽ,

ഒറ്റയ്ക്കു തന്നെയീ പോരാട്ടം.


ഈദിന്റെ ചന്ദ്രന്‍ ഉദിച്ചിരിക്കുന്നു, 

സമാധാനത്തിന്റെ ഉത്സവം,

കലഹം ഉരുണ്ടു കൂടുന്ന ആത്മാവ്, 

മധുരമായൊരു തലാടല്‍ തേടുന്നു.

അള്ളാഹുവിലേക്ക് ഞാൻ മടങ്ങുന്നു, 

ദൈവികാലിംഗനത്തിൽ ആശ്വാസം തേടുന്നു,

ഈ നീതി ശൂന്യമായ ലോകത്ത്,

സമാധാനം നിറയ്ക്കാൻ പ്രാർത്ഥിക്കുന്നു.


മുബാറക് റാവുത്തർ 😊

Tuesday, May 12, 2020

റാവുത്തർ ചരിത്ര സൂചിക



കേരളത്തിലെ പ്രബല ഹനഫി മദ്ഹബ് പിന്തുടരുന്ന മുസ്ലിം ജനവിഭാഗമാണ് റാവുത്തർമാർ. തമിഴ്‌നാട്ടിലും ശക്തരാണ് ഇവർ. റാവുത്തർമാർ സങ്കരപാരമ്പര്യം  ഉള്ളവരാണെന്നു പറയപ്പെടുന്നുണ്ട്.

തുർക്കി എന്നർത്ഥം വരുന്ന ‘തുലുക്കർ’ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നത് ഇതിലേക്കുള്ള സാദ്ധ്യതയാണ്. സുന്നി വിഭാഗത്തിലെ ഹനഫി മദ്ഹബ്  പിന്തുടരുന്ന ഇവരുടെ പരമ്പരാഗതഭാഷ തമിഴ്‌ ആണ്.
കഴിഞ്ഞ നൂറ്റാണ്ടിൽ ഇവരുടെ ഒരു വിഭാഗം മലയ, സിങ്കപ്പൂർ ദേശങ്ങളിൽ കുടിയേറിയിട്ടുണ്ട്. റാവുത്തർ എന്നും റാവ്ടിൻ (Rautin) എന്നും സർനെയിം ഉപയോഗിക്കുന്ന ഇവർ ഇന്ന് അവിടങ്ങളിൽ ഒരു പ്രബലവിഭാഗമാണ്‌.

അലാവുദ്ദീൻ ഖിൽജി ദക്ഷിണ ഇന്ത്യ പിടിച്ചടക്കി ഭരിക്കുമ്പോൾ തമിഴ്‍നാട്ടിലെ മാനാമധുര കേന്ദ്രികരിച്ചു അദ്ദേഹത്തിന്റെ ഗവർണ്ണരുടെ കീഴിൽ തുർക്കിയിൽ നിന്നും വന്ന കുറെ പടയാളികൾ ഉണ്ടായിരുന്നു.
കാലക്രമേണ ഖില്ജിയുടെ ഭരണം മാറി ഹിന്ദു രാജാക്കന്മാർ ഭരണം പിടിച്ചെടുക്കയും ഈ തുർക്കി പടയാളികൾ അവിടുത്തെ നാട്ടു രാജാക്കന്മാരുടെ സൈന്യത്തിൽ പങ്കാളികൾ ആകുകയും ചെയ്തു. തിരുവതന്കൂർ രാജ്യവും
കായംകുളം രാജാവും ഇവരുടെ സേവനങ്ങള സ്വീകരിച്ചിട്ടുണ്ട് എന്നതിന് രേഖകള ഉണ്ട്, തുർകിയിൽ നിന്നും ഇങ്ങനെ വന്ന ഈ
പടയാളികൾ തമിഴ്‌ സംസ്കാരവുമായി
ഇണങ്ങി ചേരുകയും , രാജാവിന്റെ അനു
മതിയോടു കൂടിതന്നെ തമിഴ് സമൂഹത്തിലെ  സ്ത്രീകളെ വേളി കഴിക്കുകയും അവിടെ
താമസമാക്കുകയും ചെയ്തു, ഇവരുടെ
കുടുംബം രാജാവിനോട് കൂറ് ഉള്ള നല്ല
രാജഭക്തരുമായിത്തീർന്നു..
മുസ്ലീം ആധിപത്യമുണ്ടായിരുന്ന എല്ലാ
കാലഘട്ടങ്ങളിലും അല്ലാത്തപ്പോഴും പല തെന്നിന്ത്യൻ സൈന്യങ്ങളിലും ഈ വിഭാഗം
ആൾക്കാർ കരുത്തേറിയ അശ്വസൈനിക വിഭാഗമായിരുന്നു..
തമിഴ്‍നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള സഞ്ചാരപാതകളിലാണ് ഇവർ ആദ്യകാലത്ത് കൂടുതലായും താവളം ഉറപ്പിച്ചത്, ഇടുക്കി. കോട്ടയം.പത്തനതിട്ട, ആലപ്പുഴ,കൊല്ലം,
എറണാകുളം തുടങ്ങിയ തെക്കൻ ജില്ലകളിലെ പ്രമുഖ പട്ടണങ്ങളിൽ മാത്രമായിരുന്നു ആദ്യ
കാലത്ത് ഉണ്ടായിരുന്നത്, ഇപ്പോൾ കണ്ണൂർ അടക്കം  കേരളത്തിലെ എല്ലാ ജില്ലകളിലും റാവുത്തർമാരുടെ ശക്തമായ സാന്നിധ്യമുണ്ട്,
കാലക്രമേണ യുദ്ധങ്ങൾ കുറഞ്ഞു വരികയും ഇവർ കുടുംബം പോറ്റാൻ മറ്റു വഴികൾ തേടിയ സന്ദർഭത്തിൽ കച്ചവടമാണ് റാവുത്തർ വിഭാഗം തിരഞ്ഞെടുത്തത് . അന്ന് യൂറോപ്പും അറേബ്യ യുമായി നല്ല വ്യാപാര ബന്ധം പുലര്തിയിരുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ പട്ടണങ്ങളായ, തെങ്കാശി,തിരുനെൽവേലി, മധുര, നാഗർകോവിൽ, പാലക്കാട്, കൊല്ലം, കായംകുളം, തിരുവനംതപുരം, പന്തളം,
പുനലൂർ, കോട്ടയം ഇവിടങ്ങളിലൊക്കെ
ചരക്ക് കൊണ്ട് നടന്നു വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് ഇവരുടെ
സ്ഥിരംതൊഴിലായി മാറി. ഏലം, ഇഞ്ചി, പുഞ്ച, കുരുമുളക്, കശുവണ്ടി,തേയില, ഉണക്ക മീൻ
തുടങ്ങിയവയുടെ മൊത്ത വ്യാപാരം ഈ
റാവുത്തർമാരുടെ മുൻഗാമികൾ സർവ്വ
സാധാരണമായി നടത്തിയിരുന്നതാണ്. തമിഴ്നാട്ടിൽ നിന്നും കേരളത്തി ലേക്കുള്ള ചരക്കു പാതകളിലൂടെ ഇവർ ചരക്കുകൾ എത്തിക്കുകയും അതുവഴി സമ്പന്നരായി കേരളത്തില തന്നെ നിരവധി ഭൂമികൾ വാങ്ങിക്കൂട്ടുകയും ചെയ്തു..
തമിഴ്നാടുമായുള്ള ബന്ധം ഇപ്പോഴും തുടരുന്ന ഇവരുടെ പുതിയ തലമുറ കച്ചവടത്തിൽ മാത്രമല്ല സർക്കാർ സർവീസിലും പ്രവാസ മേഖലയിൽ വരെയുണ്ട്, തമിഴ് പൂർണ്ണമായി വിടാതെ മലയാളത്തെ മാതൃഭാഷയായി സ്വീകരിച്ച ഇവരുടെ തലമുറ വിദ്യാഭ്യാസ
രംഗത്തും വൻ കുതിച്ചുചാട്ടമാണ് നടത്തിയത്.
പിതാവിനെ അത്ത എന്നും മാതാവിനെ
‘അമ്മ എന്നും അഭിസംബോധന ചെയ്യുന്ന
ഈ രീതി പോലും അവർ തുർക്കിയിൽ
നിന്നും കടം കൊണ്ടതാണ്.  പിതാവിനെ
തുർക്കി ഭാഷയിൽ അത്ത എന്നാണ്
അഭിസംബോധന ചെയ്യുന്നത്.
തുർക്കി വംശജരായ ഇവരുടെ പഴയ കാല വസ്ത്രധാരണ രീതിയും ആ പാരമ്പര്യം പിന്തുടരുന്നത് തന്നെ,പഴയകാല സ്ത്രീകളുടെ ചട്ടയും മുണ്ടും ഒരു തുർക്കിഷ് രീതിയാണ്.